തോറ്റു തുന്നം പാടിയവര്‍ക്കു വിജയം അവകാശപ്പെടാന്‍ പഴുതുള്ള ഒരേ ഒരു മത്സരമേ ലോകത്തുള്ളൂ. അത് അക്ഷരശ്ലോകമാണ്. അക്ഷരശ്ലോകത്തിന്റെ നിയമം അനുസരിച്ചു പരാജയത്തിനുള്ള ഏക കാരണം കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരിക്കല് (അച്ചുമൂളല്‍) ആണ്. പക്ഷെ ഉന്നതന്മാരുടെ പിന്‍ബലം ഉണ്ടെങ്കില്‍ തുരുതുരെ അച്ചുമൂളിയവര്ക്കും വിജയം അവകാശപ്പെടാം. അവകാശപ്പെടുന്നവരെപ്പോലെയുള്ള ഉളുപ്പില്ലായ്മ സംഘാടകര്‍ക്കും ഉണ്ടെങ്കില്‍ പുഷ്പം പോലെ ജയിക്കുകയും ചെയ്യാം. താഴെപ്പറയുന്ന വാദമുഖങ്ങളാണ് അവരെ അതിനു സഹായിക്കുന്നത്:-
1 ഞാന്‍ സാഹിത്യമൂല്യം കൂടുതല്‍ ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലി; അതുകൊണ്ടു ഞാന്‍ ജയിച്ചു.
2 ഞാന്‍ ഭംഗിയായി അവതരിപ്പിച്ചു; അതുകൊണ്ടു ഞാന്‍ ജയിച്ചു.
3 ഞാന്‍ ലയിച്ചു ചൊല്ലി; അതുകൊണ്ടു ഞാന്‍ ജയിച്ചു.
4 ഞാന്‍ ഞാന്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു; അതുകൊണ്ടു ഞാന്‍ ജയിച്ചു.
5 ഞാന്‍ സംഗീതഗന്ധിയായിട്ടു ചൊല്ലി; അതുകൊണ്ടു ഞാന്‍ ജയിച്ചു.
6 ഞാന്‍ ഉദാത്തവും അനുദാത്തവും ഒക്കെ കൃത്യമായി പ്രയോഗിച്ചു ചൊല്ലി; അതുകൊണ്ടു ഞാന്‍ ജയിച്ചു.
7 എന്റെ ശബ്ദത്തിനു ഷഡ്ഗുണങ്ങള്‍ ഉണ്ട്; അതുകൊണ്ടു ഞാന്‍ ജയിച്ചു.
8. ഞാന്‍ ഓരോ ശ്ലോകവും അതിന് അനുയോജ്യമായ രാഗത്തില്‍ ആലപിച്ചു. അതുകൊണ്ടു ഞാന്‍ ജയിച്ചു.