ആസ്വാദനം മൂത്ത് അടക്കി ഭരണം

ഭജനം മൂത്ത് ഊരാണ്മയാകുന്നത് എങ്ങനെ എന്നു നമുക്കറിയാം. കച്ചവടം മൂത്തു രാജ്യം പിടിച്ചടക്കല്‍ ആകുന്നത് എങ്ങനെ എന്നും നമുക്കു നല്ലപോലെ അറിയാം. അക്ഷരശ്ലോകരംഗത്തും ഇതുപോലെ ഒരു പ്രതിഭാസം അടുത്ത കാലത്തായി അരങ്ങേറി കാണുന്നു. അതാണ് ആസ്വാദനം മൂത്ത് അടക്കി ഭരണം.

അക്ഷരശ്ലോകക്കാര്‍ ആസ്വാദകരെ കിട്ടാന്‍ വേണ്ടി ദാഹിച്ചു കഴിയുന്നവരാണ്. ഈ അടങ്ങാത്ത ദാഹം അവരെ അഗാധമായ കുഴിയില്‍ ചാടിക്കുന്നു. ആസ്വാദകവേഷം കെട്ടി ആരു വന്നാലും അവരെ പൂവിട്ടു പൂജിക്കാനും അവരുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കാനും അക്ഷരശ്ലോകക്കാര്‍ സദാ സന്നദ്ധരാണ്. ആര്‍ക്കു വേണമെങ്കിലും ആസ്വാദകവേഷം കെട്ടി വരാം. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമേന്മ എന്നൊക്കെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടു നടന്നാല്‍ ഏതു കോത്താണ്ടരാമനും ഉത്തമനായ ആസ്വാദകനായി. അവന്‍റെ കയ്യില്‍ സ്വര്‍ണ്ണവും പണവും ഉണ്ടെങ്കില്‍ പറയുകയും വേണ്ട. സ്വര്‍ണ്ണവും പണവും ഇല്ലെങ്കിലും ധനാഢ്യന്മാരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേല്‍ സ്വാധീനം ചെലുത്താന്‍ കഴിവുണ്ടായാല്‍ ധാരാളം മതി. ഇത്തരം ആസ്വാദകവരേണ്യന്മാര്‍ക്ക് അക്ഷരശ്ലോകക്കാരെ നിഷ്പ്രയാസം അടക്കി ഭരിക്കാനും ചൊല്‍പ്പടിക്കു നിര്‍ത്താനും കഴിയും.

അക്ഷരശ്ലോകത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങള്‍ പോലും ലംഘിക്കുന്ന വിധത്തില്‍ ഇവര്‍ പുതിയ പുതിയ നിയമങ്ങളും സിദ്ധാന്തങ്ങളും സൃഷ്ടിക്കും. ഭംഗിയായി ചൊല്ലുന്നവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കാം എന്നത്അത്തരത്തില്‍ ഉള്ള ഒരു പരിഷ്കൃത നിയമമാണ്. അക്ഷരശ്ലോകം സംഗീതഗന്ധി ആയിരിക്കണം എന്നതും ഇവരുടെ ഒരു പരിഷ്കൃത സിദ്ധാന്തം ആണ്. ഇത്തരം തുഗ്ലക്കിയന്‍ പരിഷ്കാരങ്ങള്‍ക്കു മുമ്പില്‍ തൊണ്ണൂറു ശതമാനം അക്ഷരശ്ലോകക്കാരും പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കുകയാണു പതിവ്. എന്തുകൊണ്ടെന്നാല്‍ ആസ്വാദകരാണല്ലോ നമ്മുടെ സമ്പത്ത്. അവരെ പിണക്കിയാല്‍ നമുക്കു നിലനില്‍പ്പുണ്ടോ?

ആസ്വാദകവേഷം കെട്ടി  കുറേ നാള്‍ നടന്നാല്‍ ജഡ്ജിയായി പ്രൊമോഷന്‍ കിട്ടും. ജഡ്ജിപീഠത്തില്‍ ഇരിക്കുന്നവനു ചക്രവര്‍ത്തിയുടെ അധികാരമാണ് ഉള്ളത്. മാര്‍ക്കിട്ട് ഇഷ്ടമുള്ളവരെ ജയിപ്പിക്കാം. ഇഷ്ടമില്ലാത്തവരെ എപ്പോള്‍ വേണമെങ്കിലും എലിമിനേറ്റു ചെയ്യാം. ആരും ചോദിക്കാനും പറയാനും വരികയില്ല. എന്തുകൊണ്ടെന്നാല്‍ ജഡ്ജിമാരുടെ തീരുമാനങ്ങള്‍ അന്തിമവും ചോദ്യം ചെയ്യാന്‍ പാടില്ലാത്തതും ആണല്ലോ. അക്ഷരശ്ലോകത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിഞ്ഞുകൂടാത്തവനും ജഡ്ജിവേഷം കെട്ടി വന്നാല്‍ പീഠത്തില്‍ കയറിയിരുന്ന് ഏതു വിദഗ്ദ്ധനെയും എലിമിനേഷന്‍ എന്ന ചാട്ട കൊണ്ട് അടിച്ചു പുറത്താക്കിയിട്ട് ഇഷ്ടപ്പെട്ട ആരെ വേണമെങ്കിലും ജയിപ്പിക്കാം.

അക്ഷരശ്ലോകസാമ്രാജ്യത്തിന്‍റെ ഭരണം പിടിച്ചടക്കിയ ഈ ആസ്വാദകവരേണ്യന്മാര്‍ ഇങ്ങനെ ഉദ്ഘോഷിക്കുന്നു:

“ഞങ്ങളെ ആഹ്ലാദിപ്പിക്കല്‍ ആണു നിങ്ങളുടെ ചുമതല. സാഹിത്യമൂല്യം ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു വിശിഷ്ടമായ ശൈലിയില്‍ അവതരിപ്പിച്ചാല്‍ മാത്രമേ ഉന്നതന്മാരും മൂല്യബോധമുള്ളവരും ആയ ഞങ്ങളെ ആഹ്ലാദിപ്പിക്കാന്‍ കഴിയൂ. ഞങ്ങളെ ആഹ്ലാദിപ്പിച്ചു ഞങ്ങളുടെ പ്രീതിക്കു പാത്രമാകുന്നവര്‍ക്കു മാത്രമേ ഞങ്ങള്‍ മാര്‍ക്കു തരികയുള്ളൂ. മാര്‍ക്ക് നേടുന്നവരെ ഞങ്ങള്‍ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ആയി പ്രഖ്യാപിക്കും. അല്ലാത്തവരെ ഞങ്ങള്‍ എലിമിനേറ്റു ചെയ്യും”.

ഈ ആസ്വാദകവരേണ്യന്മാര്‍ ചിലരെ വാനോളം പുകഴ്ത്തും. പുകഴ്ത്തപ്പെടുന്നവര്‍ക്ക് ആസ്വാദ്യമായ ശൈലി ഉണ്ടത്രേ. ലോകോത്തമം എന്നു വാഴ്ത്തപ്പെടുന്ന പല ശൈലികളും ഉരുത്തിരിഞ്ഞു വന്നത്  ഈ ആസ്വാദകവരേണ്യന്മാരുടെ പുകഴ്ത്തല്‍ കാരണമാണ്. സ്വരമാധുര്യം, സംഗീതഗന്ധിയായ ആലാപനം, ഉദാത്താനുദാത്തസ്വരിതങ്ങളെ സംബന്ധിച്ച അറിവ് ഇതൊക്കെയാണ് വിദഗ്ദ്ധന്മാര്‍, പ്രഗല്ഭന്മാര്‍, പ്രതിഭാശാലികള്‍ എന്നൊക്കെ അറിയപ്പെടുന്ന ഈ വിശിഷ്ടശൈലിക്കാരുടെ കൈമുതല്‍. ലോകം കണ്ട ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്ന് ഈ ആസ്വാദകവരേണ്യന്മാര്‍ വിശേഷിപ്പിച്ചിരുന്ന ഒരു വിശിഷ്ടശൈലിക്കാരനു കുസുമമഞ്ജരിയില്‍ യ കിട്ടിയാല്‍ ശ്ലോകം ചൊല്ലാന്‍ കഴിയുമായിരുന്നില്ല. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാന്‍ കഴിവില്ലെങ്കില്‍ പിന്നെ എന്ത് അക്ഷരശ്ലോകവൈദഗ്ദ്ധ്യം?

കെ.സി. അബ്രഹാമിനെപ്പോലെയുള്ള യഥാര്‍ത്ഥവിദഗ്ദ്ധന്മാരെ പലരെയും അഗണ്യകോടിയില്‍ തള്ളിയിട്ടാണ് അടക്കി ഭരിക്കല്‍കാരായ ഈ ആസ്വാദകവരേണ്യന്മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചിലരെ എവറസ്റ്റ് കൊടുമുടിയോളം ഉയര്‍ത്തിയത്.

അടക്കി ഭരിക്കല്‍കാര്‍ക്ക് എതിരെ ആരും ഒന്നും പറയാന്‍ ധൈര്യപ്പെടാറില്ല. തിരുവായ്ക്ക് എതിര്‍വാ പറഞ്ഞാല്‍ കഞ്ഞികുടി മുട്ടിപ്പോകും എന്ന ഭയം മിക്കവര്‍ക്കും ഉണ്ട്. ഈ ഭയത്തെ അതിജീവിക്കാത്തിടത്തോളം കാലം അക്ഷരശ്ലോകക്കാര്‍ ഈ ആസ്വാദകവേഷക്കാരുടെ അടിമകളായിത്തന്നെ കഴിയേണ്ടി വരും.

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s