ഒരാളുടെ വീട്ടില്‍ പത്തുകോടി രൂപാ വില മതിക്കുന്ന ഒരു നിധി ഉണ്ടെന്നും ഒരു ലക്ഷം രൂപാ ചെലവാക്കാന്‍ തയ്യാറാണെങ്കില്‍ മന്ത്രവാദം കൊണ്ട് അത് എടുത്തു കൊടുക്കാമെന്നും ഒരു സിദ്ധന് പറഞ്ഞാല്‍ അയാള്‍ അത് വിശ്വസിക്കുമോ? എല്ലാവരും വിശ്വസിച്ചില്ലെങ്കിലും ചിലരൊക്കെ വിശ്വസിക്കും. അവിടെയാണ് മന്ത്രവാദിയുടെ വിജയം. ഗൃഹസ്ഥന് ഒരിക്കലും നിധി കിട്ടുകയില്ല. ഒരു ലക്ഷം രൂപ മന്ത്രവാദിയുടെ പോക്കറ്റില്‍. അയാളും അയാളുടെ പുത്രകളത്രാദികളും അതു കൊണ്ടു സുഖമായി ജീവിക്കും.
ഇതു പോലെയാണ് “ആസ്വാദകവൃന്ദം” എന്ന നിധി എടുത്തു തരാം എന്ന മോഹനവാഗ്ദാനവുമായി ശുദ്ധഗതിക്കാരായ അക്ഷരശ്ലോകപ്രേമികളെ സമീപിക്കുന്ന ഉന്നതന്മാരുടെയും സര്വ്വജ്ഞന്മാരുടെയും പ്രവര്‍ത്തനശൈലിയും. ധാരാളം ആസ്വാദകരെ കിട്ടിയാല്‍ വലിയ ഒരു നേട്ടം ആയിരിക്കുമല്ലോ എന്നു കരുതി ബഹുഭൂരിപക്ഷം അക്ഷരശ്ലോകപ്രേമികളും ഇവര്‍ പറയുന്നതൊക്കെ അക്ഷരം പ്രതി അനുസരിക്കാന്‍ തയ്യാറാകും.
സാഹിത്യമൂല്യം, അവതരണഭംഗി, ആവിഷ്കാരഭംഗി, ആസ്വാദ്യത, കലാമൂല്യം, ശൈലീവല്ലഭത്വം, ലാവണ്യാംശം, രാഗം, ഈണം, സംഗീതഗന്ധം, ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ നൂറുകണക്കിനു മന്ത്രങ്ങള്‍ ജപിക്കുന്ന ഈ മന്ത്രവാദികള്‍ക്ക് “ആസ്വാദകവൃന്ദം” എന്ന നിധി എടുത്തു തരാന്‍ ഒരിക്കലും കഴിയുകയില്ല. ഇവര്‍ പറയുന്നതെല്ലാം അനുസരിച്ചാലും ഒരു ആസ്വാദകനെപ്പോലും കൂടുതല്‍ കിട്ടുകയില്ല. നിങ്ങള്‍ ശുദ്ധഗതിക്കാരനായ ഒരു സാധാരണക്കാരന് ആണെങ്കില്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ടതെല്ലാം ഇവര്‍ സൂത്രത്തില്‍ കൈക്കലാക്കി തങ്ങളുടെ ശിങ്കിടികള്‍ക്കും കണ്ണിലുണ്ണികള്‍ക്കും കൊടുക്കും. നിങ്ങള്‍ അക്ഷരശ്ലോകരംഗത്തു നിന്നു തന്നെ പുറന്തള്ളപ്പെടുകയും ചെയ്യും.