രണ്ടു തരം മത്സരങ്ങള്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് അവയില്‍ ഏതാണു വേണ്ടത്?
- സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിച്ചു മാര്‍ക്ക് നേടി ജയിക്കുന്ന ഉന്നതനിലവാരമുള്ള നവീനമത്സരങ്ങള്.
- ഏതു നാല്ക്കാലി ശ്ലോകം ചൊല്ലിയാലും ജയിക്കാവുന്നതും ആസ്വാദകരെ സന്തോഷിപ്പിക്കാന്‍ പര്യാപ്തമല്ലാത്തതും നിലവാരം ഉറപ്പു വരുത്താന്‍ യാതൊരു സംവിധാനവും ഇല്ലാത്തതും ആയ പഴഞ്ചന്‍ മത്സരങ്ങള്‍.
മേല്‍പ്പറഞ്ഞ ചോദ്യം ചോദിച്ചാല്‍ മിക്കവാറും എല്ലാവരും തന്നെ ആദ്യത്തെ മത്സരം മതി എന്നായിരിക്കും ഉത്തരം പറയുക. നിങ്ങള്‍ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും ഒക്കെ ഉള്ള ഒരു ഭാഗ്യവാന് ആണെങ്കില്‍ അങ്ങനെ ഉത്തരം പറയുന്നതു കൊണ്ട് നിങ്ങള്‍ക്കു യാതൊരു ദോഷവും വരികയില്ല. ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും. പക്ഷെ നിങ്ങള്‍ അത്തരം ജന്മസിദ്ധമായ മേന്മകള് ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന് ആണെങ്കില്‍ ആ ഉത്തരം നിങ്ങളെ കുടുക്കും. ചൂണ്ട കാണാതെ ഇര വിഴുങ്ങിയ മത്സ്യത്തിന്റെ ഗതി മാത്രമേ നിങ്ങള്‍ക്കു പിന്നെ പ്രതീക്ഷിക്കാനുള്ളൂ. സൂത്രശാലിയായ മനുഷ്യന്റെ തീന്മേശപ്പുറത്തെ പൊരിച്ച മീനായി മാറാന്‍ അധികം താമസം ഉണ്ടാവുകയില്ല.
നിങ്ങള്‍ ആ ഉത്തരം പറയുന്നതോടു കൂടി നിങ്ങള്‍ പടിക്കു പുറത്തായിക്കഴിഞ്ഞു. അക്ഷരശ്ലോകസാമ്രാജ്യം അടക്കി ഭരിക്കുന്ന ഉന്നതന്മാരും സര്വ്വജ്ഞന്മാരും ധനാഢ്യന്മാരും കൂടി നിങ്ങളെ എഴാം കൂലി എന്നു മുദ്ര കുത്തി എലിമിനേറ്റു ചെയ്യും. നിങ്ങള്‍ക്ക് അവകാശപ്പെട്ട സകലതും അവര്‍ സ്വന്തമാക്കുകയോ അവരുടെ കണ്ണിലുണ്ണികള്‍ക്ക് ഇഷ്ടദാനമായി വിതരണം ചെയ്യുകയോ ചെയ്യും. നിങ്ങള്‍ക്ക് ഇഹഗതിയും പരഗതിയും ഇല്ലാതെ അനാഥപ്രേതത്തെപ്പോലെ അലഞ്ഞുതിരിയേണ്ടി വരും. ഈ രംഗത്തു പിന്നെ നിങ്ങള്‍ക്കു യാതൊരു സ്ഥാനവും ഉണ്ടാവുകയില്ല.
എതിര്‍ത്ത് എന്തെങ്കിലും പറഞ്ഞാല്‍ നാലു ഭാഗത്തു നിന്നും പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും കൂരമ്പുകള്‍ നിങ്ങള്‍ക്കു നേരേ പാഞ്ഞു വരും. നിങ്ങളുടെ പക്ഷം പറയാന്‍ ഒരു കുഞ്ഞു പോലും ഉണ്ടാവുകയില്ല. ഉന്നതന്മാര് നിങ്ങള്‍ക്കു സ്വാര്‍ത്ഥന്‍ എന്ന ഒരു ബഹുമതിബിരുദം കൂടി ചാര്‍ത്തിത്തരും. അതോടുകൂടി നിങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിക്കപ്പെട്ടു കഴിയും.
അതിനാല്‍ അല്ലയോ സാധാരണക്കാരേ! മേല്‍പ്പറഞ്ഞ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പു രണ്ടു പ്രാവശ്യമല്ല, പത്തു പ്രാവശ്യം ആലോചിക്കുക.
പൊങ്ങച്ചവും അറിവില്ലായ്മയും ചിന്താശൂന്യതയും നിങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.