അക്ഷരശ്ലോകമത്സരരംഗത്തു സാധാരണക്കാര്‍ക്കു നീതി നിഷേധിക്കപ്പെടാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണു കഥകളി ആസ്വാദകന്മാരുടെ ഇടിച്ചുകയറ്റം. നിര്‍ഭാഗ്യവശാല്‍ എല്ലാ ആട്ടക്കഥകളിലും കുറേ ശ്ലോകങ്ങള്‍ ഉണ്ട്. കഥകളിസംഗീതക്കാര് അവ മനോഹരമായി പാടാറും ഉണ്ട്. അവര്‍ പാടുന്നതു പോലെ ആസ്വാദ്യമായ രീതിയില്‍ അക്ഷരശ്ലോകക്കാരും പാടിക്കൊള്ളണം എന്നാണ് ഈ ഇടിച്ചുകയറ്റക്കാരുടെ ശാഠ്യം. ആസ്വാദകന്മാര്, പരിശീലകന്മാര്, നിയമനിര്‍മ്മാതാക്കള്‍, ജഡ്ജിമാര്‍, പ്രാസംഗികന്മാര് ഇങ്ങനെ പല വേഷത്തിലും ഇത്തരക്കാര്‍ പ്രത്യക്ഷപ്പെടും. അവരുടെ പ്രവര്‍ത്തനഫലമോ സാധാരണക്കാര്‍ക്കു നീതി നിഷേധിക്കലും!
കഥകളി ആസ്വാദകന്മാരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ ശ്ലോകം ചൊല്ലാനുള്ള യാതൊരു ബാദ്ധ്യതയും അക്ഷരശ്ലോകക്കര്ക്കില്ല. കഥകളി വേറെ, അക്ഷരശ്ലോകം വേറെ.
കഥകളി ആസ്വാദകന്മാര് മാത്രമല്ല, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, പാഠകം, പദ്യം ചൊല്ലല്‍, ലളിതഗാനം മുതലായ മറ്റു പലതിന്റെയും ആസ്വാദകന്മാര് ഇടിച്ചുകയറി വന്നു പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്തിനേറെപ്പറയുന്നു? സിനിമാപ്പാട്ടിന്റെ ആസ്വാദകന്മാര് പോലും ഇടിച്ചുകയറി വന്ന് അക്ഷരശ്ലോകക്കാരെ അടക്കി ഭരിക്കും. യേശുദാസ് പാടുന്നതു പോലെ ശ്ലോകങ്ങള്‍ പാടാന്‍ കഴിവുള്ളവരാണ് അവരുടെ ദൃഷ്ടിയില് വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്.
മറ്റൊരു പരിതാപകരമായ സത്യം കൂടി ഉണ്ട്. അക്ഷരശ്ലോകക്കാര്‍ ആസ്വാദകന്മാരെ കിട്ടാന്‍ വേണ്ടി ദാഹിച്ചിരിക്കുന്നവരാണ്. ആസ്വാദകവേഷം കെട്ടി ഏതു കശ്മലന് വന്നാലും അവനെ പൂവിട്ടു പൂജിക്കാന്‍ അവര്‍ സദാ സന്നദ്ധരാണ്. അതിലെ അപകടം അവര്‍ മനസ്സിലാക്കുന്നില്ല.
അക്ഷരശ്ലോകം എന്താണെന്നു ശരിക്ക് അറിഞ്ഞുകൂടാത്ത എല്ലാ ആസ്വാദകന്മാര്ക്കെതിരെയും നിതാന്തജാഗ്രത വേണം. അവരെ നിലയ്ക്കു നിര്‍ത്താനുള്ള തന്റേടം അക്ഷരശ്ലോകക്കാര്‍ കാണിച്ചേ മതിയാവൂ. അല്ലാത്തപക്ഷം സാധാരണക്കാര്‍ക്ക് ഇഹഗതിയും പരഗതിയും ഇല്ലാത്ത അവസ്ഥയുണ്ടാകും.