ഒരാള്‍ യുക്തിക്കു നിരക്കാത്ത ഒരു സിദ്ധാന്തം ഉണ്ടാക്കുകയും അതിന്റെ ഫലമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ലാഭം ഉണ്ടാവുകയും ചെയ്താല്‍ ആ സിദ്ധാന്തത്തെ വലിച്ചു നീട്ടി കൂടുതല്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ധാരാളം ആളുകള്‍ മുന്നോട്ടു വരും. അക്ഷരശ്ലോകസര്വ്വജ്ഞന്മാര് എന്നു സ്വയം വിശ്വസിച്ചിരുന്ന ഏതാനും ഉന്നതന്മാര് 1955 ല്‍ ഒരു പുതിയ സിദ്ധാന്തം ഉണ്ടാക്കി. അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണ് എന്നതായിരുന്നു അത്. അതിന്റെ ഫലമായി “സുസ്വരം എന്ന സൌഭാഗ്യം” ഉള്ളവര്‍ക്കു വളരെ കുറച്ചു ശ്ലോകങ്ങള്‍ പഠിച്ചാലും മത്സരങ്ങളില്‍ ജയിച്ചു സ്വര്‍ണ്ണമെഡല്‍ നേടാം എന്ന അസുലഭഭാഗ്യം കൈവന്നു. പ്രത്യക്ഷത്തില്‍ സ്വര്‍ണ്ണം പോലെ തിളങ്ങുന്ന ഈ സിദ്ധാന്തം യഥാര്‍ത്ഥത്തില്‍ കാക്കപ്പൊന്ന് ആയിരുന്നു. എങ്കിലും അക്കാര്യം അധികമാരും തിരിച്ചറിഞ്ഞില്ല. പുതിയ സിദ്ധാന്തത്തെ വാനോളം പുകഴ്ത്തുകയാണു മിക്കവരും ചെയ്തത്. പുതിയ സിദ്ധാന്തത്തിന്റെ ഫലമായി ശബ്ദസൗകുമാര്യം, ശബ്ദഗാംഭീര്യം, ശബ്ദശക്തി മുതലായ ജന്മസിദ്ധമായ മേന്മകളുള്ള പലരും ചുളുവില്‍ വിദഗ്ദ്ധന്മാര്, പ്രഗല്ഭന്മാര്, പ്രതിഭാശാലികള്‍, ഗോള്‍ഡ് മെഡലിസ്റ്റുകള്‍ എന്നിങ്ങനെയുള്ള പദവികള്‍ നേടിയെടുത്തു.
വമ്പിച്ച നേട്ടങ്ങള്‍ ചുളുവില്‍ നേടിത്തരുന്ന ഈ സിദ്ധാന്തത്തിനു ധാരാളം ആരാധകര്‍ ഉണ്ടായി. എന്ന് മാത്രമല്ല ഈ സിദ്ധാന്തത്തെ വലിച്ചു നീട്ടി കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനും ധാരാളം ആളുകള്‍ മുന്നോട്ടു വന്നു. അത്തരം വലിച്ചുനീട്ടലുകളുടെ ചില ഉദാഹരണങ്ങള്‍ ഇതാ:-
- നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി ചൊല്ലിക്കൊണ്ടിരിക്കുന്നവര് ഇടയ്ക്ക് ഒന്നോ രണ്ടോ അക്ഷരങ്ങളില്‍ ശ്ലോകം ചൊല്ലാതെ ഇരുന്നാലും അവരെ പുറത്താക്കേണ്ടതില്ല. അവര്‍ക്ക് ആ റൌണ്ടുകളില്‍ മാര്‍ക്കു കൊടുക്കാതിരുന്നാല്‍ മതി.
- വലിച്ചുനീട്ടിയുണ്ടാക്കിയ മുന്സിദ്ധാന്തത്തെ മറ്റു ചിലര്‍ ഒന്നു കൂടി വലിച്ചുനീട്ടാന്‍ അധികം താമസം ഉണ്ടായില്ല. ഒന്നോ രണ്ടോ റൗണ്ടില്‍ എന്ന സൌജന്യത്തെ വലിച്ചുനീട്ടി എത്ര റൗണ്ടില്‍ ശ്ലോകം ചൊല്ലാതിരുന്നാലും പുറത്താക്കേണ്ടതില്ല എന്നു പരിഷ്കരിച്ചു. തല്‍ഫലമായി 20 റൗണ്ട് ഉള്ള മത്സരത്തില്‍ 16 റൗണ്ടില്‍ മാത്രം ശ്ലോകം ചൊല്ലിയവര്ക്കു പോലും നിഷ്പ്രയാസം ജയിച്ച് ഒന്നാം സമ്മാനം നേടാം എന്ന അവസ്ഥ ഉണ്ടായി. എത്ര ലാഭകരം! അല്ലേ?
- ശ്ലോകം ചൊല്ലുമ്പോള്‍ ശ്ലോകത്തിന്റെ ഒന്നോ രണ്ടോ വാക്കുകള്‍ വിട്ടുപോയാലും ആ ശ്ലോകം സ്വീകരിച്ചിട്ടു വിട്ടുപോയ വാക്കുകള്‍ക്കു മാര്‍ക്കു കുറച്ചാല്‍ മതി. ഈ സിദ്ധാന്തത്തെ വീണ്ടും വലിച്ചു നീട്ടിയ ചിലര്‍ മൂന്നാം വരിയുടെ ആദ്യ വാക്ക് വരെ ചൊല്ലിയാല്‍ ആ ശ്ലോകം ചൊല്ലിയതായി കണക്കാക്കാം എന്നു വരെ എത്തിച്ചു. “അടുത്ത ആളിനു ചൊല്ലാനുള്ള അക്ഷരം കിട്ടിയല്ലോ. ഇനി ബാക്കി ഭാഗം ചൊല്ലാതിരുന്നാലും കുഴപ്പമില്ല. ചൊല്ലാതിരുന്ന ഭാഗത്തിനു മാര്‍ക്ക് കുറയും എന്നേ ഉള്ളൂ”. ഇതാണു ജഡ്ജിമാരുടെ ന്യായീകരണം. ഒരാള്‍ മൂന്നു വരി ചൊല്ലി ഉപേക്ഷിച്ച ശ്ലോകം മറ്റാരും ചൊല്ലാന്‍ പാടില്ല എന്ന അനുബന്ധസിദ്ധാന്തവും അവര്‍ സൃഷ്ടിച്ചു.
- അക്ഷരനിബന്ധന പാലിക്കാതെ ശ്ലോകം ചൊല്ലിയാലും സാഹിത്യമൂല്യവും അവതരണഭംഗിയും ഉണ്ടെങ്കില്‍ ആ ശ്ലോകം സ്വീകരിക്കാം. അ കിട്ടുമ്പോള്‍ ക ചൊല്ലിയാലും സ്വീകരിക്കാമത്രേ. അക്ഷരനിബന്ധന തെറ്റിച്ചതിന് അല്‍പ്പം മാര്‍ക്കു കുറച്ചു കൊടുത്താല്‍ മതി.
- വൃത്തനിബന്ധന ഉള്ളപ്പോള്‍ നിര്ദ്ദിഷ്ടവൃത്തത്തിലുള്ള ശ്ലോകം കിട്ടിയില്ലെങ്കില്‍ മറ്റേതെങ്കിലും വൃത്തത്തില്‍ ഉള്ള ശ്ലോകം ചൊല്ലിയാല്‍ മതി. വൃത്തം മാറിയതിന് അല്പം മാര്‍ക്കു കുറയും എന്നേ ഉളളൂ.
- സാഹിത്യമൂല്യവും അവതരണഭംഗിയും ഉണ്ടെങ്കില്‍ അനുഷ്ടുപ്പ് ശ്ലോകങ്ങളും സ്വീകരിക്കാം. ഈ സിദ്ധാന്തം അല്പംകൂടി വലിച്ചുനീട്ടിയാല്‍ ഭാഷാവൃത്തങ്ങളും കൂടി ഉള്‍പ്പെടുത്താം. പ കിട്ടുമ്പോള്‍ പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം എന്നും ഇ കിട്ടുമ്പോള്‍ ഇന്നലെയോളമെന്തെന്നറിഞ്ഞീല എന്നും ഒക്കെ ചൊല്ലിയാലും ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ പറ്റാതെ ഇല്ലല്ലോ. സാഹിത്യമൂല്യവും അവതരണഭംഗിയും അല്ലേ സര്‍വ്വപ്രധാനം? ഭാഷാവൃത്തങ്ങള്‍ ഉള്‍പ്പെടുത്തി ഇതുവരെയും ആരും അക്ഷരശ്ലോകമത്സരം നടത്തിയതായി അറിവില്ല. പക്ഷെ ഭാവിയില്‍ ഏതെങ്കിലും ആസ്വാദ്യതാവാദികള് അതും ചെയ്തുകൂടായ്കയില്ല. (മറ്റെല്ലാ വലിച്ചു നീട്ടലുകളും സംഭവിച്ചു കഴിഞ്ഞതാണ്).
സിദ്ധാന്തം തുഗ്ലക്കിന്റെ ആയാലും അതുകൊണ്ട് ആര്‍ക്കെങ്കിലും നേട്ടം ഉണ്ടാകുമെങ്കില്‍ അതിനെ വാനോളം പുകഴ്ത്താനും പ്രചരിപ്പിക്കാനും വലിച്ചുനീട്ടി വിപുലീകരിക്കാനും തല്‍പ്പരകക്ഷികള്‍ സദാ സന്നദ്ധരായിരിക്കും.
റബ്ബര്‍ പോലെ യഥേഷ്ടം വലിച്ചുനീട്ടാവുന്ന ഇത്തരം നിയമങ്ങളും സിദ്ധാന്തങ്ങളും കൊണ്ടു ചിലര്‍ക്കു ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അക്ഷരശ്ലോകപ്രസ്ഥാനത്തിന് അതു സര്‍വ്വഥാ വിനാശകരം തന്നെ ആയിരിക്കും.