ഒരിടത്ത് ഒരു കലാപ്രേമി ഉണ്ടായിരുന്നു. അയാള്‍ക്കു പെട്ടെന്ന് അദമ്യമായ ഒരു ആഗ്രഹം ഉണ്ടായി. ഒരു കഥാപ്രസംഗക്കാരന്‍ ആകണം. ഉടന്‍ തന്നെ പഠനം തുടങ്ങി. പാടു പെട്ടു ധാരാളം കഥകള്‍ പഠിച്ചു. പിന്നീടു വേദികളില്‍ കഥാപ്രസംഗം അവതരിപ്പിക്കാന്‍ തുടങ്ങി. പക്ഷെ അയാള്‍ക്കു സ്വരമാധുര്യമോ സംഗീതഗന്ധിയായ ആലാപനശൈലിയോ ആകര്‍ഷകമായ ആകാരസൌഷ്ഠവമോ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ശ്രോതാക്കള്‍ അയാളെ കയ്യൊഴിഞ്ഞു. അയാളുടെ കഥാപ്രസംഗം കേള്‍ക്കാന്‍ ആരും വരാതായി. അങ്ങനെ അയാള്‍ക്കു തന്റെ പ്രിയപ്പെട്ട കലയോടു വിട പറയേണ്ടി വന്നു. അയാള്‍ വിചാരിച്ചതു നല്ല മൂല്യമുള്ള കഥകള്‍ തെരഞ്ഞെടുത്തു ശ്രോതാക്കള്‍ക്കു മനസ്സിലാകുന്ന വിധത്തില്‍ ബുദ്ധിപൂര്‍വ്വം അവതരിപ്പിച്ചാല്‍ ശ്രോതാക്കള്‍ സ്വീകരിച്ചുകൊള്ളും എന്നായിരുന്നു. പക്ഷെ അയാളുടെ പ്രതീക്ഷ അസ്ഥാനത്തായി.
ഇങ്ങനെ സംഭവിച്ചത് ആരുടെ തെറ്റു കൊണ്ടാണ്? ശ്രോതാക്കളുടെ തെറ്റാണോ? അല്ല. കഥാപ്രസംഗകല ആവിഷ്കരിച്ചവരുടെ തെറ്റാണോ? അതുമല്ല. നമ്മുടെ കലാപ്രേമിയുടെ തെറ്റു തന്നെ. സ്വരമാധുര്യവും സംഗീതവാസനയും ആകാരസൌഷ്ഠവവും ഒക്കെ ഒത്തിണങ്ങിയവര്‍ക്കു മാത്രമേ കഥാപ്രസംഗകലാകാരന്‍ ആകാന്‍ കഴിയൂ എന്ന നഗ്നസത്യം അയാള്‍ അറിയണമായിരുന്നു.
ഈ നഗ്നസത്യം അക്ഷരശ്ലോകക്കാര്‍ക്കും ബാധകമാണോ? ആണെന്നാണു ചിലരുടെ പ്രവര്‍ത്തനശൈലി കണ്ടാല്‍ തോന്നുക. പക്ഷേ യഥാര്‍ത്ഥ്യം അതില്‍ നിന്നു വളരെ വിദൂരമാണ്. കഥാപ്രസംഗക്കാര്ക്കു വേണ്ട യാതൊരു ഗുണവും അക്ഷരശ്ലോകക്കാര്‍ക്കു വേണ്ടതില്ല. അക്ഷരശ്ലോകക്കാരെ തള്ളിക്കളയാന്‍ ശ്രോതാക്കള്‍ക്ക് ആവുകയില്ല. അക്ഷരശ്ലോകക്കാരന്റെ നിലനില്‍പ്പു ശ്രോതാക്കളെ ആശ്രയിച്ചല്ല. ശ്രോതാക്കള്‍ക്ക് അയാളുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ യാതൊരവകാശവും ഇല്ല. അക്ഷരശ്ലോകക്കാരനു സ്വരമാധുര്യമോ പാട്ടോ ആകാരസൌഷ്ഠവമോ ഒന്നും ആവശ്യമില്ല.
അക്ഷരശ്ലോകം കലയേ അല്ല എന്നതാണു സത്യം. അതു ചതുരംഗം പോലെ ഒരു വിനോദമാണ്. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും.ചൊല്ലാതിരുന്നാല് തോല്‍ക്കും. അവിടെ ശ്രോതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എന്തു പ്രസക്തി? അക്ഷരശ്ലോകസര്വ്വജ്ഞന്മാര് എന്നു ഭാവിച്ചു ഞെളിഞ്ഞു നടക്കുന്ന ആസ്വാദകവരേണ്യന്മാര് ഇടുന്ന മാര്‍ക്കിന് എന്തു വില?