പഞ്ചസാര ചേര്‍ത്താല്‍ പാലിന്റെ ആസ്വാദ്യത പതിന്മടങ്ങു വര്‍ദ്ധിക്കും. അക്ഷരശ്ലോകത്തിന്റെ കാര്യവും ഇതുപോലെയാണ്. സംഗീതഗന്ധിയയിട്ടു ചൊല്ലിയാല്‍ ശ്രോതാക്കള്‍ക്ക് അങ്ങേയറ്റം ആസ്വാദ്യമായിട്ടു തോന്നും. ആസ്വാദ്യത അളന്നു മാര്‍ക്കിടുമ്പോള്‍ സംഗീതഗന്ധിയായ ആലാപനശൈലി ഉള്ളവര്‍ക്കു വളരെയേറെ മുന്‍തൂക്കം ലഭിക്കും. പാട്ടുകാരുടെ ഷഡ്ഗുണങ്ങളും തികഞ്ഞശബ്ദത്തിനും ഓത്തുള്ള നമ്പൂതിരിമാരുടെ ഉദാത്താനുദാത്തസ്വരിതങ്ങള്‍ കൃത്യമായി വരുന്ന ഉച്ചാരണത്തിനും പെണ്‍കുട്ടികളുടെ ആകര്‍ഷകമായ കിളിശബ്ദത്തിനും ഒക്കെ ധാരാളമായി മാര്‍ക്കു വീഴും. കിട്ടിയ അക്ഷരങ്ങളില്‍ പലതിലും ശ്ലോകം ചൊല്ലാതെ മിഴിച്ചിരുന്നാലും അത്തരക്കാര്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍പന്തിയില്‍ എത്തും. വലിയ പുരോഗമനവാദികള്‍ നടത്തുന്ന “അക്ഷരശ്ലോക” മത്സരങ്ങളില്‍ തുരുതുരെ അച്ചുമൂളിയവര്‍ ജയിക്കുന്നതിന്റെ കാരണം ഇതാണ്. കുട്ടികളുടെ മത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ മാത്രം ജയിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
അക്ഷരശ്ലോകത്തില്‍ ആസ്വാദ്യതയ്ക്കു പ്രസക്തിയില്ല. സംഗീതത്തിനു സ്ഥാനവും ഇല്ല. അതിനാല്‍ ആസ്വാദ്യത അളന്നുള്ള മാര്‍ക്കിടല്‍ നാശത്തിലേക്കുള്ള ചവിട്ടുപടിയാണ്. എന്‍.ഡി. കൃഷ്ണനുണ്ണിയെ യേശുദാസ് തോല്‍പ്പിക്കുന്ന അവസ്ഥ എങ്ങനെ പുരോഗമനം ആകും? അച്ചുമൂളിയവര്‍ ജയിക്കുന്ന മത്സരം എങ്ങനെ അക്ഷരശ്ലോകം ആകും?
ഇവരുടെ “പുരോഗമനപരമായ അക്ഷരശ്ലോക”ത്തില്‍ പുരോഗമനവും ഇല്ല അക്ഷരശ്ലോകവും ഇല്ല.