ഈ ചോദ്യത്തിന് ഉന്നതന്മാര്ക്കു ഗംഭീരമായ ചില ഉത്തരങ്ങള്‍ ഉണ്ട്. ആസ്വാദ്യമായിട്ടു ചൊല്ലണം, ഈണത്തില്‍ ചൊല്ലണം, രാഗത്തില്‍ ചൊല്ലണം, സംഗീതഗന്ധിയായിട്ടു ചൊല്ലണം, സംഗീതമയമായിട്ടു ചൊല്ലണം ഇങ്ങനെ എണ്ണമറ്റ ഉത്തരങ്ങള്‍ കിട്ടും. സംഗീതഗന്ധം തീരെ ഇല്ലാത്തവരും സംഗീതത്തിന്റെ ഏബീസീ പോലും അറിഞ്ഞുകൂടാത്തവരും രാഗങ്ങള്‍ അങ്ങാടിയാണോ പച്ചമരുന്നാണോ എന്ന് അറിഞ്ഞുകൂടാത്തവരും ഒക്കെ അക്ഷരശ്ലോകക്കാരുടെ ഇടയില്‍ ഉണ്ടെന്ന കാര്യം അവര്‍ മറക്കുന്നു.
യഥാര്‍ത്ഥത്തില്‍ എങ്ങനെയാണു ചൊല്ലേണ്ടത്? നിങ്ങള്‍ക്ക് എങ്ങനെ ചൊല്ലാന്‍ പറ്റുമോ അങ്ങനെ ചൊല്ലിയാല്‍ മതി. അക്ഷന്തവ്യമായ തെറ്റുകള്‍ വരുത്താതെ ചൊല്ലണം എന്നു മാത്രമേ നിര്‍ബ്ബന്ധമുള്ളൂ.
ചില ഉന്നതന്മാര് ചില മഹാന്മാരെ ചൂണ്ടിക്കാണിച്ചു തന്നിട്ട് ഇവര്‍ ചൊല്ലുന്നതു കേട്ടു പഠിച്ചു് അതേ ശൈലിയില്‍ ചൊല്ലണം എന്ന് ഉപദേശിക്കാറുണ്ട്. ഈ ഉപദേശത്തിനു യാതൊരര്‍ത്ഥവും ഇല്ല. ഓരോരുത്തര്‍ക്കും ദൈവം ഓരോ ശൈലി കൊടുത്തിട്ടുണ്ട്. ഒരാളുടെ ശൈലി അയാള്‍ക്കു മാത്രം ഉള്ളതാണ്. അതു മറ്റുള്ളവര്‍ക്കു തപസ്സു ചെയ്താലും വശമാവുകയില്ല. യേശുദാസ് പാടുന്നതു കേട്ടു പഠിച്ചു് അതുപോലെ പാടാന്‍ തിലകനോ ജനാര്‍ദ്ദനനോ പറ്റുമോ? അതുപോലെയാണ് ഇതും. കെ.പി.സി. അനുജന് ഭട്ടതിരിപ്പാട് ചൊല്ലുന്നതു പോലെ ചൊല്ലാന്‍ സാധാരണക്കാര്‍ക്കു തികച്ചും അസാദ്ധ്യമാണ്.
അക്ഷരശ്ലോകം ചൊല്ലുന്നവര്‍ ആരുടെയെങ്കിലും ശൈലി അനുകരിക്കേണ്ട യാതൊരാവശ്യവും ഇല്ല. അവരവരുടെ ശൈലി എത്ര മോശമെന്ന് ഉന്നതന്മാര് പറഞ്ഞാലും അതില്‍ തന്നെ ധൈര്യമായി ചൊല്ലാം.
ഒരാളുടെ ശൈലി മോശമാണെന്നു പറഞ്ഞ് അയാളെ മാര്‍ക്കു കുറച്ചും എലിമിനേറ്റു ചെയ്തും ശിക്ഷിക്കുന്നതു തികഞ്ഞ വിവരക്കേടാണ്. ഏതു ശൈലിയില്‍ ചൊല്ലിയാലും തുല്യമായി കണക്കാക്കണം എന്നാണു നിയമം അനുശാസിക്കുന്നത്.
എങ്ങനെ ചൊല്ലണം എന്ന ചോദ്യത്തിന് ഇതാണ് ഉത്തരം. നിങ്ങള്‍ക്ക് എത്രത്തോളം നന്നായി ചൊല്ലാന്‍ പറ്റുമോ അത്രത്തോളം നന്നായി ചൊല്ലുക. മറ്റുള്ളവരുടെ ശൈലി അനുകരിക്കാന്‍ ശ്രമിക്കാതിരിക്കുക. അനുകരിക്കാന്‍ ശ്രമിച്ചവര്‍ പലരും ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. കെ.എസ്.നായരുടെ ശൈലി അനുകരിക്കാന്‍ ശ്രമിച്ച ഒരു ശങ്കരന്റെ അനുഭവം ഇവിടെ പ്രസ്താവ്യമാണ്. കെ.എസ.നായര്‍ക്കു കിട്ടിയതു പോലെ സ്വര്‍ണ്ണമെഡലുകള്‍ തനിക്കും കിട്ടും എന്നു പ്രതീക്ഷിച്ച അദ്ദേഹത്തിനു കിട്ടിയത് എലിമിനേഷന് ആയിരുന്നു. അദ്ദേഹം ജഡ്ജിമാരോടു ചോദിച്ചു “ഞാന്‍ കെ.എസ്.നായരുടെ അതേ ശൈലിയില്‍ ആണല്ലോ ചൊല്ലിയത്. പിന്നെ നിങ്ങള്‍ എന്തിനു എന്നെ എലിമിനേറ്റു ചെയ്തു?”
അനുകരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ട് ഇങ്ങനെയൊക്കെ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്വന്തം ശൈലിയില്‍ സധൈര്യം ചൊല്ലുക. എന്നിട്ടു നീതി കിട്ടിയില്ലെങ്കില്‍ നീതിക്കു വേണ്ടി പോരാടുക.