പണ്ടു ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ ഉന്നതന്മാരും കറുത്ത വര്‍ഗ്ഗക്കാര്‍ അധഃകൃതരും ആയി കണക്കാക്കപ്പെട്ടിരുന്നു. അക്കാലത്തു മഹാത്മാ ഗാന്ധി അവിടെയാണു താമസിച്ചിരുന്നത്. വെളുത്ത ഒരു ഉദ്യോഗസ്ഥന്റെ വീട്ടിനു മുന്നില്‍ക്കൂടി നടന്നു പോയി എന്ന കുറ്റത്തിന് അദ്ദേഹത്തിനു മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. ശരിയായ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ട്രെയിനിലെ ഒന്നാം ക്ലാസ്സ് കമ്പാര്‍ട്ട്മെന്റില്‍ നിന്ന് അദ്ദേഹത്തെ ഇറക്കി വിടുകയും ഉണ്ടായി. ഇത്തരം അനീതി നിറഞ്ഞ ആചരണത്തെ ആണ് ആപ്പര്‍ത്തീഡ് (apartheid) എന്നു പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും എല്ലാ സാഹചര്യങ്ങളിലും ഇത് ഉണ്ടാകും. നമ്മുടെ നാട്ടില്‍ നിലവില്‍ ഉണ്ടായിരുന്ന തീണ്ടല്, തൊടീല്, അയിത്തം മുതലായവയും ഒരു തരത്തിലുള്ള ആപ്പര്‍ത്തീഡ് തന്നെ.
ബുദ്ധി, ഭരണാധികാരം, സ്വാധീനശക്തി, ധനം, തൊലിവെളുപ്പു മുതലായ എന്തെങ്കിലുമൊരു മേന്മ ഒരു കൂട്ടര്‍ക്ക് ഉണ്ടായാല്‍ അവര്‍ അതില്ലാത്തവരെ അധഃകൃതരായി കണക്കാക്കാന്‍ തുടങ്ങും. പുച്ഛം, പരിഹാസം, ഇടിച്ചുതാഴ്ത്തല്‍, ചവിട്ടിപ്പുറത്താക്കല്‍ മുതലായ എല്ലാ കൊള്ളരുതായ്മകളും അവര്‍ ആചരിച്ചു തുടങ്ങും. ആചാരം പിന്നീടു നിയമവും അവകാശവും ശാസ്ത്രവും ഒക്കെ ആയി മാറും. അതാണ് “ഇന്നലെച്ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാകാം നാളത്തെ ശാസ്ത്രമതാകാം അതില്‍ മൂളായ്ക സമ്മതം രാജന്” എന്ന് ആശാന് പാടിയത്.
ഇത്രയൊക്കെ പറഞ്ഞത് അക്ഷരശ്ലോകരംഗത്തും ഒരു തരം ആപ്പര്‍ത്തീഡ് ഉത്ഭവിച്ചതു കൊണ്ടാണ്. 1955 വരെ അക്ഷരശ്ലോകം സമത്വസുന്ദരം ആയ ഒരു സാഹിത്യവിനോദം ആയിരുന്നു. അവിടെ അധഃകൃതവര്‍ഗ്ഗക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ 1955 ല്‍ അക്ഷരശ്ലോകരംഗത്തും ഒരു തരം ആപ്പര്‍ത്തീഡ് നിലവില്‍ വന്നു. അതോടുകൂടി ചില അക്ഷരശ്ലോകക്കാര്‍ അധഃകൃതവര്‍ഗ്ഗക്കാര്‍ ആയി മാറുകയും ചെയ്തു.
ആരൊക്കെയാണ് അക്ഷരശ്ലോകരംഗത്തെ അധഃകൃതവര്‍ഗ്ഗക്കാര്‍?
- സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍.
- ശബ്ദമേന്മ കുറഞ്ഞവര്‍.
- പാട്ട് അറിഞ്ഞുകൂടാത്തവര്‍
അധഃകൃതവര്‍ഗ്ഗക്കാരെ കാത്തിരിക്കുന്നത് എന്താണ്? എലിമിനേഷന്, അവഗണന, നീതിനിഷേധം മുതലായ എല്ലാ കൊള്ളരുതായ്മകളും അവരെ കാത്തിരിക്കുന്നു. വിജയം അര്‍ഹിക്കുന്നവര്‍ പുറന്തള്ളപ്പെടുന്നു. യാതൊരര്‍ഹതയും ഇല്ലാത്തവര്‍ വാനോളം ഉയര്‍ത്തപ്പെടുന്നു. ഇതാണ് അക്ഷരശ്ലോകരംഗത്തെ ആപ്പര്‍ത്തീഡ്.
എലിമിനേറ്റു ചെയ്യപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ താഴ്ന്നവരാണോ? അല്ല. കൊമ്പത്തു കയറ്റപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഉയര്‍ന്നവരാണോ? അതുമല്ല. പിന്നെ ഈ അനാചാരം എങ്ങനെ നീതിയാകും? നീതിയാവുകയില്ല. ഒരു തരത്തിലുള്ള ആപ്പര്ത്തീഡും ഒരു തരത്തിലും നീതിയാവുകയില്ല.
സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ചൊല്ലുന്ന അക്ഷരശ്ലോകക്കാര്‍ താഴ്ന്നവരല്ല. അനുഷ്ടുപ്പ് അല്ലാത്ത എല്ലാ ശ്ലോകങ്ങള്‍ക്കും തുല്യ പരിഗണന കൊടുക്കാനാണ് അക്ഷരശ്ലോകത്തിന്റെ നിയമം അനുശാസിക്കുന്നത്. സ്വരമാധുര്യം കുറഞ്ഞവരും താഴ്ന്നവരല്ല. അക്ഷരശ്ലോകം ചൊല്ലാന്‍ അവര്‍ക്ക് അനിഷേദ്ധ്യമായ അവകാശമുണ്ട്. പാട്ടറിഞ്ഞുകൂടാത്തവരും താഴ്ന്നവരല്ല. അക്ഷരശ്ലോകത്തില്‍ സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ല.
പിന്നെ എങ്ങനെ ഇവര്‍ എലിമിനേറ്റു ചെയ്യപ്പെടേണ്ട ഏഴാംകൂലികള്‍ ആകും? അതാണ് ആപ്പര്‍ത്തീഡ്. അതാണ് അനീതി. നീതി നിഷേധിക്കുന്നവരെ തിരിച്ചരിയുവിന്. നീതിക്കു വേണ്ടി പടവെട്ടുവിന്‍.