മറ്റുള്ളവരെ ഉപദേശിക്കാന്‍ പൊതുവേ എല്ലാവര്ക്കും വലിയ ഉത്സാഹമാണ്. ഉപദേശം സ്വീകരിക്കേണ്ടവര്‍ അക്ഷരശ്ലോകക്കാരാണെങ്കില് പിന്നെ പറയുകയേ വേണ്ട. വഴിയേ പോകുന്നവരൊക്കെ കയറി വന്ന് ഉപദേശിച്ചുകളയും. അക്ഷരശ്ലോകം അങ്ങാടിയോ പച്ചമരുന്നോ എന്നു പോലും അറിഞ്ഞുകൂടാത്തവരും ഉപദേശിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നോട്ടു പോവുകയില്ല. അക്ഷരശ്ലോകക്കാര്‍ നിലവാരം കുറഞ്ഞ തറ ലെവല്‍ പാര്‍ട്ടിക്കാരാണെന്നാണ് ഈ ഉപദേശികളുടെ വിശ്വാസം. ഇത്രയും തരം താഴ്ന്ന ഇവരെ ഉപദേശിച്ച് ഒന്നു മെച്ചപ്പടുത്തുന്ന കാര്യത്തില്‍ ഞാന്‍ എന്റെ പങ്കു കൂടി വഹിച്ചു കളയാം എന്നാണ് ഓരോ ഉപദേശിയുടെയും മനോഭാവം. ഹരിജനോദ്ധാരണം പോലെ മഹത്തായ ഒരു സേവനം ആയിട്ടാണ് അവര്‍ ഇതിനെ കാണുന്നത്. ഉപദേശങ്ങളുടെ ചില സാമ്പിളുകള്‍ ഇതാ.
1. നിങ്ങള്‍ സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം.
തരം കിട്ടിയാല്‍ ഈ ഉപദേശം തട്ടി മൂളിക്കാത്ത ഒരാളെ പോലും എങ്ങും കാണാന്‍ കഴിയുകയില്ല. യഥാര്‍ത്ഥത്തില്‍ ഈ ഉപദേശത്തില്‍ വല്ല കഴമ്പും ഉണ്ടോ? ഇല്ല. അക്ഷരശ്ലോകം ഒരു സാഹിത്യവിനോദമാണ്. സാഹിത്യസംബന്ധിയായ ശ്ലോകങ്ങള്‍ മാത്രമേ ചൊല്ലാന്‍ പാടുള്ളൂ എന്നു നിയമവും ഉണ്ട്. പക്ഷേ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണമെന്ന് ഒരു നിയമവും അനുശാസിക്കുന്നില്ല. മ കിട്ടുമ്പോള്‍ മര്‍ത്യാകാരേണ ഗോപീ എന്നു ചൊല്ലിയാലും മഹാവനേ നാം വിറകിന്നു പോയി എന്നു ചൊല്ലിയാലും തുല്യപരിഗണന കൊടുക്കാനാണു നിയമം പറയുന്നത്.
2. അക്ഷരശ്ലോകം ചൊല്ലുന്നതു സംഗീതഗന്ധിയായിട്ട് ആയിരിക്കണം
ഈ ഉപദേശവും ശുദ്ധ അസംബന്ധമാണ്. സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ യാതൊരു സ്ഥാനവും ഇല്ല. ശ്ലോകങ്ങള്‍ക്കു വൃത്തം ഉള്ളതിനാല്‍ ശരിയായി ചൊല്ലുമ്പോള്‍ ഒരു ഈണം താനേ വരും. അതില്‍ കൂടുതലായ ഒരു സംഗീതവും ആവശ്യമില്ല.
3. അക്ഷരശ്ലോകക്കാരന്റെ സ്വരത്തിനു ഷഡ്ഗുണങ്ങള്‍ ഉണ്ടായിരിക്കണം
യഥാര്‍ത്ഥത്തില്‍ ഒരു ഗുണവും ആവശ്യമില്ല. തെറ്റു കൂടാതെ ശ്ലോകം ചൊല്ലാന്‍ കഴിവുണ്ടെങ്കില്‍ ജനാര്‍ദ്ദനനും തിലകനും ഒക്കെ അക്ഷരശ്ലോകം ചൊല്ലാം.
4. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന വിധത്തില്‍ വേണം അക്ഷരശ്ലോകം ചൊല്ലാന്‍
ഇതും ഒരു തല്ലിപ്പൊളി ഉപദേശമാണ്. യഥാര്‍ത്ഥത്തില്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അക്ഷരശ്ലോകത്തിന്റെ ലക്ഷ്യമേ അല്ല. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള ചുമതല യേശുദാസും ചിത്രയും മറ്റും ഏറ്റെടുത്തു ഭംഗിയായി നിര്‍വ്വഹിച്ചുകൊള്ളും. അക്ഷരശ്ലോകക്കാര്‍ ആ ചുമതല ഏറ്റെടുക്കേണ്ട ആവശ്യമില്ല.
ഇത്തരം ഉപദേശങ്ങള്‍ എല്ലാം അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണു വേണ്ടത്. ഇങ്ങനെയുള്ള തല്ലിപ്പൊളി ഉപദേശങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്തിന്റെ ഫലമായാണ് മാര്‍ക്കിടല്‍, എലിമിനേഷന്, മുതലായ “വമ്പിച്ച പരിഷ്കാരങ്ങള്‍” ഉണ്ടായതും അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങളായി അധഃപതിച്ചതും അച്ചുമൂളിയവര്‍ ജയിക്കുന്ന തല തിരിഞ്ഞ മത്സരങ്ങള്‍ ഉണ്ടായതും.
ഞങ്ങളുടെ ഉപദേശം സ്വീകരിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ പണം തരികയില്ല എന്നു ഭീഷണിപ്പെടുത്തുന്ന ഉപദേശികളെയും ധാരാളമായി കാണാം. അവരോടു പറയേണ്ടത് ഇങ്ങനെയാണ് “പണം തന്നില്ലെങ്കിലും കുഴപ്പമില്ല. ഉപദേശം തരാതിരുന്നാല്‍ മതി”.