കേരളത്തില്‍ ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ രണ്ടുതരം അക്ഷരശ്ലോകമത്സരങ്ങള്‍ ഉണ്ട്. ശ്ലോകപഠിതാക്കള് അവയെപ്പറ്റി വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതാണ്.
1. അച്ചുമൂളാതെ ശ്ലോകം ചൊല്ലി ജയിക്കേണ്ടവ
ഇവയില്‍ ജയിക്കാന്‍ ധാരാളം ശ്ലോകങ്ങള്‍ പഠിച്ചിരിക്കണം. അതുകൊണ്ടുതന്നെ കഠിനാദ്ധ്വാനം കൂടിയേ തീരൂ. എതക്ഷരം കിട്ടിയാലും അതില്‍ നൂറു ശ്ലോകങ്ങള്‍ എങ്കിലും ചൊല്ലാന്‍ അറിഞ്ഞിരിക്കണം. സാഹിത്യമൂല്യം കൂടുതല്‍ ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണമെന്നു യാതൊരു നിര്‍ബ്ബന്ധവും ഇല്ല. കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചു ചൊല്ലിയാലും സ്വന്തമായി ഒരു നിമിഷശ്ലോകം ഉണ്ടാക്കി ചൊല്ലിയാലും തുല്യ പരിഗണന ലഭിക്കും. സ്വരമാധുര്യം, സംഗീതഗന്ധിയായ ആലാപനം മുതലായ യാതൊന്നും ആവശ്യമില്ല. കിട്ടിയ അക്ഷരത്തില്‍ അനുഷ്ടുപ്പ് അല്ലാത്ത ഒരു ശ്ലോകം ചൊല്ലണം എന്നു മാത്രമേ നിര്‍ബ്ബന്ധമുള്ളൂ. ഇവയില്‍ മാര്‍ക്കിടല്‍ ഇല്ല. ഇത്തരം മത്സരങ്ങള്‍ പ്രാചീനകാലം മുതലേ നിലവിലുണ്ട്. അച്ചുമൂളാത്തവര്‍ കേമന്മാര് എന്നതാണ് ഇത്തരം മത്സരങ്ങളുടെ അടിസ്ഥാനതത്വം. അദ്ധ്വാനിക്കാന്‍ തയ്യാറുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ഇവയില്‍ പങ്കെടുത്തു ജയിക്കാം. ജന്മസിദ്ധമായ യാതൊരു മേന്മയും ആവശ്യമില്ല. ഉന്നതന്മാരുടെ പ്രീതിക്കു പാത്രം ആകേണ്ട ആവശ്യവും ഇല്ല.
2. ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു ജയിക്കേണ്ടവ
ഇവയില്‍ ജയിക്കാന്‍ കുറച്ചു ശ്ലോകങ്ങള്‍ പഠിച്ചാല്‍ മതി. പഠിക്കുന്ന ശ്ലോകങ്ങള്‍ക്കു സാഹിത്യമൂല്യം വളരെ കൂടുതല്‍ ഉണ്ടായിരിക്കണം. ചൊല്ലുന്നതു ശ്രോതാക്കള്‍ക്ക് ആസ്വാദ്യമാകുന്ന വിധത്തില്‍ ആയിരിക്കുകയും വേണം. അതിനു ശബ്ദസൌകുമാര്യം, സംഗീതഗന്ധിയായ ആലാപനം ഇതൊക്കെ കൂടിയേ തീരൂ. ശ്ലോകത്തിന്റെ സാഹിത്യമൂല്യവും ആലാപനത്തിന്റെ ഭംഗിയും ആസ്വാദ്യതയും ഒക്കെ അളന്നു മാര്‍ക്കിട്ടു മാര്‍ക്കു കൂട്ടി നോക്കിയാണു വിജയികളെ കണ്ടെത്തുന്നത്. അച്ചുമൂളിയാലും മാര്‍ക്കുണ്ടെങ്കില്‍ ജയിക്കാം. ഇത്തരം മത്സരങ്ങള്‍ 1955 ല്‍ ആണ് തുടങ്ങിയത്. മാര്‍ക്കു നേടുന്നവര്‍ കേമന്മാര് എന്നതാണ് ഇത്തരം മത്സരങ്ങളുടെ അടിസ്ഥാന തത്വം. മൂന്നു പ്രാവശ്യം അച്ചുമൂളിയാല്‍ പുറത്താകും എന്നൊരു നിയമം ചിലര്‍ പാലിക്കാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ക്ക് അതുമില്ല. എത്ര പ്രാവശ്യം അച്ചുമൂളിയാലും മാര്‍ക്കുണ്ടെങ്കില്‍ ജയിക്കാം എന്നതാണ് അവരുടെ നിയമം. സാഹിത്യമൂല്യം, ഷഡ്ഗുണങ്ങള്‍ ഉള്ള ശബ്ദം, സംഗീതഗന്ധിയായ ആലാപനം ഇവയൊക്കെയാണ് മാര്‍ക്കു നേടിത്തരുന്ന ഘടകങ്ങള്‍. അതുകൊണ്ടുതന്നെ എല്ലാവര്ക്കും ഇവയില്‍ പങ്കെടുത്തു ജയിക്കാന്‍ കഴിയുകയില്ല. മാര്‍ക്കിടുന്നവരുടെ പ്രീതിക്കു പാത്രമാകാന്‍ തക്കവണ്ണം ജന്മസിദ്ധമായ പല മേന്മകളും ഉള്ള അപൂര്‍വ്വം ചില ഭാഗ്യവാന്മാര്ക്കു മാത്രമേ ഇവയില്‍ പങ്കെടുത്തു ജയിക്കാന്‍ കഴിയൂ. കൂത്തു, കൂടിയാട്ടം, കഥാപ്രസംഗം, കഥകളിസംഗീതം, ലളിതഗാനം മുതലായ കലാമത്സരങ്ങളില്‍ ജയിക്കുന്നവര്‍ തന്നെ ആയിരിക്കും ഇവയിലും ജയിക്കുക. ധനാഢ്യന്മാരുടെയും സമൂഹത്തിലെ ഉന്നതന്മാരുടെയും പിന്തുണ എപ്പോഴും ഇത്തരം മത്സരങ്ങള്‍ക്ക് ആയിരിക്കും കിട്ടുക.