ഒരാള്‍ അശ്വകോവിദനാണെങ്കില് ഏതു കുതിരയും അയാളുടെ വരുതിയില്‍ നില്ക്കും. എത്ര മെരുങ്ങാത്ത കുതിരയായാലും അയാള്‍ക്ക് അതിന്റെ പുറത്തു കയറി നിഷ്പ്രയാസം സവാരി ചെയ്യാന്‍ കഴിയും.
അതുപോലെയാണ് അക്ഷരശ്ലോകവിദഗ്ദ്ധനും. എല്ലാ അക്ഷരങ്ങളിലും ഉള്ള ശ്ലോകങ്ങള്‍ അയാളുടെ വരുതിയില്‍ നില്ക്കും. ഏതു ദുര്ഘടാക്ഷരം കിട്ടിയാലും അയാള്‍ക്ക് അതില്‍ നിഷ്പ്രയാസം ശ്ലോകം ചൊല്ലാന്‍ കഴിയും.
ഒരാള്‍ക്ക് ഒരു കുതിരയുടെ പുറത്തു കയറാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല എന്നു കണ്ടാല്‍ അയാള്‍ അശ്വകോവിദനല്ല എന്നു സംശയലേശമെന്യേ അനുമാനിക്കാം. അതുപോലെ തന്നെ ഒരാള്‍ക്കു ഹ എന്നോ ധ എന്നോ ഒരക്ഷരം കിട്ടുമ്പോള്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് അതില്‍ ഒരു ശ്ലോകം ചൊല്ലാന്‍ പറ്റുന്നില്ല എന്നോ അക്ഷരം കൊടുത്ത ആളിനെ അയാള്‍ കുറ്റപ്പെടുത്തുന്നു എന്നോ കണ്ടാല്‍ അയാള്‍ അക്ഷരശ്ലോകവിദഗ്ദ്ധനല്ല എന്നു തീര്‍ച്ചപ്പെടുത്താം. ഒരിക്കലും അച്ചുമൂളേണ്ടി വരാത്ത വിധത്തില്‍ ശ്ലോകങ്ങള്‍ അയാളുടെ വരുതിയില്‍ നില്ക്കുന്നുണ്ടോ എന്നാണു നോക്കേണ്ടത്. അതാണ് അക്ഷരശ്ലോകവൈദഗ്ദ്ധ്യത്തിന്റെ ഉരകല്ല്. അല്ലാതെ സ്വരമാധുര്യവും പാട്ടും ഒന്നുമല്ല. സാഹിത്യമൂല്യവും അല്ല.
തുരുതുരെ അച്ചുമൂളിയവരെ സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത എന്നൊക്കെയുള്ള ചപ്പടാച്ചികള്‍ പറഞ്ഞു ജയിപ്പിക്കുന്ന പുരോഗമനവാദികള്‍ ഇക്കാര്യം ഓര്‍മ്മിക്കുക.