ആണെന്നു ചിലര്‍ വീറോടെ വാദിക്കുകയും വാശിയോടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും ആസ്വാദ്യമായി ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കഴിവില്ലാത്തവരെ അവര്‍ എലിമിനേറ്റു ചെയ്യുന്നു. ആഹ്ലാദിപ്പിക്കാന്‍ കഴിവുള്ളവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കുന്നു.
ഇവരുടെ നൂതനസിദ്ധാന്തം സത്യത്തില്‍ നിന്നു വളരെ വളരെ വിദൂരമാണ്. അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ഒരിക്കലും ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആയിരുന്നിട്ടില്ല. ഇനി അങ്ങനെ ആക്കാമെന്നു വച്ചാല്‍ത്തന്നെ ആ പ്രയത്നം അക്ഷരശ്ലോകത്തിന്റെ എല്ലാ ഗുണങ്ങളെയും നശിപ്പിക്കുകയും അക്ഷരശ്ലോകത്തെ ശ്ലോകപ്പാട്ടാക്കി അധഃപതിപ്പിക്കുകയും ചെയ്യും.
അക്ഷരശ്ലോകത്തിന്റെ നിയമങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ ലക്ഷ്യം ആഹ്ലാദിപ്പിക്കല്‍ അല്ല എന്ന് അല്പം സാമാന്യബുദ്ധിയെങ്കിലും ഉള്ള ഏവര്‍ക്കും ബോദ്ധ്യപ്പെടും. അക്ഷരശ്ലോകത്തിന്റെ എല്ലാ നിയമങ്ങളും ആഹ്ലാദിപ്പിക്കലിനു വിലങ്ങുതടിയാണ്. ഭാഷാവൃത്തങ്ങള്‍ പാടില്ല എന്ന നിയമം കാരണം ശ്രോതാക്കള്‍ക്ക് ഇഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ള കവിതകള്‍ ബഹുഭൂരിപക്ഷവും തള്ളിക്കളയേണ്ടി വരുന്നു. ബാക്കിയുള്ളവ കൊണ്ട് ആഹ്ലാദിപ്പിക്കാം എന്നു വച്ചാല്‍ അനുഷ്ടുപ്പിന്റെ നിരോധനം മറ്റൊരു വിലങ്ങുതടിയാകുന്നു. നല്ല ശ്ലോകങ്ങളില്‍ പകുതിയും അനുഷ്ടുപ്പ് വൃത്തത്തിലാണ്. ഇനി അനുഷ്ടുപ്പും ഒഴിവാക്കി ബാക്കി കൊണ്ട് ആഹ്ലാദിപ്പിക്കാം എന്നു വച്ചാലോ? അതാ കിടക്കുന്നു മറ്റൊരു കീറാമുട്ടി. അക്ഷരം യോജിക്കുന്നവ മാത്രമേ ചൊല്ലാവൂ. അക്ഷരം യോജിക്കാനുള്ള സാദ്ധ്യതയാണെങ്കില്‍ 5% മാത്രവും! അക്ഷരനിബന്ധന കാരണം പലപ്പോഴും ഒന്നാം തരം ശ്ലോകങ്ങള്‍ തള്ളിക്കളഞ്ഞിട്ടു രണ്ടാം തരവും മൂന്നാം തരവും ചൊല്ലേണ്ടിവരുന്നു. വൃത്തനിബന്ധന കൂടി ഉണ്ടെങ്കില്‍ പലപ്പോഴും തീരെ നിലവാരം കുറഞ്ഞ നാല്‍ക്കാലിശ്ലോകങ്ങള്‍ മാത്രമേ ഒത്തുകിട്ടുകയുള്ളൂ. ഉദാഹരണത്തിനു കുസുമമഞ്ജരിയില്‍ യ ചൊല്ലേണ്ടി വന്നാല്‍ നല്ല ശ്ലോകം എവിടെ കിട്ടാനാണ്? പലപ്പോഴും നാല്ക്കാലി ചൊല്ലി രക്ഷപ്പെടാനേ കഴിയൂ.
ഇത്തരം നിയമങ്ങളുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ ശ്രമിക്കുന്നതു കാലിനും കൈക്കും വലിയ ഇരുമ്പു ചങ്ങലകള്‍ ബന്ധിച്ചിട്ടു ഡാന്‍സ് ചെയ്തു കാണികളെ ആഹ്ലാദിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ പരിഹാസ്യമായ പ്രവൃത്തിയായിരിക്കും.
അക്ഷരശ്ലോകം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാനുള്ള ഒരു കലാപരിപാടിയല്ല; ചതുരംഗം കളി പോലെ അറിവും ബുദ്ധിയും ഉപയോഗിച്ചു ജയിക്കാനുള്ള ഒരു വിനോദമാണ്. ചതുരംഗം യുദ്ധവിനോദം ആണെങ്കില്‍ അക്ഷരശ്ലോകം സാഹിത്യവിനോദം ആണ്. നിയമം അനുസരിച്ചു കളിച്ചു ജയം നേടുക എന്നതാണു രണ്ടിന്റെയും ലക്ഷ്യം. സദസ്യരെ ആഹ്ലാദിപ്പിക്കല്‍ ലക്ഷ്യമേ അല്ല.