സ്വര്‍ണ്ണമാല ധരിച്ചുകൊണ്ട് ഒരു സ്ത്രീ വിജനമായ വഴിയില്‍കൂടി സഞ്ചരിച്ചാല്‍ മാല പിടിച്ചുപറിക്കപ്പെടാനുള്ള സാദ്ധ്യത വളരെ അധികമാണ്. ആരുടെയെങ്കിലും മാല പിടിച്ചുപറിക്കപ്പെടാതിരിക്കുന്നുവെങ്കില് അതിന്റെ കാരണം പിടിച്ചുപറിക്കാര്‍ക്ക് അതിനുള്ള തരം കിട്ടുന്നില്ല എന്നതു മാത്രമാണ്.
ദുര്‍ബ്ബലന്മാരുടെ കൈവശം ഇരിക്കുന്ന ഏതൊരു അമൂല്യവസ്തുവിന്റെയും അവസ്ഥ ഇതാണ്. തരം കിട്ടിയാല്‍ കൂടുതല്‍ ബലമുള്ള ആരെങ്കിലും അതു തട്ടിപ്പറിച്ചു സ്വന്തമാക്കും.
ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യാമഹാരാജ്യത്തിന്റെ ഭരണം തട്ടിപ്പറിച്ചു സ്വന്തമാക്കിയത് അവര്‍ക്ക് അതിനുള്ള തരം കിട്ടിയതുകൊണ്ടാണ്. തരം ഉണ്ടാക്കിക്കൊടുത്തതോ നമ്മുടെ സങ്കുചിത മനസ്ഥിതിയും അനൈക്യവും.
വളരെ പാടുപെട്ടു പതിനായിരം ശ്ലോകം പഠിച്ച് ഒരുവന് അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്ന പദവി നേടിയെടുത്തു. പക്ഷേ എന്തു ഫലം? നിര്‍ഭാഗ്യവശാല്‍ അവന്റെ ആ പദവി നൂറു ശ്ലോകം പോലും അറിഞ്ഞുകൂടാത്ത ഒരു ശബ്ദമേന്മക്കാരന് പെട്ടെന്നു തട്ടിയെടുത്തു സ്വന്തമാക്കി. “ഞാന്‍ മൂല്യം കൂടിയ ശ്ലോകങ്ങളാണു ചൊല്ലിയത്. ഭംഗിയായി ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുകയും ചെയ്തു. എനിക്കു ഷഡ്ഗുണങ്ങളും തികഞ്ഞ മുഴങ്ങുന്ന ശബ്ദവും ഉണ്ട്. എന്നെക്കാള്‍ വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആരാണു ഭൂമിയില്‍?” ഇതാണു പുതുമോടിക്കാരനായ വിരുതന്റെ ഭാവം. അവന്റെ തീവെട്ടിക്കൊള്ളയ്ക്കു ചൂട്ടു പിടിച്ചു കൊടുക്കാന്‍ സ്വര്‍ണ്ണവും പണവും പ്രതാപവും ഉള്ള ഉന്നതന്മാര് നാട്ടിലെങ്ങും കച്ചകെട്ടി നില്‍ക്കുകയും ചെയ്യുന്നു. തട്ടിപ്പറിക്കാന്‍ ഇത്രത്തോളം നല്ല തരം കിട്ടിയാല്‍ ആരാണു തട്ടിപ്പറിക്കാത്തത്?