അടുത്ത കാലത്തു മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണ് ഇത്. മഴവില്‍ മനോരമ എന്ന ടെലിവിഷന്‍ ചാനല്‍ ഒരു റിയാലിറ്റി ഷോ നടത്തി. തെയ്യം കെട്ടിയാടല്‍ മത്സരം. തെയ്യങ്ങള്‍ക്കു മാര്‍ക്കിട്ടാണ് വിജയികളെ കണ്ടെത്തുന്നത്. ദൈവങ്ങള്‍ക്കു മാര്‍ക്കിടുന്നതു ദൈവങ്ങളെ അപമാനിക്കല്‍ ആണെന്നു ഭക്തന്മാര്ക്കു തോന്നി. അവര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഭക്തന്മാരുടെ ഇടയിലെങ്കിലും ഉശിരുള്ളവര്‍ ഉണ്ടല്ലോ. അതു വളരെ സന്തോഷകരം തന്നെ.
മാര്‍ക്കിടല്‍ പലപ്പോഴും ആവശ്യമായി വരാമെങ്കിലും അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ അനാവശ്യവും അസ്ഥാനസ്ഥിതവും അപമാനകരവും ആയിത്തീരും. അത്തരം മാര്‍ക്കിടലിന് എതിരെ ആത്മാഭിമാനത്തിന്റെ കണികയെങ്കിലും ഉള്ളവര്‍ പ്രതിഷേധിക്കേണ്ടതാണ്.
അക്ഷരശ്ലോകത്തിലെ മാര്‍ക്കിടലും അങ്ങേയറ്റം അനാവശ്യവും അസ്ഥാനസ്ഥിതവും അപമാനകരവും ആണ്. സ്വരമാധുര്യവും പാട്ടും അളന്ന് എലിമിനേറ്റു ചെയ്യപ്പെടേണ്ടവര്‍ അല്ല അക്ഷരശ്ലോകക്കാര്‍. അന്തസ്സും അഭിമാനവും ഉള്ള അക്ഷരശ്ലോകക്കാര്‍ തങ്ങളെ ഇങ്ങനെ അപമാനിക്കുന്നവരുടെ മുന്നില്‍, ചെറിയ നക്കാപ്പിച്ച ലാഭങ്ങള്‍ക്കു വേണ്ടി, പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്ക്കാന് പാടില്ല.
ദൈവങ്ങള്‍ക്കു മാത്രമല്ല, അക്ഷരശ്ലോകക്കാര്‍ക്കും മാര്‍ക്കിടരുത്. ഫുട്ബാള്‍, ക്രിക്കറ്റ്, ചെസ്സ് മുതലായ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആരും മാര്‍ക്കിടുന്നില്ല. അവയിലെ മത്സരാര്‍ത്ഥികള്‍ക്ക് ഉശിരും പ്രതികരണശേഷിയും ഉണ്ട്. അതുകൊണ്ട് അവര്‍ക്കു മാര്‍ക്കിടാന്‍ ഒരു ഉന്നതനും ധൈര്യപ്പെടുകയില്ല. പക്ഷേ അക്ഷരശ്ലോകക്കാര്‍ക്ക് ഉശിരുമില്ല പ്രതികരണശേഷിയുമില്ല. അതുകൊണ്ടാണ് അവര്‍ക്കു നേരേ എന്തു ധിക്കാരവും കാട്ടാന്‍ ധനാഢ്യന്മാരും ഉന്നതന്മാരും ധൈര്യപ്പെടുന്നത്. അക്ഷരശ്ലോകക്കാര്‍ പ്രതികരണശേഷി നേടി ഉശിരു കാണിച്ചില്ലെങ്കില്‍ ധിക്കാരികളുടെ മുമ്പില്‍ തുടര്‍ന്നും ഓച്ഛാനിച്ചു നില്‍ക്കുകയല്ലാതെ മറ്റു യാതൊരു മാര്‍ഗ്ഗവും ഉണ്ടാവുകയില്ല.