അക്ഷരശ്ലോകം എന്ന പേരില്‍ ഇക്കാലത്തു സ്കൂള്‍ കുട്ടികളെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ട്. സ്കൂള്‍ യുവജനോത്സവങ്ങളില്‍ അതിന്റെ മത്സരവും ഉണ്ട്. പഠിക്കാനും മത്സരിക്കാനും മുന്നോട്ടു വരുന്നവരില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. ജയിക്കുന്നവരില്‍ 90 ശതമാനവും പെണ്‍കുട്ടികള്‍ തന്നെ. എന്താണ് ഇങ്ങനെ ഒരു പെണ്പ്രമാണിത്തം വരന് കാരണം? പണ്ടെങ്ങും ഇല്ലാതിരുന്ന ഒരു വമ്പിച്ച പരിഷ്കാരം അടുത്ത കാലത്തു ചില സര്വ്വജ്ഞന്മാര് ഈ രംഗത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നു. ആസ്വാദ്യത അളന്നുള്ള ഒരു മാര്‍ക്കിടല്‍ പ്രസ്ഥാനമാണ് അത്. ഈ “വമ്പിച്ച പരിഷ്കാരം” ആണ് ഇവിടെ വില്ലനാകുന്നത്.
അക്ഷരശ്ലോകം സംഗീതഗന്ധിയിരിക്കണം, ആസ്വാദ്യമായിരിക്കണം എന്നൊക്കെ ശഠിക്കുന്ന ചില ഉന്നതന്മാരാണു മാര്‍ക്കിടാന്‍ വരുന്നത്. മാര്ക്കിടുന്നവര്ക്കു ശ്ലോകം ചൊല്ലല്‍ ആസ്വാദ്യമായി തോന്നിയാല്‍ മാത്രമേ ജയിക്കാന്‍ പറ്റൂ. പെണ്‍കുട്ടികള്‍ ചൊല്ലിയാല്‍ കൂടുതല്‍ ആസ്വാദ്യമായി തോന്നും. അതാണ് അതിന്റെ ഗുട്ടന്‍സ്.
ആശുപത്രികളില്‍ നേഴ്സുമാരായി നിയമിക്കപ്പെടുന്നവരില്‍ 98 ശതമാനവും സ്ത്രീകളാണ്. സ്ത്രീകളുടെ പരിചരണമാണു രോഗികള്‍ക്കു കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പുരുഷന്മാരുടെ പരിചരണം ഒരു രോഗിയും ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല.
ഇതുപോലെ ഒരു അവസ്ഥയാണ് പരിഷ്കൃത അക്ഷരശ്ലോകത്തിനും. ആണ്‍കുട്ടികള്‍ ചൊല്ലിയാല്‍ ആര്‍ക്കും ഒട്ടും ഇഷ്ടപ്പെടുകയില്ല. പെണ്‍കുട്ടികള്‍ ചൊല്ലിയാല്‍ അങ്ങേയറ്റം ആസ്വാദ്യം.
അക്ഷരശ്ലോകവുമായി പുലബന്ധം പോലും ഇല്ലാത്ത ഈ മത്സരങ്ങളെ എന്തിനാണ് അക്ഷരശ്ലോകം എന്നു വിളിക്കുന്നത്? ഇതു യഥാര്‍ത്ഥത്തില്‍ അക്ഷരശ്ലോകം ആണോ? അനുഷ്ടുപ്പ് ഒഴികെയുള്ള സംസ്കൃതവൃത്തങ്ങളില്‍ ഉള്ള ശ്ലോകങ്ങള്‍ മാത്രം പാടാവുന്ന ഒരുതരം പാട്ടുമത്സരം അല്ലേ? അച്ചുമൂളിയവരെ പുറത്താക്കുന്നുണ്ടോ? അച്ചുമൂളലിനു വല്ല പ്രാധാന്യവും കൊടുക്കുന്നുണ്ടോ? പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രം പേരിന് ഒരു അക്ഷരനിബന്ധന വച്ചിട്ടുണ്ട്. അതുകൊണ്ടു മാത്രം അക്ഷരശ്ലോകം ആകുമോ? അക്ഷരശ്ലോകപ്രസ്ഥാനത്തോട് അല്പമെങ്കിലും സ്നേഹവും ബഹുമാനവും ഉള്ളവര്‍ക്ക് ഈ വികൃതവസ്തുവിനെ അക്ഷരശ്ലോകം എന്നു വിളിക്കാന്‍ തോന്നുകയില്ല. വേണമെങ്കില്‍ മറ്റൊരു പേരില്‍ വിളിക്കാം. “പെണ്പാട്ടുമത്സരം”.