അവതരണമത്സരങ്ങള് എന്ന പേരില്‍ മത്സരങ്ങള്‍ നടത്തുകയും തുരുതുരെ അച്ചുമൂളുന്നവരെ ജയിപ്പിക്കുകയും ചെയ്യുന്ന ചില സംഘടനകള്‍ ഉണ്ട്. അച്ചുമൂളിയവരെ ജയിപ്പിക്കുന്നത് അനീതിയാണെന്ന് അവരോട് എത്ര പറഞ്ഞാലും അവര്‍ വകവയ്ക്കുകയില്ല. മാര്‍ക്കിടല്‍ ഇല്ലാത്ത ഏകാക്ഷരമത്സരങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ വേറെ നടത്തുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് അതില്‍ പങ്കെടുക്കുകയും ഇതില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്താല്‍ പോരേ? അച്ചുമൂളിയാലും മാര്‍ക്കു കൂടുതല്‍ നേടുന്നവരെയല്ലേ ഞങ്ങള്‍ ജയിപ്പിക്കുന്നത്? എന്തുകൊണ്ടു നിങ്ങള്‍ക്ക് അത് അംഗീകരിച്ചുകൂടാ? ഇങ്ങനെയൊക്കെയുള്ള മറുചോദ്യങ്ങളാണ് അവരില്‍ നിന്നു കിട്ടുക.
പരാതിക്കാര്‍ക്കു വേണ്ടി ഒരു ഏകാക്ഷരമത്സരം നടത്താനുള്ള ഔദാര്യം കാണിക്കുന്നതുകൊണ്ട് അവതരണമത്സരങ്ങളില് അച്ചുമൂളിയവരെ ജയിപ്പിക്കുന്നതില്‍ തെറ്റില്ല എന്നാണ് അവരുടെ മനോഭാവം. ഇതു കടുത്ത അനീതിയാണ്. അക്ഷരശ്ലോകം എന്നു പേരുള്ള ഏതു മത്സരത്തിലും അച്ചുമൂളാതെ ചൊല്ലിയവര്‍ക്ക് അച്ചുമൂളിയവരെക്കാള് മുന്‍ഗണനയ്ക്ക് അര്‍ഹതയുണ്ട്. അതില്‍ ഔദാര്യത്തിന്റെ പ്രശ്നമില്ല. നീതി അവകാശമാണ് ഔദാര്യമല്ല.