അക്ഷരശ്ലോകക്കാര്‍ക്കു ധാരാളം അവകാശങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലതു താഴെ കൊടുക്കുന്നു.
1.സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ചൊല്ലാനുള്ള അവകാശം.
കിട്ടിയ അക്ഷരത്തില്‍ അനുഷ്ടുപ്പ് അല്ലാത്ത ഒരുശ്ലോകം ചൊല്ലണം എന്നു മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ. അതില്‍ എത്രത്തോളം സാഹിത്യമൂല്യം ഉണ്ടായിരിക്കണം എന്നു നിഷ്കര്‍ഷിക്കുന്ന യാതൊരു നിയമവും ഇല്ല. അക്ഷരം കിട്ടിയ ശേഷം വേദിയില്‍ വച്ചു സ്വയം നിര്‍മ്മിച്ചു ചൊല്ലുന്ന നിമിഷശ്ലോകങ്ങള്‍ പോലും സര്‍വ്വാത്മനാ സ്വീകാര്യമാണ്. വൃത്തഭംഗം, നിരര്‍ത്ഥകത മുതലായ ദോഷങ്ങള്‍ ഇല്ലെങ്കില്‍ അവയ്ക്കു യാതൊരുവിധ പോരായ്മയും കല്പ്പിക്കാന് പാടുള്ളതല്ല. കാളിദാസന്റെ ശ്ലോകം കാണാപ്പാഠം പഠിച്ചുകൊണ്ടു വന്നു ചൊല്ലുന്നയാള്ക്കു കൂടുതല്‍ പരിഗണനയും സ്വന്തം ശ്ലോകം ചൊല്ലുന്നയാള്ക്കു കുറച്ചു പരിഗണനയും കൊടുക്കുന്നതു നിയമവിരുദ്ധവും അവകാശനിഷേധവും ആണ്.
2. ശബ്ദമേന്മ ഇല്ലെങ്കിലും ശ്ലോകം ചൊല്ലാനുള്ള അവകാശം.
ശബ്ദഗുണങ്ങള്‍ തീരെ കുറവായവര്‍ക്കും അക്ഷരശ്ലോകം ചൊല്ലാന്‍ അനിഷേദ്ധ്യമായ അവകാശമുണ്ട്. “ഷഡ്ഗുണങ്ങള്‍ ഉള്ള മുഴങ്ങുന്ന ശബ്ദം ” ഉള്ളവര്‍ക്കു മുന്തിയ പരിഗണന കൊടുക്കുകയും സാധാരണക്കാരെ മൂല്യം കുറഞ്ഞവര്‍ എന്നു മുദ്ര കുത്തുകയും ചെയ്യുന്നതു നിയമവിരുദ്ധവും അവകാശനിഷേധവും ആണ്.
3. സംഗീതവിമുക്തമായി ശ്ലോകം ചൊല്ലാനുള്ള അവകാശം.
അക്ഷരശ്ലോകം സംഗീതഗന്ധിയായിരിക്കണം എന്നു ചിലര്‍ ശഠിക്കാറുണ്ട്. അതു തികഞ്ഞ വിവരക്കേടാണ്. അക്ഷരശ്ലോകത്തില്‍ സംഗീതത്തിനു യാതൊരു സ്ഥാനവും ഇല്ല. സംഗീതഗന്ധിയല്ലാതെ ശ്ലോകം ചൊല്ലുന്നവരെ മോശക്കരായി പരിഗണിക്കുന്നതു നിയമവിരുദ്ധവും അവകാശനിഷേധവും ആണ്.
4. ഒരാള്‍ അപൂര്‍ണ്ണമാക്കി ഉപേക്ഷിച്ച ശ്ലോകം ചൊല്ലാനുള്ള അവകാശം.
ഒരാള്‍ ഒരു ശ്ലോകത്തിന്റെ മൂന്നാം വരിയില്‍ എത്തിയ ശേഷം ബാക്കി ഓര്‍മ്മ വരാതെ ഉപേക്ഷിച്ചാല്‍ ആ ശ്ലോകം മറ്റാരും ചൊല്ലാന്‍ പാടില്ല എന്നു ചില ചിന്താശൂന്യന്മാരായ അല്പജ്ഞാനികള് ശഠിക്കാറുണ്ട്. ഇതും നിയമവിരുദ്ധവും അവകാശനിഷേധവും ആണ്.
അക്ഷരശ്ലോകക്കാരില്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരല്ല. അതിനാല്‍ അവകാശങ്ങള്‍ നിഷേധിച്ചാലും അവര്‍ പ്രതികരിക്കുകയില്ല. ഈ അവസ്ഥ മാറിയേ തീരൂ. അവകാശം നിഷേധിച്ചാല്‍, നിഷേധിക്കുന്നവന് എത്ര ഉന്നതന് ആയാലും, യുക്തമായ രീതിയില്‍ പ്രതികരിക്കണം.
അച്ചുമൂളിയവരെ ജയിപ്പിക്കുന്ന കടുത്ത നിയമലംഘനത്തിനെതിരെ പോലും പ്രതികരിക്കാതെ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്ക്കുന്നവര് ഇത്തരം ” ചെറിയ” അവകാശനിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കുമോ? കണ്ടുതന്നെ അറിയണം.