അക്ഷരശ്ലോകമത്സരങ്ങള്‍ മാര്‍ക്കിട്ടു മാത്രമേ നടത്താവൂ എന്നു ശഠിക്കുന്ന ഉന്നതന്മാര് കൊടികുത്തി വാഴുന്ന ചില പ്രദേശങ്ങള്‍ കേരളത്തില്‍ ഉണ്ട്. അവിടെ കൊട്ടി ഘോഷിച്ചു നടത്തപ്പെടുന്ന മത്സരങ്ങളില്‍ എല്ലാം ചില സ്ഥിരം ജേതാക്കളെ കാണാം. ഒരിടത്ത് ഒരു സ്ഥിരം ജേതാവിന് “എന്നും ജയിക്കുന്ന കുറുപ്പ്” എന്ന ഒരു അപരനാമധേയവും കിട്ടുകയുണ്ടായിട്ടുണ്ട്. എന്താണ് ഈ സ്ഥിരം ജേതാക്കളുടെ വൈശിഷ്ട്യം? അവര്‍ക്കു ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധിയായ ആലാപനശൈലിയും ഉണ്ട്. അത്ര തന്നെ. അറിവ് എത്ര കുറഞ്ഞാലും കുഴപ്പമില്ല. ഉള്ള സ്റ്റോക്കു കൊണ്ടു മറ്റെല്ലാവരെയും കാള്‍ മാര്‍ക്കു നേടി ജയിക്കാം. അ ക പ മുതലായ പ്രധാന അക്ഷരങ്ങള്‍ക്ക് ഓരോന്നിനും നാലു ശ്ലോകങ്ങള്‍ വീതവും യ ര ല മുതലായ അപ്രധാന അക്ഷരങ്ങള്‍ക്കു രണ്ടു ശ്ലോകങ്ങള്‍ വീതവും സാഹിത്യമൂല്യം ഉള്ളവ നോക്കി തെരഞ്ഞെടുത്തു പഠിച്ചാല്‍ മൊത്തം 75 ശ്ലോകങ്ങള്‍ കൊണ്ടു വൃത്തനിബന്ധന ഇല്ലാത്ത ഏതു മത്സരത്തിലും ഇക്കൂട്ടര്‍ക്കു നിഷ്പ്രയാസം ഒന്നാം സ്ഥാനം നേടാം.
ജന്മസിദ്ധമായ മേന്മകള് ഇല്ലാത്ത സാധാരണക്കാര്‍ തല കുത്തി നിന്നു തപസ്സു ചെയ്തു പതിനായിരം മുക്തകതല്ലജങ്ങള് ഒരു തെറ്റും ഇല്ലാതെ അനര്‍ഗ്ഗളമായി ചൊല്ലാന്‍ പഠിച്ചുകൊണ്ടു വന്നാലും ഈ ഗര്ഭശ്രീമാന്മാരുടെ ഏഴയലത്ത് എത്താന്‍ കഴിയുകയില്ല. അതാണു സ്ഥിരം ജേതാക്കളുടെ മഹത്വം.