ഒരാള്‍ ഒരുപ്രവൃത്തി ചെയ്താല്‍ ഒന്നുകില്‍ അതു 100% ഫലപ്രദം അല്ലെങ്കില്‍ 100% നിഷ്ഫലം; ഇങ്ങനെ വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടോ? ഉണ്ട്. ഉദാഹരണത്തിനു സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സാഹചര്യം വിവരിക്കാം. ഒരാള്‍ ഒരു മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടു ചെയ്യാന്‍ ശ്രമിക്കുന്നു. എന്തായിരിക്കും അതിന്റെ ഫലം? ഒന്നുകില്‍ അതു സ്റ്റാര്‍ട്ട് ആകും, അല്ലെങ്കില്‍ സ്റ്റാര്‍ട്ട് ആകുകയില്ല. ഈ രണ്ടു സാദ്ധ്യതകളുടെ ഇടയ്ക്കു മറ്റു യാതൊരു സാദ്ധ്യതയും ഇല്ല. പകുതി സ്റ്റാര്‍ട്ട് ആയി എന്നോ മുക്കാല്‍ ഭാഗം സ്റ്റാര്‍ട്ട് ആയി എന്നോ പറയേണ്ട സാഹചര്യം ഉണ്ടാവുകയില്ല.
സ്വാഭാവികമായി ഉണ്ടാകുന്ന ഇത്തരം സാഹചര്യങ്ങള്‍ക്കു പുറമേ മനുഷ്യജീവിതത്തില്‍ നീതി ഉറപ്പാക്കാന്‍ വേണ്ടി ചിലപ്പോള്‍ അത്തരം സാഹചര്യങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കേണ്ടതായും വരും. പലപ്പോഴും നാം അറിയാതെ തന്നെ അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചുപോവുകയാണു ചെയ്യുന്നത്. ഉദാഹരണത്തിന് ഒരാള്‍ ഒരു സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്താല്‍ ഒന്നുകില്‍ അതു 100% സ്വീകാര്യം ആകും; അല്ലെങ്കില്‍ 100% അസ്വീകാര്യം (അസാധു) ആകും. ഈ രണ്ട് അറ്റങ്ങള്‍ക്കും (extremes) ഇടയില്‍ യാതൊന്നും ഇല്ല. 80% സ്വീകാര്യമോ 30% അസ്വീകാര്യമോ മറ്റോ ആയ വോട്ട് ഒരിക്കലും ഉണ്ടാവുകയില്ല.
ഫുട്ബാള്‍ കളിയില്‍ ഒരാള്‍ ഒരു ഗോള്‍ അടിച്ചാല്‍ ഒന്നുകില്‍ അതു 100% സ്വീകാര്യമായ ഗോളാണ്. അല്ലെങ്കില്‍ (ഓഫ്സൈഡ് പോലെയുള്ള കാരണങ്ങളാല്‍) 100% അസ്വീകാര്യമാണ്. ഇവയ്ക്കിടയില്‍ യാതൊന്നും ഇല്ല. 50% മോ 60% മോ മൂല്യമുള്ള ഗോള്‍ ഇല്ല.
ക്രിക്കറ്റ് കളിയില്‍ ഒരാള്‍ ഔട്ട് ആയാല്‍ അയാള്‍ 100% ഔട്ട് ആണ്. അല്ലാത്തപക്ഷം 100% ഇന്‍ ആണ്. ഭാഗികമായ ഔട്ട് ഇന്‍ ഇവ ഇല്ല.
ചതുരംഗം കളിയില്‍ ഒരാള്‍ ഒരു നീക്കം നടത്തിയാല്‍ ഒന്നുകില്‍ അതു 100% നിയമാനുസൃതമായ നീക്കമാണ്. അല്ലെങ്കില്‍ 100% നിയമവിരുദ്ധം. ഭാഗികമായ നിയമവിധേയത്വമോ സ്വീകാര്യതയോ ഇല്ല.
ഇതുപോലെയാണ് അക്ഷരശ്ലോകത്തിലെ ശ്ലോകം ചൊല്ലലും. ഒരാള്‍ ഒരു ശ്ലോകം ചൊല്ലിയാല്‍ അതു ഒന്നുകില്‍ 100% സ്വീകാര്യമാകും. അല്ലെങ്കില്‍ (വൃത്തഭംഗം, തെറ്റ് അപൂര്‍ണ്ണത മുതലായ കാരണങ്ങളാല്‍) 100% അസ്വീകാര്യമാകും ഇവയ്ക്കിടയില്‍ യാതൊന്നും ഇല്ല.
ഇത്തരം പരിഗണനയെ ഇംഗ്ലീഷില്‍ ആള് ഓര് നണ് പ്രിന്‍സിപ്പിള്‍ (all or none principle) എന്നു പറയും. ഒന്നുകില്‍ പൂര്‍ണ്ണമായും ഉണ്ട്; അല്ലെങ്കില്‍ ഒട്ടുമില്ല എന്ന സങ്കല്പം.
നമ്മുടെ പൂര്വ്വികന്മാര് നടത്തിയിരുന്ന അക്ഷരശ്ലോകമത്സരങ്ങളിലും ഇത് ഉണ്ടായിരുന്നു. ഒരാള്‍ ഒരു ശ്ലോകം ചൊല്ലിയാല്‍ ഒന്നുകില്‍ അതു 100% സ്വീകാര്യമാകും അല്ലെങ്കില്‍ 100% അസ്വീകാര്യം. ഭാഗികമായ സ്വീകാര്യത ഇല്ല. ഒരു ശ്ലോകത്തിന്റെ മൂല്യം ഒന്നുകില്‍ 100% അല്ലെങ്കില്‍ 0%. ഒരാളുടെ ചൊല്ലല്‍ ഒന്നുകില്‍ 100% നന്നായി. അല്ലെങ്കില്‍ ഒട്ടും നന്നായില്ല (0%). നൂറിനും പൂജ്യത്തിനും ഇടയില്‍ 1% മുതല്‍ 99% വരെ പല കണക്കുകളും ഉണ്ടാകാമെങ്കിലും അവയ്ക്കൊന്നും ഇവിടെ പ്രസക്തിയില്ല. അതുകൊണ്ടുതന്നെ മാര്‍ക്കിടലിന്റെ ആവശ്യകതയും അന്ന് ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ ചില സര്വ്വജ്ഞന്മാര് അക്ഷരശ്ലോകത്തിലെ all or none principle പൊടുന്നനെ ഇല്ലാതാക്കിയിരിക്കുന്നു. ഈ ഇല്ലാതാക്കല്‍ “വമ്പിച്ച പുരോഗമനം” ആണെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഈശ്വരോ രക്ഷതു.
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയുകയില്ല എന്നൊരു ചൊല്ലുണ്ടല്ലോ. അതുപോലെതന്നെയാണ് all or none principle ന്റെ കാര്യവും. അതുള്ളപ്പോള്‍ നാം അതിന്റെ വില അറിയുകയില്ല. അത് ഇല്ലാതാകുമ്പോള്‍ പല പ്രശ്നങ്ങളും പൊന്തി വന്നു നമ്മെ വീര്‍പ്പുമുട്ടിക്കും. അപ്പോള്‍ മാത്രമേ നാം അതിന്റെ വില അറിയുകയുള്ളൂ. അപ്പോഴും അറിയാത്തവര്‍ ഉണ്ട്. അവരെ ദൈവം രക്ഷിക്കട്ടെ.