മാര്‍ക്കിടല്‍ പ്രസ്ഥാനത്തിനുള്ള എണ്ണമറ്റ ദോഷങ്ങളില്‍ സുപ്രധാനമായ ഒന്നാണു ശിങ്കിടികളും കണ്ണിലുണ്ണികളും മാത്രം ജയിക്കുന്ന അവസ്ഥ. ആരാണു ശിങ്കിടി? പണവും പ്രതാപവും ഉള്ള ഉന്നതന്മാര് എന്തു പൊട്ടത്തരം പറഞ്ഞാലും അതെല്ലാം ശരിവച്ചുകൊണ്ട് അവരുടെ ആജ്ഞാനുവര്‍ത്തികളായി കൂടെ നിന്നു സേവിക്കുന്നവരാണു ശിങ്കിടികള്‍. ഒരു പ്രതാപശാലിയും അയാളുടെ ശിങ്കിടിയും തമ്മിലുള്ള സംഭാഷണം നോക്കുക.
പ്രതാപശാലി :- അക്ഷരശ്ലോകത്തില്‍ സാഹിത്യമൂല്യം കൂടുതലുള്ള ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ അച്ചുമൂളിയാലും അവരെ ജയിപ്പിക്കണം.
ശിങ്കിടി :- റാന്‍, റാന്‍.
പ്രതാപശാലി :- അക്ഷരശ്ലോകം ചൊല്ലുന്നതു സംഗീതഗന്ധിയായിട്ടു വേണം. എങ്കില്‍ മാത്രമേ അതു കലയാകുകയുള്ളൂ.
ശിങ്കിടി :- റാന്‍, റാന്‍.
പ്രതാപശാലി :- അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ശബ്ദത്തിനു ഷഡ്ഗുണങ്ങള്‍ ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ചൊല്ലല്‍ ശ്രോതാക്കള്‍ക്ക് ആസ്വാദ്യമായി തോന്നുകയുള്ളൂ.
ശിങ്കിടി :- റാന്‍, റാന്‍.
ഇനി ആരാണു കണ്ണിലുണ്ണി എന്നു നോക്കാം. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധിയായി ആലപിക്കാനുള്ള കഴിവും ഉള്ള മത്സരാര്‍ത്ഥികള്‍ ഒന്നോ രണ്ടോ ശ്ലോകം ചൊല്ലിക്കഴിയുമ്പൊഴേക്കും അധികാരസ്ഥരുടെ പ്രീതിക്കു പാത്രമായി കഴിഞ്ഞിരിക്കും. അവരാണു കണ്ണിലുണ്ണികള്‍.
ഒരു മത്സരാര്‍ത്ഥി ശിങ്കിടിയോ കണ്ണിലുണ്ണിയോ ആയിക്കഴിഞ്ഞാല്‍ അയാളുടെ വിജയസാദ്ധ്യത പതിന്മടങ്ങു വര്‍ദ്ധിക്കും. എന്തുകൊണ്ടെന്നാല്‍ മാര്‍ക്കിന്റെ പെരുമഴയാണ് പിന്നെ അവരെ കാത്തിരിക്കുന്നത്.
മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങള്‍ ശ്രദ്ധിച്ചു നിരീക്ഷിക്കുന്ന ആര്‍ക്കും ഒരു കാര്യം കരതലാമലകം പോലെ വ്യക്തമാകും. ശിങ്കിടികളും കണ്ണിലുണ്ണികളും ആണ് അതിലെല്ലാം സ്ഥിരം ജേതാക്കളായി മിന്നിത്തിളങ്ങുന്നത്. അദ്ധ്വാനിച്ച് അറിവു നേടി വരുന്ന സാധാരണക്കാര്‍ അവിടെ നിഷ്പ്രഭരായിപ്പോകും.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കണ്ണിലുണ്ണികള്‍ ആകാന്‍ വളരെ എളുപ്പമാണ്. അവര്‍ക്കു ദൈവം കൊടുത്തിട്ടുള്ള ആകര്‍ഷകമായ ശബ്ദം ആണ് അവര്‍ക്കു മുതല്‍ക്കൂട്ട് ആകുന്നത്.
ഒരിക്കല്‍ 60 വര്‍ഷത്തെ പരിചയസമ്പത്തുള്ള അതിവിദഗ്ദ്ധനായ ഒരു പുരുഷനും വെറും പുതുമുഖം ആയ ഒരു സ്ത്രീയും ഒരു മത്സരത്തില്‍ പങ്കെടുത്തു. സദസ്യരെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു സ്ത്രീ വിജയിച്ചു.
യുവജനോത്സവങ്ങളില്‍ ജയിക്കുന്ന കുട്ടികളില്‍ 90 ശതമാനത്തോളം പെണ്‍കുട്ടികളാണ്. കുയില്‍ പഞ്ചമം പോലെയുള്ള അവരുടെ ശബ്ദമാണ് ഈ നേട്ടത്തിനു പിന്നിലെ രഹസ്യം.
ഒരു ശിങ്കിടിയോ കണ്ണിലുണ്ണിയോ ആകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉന്നതന്മാരുടെ “വമ്പിച്ച പുരോഗമനം” ഉള്ള ഇടങ്ങളില്‍ നിങ്ങളുടെ ഭാവി ഇരുളടഞ്ഞതായിരിക്കും.