അക്ഷരശ്ലോകത്തില്‍ സംഗീതം ആവശ്യമാണോ? ഈ ചോദ്യത്തിനു പലരും പല ഉത്തരമായിരിക്കും നല്‍കുക. “അക്ഷരശ്ലോകം സംഗീതസമ്പന്നം ആയിരിക്കണം” എന്നു പറഞ്ഞവര്‍ മുതല്‍ “സംഗീതം ഒട്ടും വേണ്ട” എന്നു പറഞ്ഞവര്‍ വരെ ഉണ്ട്. ഒരു മഹാന് പറഞ്ഞതു “സംഗീതഗന്ധിയാകണം; സംഗീതമയം ആകേണ്ടതില്ല” എന്നാണ്. മറ്റൊരു മാന്യന് പറഞ്ഞതു “സംഗീതത്തിന്റെ അല്പം മേമ്പൊടി ആകാം” എന്നാണ്. “എല്ലാ കലകളിലും സംഗീതം ഉണ്ടല്ലോ. പിന്നെ അക്ഷരശ്ലോകം മാത്രം എന്തിനു സംഗീതവിമുക്തം ആകണം?” എന്നു ചോദിച്ച ഒരു മഹാനെയും കണ്ടിട്ടുണ്ട്.
എന്താണു യഥാര്‍ത്ഥത്തില്‍ സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ ഉള്ള സ്ഥാനം? സംഗീതത്തിന് അക്ഷരശ്ലോകത്തില്‍ യാതൊരു സ്ഥാനവും ഇല്ല എന്നതാണു യഥാര്‍ത്ഥ്യം. സംഗീതം കലര്‍ത്തിയാല്‍ അക്ഷരശ്ലോകം ശ്ലോകപ്പാട്ടായി മാറും. അപ്പോള്‍ പുരോഗമനം അല്ല അധഃപതനമാണ് ഉണ്ടാവുക.
ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്ന് ആസ്വാദകവരേണ്യന്മാരുടെ സര്‍ട്ടിഫിക്കറ്റു നേടിയിട്ടുള്ള കെ.പി.സി. അനുജന് ഭട്ടതിരിപ്പാടു പോലും “പാട്ടു വേണ്ട” എന്നാണു പറഞ്ഞിട്ടുള്ളത്. ചിലരുടെ സംഗീതാത്മകമായ അക്ഷരശ്ലോകാലാപനം കേട്ടിട്ട് അദ്ദേഹം പറഞ്ഞതു “പക്കമേളം കൂടി ഉണ്ടെങ്കില്‍ പാട്ടുകച്ചേരിയാകും” എന്നാണ്.
ഇത്രയൊക്കെയായിട്ടും സംഗീതം വേണം എന്നു ശഠിക്കുന്ന ആസ്വാദകന്മാര് ധാരാളമുണ്ട്. മാര്‍ക്കിടാന്‍ വരുന്ന ജഡ്ജിമാര്‍ സംഗീതപക്ഷപാതികള് ആയാലും ഇല്ലെങ്കിലും മാര്‍ക്കിടുമ്പോള്‍ സംഗീതഗന്ധിയായി ചൊല്ലുന്നവര്‍ക്കു മാര്‍ക്കു കൂടുതല്‍ കിട്ടും എന്നതു പരസ്യമായ ഒരുരഹസ്യമാണ്. അനാവശ്യമായി വലിഞ്ഞുകയറി വന്ന സംഗീതം പടിയിറങ്ങി പോകണമെങ്കില്‍ മാര്‍ക്കിടല്‍ അവസാനിപ്പിക്കുക തന്നെ വേണം.