അക്ഷരശ്ലോകമത്സരം എന്തുകൊണ്ടു മാര്‍ക്കിട്ടു നടത്തിക്കൂടാ? സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിടുമ്പോള്‍ നിലവാരവും ആസ്വാദ്യതയും വര്‍ദ്ധിക്കുകയല്ലേ ചെയ്യുന്നത്? ധനാഢ്യന്മാര്, വിദ്യാസമ്പന്നന്മാര്, മഹാപണ്ഡിതന്മാര്, കവിപ്രൌഢന്മാര് എല്ലാം ഉള്‍പ്പെടുന്ന ഉന്നതന്മാരുടെ സംഘത്തില്‍പ്പെട്ട പലരും ഇങ്ങനെ ചോദിക്കാറുണ്ട്. അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ അറിഞ്ഞുകൂടാത്തതു കൊണ്ടാണ് അവര്‍ അങ്ങനെ ചോദിക്കുന്നത്.
അക്ഷരശ്ലോകത്തില്‍ അനുഷ്ടുപ്പ് അല്ലാത്ത എല്ലാ ശ്ലോകങ്ങള്‍ക്കും തുല്യപരിഗണന കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുപോലെതന്നെ തെറ്റു കൂടാതെ ശ്ലോകം ചൊല്ലാന്‍ കഴിവുള്ള എല്ലാ മത്സരാര്‍ത്ഥികള്‍ക്കും തുല്യപരിഗണന കൊടുക്കേണ്ടതും അനിവാര്യമാണ്. സാഹിത്യമൂല്യം, ശബ്ദമേന്മ, സംഗീതവാസന മുതലായ യാതൊന്നിന്റെ പേരിലും ഉച്ചനീചത്വങ്ങള്‍ കല്പ്പിക്കാന് പാടുള്ളതല്ല. അക്ഷരശ്ലോകം സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമാണ്.
ചെടി തഴച്ചുവളരാന്‍ ചൂടുവെള്ളം ഒഴിക്കുന്നതു പോലെയുള്ള ആലോചനാശൂന്യമായ ഒരു പ്രവൃത്തിയാണു മാര്‍ക്കിടല്‍. അച്ചുമൂളിയവര്‍ ജയിച്ച സംഭവങ്ങള്‍ വരെ അതിന്റെ ഫലമായി ഉണ്ടായിട്ടുണ്ട്. അച്ചുമൂളിയവര്‍ ജയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അക്ഷരശ്ലോകത്തിനു നിലനില്‍പ്പില്ല. അതു നശിച്ചു എന്നുതന്നെ ഉറപ്പിക്കാം.
മാര്‍ക്കിടല്‍ “വമ്പിച്ച പുരോഗമനം” ആണെന്നു ശഠിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. അവരെ തിരുത്താന്‍ എളുപ്പമല്ല. അതിനാല്‍ നമുക്ക് അവരോടു സഹതപിക്കാം.