ഫുട്ബാള്‍, ക്രിക്കറ്റ്, ടെന്നീസ്, ചെസ്സ്, ചീട്ടുകളി, പകിടകളി മുതലായ ഡസന്‍ കണക്കിനു മത്സരങ്ങള്‍ മാര്‍ക്കിടാതെയാണു നടത്തേണ്ടത്. അക്ഷരശ്ലോകവും അവയില്‍ ഒന്നാണ്. 1955 വരെ അഭിജ്ഞന്മാര് അക്ഷരശ്ലോകമത്സരങ്ങള്‍ നടത്തിയിരുന്നതു മാര്‍ക്കിടാതെ തന്നെ ആയിരുന്നു. എന്നാല്‍ 1955 മുതല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില സര്വ്വജ്ഞന്മാര് അക്ഷരശ്ലോകസാമ്രാജ്യം ആക്രമിച്ചു കീഴടക്കുകയും അക്ഷരശ്ലോകമത്സരങ്ങള്‍ മാര്‍ക്കിട്ടു നടത്താന്‍ തുടങ്ങുകയും ചെയ്തു. ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നു പറഞ്ഞതുപോലെ അതിന്റെ ദൂഷ്യഫലങ്ങളും പെട്ടെന്നു തന്നെ കാണാന്‍ തുടങ്ങി. അക്ഷരശ്ലോകമത്സരങ്ങളിലെ വിജയം ചില ഭാഗ്യവാന്മാരുടെ കുത്തകയായി മാറി. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതഗന്ധവും ഉള്ളവര്‍ക്കു മാത്രമേ ജയിക്കാന്‍ പറ്റൂ എന്ന അവസ്ഥയുണ്ടായി. യുവജനോത്സവത്തിലെ മത്സരം പെണ്‍കുട്ടികള്‍ക്കു സംവരണം ചെയ്യപ്പെട്ടതു പോലെയായി. യഥാര്‍ത്ഥ അക്ഷരശ്ലോക വിദഗ്ദ്ധന്മാര് പുറന്തള്ളപ്പെടുകയും തുരുതുരെ അച്ചുമൂളിയ മധുരസ്വരക്കാര് ജയിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി.
മാര്‍ക്കിട്ടു നടത്തുന്ന ഇത്തരം മത്സരങ്ങളെ അക്ഷരശ്ലോകമത്സരം എന്നു വിളിക്കുന്നതിനെക്കാള്‍ നല്ലതു ശ്ലോകപ്പാട്ടുമത്സരം എന്നു വിളിക്കുന്നതാണ്. അനുഷ്ടുപ്പ് ഒഴികെയുള്ള സംസ്കൃതവൃത്തങ്ങളില്‍ ഉള്ള ശ്ലോകങ്ങള്‍ മാത്രം പാടാവുന്ന ഒരു തരം പാട്ടുമത്സരം.