സമൂഹത്തില്‍ മനുഷ്യനു മാന്യമായി ജീവിക്കണമെങ്കില്‍ ഈ മൂന്നും അത്യന്താപേക്ഷിതമാണ്. നിര്‍ഭാഗ്യവശാല്‍ അക്ഷരശ്ലോകക്കാര്‍ക്ക് ഈ മൂന്നും നഷ്ടപ്പെട്ടിരിക്കുന്നു.
സ്വരമാധുര്യം ഉള്ളവര്‍ക്കും സംഗീതഗന്ധിയായി ആലപിക്കുന്നവര്‍ക്കും മുന്‍ഗണന എന്ന അവസ്ഥയുണ്ടായപ്പോള്‍ സമത്വസുന്ദരമായിരുന്ന ഈ സാഹിത്യവിനോദം അസമത്വജടിലം ആയിത്തീര്‍ന്നു. അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം വരെ തല്‍ഫലമായി ഉണ്ടായി.
അക്ഷരശ്ലോകമത്സരങ്ങള്‍ നടത്തണമെങ്കില്‍ പണം വേണം. പക്ഷേ അക്ഷരശ്ലോകക്കാര്‍ മിക്കവരും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയിലല്ല. ധനാഢ്യന്മാരായ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും ഒക്കെ അക്ഷരശ്ലോകത്തിന്റെ പരിപോഷണത്തിനു വേണ്ടി ധാരാളം പണം തരുമെങ്കിലും അതെല്ലാം ചെന്നെത്തുന്നത് അക്ഷരശ്ലോകസര്വ്വജ്ഞന്മാര് ചമഞ്ഞു ഞെളിഞ്ഞു നടക്കുന്ന ചില അല്പജ്ഞാനികളുടെ കയ്യിലാണ്. ഈ പണമൊന്നും എത്തേണ്ടിടത്ത് എത്തുകയില്ല. അക്ഷരശ്ലോകക്കാര്‍ക്ക് ഈ സര്വ്വജ്ഞന്മാരെ ആശ്രയിച്ച് അവരുടെ അടിമകളെപ്പോലെ കഴിയുകയും അവര്‍ ഔദാര്യപൂര്‍വ്വം നല്കുന്ന നക്കാപ്പിച്ച കൊണ്ടു തൃപ്തിപ്പെടുകയും ചെയ്യേണ്ട ദുസ്ഥിതിയാണ്. അങ്ങനെ സ്വാശ്രയത്വവും നഷ്ടമായി.
അക്ഷരശ്ലോകരംഗത്തു നീതി ഉറപ്പാക്കാന്‍ എന്തൊക്കെ വേണമെന്നു തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യവും അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. അച്ചുമൂളിയവരെ ജയിപ്പിക്കുന്ന “വമ്പിച്ച പുരോഗമന”വുമായി സര്വ്വജ്ഞന്മാര് മുന്നോട്ടു പോകുമ്പോള്‍ അക്ഷരശ്ലോകക്കാര്‍ക്കു നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ. അവരുടെ അഭിപ്രായങ്ങള്‍ക്കു പുല്ലുവില കല്‍പ്പിച്ചുകൊണ്ടു തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ആരെയും ജയിപ്പിക്കാന്‍ ഈ സര്‍വ്വജ്ഞന്മാര്‍ക്കു യാതൊരു തടസ്സവും ഇല്ല.
അക്ഷരശ്ലോകക്കാര്‍ക്കു തങ്ങളുടെ ഭാവി ഭാസുരമാക്കണം എന്നുണ്ടെങ്കില്‍ നഷ്ടപ്പെട്ട ഇതെല്ലാം തിരിച്ചുപിടിച്ചേ മതിയാവൂ.