ശ്ലോകം അറിയാവുന്നവര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാനും ജയിക്കാനും ആരുടെയും ഔദാര്യം വേണ്ടിവരരുത്. സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിടുകയും അച്ചുമൂളിയവരെ ജയിപ്പിക്കുകയും ചെയ്യുന്ന സര്വ്വജ്ഞന്മാരുടെ ഔദാര്യം കൂടിയേ തീരൂ എന്ന അവസ്ഥ പരിതാപകരവും സഹതാപാര്ഹവും ആണ്.
നിങ്ങള്‍ക്കു ശ്ലോകം അറിയാമെങ്കില്‍ അക്ഷരശ്ലോകമത്സരവേദിയില് അതു ചൊല്ലാനും ജയിക്കാനും ആരുടേയും ഔദാര്യം ആവശ്യമില്ല. നിങ്ങള്‍ അനുഷ്ടുപ്പ് അല്ലാത്തതും വൃത്തഭംഗാദിദോഷങ്ങള് ഇല്ലാത്തതും ആയ ശ്ലോകമാണു ചൊല്ലുന്നതെങ്കില്‍ ആ ശ്ലോകത്തിനു വില കുറച്ചു കാണാന്‍ നിയമം ഒരു സര്വ്വജ്ഞനെയും അനുവദിക്കുന്നില്ല. നിങ്ങള്‍ വേദിയില്‍ വച്ച് അക്ഷരം കിട്ടിയ ശേഷം ഒരു നാല്ക്കാലി ശ്ലോകം സ്വയം നിര്‍മ്മിച്ചു ചൊല്ലിയാല്‍ പോലും അതിനു യാതൊരു പോരായ്മയും കല്‍പ്പിക്കാതെ സ്വീകരിക്കാന്‍ ഏതു കൊലകൊമ്പനായ ജഡ്ജിയും ബാദ്ധ്യസ്ഥനാണ്.
നിങ്ങള്‍ക്കു തെറ്റു കൂടാതെ ശ്ലോകം ചൊല്ലാനുള്ള കഴിവുണ്ടെങ്കില്‍ നിങ്ങളുടെ ശബ്ദമേന്മയും സംഗീതപാടവവും അളന്നു മാര്‍ക്കിട്ടു നിങ്ങളെ മൂല്യം കുറഞ്ഞവന് എന്നു മുദ്ര കുത്തി എലിമിനേറ്റു ചെയ്യാന്‍ ദേവേന്ദ്രനു പോലും അധികാരമോ അവകാശമോ ഇല്ല.
പിന്നെ നിങ്ങള്‍ ആരുടെ മുന്നിലാണ് ഔദാര്യത്തിനു വേണ്ടി കാത്തുകെട്ടി കിടക്കേണ്ടത്?
ഔദാര്യം വലിച്ചെറിയുക. സ്വതന്ത്രരാകുക.