മാര്‍ക്കിടല്‍ അനാവശ്യം

ചതുരംഗമത്സരം നടത്തുമ്പോള്‍ ഓരോ കളിക്കാരനും നടത്തുന്ന ഓരോ നീക്കത്തിന്റെയും മൂല്യവും ആസ്വാദ്യതയും അളന്നു മാര്‍ക്കിടേണ്ട ആവശ്യമില്ല. അടിയറവുപറഞ്ഞത് ആരാണ് എന്നു മാത്രം നോക്കിയാല്‍ മതി.

അതുപോലെ അക്ഷരശ്ലോകമത്സരം നടത്തുമ്പോള്‍ ഓരോ മത്സരാര്‍ഥിയും ചൊല്ലുന്ന ഓരോ ശ്ലോകത്തിന്റെയും മൂല്യവും ആസ്വാദ്യതയും അളന്നു മാര്‍ക്കിടേണ്ട ആവശ്യമില്ല. അച്ചുമൂളിയത് ആരാണ് എന്നു മാത്രം നോക്കിയാല്‍ മതി.

Advertisements

ശക്തിയില്ലെങ്കില്‍ അടിമ

അച്ചുമൂളിയവരെ ജയിപ്പിക്കും എന്നു പണവും പ്രതാപവും ഉള്ള ഒരു ഉന്നതന്‍ തീരുമാനിച്ചാല്‍ അയാളെ അതില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള ശക്തി ഇന്നത്തെ അക്ഷരശ്ലോകക്കാര്‍ക്ക് ഇല്ല. അതിനാല്‍ അവര്‍ അയാളുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുകയേയുള്ളൂ. ശക്തിയില്ലാത്തവന്റെ വിധി അതാണ്.

ഇന്ത്യാക്കാരെ അടക്കി ഭരിക്കും എന്നു പണ്ടു ബ്രിട്ടീഷുകാര്‍ തീരുമാനിച്ചപ്പോഴും ഇതുപോലെ ഒരു ദുരവസ്ഥയായിരുന്നു നമ്മുടെ പൂര്‍വ്വികന്മാര്‍ക്ക് ഉണ്ടായിരുന്നത്. ധിക്കാരികളോടു Quit India എന്നു പറയാനുള്ള ശക്തി അവര്‍ക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ നൂറ്റാണ്ടുകളോളം അടിമച്ചങ്ങലയില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നു. പിന്നീട് ആ ശക്തി നേടിയപ്പോഴാണു സ്വാതന്ത്ര്യം കിട്ടിയത്.

ശക്തിയില്ലാത്ത മൃഗത്തിന്റെ മേല്‍ കഴുതപ്പുലി പോലും ചാടി വീഴും. അതിനാല്‍ ശക്തി നേടുക. നിങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക.

വിവരം കെട്ടവന്റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കരുത്.

ഒരാള്‍ എത്ര വളരെ സാഹിത്യമൂല്യം വഴിഞ്ഞൊഴുകുന്ന ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിയാലും, അയാള്‍ക്കു ഷഡ്ഗുണങ്ങളും തികഞ്ഞ മുഴങ്ങുന്ന ശബ്ദം ഉണ്ടായിരുന്നാലും, എത്ര സംഗീതമധുരമായി ആലപിച്ചാലും അച്ചുമൂളിയാല്‍ അയാള്‍ പരാജയപ്പെട്ടുതന്നെ തീരണം. ഇത്രയൊക്കെ മേന്മകള്‍ ഉള്ള പ്രതിഭാശാലി ആയതുകൊണ്ട് അച്ചുമൂളിയാലും അയാളെ ജയിപ്പിക്കാം എന്ന് ഏതു മഹാപണ്ഡിതന്‍ പറഞ്ഞാലും അതു വിവരക്കേടാണ്. വിവരം കെട്ടവന്റെ കയ്യില്‍ ടണ്‍ കണക്കിനു സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നാലും അവന്റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കരുത്. അങ്ങനെ നില്‍ക്കുന്ന അക്ഷരശ്ലോകക്കാരന്‍ ഈ പ്രസ്ഥാനത്തിനു തന്നെ അപമാനമാണ്.

കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റുമോ?

കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റുമോ? ചിറി കോടാതെ കരയാന്‍ പറ്റുമോ? പരസ്പരവിരുദ്ധമായ രണ്ടു ലക്ഷ്യങ്ങള്‍ ഒരേ സമയം നേടാന്‍ കഴിയുകയില്ല എന്നു സമര്‍ത്ഥിക്കാന്‍ ഉപയോഗിക്കുന്ന പഴഞ്ചൊല്ലുകള്‍ ആണ് ഇവ. ഇത്തരം കാര്യങ്ങള്‍ ഒന്നും സാധിക്കുകയില്ല എന്നാണു പൊതുവേയുള്ള ധാരണ. പക്ഷേ ഇതൊക്കെ സാധിക്കുമെന്നു ചില ആധുനിക അക്ഷരശ്ലോകസംഘടനകള്‍ തെളിയിച്ചിട്ടുണ്ട്. അവര്‍ക്കു വൃത്തനിബന്ധന എന്ന പൊങ്ങച്ചം കാണിച്ചുകൊണ്ടു മത്സരം നടത്തണം. അതേ സമയം വൃത്തനിബന്ധന പാലിക്കാന്‍ കഴിവില്ലാത്ത ശിങ്കിടികളെ ജയിപ്പിക്കുകയും വേണം. ഇതു രണ്ടും കൂടി എങ്ങനെ സാധിക്കും? അസാദ്ധ്യമെന്നു നിങ്ങള്‍ പറഞ്ഞേക്കാം. പക്ഷേ അവര്‍ക്ക് അതു പുഷ്പം പോലെ സാധിക്കും. ശിങ്കിടികള്‍ക്കു സ്വരമാധുര്യവും പാട്ടും ഉണ്ടായാല്‍ മതി.

എങ്ങനെ എന്നല്ലേ? നോക്കുക. 20 റൌണ്ടുള്ള ഒരു അക്ഷരശ്ലോക അവതരണമത്സരം(ചിലര്‍ അവതരണ എന്ന വിശേഷണം ഉപേക്ഷിച്ചിട്ട് അക്ഷരശ്ലോകമത്സരം എന്നു മാത്രമേ പറയുകയുള്ളൂ). സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിട്ടാണു വിജയികളെ കണ്ടെത്തുക. നാലു റൌണ്ടില്‍ വൃത്തനിബന്ധനയുണ്ട്. ശിങ്കിടികള്‍ ഈ റൌണ്ടുകള്‍ മിക്കതും വിടുകയാണു പതിവ്. എത്ര റൌണ്ടു വിട്ടാലും അവരെ പുറത്താക്കുകയില്ല. തുടര്‍ന്നു ചൊല്ലാന്‍ അനുവദിക്കും. നാലു റൌണ്ടും വിട്ടാലും ബാക്കിയുള്ള 16 റൌണ്ടില്‍ നിന്നു മാര്‍ക്കു വാരിക്കൂട്ടി അവര്‍ക്ക് ഒന്നാം സമ്മാനം തന്നെ നേടാം.

20 റൌണ്ടിലും ശ്ലോകം ചൊല്ലുകയും ഓരോ ശ്ലോകത്തിനും ശരാശരി 6 മാര്‍ക്കു നേടുകയും ചെയ്ത ഒരു സാധാരണക്കാരനു കിട്ടിയ മാര്‍ക്കു 20 x 6 =120. അതേ സമയം 16 റൌണ്ടില്‍ മാത്രം ശ്ലോകം ചൊല്ലുകയും ഓരോ ശ്ലോകത്തിനും ശരാശരി 8 മാര്‍ക്കു നേടുകയും ചെയ്ത ശിങ്കിടിക്കു കിട്ടിയ മാര്‍ക്കു 16 x 8 = 128. അങ്ങനെ ശിങ്കിടി ജയിച്ചു.

ഇത്തരം വിജയിപ്പിക്കലിനെപ്പറ്റി അക്ഷരശ്ലോകപ്രേമികള്‍ പരാതി പറഞ്ഞാലും സംഘാടകര്‍ക്കു യാതൊരു കൂസലും ഉണ്ടാവുകയില്ല. അവരുടെ ന്യായീകരണം ഇങ്ങനെ :-

“ചൊല്ലാതിരുന്ന റൌണ്ടുകളില്‍ പൂജ്യം മാര്‍ക്കേ കൊടുത്തിട്ടുള്ളൂ. ഇതിലും വലിയ ശിക്ഷ അവര്‍ക്കു കൊടുക്കേണ്ട ആവശ്യം ഉണ്ടോ? നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി ചൊല്ലുന്ന പ്രതിഭാശാലികള്‍ ആയ അവര്‍ക്ക് ഇതിലും വലിയ ശിക്ഷ കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഈ നിയമം അംഗീകരിക്കാന്‍ പറ്റുന്നവര്‍ മാത്രം ഇങ്ങോട്ടു വന്നാല്‍ മതി”.

ന്യായീകരണം എപ്പടി? പരസ്പരവിരുദ്ധമായ രണ്ടു ലക്ഷ്യങ്ങള്‍ ഒരേ സമയം നേടിയെടുക്കാന്‍ എന്തെളുപ്പം! ഇതാണു പ്രതിഭ.

 

 

സംഭാവന – പണ്ഡിതന്മാരുടെയും പാമരന്മാരുടെയും

കേരളീയ അക്ഷരശ്ലോകം ആവിര്‍ഭവിച്ച ഉടന്‍ തന്നെ പണ്ഡിതപാമരഭേദമെന്യേ എല്ലാ മലയാളികളും അതിനെ സ്വാഗതം ചെയ്തു. ഈ സാര്‍വത്രിക സ്വാഗതം ആണ് അതിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കും പ്രചാരത്തിനും കാരണമായത്. പണ്ഡിതന്മാരും പാമരന്മാരും അവരവരുടേതായ രീതിയില്‍ ഇതിന്‍റെ വളര്‍ച്ചയ്ക്കു സംഭാവന നല്‍കി. രണ്ടു കൂട്ടരും കണ്ടുപിടിത്തങ്ങളും നടത്തി. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരുന്നാല്‍ പരാജയപ്പെടും എന്ന നിയമത്തിലാണു പാമരന്മാര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.
തോല്‍ക്കാതിരിക്കാന്‍ നാല്‍ക്കാലിശ്ലോകങ്ങള്‍ ചൊല്ലുക. എതിരാളിയെ തോല്‍പ്പിക്കാന്‍ അയാള്‍ക്കു പ്രയാസമുള്ള ഒരക്ഷരം തന്നെ വീണ്ടും വീണ്ടും കൊടുക്കുക ഇതൊക്കെ പാമരന്മാരുടെ രീതികളായിരുന്നു.

ഇങ്ങനെ മുന്നോട്ടു പോയപ്പോള്‍ അക്ഷരശ്ലോകത്തിന്റെ നിലവാരം കുറയുന്നു എന്നും അതിനു പാമരന്മാരാണ് ഉത്തരവാദികള്‍ എന്നും പണ്ഡിതന്‍മാര്‍ക്കു തോന്നി. അങ്ങനെ അവര്‍ അവരുടേതായ ഒരു തിരുത്തല്‍ നയം ആവിഷ്കരിച്ചു. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിക്കുന്നവരെ ജയിപ്പിക്കുക; അല്ലാത്തവരെ പുറന്തള്ളുക എന്ന പരിഷ്കാരമാണ് അവര്‍ ആവിഷ്കരിച്ചത്.വളരെയധികം കൊട്ടി ഘോഷിച്ചു തുടങ്ങിയ ഈ പരിഷ്കാരത്തിന്റെ പൊള്ളത്തരം
അധികം താമസിയാതെ വെളിപ്പെട്ടു. യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍ പുറന്തള്ളപ്പെടാനും സ്വരമാധുര്യവും പാട്ടും ഉള്ള രണ്ടാംതരക്കാര്‍ നിഷ്പ്രയാസം ജയിക്കാനും തുടങ്ങി. അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യവും ഉണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍ അക്ഷരശ്ലോകമത്സരങ്ങള്‍ ശ്ലോകപ്പാട്ടുമത്സരങ്ങള്‍ ആയി അധഃപതിച്ചു. വെളുക്കാന്‍ തേച്ചതു പാണ്ഡായി എന്നു സാരം.

സംഭവിച്ച കാര്യങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതന്മാരുടെയും പാമരന്മാരുടെയും സംഭാവനകളെ അപഗ്രഥിച്ചു നോക്കിയാല്‍ പാമരന്മാരുടെ സംഭാവനയാണു പണ്ഡിതന്മാരുടെ സംഭാവനയെക്കള്‍ പതിന്മടങ്ങു യുക്തിസഹം എന്ന് അല്പമെങ്കിലും ചിന്താശക്തിയുള്ള ഏവര്‍ക്കും ബോദ്ധ്യമാകും. അക്ഷരശ്ലോകം എന്താണെന്നു ശരിക്കു മനസ്സിലാക്കിയവര്‍ പാമരന്മാര്‍ മാത്രമാണ്.പണ്ഡിതന്മാരുടെ അറിവ് “അഞ്ജനമെന്നതു ഞാനറിയും; മഞ്ഞളുപോലെ വെളുത്തിരിക്കും” എന്ന മട്ടില്‍ ഉള്ളതാണ്. അവരുടെ സിദ്ധാന്തങ്ങള്‍ക്കു സ്വര്‍ണ്ണത്തിളക്കം ഉണ്ടെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ കാക്കപ്പൊന്നാണ്‌. പാമരന്മാരുടെ സിദ്ധാന്തം നേരേ മറിച്ചാണ്. അതു രത്നഖനിയില്‍ നിന്ന് എടുത്തുകൊണ്ടു വന്ന ചെത്തി മിനുക്കാത്ത രത്നം പോലെയാണ്. പ്രത്യക്ഷത്തില്‍ വെറുമൊരു പാറക്കല്ല്. പക്ഷേ ചാണയ്ക്കു വച്ചു മിനുക്കിയെടുത്താല്‍ വിലമതിക്കാനാകാത്ത വൈഡൂര്യം. അക്ഷരശ്ലോകത്തിന്റെ വളര്‍ച്ചയ്ക്ക് അനന്തസാദ്ധ്യതകള്‍ തുറന്നിടുന്നതാണു പാമരന്മാരുടെ ശൈലി.

പാമരന്മാരുടെ രത്നത്തെ അവഗണിച്ചുകൊണ്ടു പണ്ഡിതന്മാരുടെ കാക്കപ്പൊന്നിനു പിറകേ പോകുന്ന മൌഢ്യം നമുക്ക് അവസാനിപ്പിക്കാം.

ആന മെലിഞ്ഞാല്‍…..

ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുകയില്ല എന്ന് ഒരു പഴഞ്ചൊല്ലുണ്ട്. അത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. അക്ഷരശ്ലോകക്കാര്‍ വിശേഷിച്ചും.

ആനയ്ക്ക് അതിന്റേതായ ഒരു മഹത്വം ഉണ്ട്. വലിപ്പം, ശക്തി, ചന്തം, പ്രൌഢി, ബുദ്ധി ഇതെല്ലാം കൊണ്ട് ആന മറ്റെല്ലാ ജന്തുക്കളെയും കാള്‍ ഉയര്‍ന്ന ഒരു സ്ഥാനം അര്‍ഹിക്കുന്നു. ആനയുടെ ശരീരം അല്പം മെലിഞ്ഞുപോയാലും ഈ മഹത്വത്തിനു കോട്ടം തട്ടുകയില്ല. ആന എന്തായാലും ആന തന്നെ ആണ്. വളര്‍ത്തുമൃഗങ്ങളുടെ സെന്‍സസ് എടുത്താല്‍ പതിനായിരം മൃഗങ്ങളുടെ ഇടയില്‍ ഒരു ആന കണ്ടെന്നു വരാം ഇല്ലെന്നും വരാം.

ഇതുപോലെയാണ് അക്ഷരശ്ലോകക്കാരുടെ കാര്യവും. പതിനായിരം മലയാളികളില്‍ ഒരാള്‍ക്കു മാത്രമാണ് അക്ഷരശ്ലോകം ചൊല്ലാന്‍ കഴിവുള്ളത്. അനുഷ്ടുപ്പ് ഒഴിച്ചുള്ള സംസ്കൃതവൃത്തങ്ങളില്‍ ഉള്ള പദ്യസാഹിത്യരചനകള്‍ മനഃപാഠമാക്കി അക്ഷരനിബന്ധന പാലിച്ചുകൊണ്ട് ഒരു തെറ്റും വരുത്താതെ ആവശ്യാനുസരണം ഓര്‍മ്മിച്ചെടുത്തു സഭയില്‍ ചൊല്ലുകയാണ് വേണ്ടത്. ഇതിന് അനേകവത്സരതപസ്യയും അതിബുദ്ധിയും കൂടിയേ തീരൂ. വളര്‍ത്തുമൃഗങ്ങളുടെ കൂട്ടത്തില്‍ ആനയ്ക്ക് ഉണ്ടാകേണ്ട സ്ഥാനമാണു സംസാരശേഷിയുള്ള മനുഷ്യരുടെ ഇടയില്‍ അക്ഷരശ്ലോകക്കാര്‍ക്ക് ഉണ്ടാകേണ്ടത്.

തെറ്റുകൂടാതെ ശ്ലോകം ചൊല്ലാന്‍ കഴിവുള്ള എല്ലാ അക്ഷരശ്ലോകക്കാരും ഒരുപോലെ ആദരണീയരാണ്. പണ്ട് അങ്ങനെ ആയിരുന്നു താനും. പക്ഷേ ഇക്കാലത്തു ചില സര്‍വ്വജ്ഞന്മാര്‍ സ്വരമാധുര്യവും പാട്ടും ഇല്ലാത്ത അക്ഷരശ്ലോകക്കാരെ മൂല്യം കുറഞ്ഞവര്‍ എന്നു മുദ്ര കുത്തി എലിമിനേറ്റു ചെയ്ത് അപമാനിക്കുന്നു.

സ്വരമാധുര്യം കുറഞ്ഞ അക്ഷരശ്ലോകക്കാരന്‍ മെലിഞ്ഞ ആനയെപ്പോലെ ആണ്. ആന മെലിഞ്ഞാലും അതിനെ തൊഴുത്തില്‍ കെട്ടാന്‍ പാടില്ല. അതുപോലെ അക്ഷരശ്ലോകക്കാരനു സ്വരമാധുര്യം ഇല്ലെങ്കിലും അവനെ എലിമിനേറ്റു ചെയ്യാന്‍ പാടില്ല.

സംഗീതമത്സരത്തില്‍ സ്വരമാധുര്യം കുറഞ്ഞവരെ എലിമിനേറ്റു ചെയ്യാം. പക്ഷേ അക്ഷരശ്ലോകത്തില്‍ അതു പാടില്ല. അക്ഷരശ്ലോകം വേറെ, പാട്ടു വേറെ. അത് അറിഞ്ഞുകൂടാത്തതാണു സര്‍വ്വജ്ഞന്മാരുടെ കുഴപ്പം.

മാല്‍ക്കം എക്സ് പറഞ്ഞത്

നിങ്ങള്‍ക്കു സ്വാതന്ത്ര്യമോ സമത്വമോ നീതിയോ നല്‍കാന്‍ ആര്‍ക്കും കഴിയുകയില്ല. നിങ്ങള്‍ മനുഷ്യന്‍ ആണെങ്കില്‍ അതു സ്വയം പിടിച്ചു വാങ്ങണം.

അക്ഷരശ്ലോകമത്സരാര്‍ഥികള്‍ എപ്പോഴും ഓര്‍മ്മിച്ചിരിക്കേണ്ട ഒരു കാര്യമാണ് ഇത്. നിങ്ങള്‍ എത്ര വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആയാലും നിങ്ങളുടെ സ്വരമാധുര്യവും പാട്ടും അളന്നു മാര്‍ക്കിട്ടു നിങ്ങളെ എലിമിനേറ്റു ചെയ്യാനും നിങ്ങളുടെ പത്തിലൊരംശം പോലും ശ്ലോകപരിജ്ഞാനം ഇല്ലാത്തവരെ ജയിപ്പിക്കാനും അധികാരസ്ഥര്‍ ഒട്ടും മടിക്കുകയില്ല. നിങ്ങളുടെ അവകാശം നിങ്ങള്‍ പിടിച്ചുവാങ്ങാത്തിടത്തോളം കാലം അതു നിങ്ങള്‍ക്കു നിഷേധിക്കപ്പെടുക തന്നെ ചെയ്യും.