സമത്വസുന്ദരമായ ഒരു സാഹിത്യവിനോദമായിട്ടാണ് അക്ഷരശ്ലോകം സൃഷ്ടിക്കപ്പെട്ടത്. പണ്ട് അക്ഷരശ്ലോകക്കാര്‍ എല്ലാവരും തുല്യരായിരുന്നു. പക്ഷേ 1955 നു ശേഷം ആ തുല്യതയെ തകര്‍ത്തു തരിപ്പണമാക്കുന്ന തരത്തിലുള്ള ഒരു “വമ്പിച്ച പരിഷ്കാരം” തൃശ്ശൂരിലെ അക്ഷരശ്ലോകസര്വ്വജ്ഞന്മാര് ഉണ്ടാക്കി. അവര്‍ അക്ഷരശ്ലോകക്കാരെ മൂല്യം കൂടിയവര്‍ എന്നും മൂല്യം കുറഞ്ഞവര്‍ എന്നും രണ്ടായി വിഭജിച്ചു. മൂല്യം കൂടിയവരെ മാത്രമേ അവര്‍ അക്ഷരശ്ലോകം ചൊല്ലാന്‍ അനുവദിക്കുകയുള്ളൂ. മൂല്യം കുറഞ്ഞവരെ ആദ്യം തന്നെ എലിമിനേറ്റു ചെയ്യും. ആരാണു മൂല്യം കൂടിയവര്‍? ആരാണു മൂല്യം കുറഞ്ഞവര്‍? അതാണു നാമെല്ലാം നല്ലവണ്ണം അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ കാര്യം. പ്രധാനമായി മൂന്നു കാര്യങ്ങളാണ് ഒരു മത്സരാര്‍ഥിയെ മൂല്യം കൂടിയവന് ആക്കുന്നത്.
(1) ചൊല്ലുന്ന ശ്ലോകങ്ങളുടെ സാഹിത്യമൂല്യം.
കാളിദാസന്റെ ശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചു കൊണ്ടു വന്നു ചൊല്ലുന്നവന് മൂല്യം കൂടിയവനാണ്. സ്വന്തമായി ശ്ലോകങ്ങള്‍ നിര്‍മ്മിച്ചു ചൊല്ലുന്ന ഫാദര്‍ പി.കെ.ജോര്‍ജ്ജിനെപ്പോലെയുള്ളവര്‍ മൂല്യം കുറഞ്ഞവരും.
(2) ശബ്ദമേന്മ
ഷഡ്ഗുണങ്ങള്‍ (അവ എന്താണാവോ?) ഉള്ള മുഴങ്ങുന്ന ശബ്ദം ഉള്ളവര്‍ വളരെ മൂല്യം കൂടിയവര്‍ ആണത്രേ. കുയിലിന്റെ പഞ്ചമത്തെ അനുസ്മരിപ്പിക്കുന്ന ശബ്ദമുള്ള പെണ്‍കുട്ടികളും മൂല്യം കൂടിയവര്‍ തന്നെ.
(3) പാട്ട്
കര്‍ണ്ണാനന്ദകരമായ ഈണത്തിലും രാഗത്തിലും സംഗീതഗന്ധിയായ രീതിയില്‍ ശ്ലോകങ്ങള്‍ ആലപിക്കാന്‍ കഴിവുള്ളവര്‍ അതീവ മൂല്യവാന്മാരാണ്. ഓരോ ശ്ലോകവും അതിനു തുലോം അനുയോജ്യമായ രാഗത്തില്‍ ആണത്രേ മൂല്യം കൂടിയവര്‍ ആലപിക്കാറുള്ളത്. നാരായണീയത്തിലെ 80 ആം ദശകം (സത്രാജിതസ്ത്വമഥ) ആലപിക്കാന്‍ പറ്റിയതു ഹമീര്‍ കല്യാണി എന്ന രാഗമാണെന്നു മൂല്യവിജ്ഞന്മാര് പറയുന്നു. അങ്ങനെ ആലപിച്ചാല്‍ ശ്രോതാക്കളെ ആനന്ദസാഗരത്തില്‍ ആറാടിക്കാമത്രേ.
നിങ്ങള്‍ മൂല്യം കുറഞ്ഞവന് ആണെങ്കില്‍ നിങ്ങള്‍ അക്ഷരശ്ലോകം ചൊല്ലിയിട്ടു യാതൊരു കാര്യവും ഇല്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ ചൊല്ലല്‍ ശ്രോതാക്കള്‍ക്ക് ഒട്ടും ആസ്വാദ്യം ആയിരിക്കുകയില്ല. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണല്ലോ അക്ഷരശ്ലോകത്തിന്റെ പരമമായ ലക്ഷ്യം.