നിങ്ങളുടെ രാജ്യം ഭരിക്കേണ്ടതു നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ക്ക് അതിനുള്ള അനിഷേദ്ധ്യമായ അവകാശമുണ്ട്. അവകാശം മാത്രമല്ല അതു നിങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്. നിങ്ങള്‍ അതു ചെയ്തില്ലെങ്കില്‍ വഴിയേ പോകുന്നവര്‍ ചാടിക്കയറി വന്നു നിങ്ങളെ അടക്കി ഭരിക്കും. ആ അവസ്ഥ ഒട്ടും സുഖകരമായിരിക്കുകയില്ല. ഇന്‍ഡ്യാമഹാരാജ്യം ഇന്ഡ്യാക്കാര് ഭരിച്ചില്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ ഭരിക്കും. ആ ദുരവസ്ഥ നമ്മുടെ പൂര്വ്വികന്മാര് ശരിക്കും അനുഭവിച്ചിട്ടുള്ളതാണ്. താന്‍ ഇരിക്കേണ്ടിടത്തു താന്‍ ഇരുന്നില്ലെങ്കില്‍ തന്നെക്കാള്‍ വളരെ യോഗ്യത കുറഞ്ഞവര്‍ കയറി ഇരിക്കും.
ഇത് അക്ഷരശ്ലോകക്കാര്‍ക്കും ബാധകമാണ്. അക്ഷരശ്ലോകസാമ്രാജ്യം അക്ഷരശ്ലോകക്കാരാണു ഭരിക്കേണ്ടത്. അവര്‍ ഭരിച്ചില്ലെങ്കില്‍ അക്ഷരശ്ലോകവുമായി പുലബന്ധം പോലും ഇല്ലാത്തവരും ജീവിതത്തില്‍ ഒരിക്കലും ഒരു അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്തവരും ഒരു ശ്ലോകം പോലും വിധിയാംവണ്ണം സദസ്സില്‍ ചൊല്ലാന്‍ കഴിയാത്തവരും അക്ഷരശ്ലോകം അങ്ങാടിയാണോ പച്ചമരുന്നാണോ എന്നു പോലും അറിഞ്ഞുകൂടാത്തവരും ഒക്കെ ഉള്‍പ്പെടുന്ന ഒരു കൂട്ടം പ്രതാപശാലികളായ സാഹിത്യനായകന്മാര്, മഹാകവികള്‍, സംസ്കൃതപണ്ഡിതന്മാര്, സംഗീതനിപുണന്മാര് മുതലായവര്‍ വന്നുകയറി ഭരിക്കും. ഭരിക്കും എന്നു മാത്രമല്ല ഭരിച്ചു കുട്ടിച്ചോറാക്കുകയും ചെയ്യും.അവര്‍ ഉന്നതന്മാര് ആയതുകൊണ്ട് ആര്‍ക്കും അവരെ തടയാന്‍ കഴിയുകയില്ല. അത്തരക്കാര്‍ ഭരിച്ചതിന്റെ ഫലമായാണ് ഇന്നു പലയിടങ്ങളിലും അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം ഉണ്ടായത്.