പ്രസിദ്ധ തത്വചിന്തകനും മനുഷ്യസ്നേഹിയും ആയിരുന്ന ബെര്‍ട്രണ്ട് റസ്സല്‍ ലോകത്തെ കൊള്ളരുതായ്മകളും അവയ്ക്കു പരിഹാരം കാണാന്‍ പറ്റാത്ത അവസ്ഥയും നിരീക്ഷിച്ചു കൂലംകഷമായി ചിന്തിച്ചു നോക്കിയിട്ട് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തുകയുണ്ടായി:-
മൂഢന്മാര് വളരെ നിശ്ചയദാര്‍ഢ്യം ഉള്ളവരാണ്. ബുദ്ധിമാന്മാരാകട്ടെ സംശയലുക്കളും. ഇതാണു ലോകത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.
അക്ഷരശ്ലോകരംഗത്ത് അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ നിരീക്ഷിക്കുന്ന ഏവര്‍ക്കും ഇത് അക്ഷരംപ്രതി ശരിയാണെന്ന് ബോദ്ധ്യമാകും.
സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിടുന്ന “വമ്പിച്ച പുരോഗമനം” സൃഷ്ടിച്ച ഉന്നതന്മാര് തുരുതുരെ അച്ചുമൂളുന്ന ശിങ്കിടികളെ ജയിപ്പിച്ചു പ്രതിഭാശാലിപട്ടം കൊടുത്തു കൊമ്പത്തു കയറ്റി ഇരുത്തുമ്പോള് അതു ശരിയോ തെറ്റോ എന്നു തിരിച്ചറിയുന്ന കാര്യത്തില്‍ ബുദ്ധിയുള്ളവര്‍ പോലും സംശയത്തിന്റെ ചുഴിയില്‍ വീണു വട്ടം കറങ്ങുന്നു. അഭിജ്ഞന്മാര് എത്ര വിശദമായി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാലും ഇക്കൂട്ടരുടെ സംശയം തീരുകയില്ല. സ്വയം ഒന്നും ചിന്തിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുകയും ഇല്ല. “എനിക്കു രാമേട്ടന്റെ അഭിപ്രായം കൂടി ചോദിക്കണം; എനിക്കു കൃഷ്ണേട്ടന്റെ അഭിപ്രായം കൂടി ചോദിക്കണം” എന്നൊക്കെ പറഞ്ഞു സമയം പാഴാക്കുകയായിരിക്കും അവര്‍ ചെയ്യുക. രാമേട്ടന്, കൃഷ്ണേട്ടന്, ശങ്കരേട്ടന് മുതലായി ലോകത്തുള്ള എല്ലാ ഏട്ടന്മാരുടെയും അഭിപ്രായം ശേഖരിച്ചു ക്രോഡീകരിച്ച് അപഗ്രഥിച്ച് ഇവര്‍ ഒരു തീരുമാനത്തില്‍ എത്തുമ്പോഴേക്കും അതീവ നിശ്ചയദാര്‍ഢ്യമുള്ള മുന്‍പറഞ്ഞ പരിഷ്കാരികള്‍ അക്ഷരശ്ലോകത്തെ വഴിതെറ്റിച്ചും കാടുകയറ്റിയും നശിപ്പിക്കുന്ന കാര്യത്തില്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കും.