കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റുമോ? ചിറി കോടാതെ കരയാന്‍ പറ്റുമോ? പരസ്പരവിരുദ്ധമായ രണ്ടു ലക്ഷ്യങ്ങള്‍ ഒരേ സമയം നേടാന്‍ കഴിയുകയില്ല എന്നു സമര്‍ത്ഥിക്കാന്‍ ഉപയോഗിക്കുന്ന പഴഞ്ചൊല്ലുകള്‍ ആണ് ഇവ. ഇത്തരം കാര്യങ്ങള്‍ ഒന്നും സാധിക്കുകയില്ല എന്നാണു പൊതുവേയുള്ള ധാരണ. പക്ഷേ ഇതൊക്കെ സാധിക്കുമെന്നു ചില ആധുനിക അക്ഷരശ്ലോകസംഘടനകള് തെളിയിച്ചിട്ടുണ്ട്. അവര്‍ക്കു വൃത്തനിബന്ധന എന്ന പൊങ്ങച്ചം കാണിച്ചുകൊണ്ടു മത്സരം നടത്തണം. അതേ സമയം വൃത്തനിബന്ധന പാലിക്കാന്‍ കഴിവില്ലാത്ത ശിങ്കിടികളെ ജയിപ്പിക്കുകയും വേണം. ഇതു രണ്ടും കൂടി എങ്ങനെ സാധിക്കും? അസാദ്ധ്യമെന്നു നിങ്ങള്‍ പറഞ്ഞേക്കാം. പക്ഷേ അവര്‍ക്ക് അതു പുഷ്പം പോലെ സാധിക്കും. ശിങ്കിടികള്‍ക്കു സ്വരമാധുര്യവും പാട്ടും ഉണ്ടായാല്‍ മതി.
എങ്ങനെ എന്നല്ലേ? നോക്കുക. 20 റൌണ്ടുള്ള ഒരു അക്ഷരശ്ലോക അവതരണമത്സരം(ചിലര്‍ അവതരണ എന്ന വിശേഷണം ഉപേക്ഷിച്ചിട്ട് അക്ഷരശ്ലോകമത്സരം എന്നു മാത്രമേ പറയുകയുള്ളൂ). സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിട്ടാണു വിജയികളെ കണ്ടെത്തുക. നാലു റൌണ്ടില്‍ വൃത്തനിബന്ധനയുണ്ട്. ശിങ്കിടികള്‍ ഈ റൌണ്ടുകള്‍ മിക്കതും വിടുകയാണു പതിവ്. എത്ര റൌണ്ടു വിട്ടാലും അവരെ പുറത്താക്കുകയില്ല. തുടര്‍ന്നു ചൊല്ലാന്‍ അനുവദിക്കും. നാലു റൌണ്ടും വിട്ടാലും ബാക്കിയുള്ള 16 റൌണ്ടില്‍ നിന്നു മാര്‍ക്കു വാരിക്കൂട്ടി അവര്‍ക്ക് ഒന്നാം സമ്മാനം തന്നെ നേടാം.
20 റൌണ്ടിലും ശ്ലോകം ചൊല്ലുകയും ഓരോ ശ്ലോകത്തിനും ശരാശരി 6 മാര്‍ക്കു നേടുകയും ചെയ്ത ഒരു സാധാരണക്കാരനു കിട്ടിയ മാര്‍ക്കു 20 x 6 =120. അതേ സമയം 16 റൌണ്ടില്‍ മാത്രം ശ്ലോകം ചൊല്ലുകയും ഓരോ ശ്ലോകത്തിനും ശരാശരി 8 മാര്‍ക്കു നേടുകയും ചെയ്ത ശിങ്കിടിക്കു കിട്ടിയ മാര്‍ക്കു 16 x 8 = 128. അങ്ങനെ ശിങ്കിടി ജയിച്ചു.
ഇത്തരം വിജയിപ്പിക്കലിനെപ്പറ്റി അക്ഷരശ്ലോകപ്രേമികള്‍ പരാതി പറഞ്ഞാലും സംഘാടകര്‍ക്കു യാതൊരു കൂസലും ഉണ്ടാവുകയില്ല. അവരുടെ ന്യായീകരണം ഇങ്ങനെ :-
“ചൊല്ലാതിരുന്ന റൌണ്ടുകളില്‍ പൂജ്യം മാര്‍ക്കേ കൊടുത്തിട്ടുള്ളൂ. ഇതിലും വലിയ ശിക്ഷ അവര്‍ക്കു കൊടുക്കേണ്ട ആവശ്യം ഉണ്ടോ? നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി ചൊല്ലുന്ന പ്രതിഭാശാലികള്‍ ആയ അവര്‍ക്ക് ഇതിലും വലിയ ശിക്ഷ കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഈ നിയമം അംഗീകരിക്കാന്‍ പറ്റുന്നവര്‍ മാത്രം ഇങ്ങോട്ടു വന്നാല്‍ മതി”.
ന്യായീകരണം എപ്പടി? പരസ്പരവിരുദ്ധമായ രണ്ടു ലക്ഷ്യങ്ങള്‍ ഒരേ സമയം നേടിയെടുക്കാന്‍ എന്തെളുപ്പം! ഇതാണു പ്രതിഭ.