ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുകയില്ല എന്ന് ഒരു പഴഞ്ചൊല്ലുണ്ട്. അത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. അക്ഷരശ്ലോകക്കാര്‍ വിശേഷിച്ചും.
ആനയ്ക്ക് അതിന്റേതായ ഒരു മഹത്വം ഉണ്ട്. വലിപ്പം, ശക്തി, ചന്തം, പ്രൌഢി, ബുദ്ധി ഇതെല്ലാം കൊണ്ട് ആന മറ്റെല്ലാ ജന്തുക്കളെയും കാള്‍ ഉയര്‍ന്ന ഒരു സ്ഥാനം അര്‍ഹിക്കുന്നു. ആനയുടെ ശരീരം അല്പം മെലിഞ്ഞുപോയാലും ഈ മഹത്വത്തിനു കോട്ടം തട്ടുകയില്ല. ആന എന്തായാലും ആന തന്നെ ആണ്. വളര്‍ത്തുമൃഗങ്ങളുടെ സെന്‍സസ് എടുത്താല്‍ പതിനായിരം മൃഗങ്ങളുടെ ഇടയില്‍ ഒരു ആന കണ്ടെന്നു വരാം ഇല്ലെന്നും വരാം.
ഇതുപോലെയാണ് അക്ഷരശ്ലോകക്കാരുടെ കാര്യവും. പതിനായിരം മലയാളികളില്‍ ഒരാള്‍ക്കു മാത്രമാണ് അക്ഷരശ്ലോകം ചൊല്ലാന്‍ കഴിവുള്ളത്. അനുഷ്ടുപ്പ് ഒഴിച്ചുള്ള സംസ്കൃതവൃത്തങ്ങളില്‍ ഉള്ള പദ്യസാഹിത്യരചനകള് മനഃപാഠമാക്കി അക്ഷരനിബന്ധന പാലിച്ചുകൊണ്ട് ഒരു തെറ്റും വരുത്താതെ ആവശ്യാനുസരണം ഓര്‍മ്മിച്ചെടുത്തു സഭയില്‍ ചൊല്ലുകയാണ് വേണ്ടത്. ഇതിന് അനേകവത്സരതപസ്യയും അതിബുദ്ധിയും കൂടിയേ തീരൂ. വളര്‍ത്തുമൃഗങ്ങളുടെ കൂട്ടത്തില്‍ ആനയ്ക്ക് ഉണ്ടാകേണ്ട സ്ഥാനമാണു സംസാരശേഷിയുള്ള മനുഷ്യരുടെ ഇടയില്‍ അക്ഷരശ്ലോകക്കാര്‍ക്ക് ഉണ്ടാകേണ്ടത്.
തെറ്റുകൂടാതെ ശ്ലോകം ചൊല്ലാന്‍ കഴിവുള്ള എല്ലാ അക്ഷരശ്ലോകക്കാരും ഒരുപോലെ ആദരണീയരാണ്. പണ്ട് അങ്ങനെ ആയിരുന്നു താനും. പക്ഷേ ഇക്കാലത്തു ചില സര്വ്വജ്ഞന്മാര് സ്വരമാധുര്യവും പാട്ടും ഇല്ലാത്ത അക്ഷരശ്ലോകക്കാരെ മൂല്യം കുറഞ്ഞവര്‍ എന്നു മുദ്ര കുത്തി എലിമിനേറ്റു ചെയ്ത് അപമാനിക്കുന്നു.
സ്വരമാധുര്യം കുറഞ്ഞ അക്ഷരശ്ലോകക്കാരന് മെലിഞ്ഞ ആനയെപ്പോലെ ആണ്. ആന മെലിഞ്ഞാലും അതിനെ തൊഴുത്തില്‍ കെട്ടാന്‍ പാടില്ല. അതുപോലെ അക്ഷരശ്ലോകക്കാരനു സ്വരമാധുര്യം ഇല്ലെങ്കിലും അവനെ എലിമിനേറ്റു ചെയ്യാന്‍ പാടില്ല.
സംഗീതമത്സരത്തില്‍ സ്വരമാധുര്യം കുറഞ്ഞവരെ എലിമിനേറ്റു ചെയ്യാം. പക്ഷേ അക്ഷരശ്ലോകത്തില്‍ അതു പാടില്ല. അക്ഷരശ്ലോകം വേറെ, പാട്ടു വേറെ. അത് അറിഞ്ഞുകൂടാത്തതാണു സര്വ്വജ്ഞന്മാരുടെ കുഴപ്പം.