സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ ജയിക്കണമെന്നും കുറഞ്ഞ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ തോല്‍ക്കണമെന്നും അക്ഷരശ്ലോകത്തില്‍ നിയമമുണ്ടോ? ഇല്ല. അങ്ങനെയൊരു നിയമം പണ്ടെങ്ങും ഉണ്ടായിരുന്നിട്ടില്ല. അതിന്റെ ആവശ്യവും ഇല്ല. എന്നു മാത്രമല്ല അങ്ങനെ ഒരു നിയമം ഉണ്ടാക്കിയാല്‍ അതു യുക്തിക്കും നീതിക്കും ഒട്ടും നിരക്കാത്തത് ആകുകയും ചെയ്യും. ഇതൊന്നും ചിന്തിക്കാന്‍ കഴിവില്ലാത്ത ചില “സര്വ്വജ്ഞന്മാര്” അടുത്ത കാലത്ത് അങ്ങനെ ഒരു നിയമം ഉണ്ടാക്കി പ്രചരിപ്പിച്ചുവരുന്നു. സാഹിത്യമൂല്യം അളന്നുള്ള മാര്‍ക്കിടല്‍ ആണ് അവരുടെ പരിഷ്കാരത്തിന്റെ കാതലായ അംശം.
സാഹിത്യമൂല്യത്തിനു പുറമേ അവതരണഭംഗിയും കൂടി അളന്നാണത്രേ അവര്‍ മാര്‍ക്കിടുന്നത്. എന്താണ് അവതരണഭംഗി എന്നു ചോദിച്ചാല്‍ കിട്ടുന്ന മറുപടി “നിറുത്തേണ്ടിടത്തു നിറുത്തിയും മുറിക്കേണ്ടിടത്തു മുറിച്ചും ഉച്ചാരണശുദ്ധിയോടെയും അര്‍ത്ഥബോധം ഉളവാക്കുന്ന മട്ടിലും ഉള്ള ചൊല്ലല്‍” എന്ന മനോഹരമായ വാചകം ആണ്. കേള്‍ക്കാന്‍ വളരെ സുഖമുള്ള കാര്യങ്ങള്‍ തന്നെ.കേട്ടാല്‍ ആര്‍ക്കും ഒരു പോരായ്മയും തോന്നുകയും ഇല്ല. പക്ഷേ കാര്യത്തോട് അടുക്കുമ്പോഴാണ് വിവരം അറിയുന്നത്.
പറയുന്നത് ഇങ്ങനെയൊക്കെ ആണെങ്കിലും മാര്‍ക്കിന്റെ സിംഹഭാഗവും ലഭിക്കുന്നതു സ്വരമാധുര്യത്തിനും പാട്ടിനും ആണ്. മറ്റെല്ലാം ഈ രണ്ടു മേന്മകളില് മുങ്ങിപ്പോകുന്നു. അങ്ങനെ അക്ഷരശ്ലോകമത്സരം ശ്ലോകപ്പാട്ടുമത്സരം ആയി അധ:പതിക്കുന്നു എന്ന ദുഃഖകരമായ നഗ്നസത്യം ആരും കാണുന്നില്ല..
സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ ജയിക്കണം എന്ന ഇല്ലാത്ത നിയമത്തിന്റെ മറവില്‍ നിഗൂഢമായി കയറിപ്പറ്റിയ രണ്ടു പൊല്ലാത്ത നിയമങ്ങളാണ് സ്വരമാധുര്യം ഉള്ളവര്‍ ജയിക്കണം എന്നും സംഗീതഗന്ധിയായി ചൊല്ലുന്നവര്‍ ജയിക്കണം എന്നും ഉള്ളത്.