അജ്ഞന്മാരെ പുകഴ്ത്തിയാല്‍ അവരുടെ മനസ്സില്‍ “അമ്പട ഞാനേ!” എന്ന ഒരു ചിന്താഗതി ഉടലെടുക്കും. പിന്നെ അവര്‍ ചക്രവര്‍ത്തി ചമഞ്ഞു മറ്റെല്ലാവരെയും അടക്കി ഭരിക്കാന്‍ തുടങ്ങും. സമൂഹത്തില്‍ അജ്ഞന്മാരാണ് ഭൂരിപക്ഷം എന്നതിനാല്‍ അവര്‍ക്കു ഭൂരിപക്ഷ പിന്തുണയും കിട്ടും. ഈ അവസ്ഥ വളരെ അപകടകരവും വിനാശകരവും ആണ്.
1955 മുതല്‍ അക്ഷരശ്ലോകാസ്വാദകര് അക്ഷരശ്ലോകസര്വ്വജ്ഞര് എന്നൊക്കെ സ്വയം വിശ്വസിക്കുന്ന ചില ഉന്നതന്മാര് സ്വരമാധുര്യം, പാട്ടു, പാണ്ഡിത്യം മുതലായ ഗുണങ്ങള്‍ ഉള്ളവരും എന്നാല്‍ യഥാര്‍ത്ഥ അക്ഷരശ്ലോകവൈദഗ്ദ്ധ്യം വളരെ കുറഞ്ഞവരും ആയ ചില ശ്ലോകക്കാരെ അക്ഷരശ്ലോകവിദഗ്ദ്ധന്മാര്, പ്രഗല്ഭന്മാര്, പ്രതിഭാശാലികള്‍ എന്നൊക്കെ വിശേഷിപ്പിച്ചു വാനോളം പുകഴ്ത്താന്‍ തുടങ്ങി. അതോടെ തങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്മാര് എന്ന ഒരു മിഥ്യാബോധം അവരുടെ മനസ്സില്‍ ഉടലെടുത്തു. അക്ഷരശ്ലോകചക്രവര്ത്തിമാരായി ഭാവിച്ച് അവര്‍ മറ്റുള്ളവരെ അടക്കി ഭരിക്കാനും തുടങ്ങി. അക്ഷരശ്ലോകത്തിന്റെ നിയമങ്ങളും കീഴ് വഴക്കങ്ങളും എല്ലാം അവര്‍ തകിടംമറിച്ചു. യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്മാരെയെല്ലാം അവര്‍ എലിമിനേറ്റു ചെയ്തു. കിട്ടിയ അക്ഷരങ്ങളില്‍ ശ്ലോകം തോന്നാതെ തുരുതുരെ അച്ചുമൂളുന്ന മധുരസ്വരക്കാരെയും പാട്ടുകാരെയും ഒക്കെ യാതൊരു ഉളുപ്പും കൂടാതെ വിജയിപ്പിക്കുന്ന കീഴ് വഴക്കവും അവര്‍ സൃഷ്ടിച്ചു. ഇതെല്ലാം “വമ്പിച്ച പുരോഗമനം” ആണെന്ന് അവര്‍ വീമ്പിളക്കുന്നു. ലോകത്തുള്ള എല്ലാ അജ്ഞന്മാരും അവരെ വീറോടെ പിന്തുണയ്ക്കാന്‍ കച്ച കെട്ടി നില്‍ക്കുകയും ചെയ്യുന്നു.
ഇതാണ് അജ്ഞന്മാരെ പുകഴ്ത്തിയാല്‍ ഉള്ള ഫലം.