ഒരു അക്ഷരശ്ലോകക്കാരനു സഭയില്‍ അച്ചുമൂളേണ്ടി വന്നാല്‍ അതൊരു വലിയ ദൈന്യം ആയിട്ടാണു പണ്ടുള്ളവര്‍ കണ്ടിരുന്നത്. “വാനരന്മാര്ക്കു വാലിനു കിഞ്ചന ഹാനിവന്നാല് അതില്‍പ്പരം മറ്റൊരു ദൈന്യമില്ല” എന്നു പറഞ്ഞതുപോലെയായിരുന്നു അച്ചു മൂളേണ്ടി വന്ന അക്ഷരശ്ലോകക്കാരന്റെ അവസ്ഥ. അച്ചുമൂളിയവന് ലജ്ജിച്ചു തല താഴ്ത്തണം എന്നൊരു പരാമര്‍ശം പ്രസിദ്ധമായ ഒരു വെണ്മണിശ്ലോകത്തില് ഉണ്ട്. അച്ചുമൂളിയവന് അസന്ദിഗ്ധമായ തോല്‍വി നൂറു ശതമാനം ഉറപ്പായിരുന്നു.
എന്നാല്‍ ഇക്കാലത്തു ചില അക്ഷരശ്ലോക സര്വ്വജ്ഞന്മാര് ഉണ്ടാക്കിയ “വമ്പിച്ച പുരോഗമന”ത്തിന്റെ ഫലമായി അച്ചുമൂളല്‍ ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു. സഭയില്‍ തുരുതുരെ അച്ചു മൂളി നാണം കെട്ടാലും നല്ല ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു നന്നായി ചൊല്ലി എന്നു മൂന്നു സര്വ്വജ്ഞന്മാരുടെ സാക്ഷിപത്രം നേടിയാല്‍ ജയിക്കാമത്രേ. സഭയില്‍ രണ്ടു പ്രാവശ്യം അച്ചുമൂളിയ ചില “അക്ഷരശ്ലോകപ്രതിഭകള്” സ്വര്‍ണ്ണമെഡല്‍ നേടിയ ചരിത്രം പോലും ഉണ്ട്. അത്തരം ഒരു സംഭവം നേരില്‍ കണ്ട സ്വാമി കേശവാനന്ദ സരസ്വതി അതിനെക്കുറിച്ച് ഒരു ശ്ലോകം എഴുതിയിട്ടുണ്ട്. അത് ഇങ്ങനെയാണ്.
ശ്ലോകം തോന്നാതെ രണ്ടാം തവണയുമൊരുനാള്‍ വിട്ട നിസ്സാരനേകന്‍
ശ്ലോകക്കാരേറെയുള്ളാ സഭയിലധികമായ് മാര്‍ക്കു വാങ്ങിച്ചുവെന്നായ്
ആ കക്ഷിക്കേകിയൊന്നാം പദവിയുമതിനുള്ളോരു സമ്മാനവും ഹാ
പാകത്തില്ത്തന്നെയല്ലോ നിയമവുമിതിനായിന്നു കെട്ടിച്ചമച്ചൂ
ചില പുരോഗമനവാദികള്‍ സ്വീകരിച്ചിട്ടുള്ള നിയമം മൂന്നു പ്രാവശ്യം അച്ചു മൂളിയാല്‍ പുറത്താകുമെന്നും ഒന്നോ രണ്ടോ പ്രാവശ്യം അച്ചുമൂളിയാല്‍ അതു പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ടു മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ സമ്മാനം (ഒന്നാം സമ്മാനം വരെ) കൊടുക്കാം എന്നും ആണ്.
മറ്റു ചില അതിപുരോഗമനവാദികളുടെ സിദ്ധാന്തം എത്ര പ്രാവശ്യം അച്ചു മൂളിയാലും ആരും പുറത്തു പോകേണ്ടതില്ല എന്നും അച്ചു മൂളലിനെ പരിപൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് ഏതു സമ്മാനവും ആര്‍ക്കും കൊടുക്കാമെന്നും മാര്‍ക്കല്ലാതെ മറ്റു യാതൊന്നും പരിഗണിക്കേണ്ടതില്ല എന്നും ആണ്. വല്ലാത്ത തൊലിക്കട്ടി എന്നല്ലാതെ എന്തു പറയാന്‍!