സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നു മാര്‍ക്കിട്ട് അക്ഷരശ്ലോകമത്സരം നടത്തിയാല്‍ “വമ്പിച്ച പുരോഗമനം” ആകുമെന്നാണല്ലോ നിങ്ങളുടെ വിശ്വാസം. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. ഇങ്ങനെ മത്സരം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ആലോചനാശൂന്യത നിങ്ങളെയും നിങ്ങളുടെ പുരോഗമനപ്രസ്ഥാനത്തെയും വല്ലാത്ത ചില കുഴപ്പങ്ങളില്‍ കൊണ്ടു ചാടിക്കും. അക്ഷരശ്ലോകമത്സരം മാര്‍ക്കിട്ടു നടത്തുമ്പോള്‍ അച്ചുമൂളല്‍ എന്ന സംഭവം ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. അച്ചുമൂളലും മാര്‍ക്കിടലും മോരും മുതിരയും പോലെ പരസ്പരവിരുദ്ധമാണ്. അവ ഒരുമിച്ചു വന്നാല്‍ ഉഗ്രവിഷത്തിന്റെ ഫലം ചെയ്യും. മാര്‍ക്കിടുന്ന ഒരു മത്സരത്തില്‍ നിങ്ങള്‍ “വിദഗ്ദ്ധന്”, “പ്രഗല്ഭന്”, “പ്രതിഭാശാലി” എന്നൊക്കെ വിശേഷിപ്പിക്കുന്ന ഒരു മത്സരാര്‍ഥി അച്ചു മൂളി എന്നിരിക്കട്ടെ. അയാളെ പുറത്താക്കാന്‍ നിങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെടുകയില്ല. അയാളെ തുടര്‍ന്നു ചൊല്ലാന്‍ അനുവദിക്കുകയല്ലാതെ
നിങ്ങള്‍ക്കു മാര്‍ഗ്ഗമില്ല. “ഒരക്ഷരത്തില്‍ ശ്ലോകം കിട്ടിയില്ലെങ്കിലെന്താ? മറ്റെല്ലാ അക്ഷരങ്ങളിലും സാഹിത്യമൂല്യം വഴിഞ്ഞൊഴുകുന്ന ശ്ലോകങ്ങള്‍ തെരഞ്ഞെടുത്ത് ആസ്വാദ്യമായി അവതരിപ്പിച്ചു ശ്രോതാക്കളെ പുളകം കൊള്ളിച്ചില്ലേ ഈ പ്രതിഭാധനന്? ഇതല്ലേ ഉദാത്തമായ അക്ഷരശ്ലോകം?” എന്നൊക്കെ പറഞ്ഞ് അച്ചുമൂളലിനെ നിസ്സാരവല്ക്കരിക്കുകയായിരിക്കും നിങ്ങള്‍ ചെയ്യുക.
അവസാനം മാര്‍ക്കു കൂട്ടി നോക്കുമ്പോള്‍ അച്ചുമൂളാതെ മത്സരം പൂര്‍ത്തിയാക്കിയ എല്ലാ യഥാര്‍ത്ഥ വിദഗ്ദ്ധന്മാരെയും കാള്‍ മാര്‍ക്കു കൂടുതല്‍ നിങ്ങളുടെ “പ്രതിഭാശാലി”ക്കു കിട്ടിയെന്നു വരാം. എന്തുകൊണ്ടെന്നാല്‍ മാര്‍ക്കിന്റെ സിംഹഭാഗവും നേടിത്തരുന്നത് ശബ്ദമേന്മയും സംഗീതഗന്ധവും ആണല്ലോ. അപ്പോള്‍ തീര്‍ച്ചയായും മാര്‍ക്കിന്റെ പേരില്‍ നിങ്ങള്‍ അയാളെ ജയിപ്പിച്ചു സ്വര്‍ണ്ണമെഡല്‍ പോലെയുള്ള വിലപിടിച്ച സമ്മാനങ്ങള്‍ കൊടുത്ത് ആദരിക്കുക തന്നെ ചെയ്യും. അവിടെയാണു കുഴപ്പം.
അക്ഷരശ്ലോകത്തിന്റെ നിയമം അനുസരിച്ചു നിങ്ങളുടെ “പ്രതിഭാശാലി” പരാജിതനാണ്. അച്ചുമൂളാതെ മത്സരം പൂര്‍ത്തിയാക്കിയ ഏതെങ്കിലും യഥാര്‍ത്ഥ വിദഗ്ദ്ധന് അവകാശപ്പെട്ട വിജയമാണു നിങ്ങളുടെ അജ്ഞതയും ആലോചനാശൂന്യതയും പൊങ്ങച്ചവും കാരണം അയാള്‍ക്കു തരപ്പെട്ടു കിട്ടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അനര്‍ഹമായ നേട്ടം.
അക്ഷരശ്ലോകമത്സരാര്ഥികള് ബഹുഭൂരിപക്ഷവും പ്രതികരണശേഷി കുറഞ്ഞവര്‍ ആയതുകൊണ്ടാണു നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്തിട്ടും രക്ഷപ്പെടാന്‍ കഴിയുന്നത്. മത്സരാര്‍ഥികളുടെ ഇടയിലോ ശ്രോതാക്കളുടെ ഇടയിലോ പ്രതികരണശേഷി ഉള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ പ്രതികരിക്കുക തന്നെ ചെയ്യും. രണ്ടു പ്രാവശ്യം അച്ചുമൂളിയ ഒരു “പ്രതിഭാശാലി”ക്കു സ്വര്‍ണ്ണമെഡല്‍ കൊടുത്തപ്പോള്‍ സ്വാമി
കേശവാനന്ദ സരസ്വതി ഒരു ശ്ലോകത്തിലൂടെ ഇങ്ങനെ പ്രതികരിക്കുകയുണ്ടായി.
ശ്ലോകം തോന്നാതെ രണ്ടാം തവണയുമൊരുനാള്‍ വിട്ട നിസ്സാരനേകന്‍
ശ്ലോകക്കാരേറെയുള്ളാ സഭയിലധികമായ് മാര്‍ക്കു വാങ്ങിച്ചുവെന്നായ്
ആ കക്ഷിക്കേകിയൊന്നാം പദവിയുമതിനുള്ളോരു സമ്മാനവും ഹാ
പാകത്തില്‍ തന്നെയല്ലോ നിയമവുമിതിനായിന്നു കെട്ടിച്ചമച്ചൂ
നിങ്ങള്‍ “പ്രതിഭാശാലി” എന്ന ബിരുദം കൊടുത്തു വാനോളം ഉയര്‍ത്തുന്ന ഒരു മഹാകേമനെ അഭിജ്ഞന്മാര് നിസ്സാരന് എന്നു വിളിക്കുന്നതു കേട്ടാലും അത് അവഗണിച്ചുകൊണ്ടു “മുന്നോട്ടു” പോകാനുള്ള തൊലിക്കട്ടി നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം. പക്ഷേ അതുകൊണ്ടു മാത്രം കാര്യമില്ലല്ലോ. അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ലംഘിക്കപ്പെടരുത്. അതിനുവേണ്ടി താഴെപ്പറയുന്ന രണ്ടു കാര്യങ്ങള്‍ ചെയ്യുക.
1. മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ വൃത്തനിബന്ധന പൂര്‍ണ്ണമായി ഒഴിവാക്കുക. വൃത്തനിബന്ധന കൂടിയേ തീരൂ എന്നുണ്ടെങ്കില്‍ ഒരു പ്രാവശ്യം അച്ചു മൂളിയവരെ അപ്പോള്‍ത്തന്നെ പുറത്താക്കുക. മൂന്നു പ്രാവശ്യം അച്ചു മൂളിയാലേ പുറത്താക്കൂ എന്ന ബുദ്ധിശൂന്യമായ ദുശ്ശാഠ്യം ഒഴിവാക്കുക.
2. വൃത്തനിബന്ധന ഇല്ലാതെ മത്സരം നടത്തിയാലും യ ര ല ഹ മുതലായ അക്ഷരങ്ങള്‍ കിട്ടുമ്പോള്‍ നിങ്ങളുടെ “പ്രതിഭാശാലി”കള്‍ അച്ചുമൂളി എന്നു വരാം. അപ്പോഴും “മൂന്നു പ്രാവശ്യമാകട്ടെ”, “മൂന്നുപ്രാവശ്യമാകട്ടെ” എന്നു പറഞ്ഞ് ഔദാര്യം കാണിക്കാന്‍ നില്‍ക്കാതെ അവരെ ഉടന്‍ പുറത്താക്കുക.
ചുരുക്കിപ്പറഞ്ഞാല്‍ അച്ചുമൂളിയവര്‍ ജയിക്കുന്ന സാഹചര്യം പൂര്‍ണ്ണമായി ഒഴിവാക്കുക. അക്ഷരശ്ലോകത്തിന്റെ ബാലപാഠം എങ്കിലും അറിയാവുന്ന സംഘാടകരില്‍ നിന്ന് അഭിജ്ഞന്മാര് അതു പ്രതീക്ഷിക്കുന്നു.