അക്ഷരശ്ലോകക്കാര്‍ പൊതുവേ അറിവു കുറഞ്ഞവര്‍ ആണ്. പണ്ഡിതന്മാര് എന്തു പറഞ്ഞാലും അതെല്ലാം അവര്‍ കണ്ണുമടച്ചു വിശ്വസിച്ചുകൊള്ളും. പറയുന്നവരുടെ കയ്യില്‍ സ്വര്‍ണ്ണം ഉണ്ടെങ്കില്‍ എന്തു ചപ്പടാച്ചി പറഞ്ഞാലും അതെല്ലാം വേദവാക്യം ആവുകയും ചെയ്യും. പുല്ലു കാണിച്ചു കുതിരയെ യഥേഷ്ടം നയിക്കുന്നതു പോലെ സ്വര്‍ണ്ണം കാണിച്ച് ഇവരെയും യഥേഷ്ടം തങ്ങളുടെ ആജ്ഞാനുവര്‍ത്തികള്‍ ആക്കി പിന്നാലെ കൊണ്ടു നടക്കാം. ഇല്ലാത്ത നിയമങ്ങള്‍ ഉണ്ടാക്കിപ്പോലും അക്ഷരശ്ലോകക്കാരെ പറ്റിക്കാന്‍ തല്‍പ്പരകക്ഷികള്‍ മടിക്കാറില്ല. അതിനാല്‍ എല്ലാ അക്ഷരശ്ലോകക്കാരും ഉള്ള നിയമങ്ങളും ഇല്ലാത്ത നിയമങ്ങളും വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതാണ്.
ഉള്ള നിയമങ്ങള്‍
- അക്ഷരം നോക്കി ചൊല്ലണം.
- അനുഷ്ടുപ്പ് പാടില്ല.
- ഭാഷാവൃത്തങ്ങളും പാടില്ല.
- തെറ്റു കൂടാതെ ചൊല്ലണം.
- കുറിപ്പു നോക്കരുത്.
- പരസഹായം സ്വീകരിക്കരുത്.
- ആലോചിക്കാന്‍ അര മിനിട്ടിലധികം എടുക്കരുത്.
ഇല്ലാത്ത നിയമങ്ങള്‍
1. സാഹിത്യമൂല്യം കൂടുതല്‍ ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണമെന്നു നിയമം ഇല്ല. അങ്ങനെ ചൊല്ലുന്നവര്‍ക്കു മുന്തിയ പരിഗണന കൊടുക്കാനും നിയമമില്ല. അക്ഷരം കിട്ടിയ ശേഷം വേദിയില്‍ വച്ച് ഉണ്ടാക്കിച്ചൊല്ലുന്ന നിമിഷശ്ലോകങ്ങള്‍ പോലും സര്‍വ്വാത്മനാ സ്വീകാര്യമാണ്. സാഹിത്യമൂല്യം എന്ന ഉമ്മാക്കി കാട്ടി അവയ്ക്കു പോരായ്മ കല്പ്പിക്കാന് ഒരു നിയമവും ഇല്ല.
2. ശബ്ദമേന്മയുള്ളവര് മാത്രമേ അക്ഷരശ്ലോകം ചൊല്ലാവൂ എന്നോ ചൊല്ലല്‍ സംഗീതഗന്ധി ആയിരിക്കണം എന്നോ നിയമമില്ല. ശബ്ദമേന്മയും സംഗീതപാടവവും ഇല്ലാത്തവരെ എലിമിനേറ്റു ചെയ്യാനും നിയമമില്ല.
3. ഒരാള്‍ മൂന്നു വരി ചൊല്ലി ഉപേക്ഷിച്ച ശ്ലോകം മറ്റുള്ളവര്‍ ചൊല്ലാന്‍ പാടില്ല എന്നു നിയമമില്ല.
4. മാര്‍ക്കിടാനോ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എലിമിനേറ്റു ചെയ്യാനോ നിയമമില്ല.
5. അച്ചു മൂളിയവരെ ജയിപ്പിക്കാന്‍ നിയമമില്ല.
ഇല്ലാത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഒന്നുകില്‍ വിവരക്കേടു കൊണ്ടായിരിക്കും അല്ലെങ്കില്‍ സ്വാര്‍ത്ഥത കൊണ്ടായിരിക്കും. രണ്ടായാലും അതിനെതിരെ ചെറുത്തുനില്‍പ്പ് ആവശ്യമാണ്. അല്ലാത്തപക്ഷം നാം പണ്ടു ബ്രിട്ടീഷ്കാരുടെ അടിമകള്‍ ആയിപ്പോയതു പോലെ ഇവരുടെ അടിമകള്‍ ആയിപ്പോകും.