പ്രതിഭകളെ കണ്ടെത്താന്‍ വേണ്ടി പലരും മൂല്യനിര്‍ണ്ണയം എന്ന പ്രക്രിയ നടത്താറുണ്ട്. യഥാര്‍ത്ഥ പ്രതിഭകളെ മരമണ്ടന്മാരാക്കി കാട്ടുന്ന ചില മൂല്യനിര്ണ്ണയരീതികളെപ്പറ്റി ഐന്സ്റ്റീന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുക: നിങ്ങള്‍ ഒരു മത്സ്യത്തെ വിലയിരുത്തുന്നത് മരത്തില്‍ കയറാനുള്ള അതിന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ താനൊരു വിഡ്ഢി ആണെന്ന വിശ്വാസത്തിലാവും ശിഷ്ടകാലം മുഴുവന്‍ അതു ജീവിക്കുക.
അക്ഷരശ്ലോകരംഗത്തെ പ്രതിഭകളെ കണ്ടെത്താന്‍ ചില സ്വയംപ്രഖ്യാപിത സര്വ്വജ്ഞന്മാര് ഒരു മൂല്യനിര്‍ണ്ണയരീതി ഉപയോഗിക്കാറുണ്ട്. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതപാടവവും അളന്നുള്ള മാര്‍ക്കിടല്‍ ആണ് അതിന്റെ കാതലായ അംശം. സ്വരമാധുര്യവും പാട്ടും ഇല്ലാത്ത എല്ലാവരെയും എഴാംകൂലികളായി മുദ്ര കുത്തി എലിമിനേറ്റു ചെയ്യും. തങ്ങള്‍ വിഡ്ഢികള്‍ ആണെന്ന വിശ്വാസത്തില്‍ അവര്‍ പിന്തിരിഞ്ഞ് ഏതെങ്കിലും മൂലയില്‍ പോയി ഒളിക്കും. ഇങ്ങനെ അടിച്ചേല്‍പ്പിക്കപ്പെട്ട ഈ അപകര്‍ഷതാബോധം അവരുടെ എല്ലാ മുന്നേറ്റസാദ്ധ്യതകളെയും പാടേ നശിപ്പിക്കും.