മാര്‍ക്കിട്ടു നടത്തുന്ന അക്ഷരശ്ലോകമത്സരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ചില മത്സരാര്‍ഥികള്‍ പെട്ടെന്നു തന്നെ ജഡ്ജിമാരുടെ വാത്സല്യഭാജനങ്ങള്‍ ആയി മാറും. അവസാനം അവര്‍ തന്നെ ജയിക്കുകയും ചെയ്യും. വാത്സല്യം മാര്‍ക്കായി മാറുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്. ചില ഭാഗ്യവാന്മാര്ക്ക് (ഭാഗ്യവതികള്‍ക്കും) അനായാസേന ജഡ്ജിമാരുടെ കണ്ണിലുണ്ണികള്‍ ആകാന്‍ സാധിക്കും. അത് ഒരു പ്രത്യേക കഴിവാണ്. ജന്മസിദ്ധമായ ശബ്ദമേന്മയും സംഗീതപാടവവും ഇതില്‍ ഒരു വലിയ പങ്കു വഹിക്കുന്നു.
ഇത്തരം വാത്സല്യഭാജനങ്ങള്‍ മാര്‍ക്കിടല്‍ പ്രസ്ഥാനത്തെ “പുരോഗമനപരം”, “മൂല്യസംവര്ദ്ധകം” എന്നൊക്കെ പറഞ്ഞു വാനോളം പുകഴ്ത്തും. കഥയറിയാതെ ആട്ടം കാണുന്ന ആസ്വാദകന്മാരും അതു തന്നെ ചെയ്യും. അര്‍ത്ഥമില്ലാത്ത ഇത്തരം പുകഴ്ത്തലുകളാണു മാര്‍ക്കിടല്‍ പ്രസ്ഥാനത്തെ താങ്ങി നിര്‍ത്തുന്നത്.
മേല്‍പ്പറഞ്ഞ ജന്മസിദ്ധമായ മേന്മകള് ഒന്നും ഇല്ലാത്തവരും എന്നാല്‍ കലശലായ അക്ഷരശ്ലോകക്കമ്പം ഉള്ളവരും ആയ ചില നിര്‍ഭാഗ്യവാന്മാര്‍ക്കു തലകുത്തി നിന്നു തപസ്സു ചെയ്താലും ഒരിക്കലും ഒരു ജഡ്ജിയുടെയും വാത്സല്യഭാജനം ആകാന്‍ കഴിയുകയില്ല. അവര്‍ പതിനായിരം ശ്ലോകം പഠിച്ചാലും യാതൊരു ഫലവും ഉണ്ടാവുകയും ഇല്ല. പരാജയവും എലിമിനേഷനും ആണ് എപ്പോഴും അവരെ കാത്തിരിക്കുന്നത്.
കാര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നവര്‍ക്കു മാത്രമേ മാര്‍ക്കിടലിന്റെ അനാശാസ്യത മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.