നിങ്ങള്‍ യേശുദാസിനെപ്പോലെ വളരെ മികച്ച ഒരു പാട്ടുകാരന് ആണെങ്കില്‍ നിങ്ങളുടെ മുമ്പില്‍ ഏറ്റവും നല്ല ഒരു വഴി തുറന്നു കിടക്കുന്നുണ്ട്. നേരേ കോടമ്പാക്കത്തേക്കു വണ്ടി കയറുക. അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു സിനിമയില്‍ പിന്നണിഗായകനായി ധാരാളം പണവും പ്രശസ്തിയും നേടാം. അത്രത്തോളം മികവ് ഇല്ലെങ്കില്‍ മറ്റൊരു വഴിയുണ്ട്. കേരളത്തില്ത്തന്നെയുള്ള ഏതെങ്കിലും ഗാനമേള ട്രൂപ്പില്‍ ചേരാം. മോശമല്ലാത്ത വരുമാനം ഉറപ്പാണ്. സംഗീതവൈദഗ്ദ്ധ്യം ഇനിയും കുറവാണെങ്കില്‍ നിങ്ങള്‍ക്ക് അക്ഷരശ്ലോകരംഗത്തേക്കു കടന്നു ചെല്ലാം. അനുഷ്ടുപ്പ് അല്ലാത്തതും സാഹിത്യമൂല്യം ഉള്ളതും ആയ ഏതാനും ശ്ലോകങ്ങള്‍ മനഃപാഠമാക്കിയാല്‍ മതി. കിട്ടിയ അക്ഷരങ്ങളില്‍ പലതിലും ശ്ലോകം ചൊല്ലാതിരുന്നാലും യാതൊരു കുഴപ്പവും ഇല്ല. അറിയാവുന്ന ശ്ലോകങ്ങള്‍ ഭംഗിയായി ചൊല്ലി ശ്രോതാക്കളുടെ കയ്യടി നേടുകയാണു വേണ്ടത്. ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണല്ലോ അക്ഷരശ്ലോകത്തിന്റെ പരമമായ ലക്ഷ്യം. നിങ്ങളെ അക്ഷരശ്ലോകവിദഗ്ദ്ധനും പ്രഗല്ഭനും പ്രതിഭാശാലിയും ആയി അംഗീകരിക്കാന്‍ തയ്യാറുള്ള ആസ്വാദകവരേണ്യന്മാരും സര്വ്വജ്ഞന്മാരും എല്ലായിടത്തും വേണ്ടത്രയുള്ള കാലഘട്ടമാണിത്. അതായത് അക്ഷരശ്ലോകത്തിന്റെ സുവര്‍ണ്ണയുഗം.