അക്ഷരശ്ലോകം ചൊല്ലുന്നവര്‍ മൂല്യം കൂടിയവര്‍ എന്നും മൂല്യം കുറഞ്ഞവര്‍ എന്നും രണ്ടു വിഭാഗത്തില്‍ പെടും എന്നു തൃശ്ശൂരിലെ ചില സര്വ്വജ്ഞന്മാര് 1955 ല്‍ മഹത്തായ ഒരു കണ്ടുപിടിത്തം നടത്തുകയുണ്ടായി. നെല്ലും പതിരും വേര്‍തിരിക്കുന്നതു പോലെ അവരെ വേര്‍തിരിക്കാനുള്ള അതിവിശിഷ്ടമായ ഒരു നൂതനപദ്ധതിയും അവര്‍ ആവിഷ്കരിച്ചു. കവിത്വമോ വൃത്തബോധാമോ ഒന്നും ഇല്ലെങ്കിലും ആലാപനമേന്മയിലൂടെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിവുള്ള ഒരു കഥാപ്രസംഗക്കാരനോ പാഠകക്കാരനോ ഏതാനും കാളിദാസശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചുകൊണ്ടു വന്നു ചൊല്ലിയാല്‍ അയാള്‍ നിശ്ചയമായും മൂല്യം കൂടിയവരുടെ കൂട്ടത്തില്‍ പെടും. പക്ഷേ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെയുള്ള ഒരു നിമിഷകവി കിട്ടുന്ന അക്ഷരങ്ങള്‍ക്കെല്ലാം അനുയോജ്യമായി അപ്പപ്പോള്‍ ശ്ലോകങ്ങള്‍ ഉണ്ടാക്കിച്ചൊല്ലിയാല് അയാള്‍ മൂല്യം കുറഞ്ഞവരുടെ കൂട്ടത്തിലേ പെടുകയുള്ളൂ. മൂല്യത്തിന്റെ ആധാരശില എന്നു പറയപ്പെടുന്ന സാഹിത്യമൂല്യം ആണ് ഇവിടെ വില്ലനാകുന്നത്. മൂല്യത്തിന്റെ ആധാരമായി വേറെ രണ്ടു കാര്യങ്ങള്‍ കൂടി ഉണ്ട്. ഒന്നു ശബ്ദമേന്മ. രണ്ടു സംഗീതഗന്ധം. ഇതെല്ലാം ഒത്തിണങ്ങിയ ഭാഗ്യവാന്മാരാണ് മൂല്യം കൂടിയവര്‍. മൂല്യം കൂടിയവരെ മാത്രമേ സര്വ്വജ്ഞന്മാര് ശ്ലോകം ചൊല്ലാന്‍ അനുവദിക്കുകയുള്ളൂ. അല്ലാത്തവരെ എലിമിനേറ്റു ചെയ്യും. കിട്ടിയ അക്ഷരങ്ങളില്‍ പലതിലും ശ്ലോകം ചൊല്ലാതെ ഇരുന്നാലും കുഴപ്പമില്ല. മൂല്യം ഉണ്ടെങ്കില്‍ ജയിക്കാം.
കൂടുതല്‍ ശ്ലോകങ്ങള്‍ അറിയാവുന്നവരെ കുറച്ചു ശ്ലോകങ്ങള്‍ അറിയാവുന്നവര്‍ക്കു നിഷ്പ്രയാസം തോല്‍പ്പിക്കാന്‍ കഴിയും എന്നതാണു നൂതന പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. അതുകൊണ്ടുതന്നെ ഇതിനു ധാരാളം ആരാധകരും ഉണ്ട്. ചുളുവില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാവുന്ന ഏതു പദ്ധതിക്കും ആരാധകര്‍ ഉണ്ടാവുക സ്വാഭാവികം ആണല്ലോ. നൂതനപദ്ധതിയുടെ അദ്ഭുതകരമായ പ്രചാരത്തിനു മറ്റൊരു കാരണം കൂടി ഉണ്ട്. കഥയറിയാതെ ആട്ടം കാണുന്ന ചില ഉന്നതന്മാരുടെ നിര്‍ലോഭമായ പിന്തുണയാണ് അത്. ഇവര്‍ ആസ്വാദകവേഷം കെട്ടി മുന്നോട്ടു വന്നു മൂല്യവാദികള്ക്കു സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തുകയും സാഹിത്യമൂല്യം അവതരണഭംഗി ആസ്വാദ്യത കലാമൂല്യം മുതലായ വാക്കുകളെ മൂര്‍ച്ചയേറിയ ആയുധങ്ങളാക്കി ആഞ്ഞുവീശി വിമര്‍ശകരെ ആട്ടിയോടിച്ചു സംരക്ഷണത്തിന്റെ കോട്ട കെട്ടിക്കൊടുക്കുകയും ചെയ്യും.
മയൂരസന്ദേശത്തിലെ വൃത്തം ഏതാണെന്ന് അറിഞ്ഞുകൂടാത്ത ഒരു പാട്ടുകാരി സ്വര്‍ണ്ണമെഡല്‍ നേടിയ ചരിത്രമുണ്ട്. അക്ഷരമോ വൃത്തമോ ഏതു കിട്ടിയാലും ഉടന്‍ അതില്‍ നിമിഷശ്ലോകം ഉണ്ടാക്കി ചൊല്ലാന്‍ കഴിവുള്ള അനുഗൃഹീതകവിയായ ഫാദര്‍ പി.കെ. ജോര്‍ജ്ജിനെ എലിമിനേറ്റു ചെയ്ത ചരിത്രവും ഉണ്ട്. ഇങ്ങനെ തന്നെയല്ലേ നെല്ലും പതിരും വേര്‍തിരിക്കേണ്ടത്?
മൂല്യം സിന്ദാബാദ്! ആസ്വാദ്യത സിന്ദാബാദ്! കല സിന്ദാബാദ്!