അല്ലയോ അക്ഷരശ്ലോകസര്വ്വജ്ഞന്മാരേ! അക്ഷരശ്ലോകത്തെപ്പറ്റി എല്ലാം അറിയാം എന്ന് അഹങ്കരിക്കുന്ന നിങ്ങള്‍ ഇനിയും കുറേ കാര്യങ്ങള്‍ അറിയാനുണ്ട്. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലിയാല്‍ ജയിക്കും; ചൊല്ലാതിരുന്നാല് പരാജയപ്പെടും. ഇതാണ് അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്വം. ഒരാള്‍ ചൊല്ലിയ ശ്ലോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരം കൊണ്ട് അടുത്തയാള്‍ ശ്ലോകം ചൊല്ലണം. ചൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാള്‍ പരാജയം സമ്മതിക്കണം. അനുഷ്ടുപ്പും ഭാഷാവൃത്തങ്ങളും പാടില്ല. ഇങ്ങനെയാണു നിയമങ്ങള്‍. അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ അല്ല. ആയിരുന്നുവെങ്കില്‍ ഈ നിയമങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല.
ഭംഗിയായി ചൊല്ലിയാല്‍ ജയിക്കും എന്നും ഭംഗി ഇല്ലാതെ ചൊല്ലിയാല്‍ തോല്‍ക്കും എന്നൊരു നിയമം അക്ഷരശ്ലോകത്തില്‍ ഇല്ല. സ്വരമാധുര്യം ഉണ്ടെങ്കില്‍ ജയിക്കും, പാട്ടറിയമെങ്കില് ജയിക്കും എന്നിങ്ങനെയും നിയമങ്ങള്‍ ഇല്ല.സാഹിത്യമൂല്യം കൂടുതല്‍ ഉള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിയാല്‍ ജയിക്കും എന്നും നിയമം ഇല്ല. ചൊല്ലല്‍ പണ്ഡിതോചിതം ആകേണ്ട ആവശ്യവും ഇല്ല. ഇപ്പറഞ്ഞ മേന്മകള് ഒന്നുപോലും ഇല്ലാത്ത സാധാരണക്കാര്‍ക്കും അക്ഷരശ്ലോകം ചൊല്ലാം. ജയിക്കുകയും ചെയ്യാം. അവരെ താഴ്ത്തിക്കെട്ടാനോ പുറന്തള്ളാനോ യാതൊരു നിയമവും ഇല്ല.
അക്ഷരശ്ലോകം എന്താണെന്ന് അറിയാവുന്ന ആരും അച്ചു മൂളിയവരെ ജയിപ്പിക്കുകയില്ല. അച്ചുമൂളാത്തവരെ എലിമിനേറ്റു ചെയ്യുകയും ഇല്ല.
ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത സര്വ്വജ്ഞന്മാര്ക്കും കഥയറിയാതെ ആട്ടം കാണുന്ന ആസ്വാദകവരേണ്യന്മാര്ക്കും അക്ഷരശ്ലോകക്കാരെ അടക്കി ഭരിക്കാന്‍ യാതൊരവകാശവും ഇല്ല.