അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ശബ്ദത്തിനു ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണമത്രേ. എത്ര ഗുണങ്ങളാണു വേണ്ടതെന്നു ചോദിച്ചാല്‍ ആറു ഗുണങ്ങള്‍ എന്നു കൃത്യമായ മറുപടിയും കിട്ടും. ഇതൊക്കെ കണ്ടുപിടിച്ചതു തൃശ്ശൂരിലെ അക്ഷരശ്ലോകസര്വ്വജ്ഞന്മാരാണ്. അവരുടെ വിദഗ്ദ്ധാഭിപ്രായം അനുസരിച്ചു ലോകം ഇന്നു വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ കെ.പി.സി. അനുജന് ഭട്ടതിരിപ്പാട് ആണ്. ശബ്ദത്തിന് ഉണ്ടായിരിക്കണം എന്ന് അവര്‍ പറയുന്ന ആറു ഗുണങ്ങള്‍ (ഷഡ്ഗുണങ്ങള്‍) ഒന്നു പോലും കുറയാതെ വേണ്ട അളവില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നുവത്രേ. ആറു ഗുണങ്ങളും തികഞ്ഞ ആള് ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആകും. അഞ്ചു ഗുണങ്ങളേ ഉള്ളൂ എങ്കില്‍ അയാള്‍ ഒരു പടി താഴെ ആകും. ശബ്ദഗുണങ്ങള്‍ ഒന്നും ഇല്ലാത്തവരും ഒന്നോ രണ്ടോ മാത്രം ഉള്ളവരും എലിമിനേറ്റു ചെയ്യപ്പെടേണ്ട എഴാംകൂലികളാണ്. പുരോഗമനം എപ്പടി?