അക്ഷരശ്ലോകത്തിന്റെ നിയമം വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു പ്രാചീന ശ്ലോകം ഉണ്ട്: അക്ഷരശ്ലോകമോതീടില്‍ അച്ചു കൂടാതെ ചൊല്ലണം;അച്ചു കൂടാതെ ചൊല്ലീടില്‍ അക്കൈയ്ക്കു വള നല്കുവന്. കിട്ടിയ അക്ഷരങ്ങളില്‍ ഒന്നിലും മുട്ടിപ്പോകാതെ (അച്ചു മൂളാതെ) അവസാനം വരെ ചൊല്ലുന്ന ആളിന്റെ കയ്യില്‍ വള ഇട്ടു കൊടുക്കണം എന്നാണ് അര്‍ത്ഥം. അച്ചുമൂളാത്തവര്‍ ജയിക്കണം എന്നു ചുരുക്കം. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ ജയിക്കണം എന്നോ ഭംഗിയായി ചൊല്ലുന്നവര്‍ ജയിക്കണം എന്നോ നിയമം അനുശാസിക്കുന്നില്ല. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ എന്നും കുറഞ്ഞ ശ്ലോകങ്ങള്‍ എന്നും ഒരു വിഭജനവും അക്ഷരശ്ലോകത്തില്‍ ഇല്ല. അനുഷ്ടുപ്പ് ശ്ലോകങ്ങളും അനുഷ്ടുപ്പ് അല്ലാത്ത ശ്ലോകങ്ങളും എന്നു മാത്രമേ വിഭജനം ഉള്ളൂ. സാഹിത്യമൂല്യം എത്ര കൂടുതല്‍ ഉണ്ടായിരുന്നാലും അനുഷ്ടുപ്പ് ശ്ലോകങ്ങള്‍ വര്‍ജ്ജ്യമാകും. അതുപോലെ തന്നെ സാഹിത്യമൂല്യം എത്ര കുറഞ്ഞാലും അനുഷ്ടുപ്പ് അല്ലാത്തവ സ്വീകാര്യവും ആകും. അക്ഷരം കിട്ടിയ ശേഷം വേദിയില്‍ വച്ചു സ്വയം നിര്‍മ്മിച്ചു ചൊല്ലുന്ന നിമിഷശ്ലോകങ്ങള്‍ പോലും സര്‍വ്വാത്മനാ സ്വീകാര്യമാണ്. അവയില്‍ എത്ര സാഹിത്യമൂല്യം ഉണ്ടെന്നു ചികഞ്ഞു നോക്കേണ്ട യാതൊരാവശ്യവും ഇല്ല.
സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ ചൊല്ലുന്നവര്‍ ജയിക്കണമെന്നും അല്ലാത്തവര്‍ തോല്‍ക്കണമെന്നും ഒരു നിയമം അക്ഷരശ്ലോകത്തില്‍ ഇല്ലേ ഇല്ല. ഭംഗിയായിട്ടു ചൊല്ലുന്നവര്‍ ജയിക്കണമെന്നും ഭംഗി ഇല്ലാതെ ചൊല്ലുന്നവര്‍ തോല്‍ക്കണമെന്നും വിധിക്കുന്ന നിയമവും ഇല്ല തന്നെ. സാഹിത്യമൂല്യവും അവതരണഭംഗിയും അളന്നുള്ള മാര്‍ക്കിടലിന് അക്ഷരശ്ലോകത്തില്‍ യാതൊരു പ്രസക്തിയും ഇല്ല. പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ വരുന്നവരുടെ ബുദ്ധിശക്തിയും വിദ്യാഭ്യാസയോഗ്യതയും മറ്റും അളന്നു മാര്‍ക്കിടുന്നതു പോലെ ശുദ്ധ അസംബന്ധവും വിവരക്കേടും ആണ് അത്.
ശ്ലോകം ചൊല്ലുന്നവര്‍ക്കു തികച്ചും വ്യത്യസ്തമായ രണ്ടു കഴിവുകള്‍ ഉണ്ടായിരിക്കും.അച്ചുമൂളാതെ ശ്ലോകം ചൊല്ലാനുള്ള കഴിവാണ് ഒന്നാമത്തേത്. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായിട്ടു ചൊല്ലി ശ്രോതാക്കളെ പുളകം കൊള്ളിക്കാനുള്ള കഴിവാണു രണ്ടാമത്തേത്. ഇവയില്‍ ആദ്യത്തെ കഴിവിന്റെ മാത്രം അടിസ്ഥാനത്തില്‍ ഉള്ള ഒരു സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. അതില്‍ മാര്‍ക്കിടല്‍ എലിമിനേഷന് മുതലയാവയ്ക്കു സ്ഥാനമില്ല.
രണ്ടാമത്തെ കഴിവിന്റെ അടിസ്ഥാനത്തില്‍ ഒരു മത്സരം വേണമെങ്കില്‍ അതും നടത്താവുന്നതാണ്. അതില്‍ മാര്‍ക്കിടലും എലിമിനേഷനും എന്നല്ല എസ്.എം.എസ്. വോട്ടിംഗ് കൂടി വേണമെങ്കിലും ആകാം. പക്ഷേ അതില്‍ അക്ഷരനിബന്ധനയോ അനുഷ്ടുപ്പ് ഒഴിവാക്കലോ ഒട്ടും ആവശ്യമില്ല. അത്തരം മത്സരത്തിന് ഒരു പുതിയ പേരു കൊടുത്താല്‍ അത്യുത്തമം ആയിരിക്കും. ശ്ലോകാവതരണമത്സരം എന്ന പേരു വളരെ ഉചിതമാണ്. ശ്ലോകാവതരണവിദഗ്ദ്ധന്മാരും കലാസ്വാദകന്മാരും ഒക്കെ അക്ഷരശ്ലോകവേദികളിലേക്കു വലിഞ്ഞുകയറി വന്നു മാര്‍ക്കിടലും എലിമിനേഷനും നടത്തുകയും അച്ചു മൂളിയവരെ ജയിപ്പിക്കുകയും ചെയ്യുന്നതു ധിക്കാരവും വിവരക്കേടും മാത്രമല്ല അക്ഷരശ്ലോകക്കാരുടെ അവകാശങ്ങള്‍ക്കു മേലുള്ള നഗ്നമായ കടന്നാക്രമണം കൂടിയാണ്.