പുരോഗമനവാദികളായ അക്ഷരശ്ലോകസര്വ്വജ്ഞന്മാര് ഏകകണ്ഠമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണു സാഹിത്യമൂല്യമുള്ള ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ചൊല്ലിക്കൊള്ളണം എന്നുള്ളത്. അല്ലാത്തപക്ഷം അവര്‍ എലിമിനേറ്റു ചെയ്തുകളയുമത്രേ. അതോടൊപ്പമുള്ള മറ്റൊരു നിര്‍ദ്ദേശം അനുഷ്ടുപ്പ് ഒഴിവാക്കണം എന്നുള്ളതാണ്. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഒരു ശ്ലോകത്തിലും യാതൊരു സാഹിത്യമൂല്യവും ഉണ്ടായിരിക്കുകയില്ല എന്ന് ഏതെങ്കിലും സര്വ്വജ്ഞന് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടില്ലെങ്കില്‍ സാഹിത്യമൂല്യമുള്ളവ തെരഞ്ഞെടുക്കലും അനുഷ്ടുപ്പ് ഒഴിവാക്കലും പരസ്പരവിരുദ്ധമാണ്. അതിനാല്‍ ഈ രണ്ടു നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉപേക്ഷിച്ചിട്ടു മറ്റേതു മാത്രം നിലനിര്‍ത്തുന്നതാണു ബുദ്ധി.