അക്ഷരശ്ലോകസര്വ്വജ്ഞന്മാര് എന്നു സ്വയം അഭിമാനിക്കുന്ന തൃശ്ശൂരിലെ ചില പണ്ഡിതന്മാര് 1955 മുതല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏര്‍പ്പെടുത്തിയതും “വമ്പിച്ച പുരോഗമനം” എന്ന് അവര്‍ അവകാശപ്പെടുന്നതും ആയ ചില നവീന സിദ്ധാന്തങ്ങളാണ് താഴെ കൊടുക്കുന്നത്. യഥാര്‍ത്ഥ അക്ഷരശ്ലോകം എന്താണെന്ന് അറിയാവുന്നവര്‍ക്കു കാര്യങ്ങള്‍ സ്വയം വിലയിരുത്താന്‍ കഴിയും എന്നതിനാല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ഇവിടെ കൊടുക്കുന്നില്ല.
1. അക്ഷരശ്ലോകത്തിന്റെ ലക്ഷ്യം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കല്‍ ആണ്.
2. കിട്ടിയ അക്ഷരത്തില്‍ ശ്ലോകം ചൊല്ലാതിരിക്കുന്നതു പോരായ്മയല്ല. ശ്രോതാക്കളെ പുളകം കൊളളിക്കാനും അവരുടെ കയ്യടി നേടാനും കഴിയാതിരിക്കുന്നതാണു പോരായ്മ.
3. നിങ്ങളുടെ ശ്ലോകാലാപനം യേശുദാസിന്റെ പാട്ടിനോട് എത്രത്തോളം അടുത്തിരിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആകുന്നു.
4. ശ്ലോകങ്ങള്‍ ഏറ്റവും മനോഹരമായി പാടുന്ന പെണ്‍കുട്ടിയാണ് ഏറ്റവും വലിയ അക്ഷരശ്ലോകവിദഗ്ദ്ധ.(യുവജനോത്സവ സിദ്ധാന്തം)
5.അക്ഷരശ്ലോകക്കാര്‍ സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ചൊല്ലുന്നതു ശിക്ഷാര്‍ഹമാണ്. അവരെ മാര്‍ക്കു കുറച്ചും എലിമിനേറ്റു ചെയ്തും മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ്.
6. ഭംഗിയായി ചൊല്ലുന്നവര്‍ എത്ര പ്രാവശ്യം അച്ചു മൂളിയാലും അവരെ ജയിപ്പിക്കാം.