മത്സരങ്ങളിലായാലും ജീവിതസമരത്തിലായാലും പല തരം തട്ടിപ്പുകള്‍ക്കു നാം ഇരയാകാറുണ്ട്. അത്തരം ഒരു തട്ടിപ്പാണ് അക്ഷരശ്ലോകമത്സരരംഗത്തെ മൂല്യവാദത്തട്ടിപ്പ്.
തോല്‍വി അര്‍ഹിക്കുന്ന ആളിനു വിജയം നല്കാന് ഈ തട്ടിപ്പു സഹായിക്കും. പതിനായിരം ശ്ലോകം അറിയാവുന്ന ശരിയായ ഒരു വിദഗ്ദ്ധനും നൂറു ശ്ലോകം അറിയാവുന്ന ഒരു മധുരസ്വരക്കാരിയും മത്സരത്തില്‍ പങ്കെടുത്താല്‍ മധുരസ്വരക്കാരിയെ മൂല്യവാദത്തട്ടിപ്പിലൂടെ നിഷ്പ്രയാസം ജയിപ്പിക്കാന്‍ കഴിയും. അവള് ചൊല്ലിയ ശ്ലോകങ്ങള്‍ക്കു സാഹിത്യമൂല്യം കലാമൂല്യം അസ്വാദ്യതാമൂല്യം ശൈലീമൂല്യം അവതരണമൂല്യം ആവിഷ്കാരമൂല്യം മുതലായ എണ്ണമറ്റ മൂല്യങ്ങള്‍ കൂടുതലുണ്ടെന്നു ഏതാനും ഉന്നതന്മാര് ചേര്‍ന്നു പ്രഖ്യാപിച്ചാല്‍ മതി. തോല്‍വി അര്‍ഹിക്കുന്നവര്‍ സൂത്രങ്ങളും തന്ത്രങ്ങളും ഒക്കെ അറിയാവുന്ന കൌടില്യന്മാരും ജയം അര്‍ഹിക്കുന്നവര്‍ അതൊന്നുമറിഞ്ഞുകൂടാത്ത ശുദ്ധൻമാരും ആയിരിക്കുമ്പോള്‍ ഇതു തീര്‍ച്ചയായും സംഭവിക്കും. സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇന്ത്യാ മഹാരാജ്യം ഭരിക്കാന്‍ യാതൊരവകാശവും ഇല്ലാത്ത ബ്രിട്ടീഷുകാര്‍ ഇവിടെ അധികാരം സ്ഥാപിച്ചതും ഇത്തരം ഒരു തട്ടിപ്പിലൂടെയാണ്.”ഞങ്ങള്‍ ബുദ്ധിമാന്മാരും സല്ഗുണസമ്പന്നന്മാരും സത്യസന്ധന്മാരും ഭരണപരിചയമുള്ളവരും ഒക്കെയാണ്. അതിനാല്‍ ഭരിക്കാന്‍ അര്‍ഹത ഞങ്ങള്‍ക്കാണ് കൂടുതലുള്ളത്. ഞങ്ങള്‍ മാതൃകാപരമായി ഭരിക്കാം. നിങ്ങള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചുകൊണ്ടു സുഖമായി ജീവിച്ചുകൊണ്ടാല് മതി.” ഇത്തരം ഒരു മൂല്യവാദത്തട്ടിപ്പിലൂടെയാണ് അവര്‍ നമ്മളെ അടിമകളാക്കി നൂറ്റാണ്ടുകളോളം അടക്കി ഭരിച്ചു ചൂഷണം ചെയ്തത്.
അതുപോലെ അക്ഷരശ്ലോകരംഗത്തെ ബഹുഭൂരിപക്ഷം വിദഗ്ധന്മാരെയും വഞ്ചിച്ചുകൊണ്ടു ചില തന്ത്രശാലികള്‍ മൂല്യവാദത്തട്ടിപ്പിലൂടെ സ്വയം ഉയര്‍ത്തി ഉന്നതപദവികളും അധികാരസ്ഥാനങ്ങളും കയ്യടക്കി ചക്രവര്‍ത്തിമാരായി മറ്റുള്ളവരെ അടക്കി ഭരിച്ചു ചൂഷണം ചെയ്തുവരികയാണ് ഇപ്പോള്‍.
ഇരുപതു റൌണ്ട് ഉള്ള മത്സരത്തില്‍ ഇരുപതിലും ശ്ലോകം ചൊല്ലിയ സാധാരണക്കാരന് തോല്‍ക്കും. പതിനെട്ടു റൌണ്ടില്‍ മാത്രം ശ്ലോകം ചൊല്ലിയ ഉന്നതന് നിഷ്പ്രയാസം ജയിക്കും. അവനെ ജയിപ്പിക്കാന്‍ തന്ത്രശാലികളും സൂത്രശാലികളും എപ്പോഴും തയ്യാറായി നില്‍പ്പാണ്. മൂല്യവാദത്തട്ടിപ്പെന്ന ആയുധം കയ്യിലുള്ളപ്പോള്‍ അവര്‍ക്ക് ആരെയും പേടിക്കാനില്ല.
അക്ഷരശ്ലോകക്കാര്‍ ഈ തട്ടിപ്പു തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.”ഞങ്ങള്‍ മൂല്യം കൂടിയവരും നിങ്ങള്‍ മൂല്യം കുറഞ്ഞവരും ആണ്. അതുകൊണ്ടു ഞങ്ങള്‍ നിങ്ങളെ സഹായിക്കാം.” എന്നു പറഞ്ഞുകൊണ്ട് അടുത്തു കൂടുന്നവരുടെ ലക്ഷ്യം ഒരിക്കലും സഹായം ആയിരിക്കുകയില്ല. തീര്‍ച്ചയായും വഞ്ചന തന്നെ ആയിരിക്കും.