സംഭവകഥകള്‍

1.  ഗുരുവും ശിഷ്യകളും

ഒരിടത്ത് അക്ഷരശ്ലോകത്തിന്റെ ശാസ്ത്രീയവും കലാപരവും ആയ എല്ലാ വിജ്ഞാനവും അരച്ചുു കലക്കി കുടിച്ച സര്‍വ്വജ്ഞനായ ഒരു ആചാര്യന്‍ ഉണ്ടായിരുന്നു. അദ്ദേഹം കുറേ ശിഷ്യകളെ അതെല്ലാം നന്നായി പഠിപ്പിച്ചു. എന്നിട്ട് അവരെയും കൊണ്ടു ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി. ശിഷ്യകളോടൊപ്പം ഗുരുവും മത്സരത്തില്‍ പങ്കെടുത്തു. മത്സരഫലം വന്നപ്പോള്‍ ഗുരു അന്തംവിട്ടു പോയി. ശിഷ്യകള്‍ക്കെല്ലാം സമ്മാനമുണ്ട്. തനിക്കു യാതൊന്നും ഇല്ല.

ഗുണപാഠം : പെണ്‍കുട്ടികളെ അക്ഷരശ്ലോകം പഠിപ്പിക്കുന്നതൊക്കെ കൊള്ളാം; പക്ഷേ അവരോടൊപ്പം ഒരിക്കലും മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ പങ്കെടുക്കരുത്. പങ്കെടുത്താല്‍ നാണംകെടും. എന്തുകൊണ്ടെന്നാല്‍ മാര്‍ക്കു കിട്ടുന്നത് അറിവിനല്ല; സ്വരമാധുര്യത്തിനാണ്.

2. രാഗം ഇട്ടു പാടിയ മഹതി

ഒരിക്കല്‍ സംഗീതവിദുഷിയായ ഒരു മഹതി അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുക്കാന്‍ വന്നു. അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു നന്നായിത്തന്നെ ശ്ലോകങ്ങള്‍ ആലപിച്ചു. പക്ഷേ സമ്മാനം ഒന്നും കിട്ടിയില്ല. അവര്‍ ജഡ്ജിമാരോട് പരാതി പറഞ്ഞു. “ഞാന്‍ ഓരോ ശ്ലോകവും അതിന് അനുയോജ്യമായ രാഗം ഇട്ടാണ് ആലപിച്ചത്. എന്നിട്ടും എനിക്കു സമ്മാനം കിട്ടാതിരുന്നത് നിങ്ങളുടെ അറിവില്ലായ്മ കൊണ്ടല്ലേ?”

ഗുണപാഠം : എല്ലാ ജഡ്ജിമാരും സംഗീതം പരിഗണിക്കുന്നവരല്ല. അക്ഷരശ്ലോകത്തില്‍ സംഗീതം പരിഗണനാര്‍ഹമല്ല. പരിഗണിച്ചാല്‍ അതാണ് അറിവില്ലായ്മ.

3. സാഹിത്യവിശാരദന്‍

ഒരിക്കല്‍ ഒരു സാഹിത്യവിശാരദന്‍ അക്ഷരശ്ലോക മത്സരത്തില്‍ പങ്കെടുക്കാന്‍ വന്നു. മുന്‍ഗാമി കൊടുത്ത അക്ഷരത്തില്‍ ശ്ലോകം കിട്ടാതെ വന്നതുകൊണ്ട് അയാള്‍ തോറ്റു. പക്ഷേ അദ്ദേഹം ഒരു പരാതി പറഞ്ഞു. ‘ഞാന്‍ സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ തെരഞ്ഞെടുത്താണ് ചൊല്ലിയത്. മറ്റുള്ളവര്‍ ചൊല്ലിയതു സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങള്‍ ആയിരുന്നു. എന്നിട്ടുംഞാന്‍ ജയിക്കാതിരുന്നത് എന്തുകൊണ്ട്?”

ഗുണപാഠം : സാഹിത്യവിശാരദന്മാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങള്‍ സംഘാടകരോടും ജഡ്ജിമാരോടും ചോദിച്ചു മനസ്സിലാക്കുന്നതു നന്നായിരിക്കും. സാഹിത്യമൂല്യം കൂടിയ ശ്ലോകങ്ങള്‍ക്കു കൂടുതല്‍ പരിഗണന കൊടുക്കാന്‍ നിയമമില്ല. എങ്കിലും പരിഗണന കൊടുക്കുന്ന ചില ആധുനികന്‍മാര്‍ ഉണ്ട്. അവര്‍ നടത്തുന്ന മത്സരങ്ങളില്‍ മാത്രം പങ്കെടുക്കാന്‍ സാഹിത്യവിശാരദന്മാര്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

4. ഊരുവിലക്ക്‌

സ്വര്‍ണ്ണമെഡല്‍ കൊടുക്കുന്ന ഒരു വലിയ അക്ഷരശ്ലോകമത്സരം. പങ്കെടുക്കാന്‍ ധാരാളം വിദഗ്ദ്ധന്മാര്‍. വിദഗ്ദ്ധന്മാര്‍ എല്ലാവരും കുറ്റമറ്റ രീതിയില്‍ ഒന്നാംതരം ശ്ലോകങ്ങള്‍ ഭംഗിയായി ചൊല്ലി. അവസാനം ജഡ്ജിമാര്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ സഭ അകെ സ്തംഭിച്ചുപോയി. ദശാബ്ദങ്ങളോളം ശ്ലോകം ചൊല്ലി തഴക്കവും പഴക്കവും വന്ന വിദഗ്ദ്ധന്‍മാരില്‍ ആര്‍ക്കുമല്ല മെഡല്‍. മെഡല്‍ കിട്ടിയത് ഈ രംഗത്തു പുതുമുഖം ആയ ഒരു ചെറിയ പെണ്‍കുട്ടിക്കാണ്‌. വൃത്തനിബന്ധന ഉള്ള രണ്ടു റൌണ്ടുകളില്‍ ശ്ലോകം ചൊല്ലാതെ വിട്ടു എന്നു പറഞ്ഞാല്‍ തന്നെ കക്ഷിയുടെ അക്ഷരശ്ലോക വൈദഗ്ധ്യം വ്യക്തമാകുമല്ലോ. പിന്നെ എന്തിന്റെ പേരിലാണു മെഡല്‍ കൊടുത്തത്? അതാണ് അറിയേണ്ട കാര്യം. ആ കുട്ടിക്ക് അനിതരസാധാരണമായ സ്വരമാധുര്യം ഉണ്ടായിരുന്നു. അതിലും ഉപരിയായി സംഗീതവൈദഗ്ദ്ധ്യവും ഉണ്ടായിരുന്നു. പേരെടുത്ത ഒരു കഥകളിസംഗീതകലാകാരിയായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ ഒരു സംഗീതാദ്ധ്യാപികയായിരുന്നതിനാല്‍ സംഗീതത്തില്‍ കുറ്റമറ്റ ശിക്ഷണവും ലഭിച്ചിരുന്നു. ഗോള്‍ഡ്‌ മെഡലിസ്റ്റ് ആകാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും യോഗ്യത വേണോ? അര്‍ഹിക്കുന്ന ആളിനു തന്നെ മെഡല്‍ കൊടുത്തു എന്ന ചാരിതാര്‍ത്ഥ്യത്തോടെ ജഡ്ജിമാര്‍ ഞെളിഞ്ഞിരിക്കവേ സമ്മാനദാനച്ചടങ്ങ്‌ തുടങ്ങി. പെണ്‍കുട്ടിക്കു സ്വര്‍ണ്ണമെഡല്‍ കൊടുത്തു. രണ്ടാം സമ്മാനം വാങ്ങാനുള്ള ആളിന്റെ പേരു വിളിച്ചു. അതു മുന്‍പറഞ്ഞ വിദഗ്ദ്ധന്‍മാരില്‍ ഒരാളായിരുന്നു. അദ്ദേഹം സ്റ്റേജില്‍ കയറി “ഞാന്‍ സമ്മാനം നിരസിക്കുന്നു” എന്നു പ്രഖ്യാപിച്ചിട്ട് ഇറങ്ങിപ്പോയി.

സാധാരണ ഗതിയില്‍ കഥ ഇവിടെ തീരേണ്ടതാണ്. പക്ഷേ തീര്‍ന്നില്ല. സമ്മാനം നിരസിച്ചതു വലിയ ഒരു ക്രിമിനല്‍ കുറ്റമായി ഭാരവാഹികള്‍ എടുത്തു. കുറ്റവാളിക്ക് ആജീവനാന്ത ഊരുവിലക്ക്‌ എന്ന ശിക്ഷയും വിധിച്ചു. ഇനിയും അവരുടെ ഒരു മത്സരത്തിലും പങ്കെടുക്കാന്‍ ശിക്ഷിതനു യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. അതിനാല്‍ ശിക്ഷയ്ക്കു പുല്ലു വിലയേ അദ്ദേഹം കല്പിച്ചുള്ളൂ. എങ്കിലും ഊരുവിലക്കിലെ അനീതി പരിഗണിച്ച്‌ അദ്ദേഹം കോടതിയില്‍ പോയി. ഭാരവാഹികള്‍ക്ക് ശിക്ഷ പിന്‍വലിക്കേണ്ടി വന്നു. ഊരുവിലക്ക്‌  ഒഴിവായെങ്കിലും അദ്ദേഹം പിന്നീടൊരിക്കലും അവരുടെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോയിട്ടില്ല.

ഗുണപാഠം : മാര്‍ക്കിടല്‍ ഉള്ള അക്ഷരശ്ലോക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന വിദഗ്ദ്ധന്മാര്‍ ഒരു കാര്യം ശ്രദ്ധിക്കണം. നല്ല സ്വരമാധുര്യം ഉള്ള പാട്ടുകാരികള്‍ ആരെങ്കിലും പങ്കെടുക്കുന്നുണ്ടോ എന്നു മുന്‍കൂട്ടി അന്വേഷിച്ച് അറിയണം. ഉണ്ടെങ്കില്‍ മാന്യമായി പിന്മാറുന്നതാണു ബുദ്ധി. അല്ലാത്തപക്ഷം മാനഹാനിയും ദ്രവ്യനാശവും ഫലം.

5. സ്വര്‍ണ്ണം വേണ്ടാത്ത പണ്ഡിതന്‍

1955 മുതല്‍1970 വരെയുള്ള കാലഘട്ടം പണ്ഡിതന്‍ മാരുടെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നു.  അക്ഷരശ്ലോക മത്സരവേദിയില്‍ ചെന്നു മുഖം കാണിച്ചാല്‍ ഏതു പണ്ഡിതനും സ്വര്‍ണ്ണമെഡല്‍ കിട്ടുമായിരുന്നു. ഓരോ വര്‍ഷവും ഏതു പണ്ഡിതനു മെഡല്‍ കൊടുക്കണം എന്ന കാര്യം അധികാരികള്‍ മുന്‍കൂട്ടി തീരുമാനിച്ചിരിക്കും. മറ്റേതെങ്കിലും വിദഗ്ദ്ധന്‍ പങ്കെടുത്ത് എത്ര നന്നായി ചൊല്ലിയാലും അയാള്‍ക്കു മെഡല്‍ കിട്ടുകയില്ല. ഉദ്ദിഷ്ടപണ്ഡിതന്‍ എത്ര മോശമായി ചൊല്ലിയാലും അയാള്‍ക്കു തന്നെ മെഡല്‍ കിട്ടുകയും ചെയ്യും. നാട്ടിലുള്ള എല്ലാ പണ്ഡിതന്‍മാരും ചെന്നു സന്തോഷപൂര്‍വ്വം മെഡല്‍ വാങ്ങിക്കൊണ്ടു പോയി. എന്നാല്‍ ഒരു പണ്ഡിതന്‍ മാത്രം മെഡല്‍ വാങ്ങാന്‍ യാതൊരു താല്‍പര്യവും കാണിച്ചില്ല. എല്ലാവര്‍ക്കും അതൊരു അദ്ഭുതമായി തോന്നി. ദാനം  കിട്ടുന്ന പശുവിനെ വേണ്ടെന്നു പറയുന്ന ബ്രാഹ്മണനെപ്പറ്റിയും ചുളുവിനു കിട്ടുന്ന സ്വര്‍ണ്ണമെഡല്‍ വേണ്ടെന്നു പറയുന്ന പണ്ഡിതനെപ്പറ്റിയും ജനങ്ങള്‍ക്കു ചിന്തിക്കാനേ കഴിയുകയില്ല. അവര്‍ മെഡല്‍ വാങ്ങാന്‍ പണ്ഡിതനെ വീണ്ടുംവീണ്ടും പ്രേരിപ്പിച്ചു. പക്ഷേ പണ്ഡിതന്‍ മത്സര രംഗത്തേക്കു തിരിഞ്ഞു നോക്കാന്‍ പോലും കൂട്ടാക്കിയില്ല.

ഗുണപാഠം : പണ്ഡിതന്‍മാരുടെ ഇടയില്‍ അപൂര്‍വ്വമായിട്ടെങ്കിലും ആത്മാഭിമാനം ഉള്ളവര്‍ ഉണ്ട്. അവര്‍ക്കു ഓശാരമെഡല്‍ വാങ്ങാന്‍ ഉളുപ്പു തോന്നും. അദ്ദേഹത്തിനു മാന്യമായി സ്വീകരിക്കാന്‍ പറ്റുന്ന വിധത്തില്‍ ഒരു മെഡല്‍ കൊടുക്കാനുള്ള മൂള അധികാരികളില്‍ ആര്‍ക്കും ഉണ്ടായില്ല എന്നതാണു കഷ്ടാല്‍ കഷ്ടതരം.

6. വിദഗ്ദ്ധന്റെ ശപഥം

ഒരിടത്ത് അഖിലകേരള അക്ഷരശ്ലോക മത്സരം എന്നു കൊട്ടി ഘോഷിച്ചുകൊണ്ട് ഒരു അവതരണമത്സരം നടത്തി. അതില്‍ പങ്കെടുക്കാന്‍ നാനൂറു കിലോമീറ്ററിലധികം സഞ്ചരിച്ചു വളരെ കഷ്ടപ്പെട്ട് ഒരു വിദഗ്ദ്ധന്‍ എത്തി. അര നൂറ്റാണ്ടിലധികം കാലത്തെ പ്രായോഗിക പരിചയമുള്ള അതിവിദഗ്ദ്ധനായ അദ്ദേഹം നല്ല തയ്യാറെടുപ്പോടു കൂടിയാണ് വന്നത്. നല്ല ഒന്നാം തരം ശ്ലോകങ്ങള്‍ തെരഞ്ഞെടുത്തു ഭംഗിയായി അവതരിപ്പിച്ചു. അദ്ദേഹത്തിന് ഒന്നാം സമ്മാനം കിട്ടുമെന്ന് മിക്കവാറും എല്ലാ അഭിജ്ഞന്‍മാരും ഉറപ്പിച്ചു. ഫലം വന്നപ്പോള്‍  അദ്ദേഹത്തിനു രണ്ടാം സമ്മാനമേ ഉള്ളൂ. അക്ഷരശ്ലോക രംഗത്തേക്കു വന്നിട്ട് അധികകാലം ഒന്നും ആയിട്ടില്ലാത്ത ഒരു തദ്ദേശീയ വനിതയ്ക്കാണ് ഒന്നാം സമ്മാനം. വിദഗ്ദ്ധനു വല്ലാത്ത ധാര്‍മ്മിക രോഷം ഉണ്ടായി. പക്ഷേ എന്തു ചെയ്യാന്‍? അദ്ദേഹം രണ്ടാം സമ്മാനവും വാങ്ങിക്കൊണ്ടു തിരിച്ചു പോയി. കൂട്ടത്തില്‍ ഒരു ശപഥവും ചെയ്തു. “ഇനി ഇവരുടെ മത്സരത്തില്‍ പങ്കെടുക്കാനില്ല “.

ഗുണപാഠം : എത്ര വലിയ വിദഗ്ദ്ധന്‍ ആയാലും മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ സ്ത്രീകളെ തോല്‍പ്പിക്കാന്‍ എളുപ്പമല്ല. അവരുടെ ശബ്ദസൌകുമാര്യത്തില്‍ ഏതു ജഡ്ജിയും മയങ്ങിപ്പോകും.

7. ലോകോത്തമന്റെ വെല്ലുവിളി

1960 കളില്‍ ലോകത്തിലെ ഏറ്റവും വലിയ അക്ഷരശ്ലോക വിദഗ്ദ്ധന്‍ എന്ന വിശേഷണം ശരിക്കും അര്‍ഹിച്ചിരുന്ന ഒരു മറുനാടന്‍ മലയാളി ഉണ്ടായിരുന്നു. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചു വമ്പിച്ച അക്ഷരശ്ലോക മത്സരം നടക്കുന്നുണ്ടെന്ന് അദ്ദേഹം കേട്ടു. ഒരു കൈ നോക്കാം എന്നു തീരുമാനിച്ചു.ആയിരത്തോളം കിലോമീറ്റര്‍ സഞ്ചരിച്ചു അക്ഷരശ്ലോകത്തിന്റെ മെക്ക എന്ന് അറിയപ്പെട്ടിരുന്ന തൃശ്ശൂരില്‍ എത്തി. നല്ല ശ്ലോകങ്ങള്‍ നന്നായി ചൊല്ലി എങ്കിലും മാര്‍ക്കിടുന്ന മഹാന്‍മാര്‍ക്ക് ഒട്ടും ബോധിച്ചില്ല. അദ്ദേഹം അഗണ്യകോടിയില്‍ തള്ളപ്പെട്ടു. അങ്ങനെ അദ്ദേഹം പരാജിതനായി തിരിച്ചുപോയി. മാര്‍ക്കിടല്‍ പ്രസ്ഥാനത്തിന്റെ പോരായ്മകള്‍ അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞു. മാര്‍ക്കിടല്‍ എന്ന കോപ്രായം ഇല്ലാത്ത മാതൃകാപരമായ ഒരു മത്സരരീതി അദ്ദേഹം  സംവിധാനം ചെയ്തു. എന്നിട്ടു വിദഗ്ദ്ധന്മാര്‍ പ്രഗല്ഭന്‍മാര്‍ പ്രതിഭാശാലികള്‍ എന്നൊക്കെ സ്വയം വിശേഷിപ്പിച്ചുകൊണ്ടു ഞെളിഞ്ഞു നടന്നിരുന്ന എല്ലാ ഉന്നതന്‍മാരെയും വെല്ലുവിളിച്ചു.       തന്നെ മാര്‍ക്കിടുന്ന മഹാന്മാരുടെ സഹായം ഇല്ലാതെ  തോല്‍പ്പിക്കുന്ന ആള്‍ക്ക് ആയിരം രൂപ ഇനാം എന്നതായിരുന്നു വെല്ലുവിളി. ഒരു ” പ്രതിഭാശാലി”ക്കും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പ്രതിഭാശാലികള്‍ എന്നു ഭാവിച്ചു  ഞെളിഞ്ഞു നടക്കുന്നവര്‍ വെറും മിന്നാമിനുങ്ങുകളാണെന്നു സൂര്യതേജസ്വിയായ അദ്ദേഹം തെളിയിച്ചു.

8. സഞ്ചാരി കണ്ട കേരളം

ഇബ്നു ബത്തൂത്ത,അല്‍ ബറൂണി,ഫാഹിയാന്‍ മുതലായ പല സഞ്ചാരികളും കേരളം കണ്ടു പലതും രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഭ്രാന്താലയം ആണെന്നു വരെ രേഖകളില്‍ ഉണ്ട്. അടുത്ത കാലത്തു സാഹിത്യതല്‍പ്പരനായ ഒരു സഞ്ചാരി കണ്ടിട്ടു രേഖപ്പെടുത്തിയതാവിതു

ലോകത്തു മറ്റൊരിടത്തും നടപ്പില്‍ ഇല്ലാത്ത ഒരു സാഹിത്യവിനോദം കേരളത്തില്‍  കാണപ്പെടുന്നു. മൂന്നാം വരിയിലെ ആദ്യാക്ഷരം നോക്കി ശ്ലോകം ചൊല്ലുന്നതാണ് അതിന്റെ രീതി. നല്ല സ്വരമാധുര്യം ഉള്ള പെണ്‍കുട്ടികള്‍ ആണ് അതില്‍ ജയിക്കാറുള്ളത്. പെണ്‍കുട്ടികളെ ഇതിനുവേണ്ടി പരിശീലിപ്പിക്കുന്ന ആചാര്യന്‍മാര്‍ ധാരാളം ഉണ്ട്. സ്കൂള്‍ യുവജനോത്സവങ്ങളില്‍ പെണ്‍കുട്ടികളുടെ പ്രിയങ്കര ഇനങ്ങളില്‍ ഒന്നാണ് അക്ഷരശ്ലോകം. മറ്റിനങ്ങള്‍ ഒപ്പന തിരുവാതിരക്കളി മുതലായവയാണ്. അപൂര്‍വ്വമായി ആണ്‍കുട്ടികളും അക്ഷരശ്ലോകത്തില്‍ പങ്കെടുക്കും. പക്ഷേ അവര്‍ ജയിക്കാറില്ല.

9. സന്യാസിയുടെ ക്രോധം

തൃശ്ശൂരിലെ പണ്ഡിതന്‍മാര്‍ എലിമിനേഷന്‍ വഴി അക്ഷരശ്ലോകത്തിന്റെ നിലയും വിലയും ഉയര്‍ത്തിക്കൊണ്ടിരുന്ന കാലം. നന്നായി ചൊല്ലാത്ത എല്ലാവരെയും എലിമിനേറ്റു ചെയ്യും. എത്ര വലിയ വിദഗ്ദ്ധന്‍ ആയിരുന്നാലും ശബ്ദസൌകുമാര്യം രാഗം ഈണം മുതലായവ കൊണ്ടു ജഡ്ജിമാരുടെ പ്രീതിക്കു പാത്രം ആയില്ലെങ്കില്‍ എലിമിനേഷന്‍ ഉറപ്പ്. അങ്ങനെ പല മഹാവിദഗ്ദ്ധന്‍മാരും എലിമിനേറ്റു ചെയ്യപ്പെട്ടു. പലരും നിശ്ശബ്ദരായി ഒഴിഞ്ഞു പോയി. എന്നാല്‍ ചിലര്‍ പണ്ഡിതന്മാരെ ശകാരിക്കാന്‍ ഒട്ടും മടിച്ചില്ല. കുഞ്ഞു കുഞ്ഞ് ആദിശ്ശര്‍ എന്ന ഒരു വിദഗ്ദ്ധന്‍ പണ്ഡിതന്മാരെ കണക്കിനു ശകാരിച്ചു. പക്ഷേ അപാര തൊലിക്കട്ടിയോ കടുത്ത ബുദ്ധിശൂന്യതയോ കാരണം പണ്ഡിതന്‍മാര്‍ക്കു തങ്ങളുടെ തെറ്റു തിരുത്താന്‍ തോന്നിയില്ല. അവര്‍ ധിക്കാരവും ധാര്‍ഷ്ട്യവും തുടര്‍ന്നുകൊണ്ടേ ഇരുന്നു.

ഒരിക്കല്‍ സ്വാമി കേശവാനന്ദ സരസ്വതി എന്ന മഹാവിദഗ്ദ്ധനായ ഒരു അക്ഷരശ്ലോകക്കാരന്‍ തൃശ്ശൂര്‍ പൂരത്തിന്റെ മത്സരത്തില്‍ പങ്കെടുക്കാനായി വന്നു. ഡല്‍ഹിയിലെ ഒരു ആശ്രമത്തില്‍ താമസിച്ചിരുന്ന അദ്ദേഹം പൂരമത്സരത്തിന്റെ പ്രശസ്തി കേട്ടു വന്നതായിരുന്നു. ട്രെയിന്‍യാത്രയ്ക്കു പണം ഇല്ലാതിരുന്നതുകൊണ്ടു ലോറി ഡ്രൈവര്‍ മാരോടും മറ്റും ചങ്ങാത്തം കൂടി സൌജന്യയാത്ര തരപ്പെടുത്തിയും മറ്റനേകം കഷ്ടപ്പാടുകള്‍ സഹിച്ചും ആണ് വന്നത്. ഒരേ ഒരു ലക്‌ഷ്യം മത്സരത്തില്‍ പങ്കെടുക്കുക എന്നതും. അദ്ദേഹത്തിനു പതിനായിരക്കണക്കിനു ശ്ലോകങ്ങള്‍ അറിയാമായിരുന്നു. സംസ്കൃതത്തില്‍ നല്ല വ്യുല്‍പത്തി ഉണ്ടായിരുന്നു. ഹിമാലയപര്‍വതത്തിലും മറ്റും ഉള്ള മഹാജ്ഞാനികളായ സന്യാസിമാരില്‍ നിന്നു അപൂര്‍വങ്ങളും ഉത്തമങ്ങളും ആയ ധാരാളം ശ്ലോകങ്ങള്‍ സമ്പാദിച്ചു ഹൃദിസ്ഥമാക്കിയിരുന്നു. അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു യാതൊരു കുറവും ഉണ്ടായിരുന്നില്ല. പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം? നാലു റൌണ്ട് കഴിഞ്ഞപ്പോള്‍ ജഡ്ജിമാര്‍ അദ്ദേഹത്തെ എലിമിനേറ്റു ചെയ്തു. അദ്ദേഹം നന്നായി ചൊല്ലിയില്ലത്രേ! സ്വരമാധുര്യമുള്ള ചില അല്പജ്ഞാനികളായ പെണ്‍കുട്ടികളും മറ്റും ആണ് ജഡ്ജിമാരുടെ അഭിപ്രായത്തില്‍ നന്നായി ചൊല്ലിയതു.

സ്വാമിക്ക് ഉണ്ടായ ക്രോധത്തിനു കണക്കും കയ്യും ഇല്ല. പക്ഷേ ക്രോധം പ്രകടിപ്പിക്കാന്‍ പാടുണ്ടോ? സ്വാമിയല്ലേ? ആദിശ്ശര്‍ എന്ന സാധാരണക്കാരന്‍ ശകാരിച്ചതു പോലെ അദ്ദേഹത്തിനു ശകാരിക്കാന്‍ പറ്റുമോ? സ്വാമി അകെ വിഷമിച്ചുപോയി. വല്ല വിധേനയും ക്രോധം നിയന്ത്രിച്ച്‌ അദ്ദേഹം തിരിച്ചു പോയി. ക്രോധം കാരണം രാത്രി അദ്ദേഹത്തിനു ഉറങ്ങാന്‍ കഴിഞ്ഞില്ല. ക്രോധം തീരാന്‍ ഒരു ശകാരമുക്തകം എഴുതിക്കളയാം എന്നു തീരുമാനിച്ചു. അങ്ങനെ “മൂഢന്‍മാര്‍ ചിലരൊത്തുചേര്‍ന്നു… “എന്നു തുടങ്ങുന്ന ഒരു ശകാരമുക്തകം എഴുതി.പക്ഷേ ക്രോധം തീര്‍ന്നില്ല. രണ്ടു ശ്ലോകങ്ങള്‍ കൂടി എഴുതി ഒരു ശകാരത്രയം ആക്കി. എന്നിട്ടും ക്രോധം ബാക്കി നില്‍ക്കുന്നു. വീണ്ടും ശ്ലോകങ്ങള്‍ എഴുതി. ശകാരപഞ്ചകം, ദശകം, വിംശതി ഇങ്ങനെ എണ്ണം കൂടിക്കൂടി മുന്നോട്ടു പൊയ്ക്കൊണ്ടേ ഇരുന്നു. നൂറു ശ്ലോകങ്ങള്‍ കവിഞ്ഞപ്പോള്‍ മാത്രമാണ് ക്രോധം അല്പമെങ്കിലും ശമിച്ചത്. അങ്ങനെ ശകാരശതകം എന്ന കൃതി ജന്മമെടുത്തു. എലിമിനേഷന്‍ എന്ന ചാട്ട കൊണ്ടു വിവരദോഷികളായ പണ്ഡിതമ്മന്യന്‍മാര്‍ അടിക്കുമ്പോള്‍  തിരിച്ചടിക്കാന്‍ ധൈര്യമുള്ള ആദിശ്ശരെപ്പോലെയുള്ള അഭിമാനികള്‍ക്ക് എടുത്തു പ്രയോഗിക്കാന്‍ പാകത്തിലുള്ള ശക്തമായ ഇരുമ്പുവടികള്‍ പോലെ അതിലെ ശ്ലോകങ്ങള്‍ വിരാജിക്കുന്നു.

ഗുണപാഠം : മറ്റാരെ ദേഷ്യം പിടിപ്പിച്ചാലും സന്യാസിമാരെ ദേഷ്യം പിടിപ്പിക്കരുത്. അവരുടെ കോപം ശാപമായി മാറും. പണമോ പ്രതാപമോ പാണ്ഡിത്യമോ ഒന്നുകൊണ്ടും അതില്‍നിന്നു രക്ഷപ്പെടാന്‍ കഴിയുകയില്ല.

10. വിശ്വാസവും പ്രതീക്ഷയും തകര്‍ത്ത പ്രതിനിധി

അനീതി, അവഗണന മുതലവയുടെ ഫലമായി കഷ്ടത അനുഭവിക്കുന്ന വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആരെങ്കിലും ഒരു അധികാരസ്ഥാനത്ത് എത്തിയാല്‍ വളരെ സന്തോഷിക്കും. അയാള്‍ തങ്ങളുടെ പ്രതിനിധി ആയി പ്രവര്‍ത്തിക്കും എന്നും തങ്ങള്‍ക്കു വേണ്ടി പട വെട്ടും എന്നും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും എന്നും തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു തരും എന്നും മറ്റും ഉള്ള പ്രതീക്ഷയും വിശ്വാസവും ആണ് ഈ സന്തോഷത്തിനു കാരണം. അയ്യന്‍‌കാളിയെ പോലെ ഉള്ള പല പ്രതിനിധികളും സ്വവര്‍ഗ്ഗക്കാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുകയും വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുക്കുകയും തങ്ങളില്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസം കാത്തു സൂക്ഷിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നേരെ വിപരീതമായി പ്രവര്‍ത്തിച്ചു സ്വന്തം കൂട്ടരുടെ കദനഭാരം പതിന്മടങ്ങു വര്‍ദ്ധിപ്പിച്ച പ്രതിനിധികളെയും അപൂര്‍വ്വമായിട്ടെങ്കിലും കാണാം. അത്തരം ഒരു പ്രതിനിധിയുടെ കഥയാണ് ഇത്.

1955ല്‍ തൃശ്ശൂരിലെ ഏതാനും പണ്ഡിതന്‍മാര്‍ അക്ഷരശ്ലോകസര്‍വ്വജ്ഞന്‍മാരായി സ്വയം അവരോധിച്ചു. അക്ഷരശ്ലോകമത്സരാര്‍ഥികളെ അവര്‍ രണ്ടായി തരം തിരിച്ചു. നന്നായി ചൊല്ലുന്നവരും മോശമായി ചൊല്ലുന്നവരും. ജന്മസിദ്ധമായ
ശബ്ദമേന്മ, സംഗീതവാസന മുതലായവ ഇല്ലാത്തവരെ എല്ലാം അവര്‍ രണ്ടാമത്തെ കൂട്ടത്തിലാണു പെടുത്തിയത്. അത്തരക്കാരെ എല്ലാ മത്സരങ്ങളില്‍ നിന്നും അവര്‍ നിഷ്കരുണം എലിമിനേറ്റു ചെയ്തു. ശബ്ദമേന്മ ഇല്ലാത്തവര്‍ക്ക് യാതൊരു ഗതിയും ഇല്ലാത്ത അവസ്ഥയായി. ആയിരക്കണക്കിനു ഉത്തമമായ ശ്ലോകങ്ങള്‍ യാതൊരു തെറ്റും ഇല്ലാതെ പഠിച്ചുകൊണ്ടു വന്നാലും
എലിമിനേഷന്‍ എന്ന ചാട്ട കൊണ്ടുള്ള അടിയേറ്റു പുറത്തു പോകുകയല്ലാതെ യാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. ഈ വിഷമസ്ഥിതിയില്‍ അവര്‍ പ്രത്യാശയുടെ ഒരു രശ്മി കണ്ടു. മേല്‍പ്പറഞ്ഞ പണ്ഡിതന്‍മാരുടെ കൂട്ടത്തില്‍ തങ്ങളെപ്പോലെ ശബ്ദമേന്മ കുറഞ്ഞ ഒരാള്‍ ഉണ്ടായിരുന്നു. അദ്ദേഹം ധാരാളം ശ്ലോകങ്ങള്‍ അറിയാവുന്ന ഒരു വലിയ അക്ഷരശ്ലോകവിദഗ്ദ്ധനും ആയിരുന്നു. അദ്ദേഹം തങ്ങളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുമെന്നും തങ്ങള്‍ക്കു വേണ്ടി വാദിക്കുമെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു തരുമെന്നും അവര്‍ പ്രതീക്ഷിച്ചു. അവര്‍ അദ്ദേഹത്തെ കണ്ടു തങ്ങളുടെ സങ്കടങ്ങള്‍ ഉണര്‍ത്തിച്ചു. അദ്ദേഹത്തിന്‍റെ പ്രതികരണം എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു തരിപ്പണം ആക്കുന്നതയിരുന്നു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു. “അക്ഷരശ്ലോകം ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന ഒരു കലയാണ്. അതിനു നന്നായി ചൊല്ലാനുള്ള കഴിവ് ഉണ്ടായേ മതിയാവൂ.
കഴിവില്ലാത്തവര്‍ ഉള്ളവരോടൊപ്പം പരിഗണന കിട്ടണം എന്ന് ആഗ്രഹിക്കരുത്. ആഗ്രഹിച്ചാല്‍ അതു സ്വാര്‍ത്ഥതയും അത്യാഗ്രഹവും ദുരാഗ്രഹവും ഒക്കെ ആകും. എനിക്കു ഇത്രയും ശ്ലോകങ്ങള്‍ അറിയാമായിരുന്നിട്ടും ഞാന്‍ മത്സരങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ? നിങ്ങളും അതുപോലെ മാറി നില്‍ക്കുകയാണു വേണ്ടത്. എന്നിട്ടു ഭംഗിയായി ചൊല്ലി ശ്രോതാക്കളെ ആഹ്ലാദിപ്പിക്കാന്‍ കഴിവുള്ളവര്‍ക്ക് അതിനുള്ള വഴി ഒരുക്കി കൊടുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. അതാണു നിസ്വാര്‍ത്ഥതയും സേവനമനസ്ഥിതിയും.”

സര്‍വ്വജ്ഞനായ ഈ പണ്ഡിതന്‍ ഒരിക്കലും തന്‍റെ അഭിപ്രായം മാറ്റിയില്ല. അദ്ദേഹം തങ്ങളുടെ പ്രതിനിധിയായി തങ്ങളുടെ പക്ഷത്തു നിന്നുകൊണ്ട് തങ്ങള്‍ക്കു താങ്ങും തണലും ആയി വര്‍ത്തിക്കും എന്ന പ്രതീക്ഷയെയും വിശ്വാസത്തെയും അദ്ദേഹം തകിടം മറിച്ചു. ശബ്ദമേന്മ ഉള്ള പണ്ഡിതന്‍മാരെക്കാള്‍ കൂടുതല്‍ അവരെ ദ്രോഹിച്ചതു ശബ്ദമേന്മ ഇല്ലാത്ത ഈ പണ്ഡിതന്‍ ആയിരുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ശബ്ദമേന്മ ഇല്ലാത്ത
മത്സരാര്‍ഥികളെ എലിമിനേറ്റു ചെയ്യുന്നതില്‍ അദ്ദേഹം
കാണിച്ച വീറും വാശിയും അദ്ദേഹത്തിനു പ്രധാന ജഡ്ജി
എന്ന സ്ഥാനം നേടിക്കൊടുത്തു. ജീവിതകാലം മുഴുവന്‍
അദ്ദേഹം പ്രധാന ജഡ്ജി സ്ഥാനം അലങ്കരിക്കുകയും
തന്നെപ്പോലെ ശബ്ദമേന്മ കുറഞ്ഞ മറ്റുള്ളവരെ എലിമിനേഷന്‍ എന്ന ചാട്ട കൊണ്ടു തലങ്ങും വിലങ്ങും പ്രഹരിച്ചു പുറന്തള്ളുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. തന്‍റെ സദുപദേശം ചെവിക്കൊള്ളാതെയും താന്‍ കാണിച്ചുകൊടുത്ത ഉത്തമമാതൃക പിന്തുടരാതെയും അത്യാഗ്രഹത്താലും ദുരാഗ്രഹത്താലും പ്രേരിതരായി മത്സരവേദികളിലേക്കു വലിഞ്ഞുകയറി വരുന്ന സ്വാര്‍ത്ഥന്‍മാരെ കഠിനമായി ശിക്ഷിക്കേണ്ടതു തന്നെ അല്ലേ?

11. അനുകരണം പരീക്ഷിച്ച മത്സരാര്‍ഥി

ഒരിടത്തു ധാരാളം ശ്ലോകങ്ങള്‍ അറിയാവുന്ന ഒരു വിദ്യാസമ്പന്നന്‍ ഉണ്ടായിരുന്നു. അക്ഷരശ്ലോക മത്സര രംഗത്ത് ഒരു കൈ നോക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മാര്‍ക്കിടല്‍ ഉള്ള പുരോഗമനപരമായ മത്സരങ്ങളില്‍ ആണ് അദ്ദേഹം പങ്കെടുത്തത്. വളരെ പ്രതീക്ഷയോടെയാണ് പങ്കെടുത്തത്. പക്ഷേ സമ്മാനം ഒന്നും കിട്ടിയില്ല. ആലോചിച്ചു നോക്കിയിട്ടു ഒരു കാരണവും കാണാന്‍ കഴിഞ്ഞില്ല. ഒരു തെറ്റും ഇല്ലാതെ കിട്ടിയ അക്ഷരങ്ങളില്‍ എല്ലാം ശ്ലോകം ചൊല്ലിയിട്ടും സമ്മാനം കിട്ടാത്തത് എന്തു കൊണ്ട്? എന്നോളം അറിവില്ലാത്ത പലര്‍ക്കും സമ്മാനം കിട്ടിയല്ലോ? അദ്ദേഹം പല അഭിജ്ഞന്‍മാരോടും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചു. “ലയിച്ചു ചൊല്ലണം.”  “ആസ്വദിച്ചു ചൊല്ലണം” എന്നിങ്ങനെ ചില ഉപദേശങ്ങളാണ് മറുപടിയായി കിട്ടിയത്. സമ്മാനം കിട്ടിയ ചിലര്‍ തല ആട്ടിക്കൊണ്ടും കൈകാലുകള്‍ ഇളക്കി അംഗവിക്ഷേപം നടത്തിക്കൊണ്ടും ചൊല്ലിയിരുന്ന കാര്യം അദ്ദേഹം ഓര്‍മ്മിച്ചു. ഇതായിരിക്കും ലയിച്ചു ചൊല്ലലും ആസ്വദിച്ചു ചൊല്ലലും എന്നു തീരുമാനിച്ചു. പിന്നീട് അദ്ദേഹം തല ആട്ടിക്കൊണ്ടും  കൈക്രിയകള്‍ കാണിച്ചു കൊണ്ടും ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങി. പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല. പഴയതു പോലെ അദ്ദേഹം വീണ്ടും വീണ്ടും തഴയപ്പെട്ടു.

അതോടെ അദ്ദേഹം അക്ഷരശ്ലോകമത്സരങ്ങളോട്‌ ഗുഡ്ബൈ പറയാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഏകാക്ഷരമത്സരങ്ങളെപ്പറ്റി കേള്‍ക്കാന്‍ ഇടയായത്. അതും ഒന്നു പരീക്ഷിച്ചുനോക്കി. അദ്ഭുതം എന്നു പറയട്ടെ അദ്ദേഹത്തിനു നിഷ്പ്രയാസം ജയിക്കാന്‍ കഴിഞ്ഞു. സ്വര്‍ണ്ണമെഡലും അവാര്‍ഡും ഉള്‍പ്പെടെ ധാരാളം സമ്മാനങ്ങള്‍ അദ്ദേഹം വാരിക്കൂട്ടി.

ഗുണപാഠം : മാര്‍ക്കു നേടാനുള്ള കഴിവു ജന്മസിദ്ധമാണ്. അതില്ലാത്തവര്‍ ഉള്ളവരെ അനുകരിച്ചാല്‍ യാതൊരു ഫലവും ഉണ്ടാവുകയില്ല. അതിനാല്‍ അവര്‍ മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ പങ്കെടുക്കാതെ ഇരിക്കുന്നതാണ് ബുദ്ധി.

12. അന്തകമത്സരാര്‍ഥി

അന്തകവിത്ത് എന്നു കേട്ടിട്ടുണ്ട്. പക്ഷേ അന്തക മത്സരാര്‍ഥി എന്നു കേട്ടിട്ടില്ല എന്നായിരിക്കും മിക്കവരും പറയുക. അക്ഷരശ്ലോക മത്സരങ്ങളുടെ അന്തകന്‍മാരായി തീരുന്ന ചില മത്സരാര്‍ഥികള്‍ ഉണ്ട്. അവരാണ് അന്തകമത്സരാര്‍ഥികള്‍.

ഒരിക്കല്‍ വളരെയേറെ അക്ഷരശ്ലോകപ്രേമികള്‍ ഉള്ള ഒരു നാട്ടില്‍ കുറേ ഉദാരമതികള്‍ ചേര്‍ന്ന് ഒരു അക്ഷരശ്ലോക മത്സരം തുടങ്ങി. ഏകാക്ഷരമത്സരം ആയിരുന്നു. നാലഞ്ചു കൊല്ലം മത്സരം ഭംഗിയായി നടന്നു. അടുത്ത കൊല്ലം ഒരു പുതിയ മത്സരാര്‍ഥി വന്നു. കക്ഷിക്കു ധാരാളം ശ്ലോകങ്ങള്‍ അറിയാം. പക്ഷേ ഒന്നും ശരിക്ക് അറിഞ്ഞുകൂടാ. സൂരി നമ്പൂതിരിയുടെ ശ്ലോകം ചൊല്ലല്‍ പോലെ തപ്പിയും തടഞ്ഞും മുക്കിയും മൂളിയും  ഒക്കെ ചൊല്ലി ഒപ്പിക്കും. കസേരയില്‍ നിന്നു സ്വയം എഴുന്നേറ്റു പോകുന്ന പ്രശ്നമേ ഇല്ല. ജഡ്ജിമാര്‍ നിര്‍ബ്ബന്ധപൂര്‍വ്വം പുറത്താക്കിയാല്‍ മാത്രമേ പോവുകയുള്ളൂ. ഓരോ റൌണ്ടിലും പല ശ്ലോകങ്ങളും അപൂര്‍ണ്ണമാക്കി ഉപേക്ഷിക്കും. ഒഴുക്കുള്ള ശൈലി ഇല്ല. ശ്ലോകങ്ങളെ മുറിച്ചു കഷണം കഷണമാക്കിയാണു ചൊല്ലുന്നത്. ഒരു കഷണം ചൊല്ലിയിട്ടു കുറേ നേരം ആലോചിച്ച് ഇരുന്നിട്ടാണ് അടുത്ത കഷണം ചെല്ലുന്നത്. കക്ഷി ശ്രോതാക്കള്‍ക്ക് ഒരു കര്‍ണ്ണശല്യവും ജഡ്ജിമാര്‍ക്ക് ഒരു ഭാരവും ആയിത്തീര്‍ന്നു. എങ്കിലും ഏകാക്ഷരമത്സരമല്ലേ? അവര്‍ സംയമനം പാലിച്ചു. പോരെങ്കില്‍ ആ നാട്ടിലുള്ളവര്‍ വളരെ ശമഗുണവാന്‍മാരും ആയിരുന്നു. അതിനാല്‍ കക്ഷി തന്നെ ഒന്നാം സമ്മാനം നേടി. പിന്നീട് എല്ലാ വര്‍ഷവും കക്ഷി മത്സരിക്കാന്‍ വരുന്നതു പതിവായി. മനസ്സില്ലാമനസ്സോടെ ആണെങ്കിലും എല്ലാ വര്‍ഷവും കക്ഷിക്ക് ഒന്നാം സമ്മാനം കൊടുക്കാന്‍ ഭാരവാഹികള്‍ നിര്‍ബ്ബന്ധിതരായി. നാലഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റു ചില മത്സരാര്‍ഥികള്‍ കക്ഷിയോടു ഇനി മാറി നില്‍ക്കുന്നതാണ് നല്ലതെന്നു സൂചിപ്പിച്ചു. പക്ഷേ അത് അസൂയയും സ്വാര്‍ത്ഥതയും കൊണ്ടാണെന്നു കക്ഷി വ്യാഖ്യാനിക്കുകയും വീണ്ടും വീണ്ടും വന്ന് ഒന്നാം സമ്മാനം വാങ്ങിക്കൊണ്ടു പോകുകയും ചെയ്തു. അവസാനം ഭാരവാഹികള്‍ സഹി കെട്ടു. അവര്‍ മത്സരം തന്നെ അവസാനിപ്പിച്ചു. കക്ഷിക്കും ഇല്ല , മറ്റുള്ളവര്‍ക്കും ഇല്ല എന്ന അവസ്ഥയായി. അക്ഷരശ്ലോകപ്രസ്ഥാനത്തിനും മറ്റു മത്സരാര്‍ഥികള്‍ക്കും ഉണ്ടായ ഈ തീരാനഷ്ടത്തിനു മേല്‍പ്പറഞ്ഞ മത്സരാര്‍ഥി മാത്രമായിരുന്നു ഏക ഉത്തരവാദി. ഇത്തരം മത്സരാര്‍ഥികളാണ് അന്തക മത്സരാര്‍ഥികള്‍.

മറ്റൊരു ജില്ലയില്‍ മറ്റൊരു കൂട്ടം ഉദാരമതികള്‍ ആരംഭിച്ച ഏകാക്ഷരമത്സരത്തിനും ഇതേ കക്ഷി ഇതേ രീതിയില്‍ അന്ത്യം കുറിക്കുകയുണ്ടായി.

അന്തകമത്സരാര്‍ഥികള്‍ക്ക് ഇത്രയധികം നാശം വിതയ്ക്കാന്‍ അവസരം കിട്ടുന്നതിന് ഒരു പ്രധാന കാരണം അവരുടെ കാര്യത്തില്‍ ജഡ്ജിമാരും സംഘാടകരും സ്വീകരിക്കുന്ന മൃദുസമീപനമാണ്. അക്ഷരശ്ലോകരംഗത്തേക്കു കടന്നു വരുന്നവരുടെ എണ്ണം വളരെ കുറവായതുകൊണ്ട് ആരെയും നിരുത്സാഹപ്പെടുത്തണ്ട എന്നു കരുതിയാണ് അവര്‍ ഇങ്ങനെ അമിതമായ സഹിഷ്ണുത കാട്ടുന്നത്. ഫലമോ? വെളുക്കാന്‍ തേച്ചു പാണ്ടു പിടിച്ചു എന്നു പറഞ്ഞ പോലെയുള്ള അനുഭവം. ശ്രോതാക്കള്‍ക്ക് അക്ഷരശ്ലോകത്തെപ്പറ്റി വളരെ മോശമായ ധാരണ ഉണ്ടാകാന്‍ അന്തകമത്സരാര്‍ഥികളുടെ അങ്ങേ അറ്റം വിരസമായ പ്രകടനം കാരണമാകുന്നു. മാര്‍ക്കിടല്‍ പോലെയുള്ള വികലപരിഷ്കാരങ്ങള്‍ ആവിര്‍ഭവിക്കാന്‍ ഒരു പ്രധാന കാരണവും അതു തന്നെ.

ഗുണപാഠം : അന്തകമത്സരാര്‍ഥികളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഉള്ള സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ അക്ഷരശ്ലോകത്തിന്റെ ഭാവി തന്നെ അപകടത്തില്‍ ആകും. നമ്മില്‍ ഓരോരുത്തരിലും ഒരു അന്തക മത്സരാര്‍ഥി ഒളിഞ്ഞിരിപ്പുണ്ട്. നാം തന്നെ നിയന്ത്രിച്ചാല്‍ മറ്റുള്ളവര്‍ക്കു വലിയ ആശ്വാസവും പ്രസ്ഥാനത്തിന് അങ്ങേ അറ്റം ഗുണകരവും ആയിരിക്കും.  വിളമ്പുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ ഉണ്ണുന്നവന്‍ എങ്കിലും അറിയണമല്ലോ.

13. പ്രതികരിക്കാതെ പിന്‍മാറിയവര്‍

തൃശ്ശൂരിലെ ഉന്നതന്‍മാര്‍ 1955 മുതല്‍ അക്ഷരശ്ലോകത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി എലിമിനേഷന്‍ എന്ന ഒരു പുതിയഏര്‍പ്പാടു തുടങ്ങുക ഉണ്ടായല്ലോ. ബഹുകേമന്മാരായ അക്ഷരശ്ലോക വിദഗ്ദ്ധന്‍മാര്‍ പോലും എലിമിനേറ്റു ചെയ്യപ്പെട്ടു. അവരില്‍ ചിലര്‍ ശക്തമായി പ്രതികരിച്ചു. പക്ഷേ ബഹുഭൂരിപക്ഷം വിദഗ്ദ്ധന്മാരും നിശ്ശബ്ദരായി പിന്‍മാറുകയാണു ചെയ്തത്. അറിവും ബുദ്ധിയും കുറഞ്ഞവര്‍ ഇങ്ങനെ ചെയ്താല്‍ അദ്ഭുതമില്ല. പക്ഷേ നല്ല അറിവും കുശാഗ്രബുദ്ധിയും ഉരുളയ്ക്ക് ഉപ്പേരി പോലെ പെട്ടെന്നു ചുട്ട മറുപടി കൊടുക്കാനുള്ള സാമര്‍ത്ഥ്യവും ഒക്കെ ഉള്ള ചിലര്‍ ഇങ്ങനെ പിന്‍മാറിയത് അദ്ഭുതവും നിരാശയും ഉണ്ടാക്കുന്ന കാര്യമാണ്.

നല്ല കവിത്വമുള്ള ഒരു നമ്പൂതിരി ഉണ്ടായിരുന്നു. അക്ഷരശ്ലോകക്കാര്‍ ചൊല്ലുന്ന പല പ്രസിദ്ധ ശ്ലോകങ്ങളുടെയും കര്‍ത്താവു അദ്ദേഹമാണ്. വലിയ അക്ഷരശ്ലോകക്കമ്പക്കാരനും ആയിരുന്നു. പ്രകരണശുദ്ധിയുടെ കാര്യത്തില്‍ അദ്വിതീയന്‍ ആയിരുന്ന അദ്ദേഹം പല പ്രസിദ്ധ ശ്ലോകങ്ങള്‍ക്കും വൃത്താനുവൃത്തമായും ഭാവാനുഭാവമായും കിറുകൃത്യമായി യോജിക്കുന്ന വിധത്തില്‍ സ്വന്തമായി ശ്ലോകങ്ങള്‍ നിര്‍മ്മിച്ചു സൂക്ഷിക്കുകയും യഥാസന്ദര്‍ഭം ചൊല്ലുകയും ചെയ്തുപോന്നു. അദ്ദേഹം ഒരിക്കല്‍ തൃശ്ശൂര്‍ പൂരത്തിന്റെ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി. പക്ഷേ ആദ്യ ഘട്ടത്തില്‍ തന്നെ അദ്ദേഹം എലിമിനേറ്റു ചെയ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ ചൊല്ലലില്‍ ഒരു മേന്മയും ജഡ്ജിമാര്‍ കണ്ടില്ല. അദ്ദേഹത്തില്‍ നിന്നു ശക്തമായ പ്രതികരണം പലരും പ്രതീക്ഷിച്ചു. പക്ഷേ അദ്ദേഹം നിശ്ശബ്ദനായി തിരിച്ചുപോകുകയാണു ചെയ്തത്. ഒരു കാര്യം മാത്രം അദ്ദേഹം ചെയ്തു. ഇനിമേല്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയില്ല എന്നു ശപഥം ചെയ്തു. അതിനുശേഷം അദ്ദേഹം സദസ്സുകളില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ.

ഇതുപോലെ മറ്റൊരാളുടെ കഥയും പറയാനുണ്ട്‌. അദ്ദേഹം എറണാകുളത്ത് ഒരു ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു. അക്ഷരങ്ങളെയും ശ്ലോകങ്ങളെയും അഗാധമായി സ്നേഹിച്ചിരുന്ന അദ്ദേഹത്തിനു കലശലായ ശ്ലോകക്കമ്പവും ഉണ്ടായിരുന്നു. അദ്ദേഹവും തൃശ്ശൂര്‍ പൂരത്തിന്റെ മത്സരത്തില്‍ പങ്കെടുക്കുകയും എലിമിനേഷന്‍ അനുഭവിക്കുകയും ചെയ്തു. അദ്ദേഹവും അക്ഷരശ്ലോകത്തോട്‌ എന്നെന്നേക്കുമായി ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞുപോയതല്ലാതെ കാര്യമായി പ്രതികരിച്ചില്ല.

ഇത്തരക്കാരുടെ നിസ്സംഗതയും അലംഭാവവും നിഷ്ക്രിയത്വവും ആണ് തൃശ്ശൂരിലെ സര്‍വ്വജ്ഞന്മാരുടെ ധിക്കാരവും ധാര്‍ഷ്ട്യവും വര്‍ദ്ധിപ്പിക്കുന്നത്‌ എന്നു പറഞ്ഞാല്‍ തെറ്റാകുമോ?

ഗുണപാഠം : പ്രതികരിക്കേണ്ടവര്‍ വേണ്ടതു പോലെ പ്രതികരിച്ചില്ലെങ്കില്‍ ധിക്കാരികളുടെ ധാര്‍ഷ്ട്യം അനുദിനം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും.

14. ചാടി വീഴുന്ന സര്‍വ്വജ്ഞന്‍മാര്‍

ഇക്കാലത്തു നേരേചൊവ്വേ (അതായതു മാര്‍ക്കിടാതെ) ഒരു അക്ഷരശ്ലോകമത്സരം നടത്താന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ അതു നടക്കാന്‍ വലിയ പ്രയാസമാണ്. എവിടെ നിന്നെങ്കിലും ഒരു അക്ഷരശ്ലോകസര്‍വ്വജ്ഞന്‍ ചാടി വീണു മാര്‍ക്കിടല്‍ അടിച്ചേല്‍പ്പിക്കും. അങ്ങനെ മത്സരം അലങ്കോലം ആകും. അത്തരം ഒരു സംഭവ കഥയാണ് ഇത്.

1994 ലൊ മറ്റോ ചങ്ങനാശ്ശേരിയില്‍ സംസ്കാര എന്ന ഒരു സംഘടന ഒരു അക്ഷരശ്ലോകമത്സരം നടത്താന്‍ തീരുമാനിച്ചു. നോട്ടീസ് അച്ചടിച്ച്‌ വിതരണവും ചെയ്തു. മന്ദാക്രാന്ത, മാലിനി മുതലായ വൃത്തങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് തന്നിട്ട് ഈ വൃത്തങ്ങളില്‍ എല്ലാം ശ്ലോകം ചൊല്ലണം എന്നു പറഞ്ഞിരുന്നു. മാര്‍ക്കിടും എന്നു പറഞ്ഞിരുന്നില്ല. മാര്‍ക്കിടാന്‍ സംഘാടകര്‍ ഉദ്ദേശിച്ചിരുന്നതിന്റെ യാതൊരു സൂചനയും നോട്ടീസില്‍ എങ്ങും ഉണ്ടായിരുന്നില്ല. മാര്‍ക്കിടാതെ മത്സരം നടത്തും എന്ന വിശ്വാസത്തില്‍ ധാരാളം മത്സരാര്‍ഥികള്‍ ചങ്ങനാശ്ശേരിയില്‍ എത്തിച്ചേര്‍ന്നു.

മത്സരം തുടങ്ങാറായപ്പോള്‍ രാമപുരത്തുകാരനായ  ഒരു അക്ഷരശ്ലോകസര്‍വ്വജ്ഞന്‍ അവിടെ ചാടി വീഴുകയും മാര്‍ക്കിട്ടാണ് മത്സരം നടത്തേണ്ടതെന്നു ശഠിക്കുകയും ചെയ്തു. സംഘാടകര്‍ക്ക് അദ്ദേഹത്തിന്‍റെ അഭിപ്രായത്തിനു എതിരു പറയാനുള്ള ശക്തി ഉണ്ടായിരുന്നില്ല. അവര്‍ തിരശ്ശീലയ്ക്കു പിന്നില്‍ ഒളിച്ചു. മത്സരാര്‍ഥികളുടെ അഭിപ്രായങ്ങളെ സര്‍വ്വജ്ഞന്‍ ഗൌനിച്ചില്ല. അങ്ങനെ അദ്ദേഹം തന്നെ ഏകാംഗജഡ്ജിയായിരുന്നു മത്സരം നടത്തി. പല വൃത്തങ്ങളിലും ശ്ലോകം ചൊല്ലാതിരുന്ന ഒരു പെണ്‍കുട്ടിക്കായിരുന്നു മാര്‍ക്കു കൂടുതല്‍ കിട്ടിയത്. ഇത്രയും ഭംഗിയായി ചൊല്ലിയ ഈ കുട്ടിക്കു സമ്മാനം കൊടുത്തില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്‌ കൊടുക്കേണ്ടത് എന്നു സര്‍വ്വജ്ഞന്‍ പരസ്യമായി ചോദിക്കുന്നുണ്ടായിരുന്നു.

സമ്മാനം പിന്നീട് ഒരു ദിവസം കൊടുക്കും എന്നു പറഞ്ഞു എല്ലാ മത്സരാര്‍ഥികളെയും തിരിച്ചയച്ചു. പല മത്സരാര്‍ഥികളും പിന്നീട് അങ്ങോട്ടു തിരിഞ്ഞു നോക്കാനേ പോയില്ല. ആര്‍ക്കെങ്കിലും സമ്മാനം കൊടുത്തോ എന്നും അറിയില്ല. ആ സംഘടനയെപ്പറ്റിയോ സര്‍വ്വജ്ഞനെപ്പറ്റിയോ പിന്നീട് ഒന്നും കേട്ടിട്ടും ഇല്ല.

ലോകത്ത് എവിടെ ഒരു അക്ഷരശ്ലോക മത്സരം നടത്തിയാലും ഇത്തരത്തില്‍ ഒരു സര്‍വ്വജ്ഞന്‍ എവിടെ നിന്നെങ്കിലും ചാടി വീഴാതിരിക്കുകയില്ല. സംഘാടകര്‍ക്കു നല്ല അറിവും തന്റേടവും ഇല്ലെങ്കില്‍ മത്സരം കുളമായതു തന്നെ.

15. ജഡ്ജി പഠിച്ച പാഠം

ഒരിടത്തു സര്‍വ്വജ്ഞനായ ഒരു അക്ഷരശ്ലോകജഡ്ജി ഉണ്ടായിരുന്നു. അക്ഷരശ്ലോകത്തെപ്പറ്റി തനിക്ക് ഇനി ഒന്നും അറിയാനില്ല എന്ന് അഹങ്കരിച്ചിരുന്ന അദ്ദേഹം ജഡ്ജിപീഠത്തില്‍ ഞെളിഞ്ഞിരുന്ന് മാര്‍ക്കിടുന്നതിലും മാര്‍ക്കു കുറഞ്ഞവരെ എലിമിനേറ്റു ചെയ്യുന്നതിലും അതിയായ ആനന്ദം കണ്ടെത്തിയിരുന്നു. സാഹിത്യമൂല്യം, അവതരണഭംഗി, ആസ്വാദ്യത, കലാമൂല്യം മുതലായവയെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്നതും അദ്ദേഹത്തെ ഹരം കൊള്ളിച്ചിരുന്നു. എങ്കിലും അദ്ദേഹം അതു വരെ ഒരു  മത്സരത്തിലും പങ്കെടുത്തിരുന്നില്ല.

അങ്ങനെ ഇരിക്കെ അദ്ദേഹത്തിനു ഒരു പൂതി തോന്നി. ഒരു മത്സരത്തില്‍ പങ്കെടുത്തു തന്‍റെ അന്യാദൃശമായ കഴിവു മറ്റുള്ളവര്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം. ഇത്രയും കേമനും സര്‍വ്വജ്ഞനും ആയ തനിക്ക് എന്തായാലും ഒന്നാം സമ്മാനം കിട്ടാതിരിക്കുകയില്ല.

അങ്ങനെ അദ്ദേഹം ഒരു മത്സരത്തില്‍ പങ്കെടുത്തു. അദ്ദേഹം തന്‍റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്തു ഗംഭീരമായിത്തന്നെ ശ്ലോകങ്ങള്‍ ചൊല്ലി. പക്ഷേ ഫലം വന്നപ്പോള്‍ അദ്ദേഹത്തിനു വെറും ഒരു പ്രോത്സാഹനസമ്മാനം മാത്രമേ കിട്ടിയുള്ളൂ. നല്ല സ്വരമാധുര്യവും സംഗീതപാടവവും ഉള്ള ചില യുവതികളും യുവാക്കളും ആണു പ്രധാനപ്പെട്ട സമ്മാനങ്ങള്‍ എല്ലാം നേടിയത്.

അങ്ങനെ അദ്ദേഹം ഒരു പാഠം പഠിച്ചു. സര്‍വ്വജ്ഞനും കേമനും ഒക്കെ ആയാലും മാര്‍ക്കിടല്‍ ഉള്ള മത്സരത്തില്‍ പങ്കെടുത്താല്‍ സ്വരമാധുര്യവും പാട്ടും ഉള്ള യുവതീയുവാക്കളുടെ മുമ്പില്‍ അടിയറവു പറയേണ്ടി വരും.

16. ഉന്നതന്‍മാരുടെ ഇടയില്‍ ഒരു സ്ഥാനം

ഉന്നതന്‍മാരുടെ ഇടയില്‍ ഒരു സ്ഥാനം കിട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ആരും കാണുകയില്ല. ചാള്‍സ് ഡിക്കന്‍സിന്റെ ഒരു കഥാപാത്രം ഒരു വലിയ പട്ടണത്തില്‍ ചെന്നു താമസിക്കുകയും  അവിടെയുള്ള ഉന്നതന്‍മാരുടെ ഇടയില്‍ ഒരു സ്ഥാനം നേടാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. അവസാനം അയാള്‍ മടിച്ചു മടിച്ച് ഒരാളോട് ഇങ്ങനെ ചോദിക്കുന്നു.”How does one get into high society in this city?” തികച്ചും മനുഷ്യസഹജമാണ് ഈ ആഗ്രഹം. പക്ഷേ അതിരു കടന്നാല്‍ അതു മനുഷ്യനെ പരിഹാസ്യനും വെറുക്കപ്പെട്ടവനും ആക്കും. അത്തരത്തില്‍ ഉള്ള ഒരു മാന്യന്റെ കഥയാണ് ഇത്.

ഒരിടത്ത് ഒരു അക്ഷരശ്ലോകവിദഗ്ദ്ധന്‍ ഉണ്ടായിരുന്നു. താനാണ് ലോകത്തിലെ ഏറ്റവും വലിയ  അക്ഷരശ്ലോകവിദഗ്ദ്ധന്‍ എന്നും അതു കൊണ്ട് എല്ലാ സമ്മാനങ്ങളും തനിക്കു തന്നെ കിട്ടണം എന്നും എപ്പോഴും തനിക്ക് ഉന്നതന്‍മാരുടെ കൂട്ടത്തില്‍ സ്ഥാനം ഉണ്ടായിരിക്കണം എന്നും അദ്ദേഹത്തിനു കടുത്ത നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. മാത്രമല്ല ഉന്നതന്‍മാര്‍ അല്ലാത്തവരോടു പരമപുച്ഛവും ആയിരുന്നു. ഉന്നതന്‍മാരുടെ ഇടയില്‍ സ്ഥാനം കിട്ടാന്‍ അദ്ദേഹം ഏതു തരം താണ പ്രവൃത്തിയും ചെയ്യും. ആഗ്രഹിച്ചതു കിട്ടാതെ വന്നാല്‍ അതിനു കാരണക്കാര്‍ എന്നു തോന്നുന്നവരെ ശത്രുക്കളായി കണക്കാക്കി കുറ്റപ്പെടുത്തുകയും കരി തേച്ചു കാണിക്കുകയും ദ്രോഹിക്കുകയും ഒക്കെ ചെയ്യും.   അദമ്യമായ  ഔന്നത്യമോഹത്താല്‍ പ്രേരിതനായി ഇദ്ദേഹം കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അസഹ്യമായപ്പോള്‍ ഇദ്ദേഹത്തെ പല ഉന്നതന്‍മാരും തങ്ങളുടെ കൂട്ടത്തില്‍ നിന്നു പുറന്തള്ളാന്‍ മടിച്ചില്ല.  പുറന്തള്ളിയാല്‍ കുറേക്കാലം പിണങ്ങി മാറി നില്‍ക്കുമെങ്കിലും അധികം താമസിയാതെ അദ്ദേഹം എങ്ങനെയെങ്കിലും തിരിച്ചു വരും. എന്തുകൊണ്ടെന്നാല്‍ ഉന്നതന്‍മാരുടെ ഇടയില്‍ ഒരു സ്ഥാനം എന്ന സ്വപ്നം അദ്ദേഹത്തെ അത്രയേറെ മോഹിപ്പിക്കുന്നു. അകത്തു നിന്നാലും പുറത്തു നിന്നാലും അദ്ദേഹം എന്നും ശല്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. പുറത്തു നിന്നുകൊണ്ട് ഉണ്ടാക്കുന്ന ശല്യങ്ങളെക്കാള്‍ സഹിക്കാന്‍ എളുപ്പം അകത്തു നിന്നുകൊണ്ട് ഉണ്ടാക്കുന്നവയാണ് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോള്‍ ചില ഉന്നതന്‍മാര്‍ മനസ്സില്ലാമനസ്സോടെ ആണെങ്കിലും അദ്ദേഹത്തെ തിരികെ വിളിക്കും. എന്തൊക്കെ ആയാലും ഉന്നതന്മാരുടെ ഇടയില്‍ നിന്ന് അദ്ദേഹം അധികകാലം മാറി നില്‍ക്കുന്ന പ്രശ്നമില്ല.

എന്തെല്ലാം  തെറ്റുകള്‍ ചെയ്താലും ഉന്നതന്മാര്‍ക്കു സുഖമായി രക്ഷപ്പെടാന്‍ കഴിയുന്നതിന്‍റെ ഒരു പ്രധാന കാരണം ഇദ്ദേഹത്തെപ്പോലെ ഉള്ളവരുടെ പിന്‍ബലം ആണ്. ഉന്നതന്‍മാര്‍ താഴ്ന്നവരെ എങ്ങനെ എല്ലാം ദ്രോഹിച്ചാലും ഇക്കൂട്ടര്‍ക്ക് അതൊരു പ്രശ്നമേയല്ല. അവര്‍ ഉന്നതന്മാര്‍ക്കു നിര്‍ല്ലോഭവും നിരുപാധികവും ആയ പിന്‍തുണ നല്‍കിക്കൊണ്ടേ ഇരിക്കും. മറ്റുള്ളവര്‍ മുഴുവന്‍ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ടാലും യാതൊരു കുഴപ്പവും ഇല്ല, തങ്ങള്‍ക്ക് ഉന്നതന്മാരുടെ ഇടയില്‍ ഒരു സ്ഥാനം ഉണ്ടായിരുന്നാല്‍ മാത്രം മതി.

ഉന്നതന്മാരുടെ ഇടയില്‍ നിന്നതു കൊണ്ടു മാത്രം ഒരാള്‍ ഉന്നതന്‍ ആകുമോ? ഉന്നതന്‍ ആകാന്‍ സ്വന്തമായി ചില യോഗ്യതകള്‍ ഒക്കെ വേണ്ടേ? ചിന്തിക്കാന്‍ കഴിവുള്ളവര്‍ ചിന്തിച്ചു നോക്കേണ്ട ഒരു കാര്യമാണ് ഇത്.

17. ഇഷ്ടമില്ലാത്തവര്‍ ജയിക്കുന്നത് എങ്ങനെ തടയാം?

മാര്‍ക്കിടല്‍ ഉള്ള മത്സരങ്ങളില്‍ അതു നിഷ്പ്രയാസം സാധിക്കും. മാര്‍ക്കിടല്‍ ഇല്ലാത്ത ഏകാക്ഷരമത്സരങ്ങളില്‍ അതു സാധിക്കുമോ എന്നതാണു പ്രശ്നം. സാധിക്കും എന്നു മദിരാശിയിലെ ഒരു സംഘടന തെളിയിച്ചിട്ടുണ്ട്. അവര്‍ കുറേ കൊല്ലങ്ങള്‍ തുടര്‍ച്ചയായി ഏകാക്ഷരമത്സരങ്ങള്‍ നടത്തി. എല്ലാറ്റിലും സ്ഥിരം എതിരാളികള്‍ രണ്ടു പേര്‍ ആയിരുന്നു. ഒരു മദിരാശിക്കാരനും ഒരു മലപ്പുറത്തുകാരനും. എല്ലാ വര്‍ഷവും മലപ്പുറത്തുകാരന്‍ ജയിച്ചുപോന്നു. സംഘാടകരില്‍ പലര്‍ക്കും അദ്ദേഹം ജയിക്കുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. മദിരാശിക്കാരന്‍ ചൊല്ലുന്നതിനെക്കാള്‍ സാഹിത്യമൂല്യം കുറഞ്ഞ ശ്ലോകങ്ങളാണ് അദ്ദേഹം  ചൊല്ലുന്നത് എന്നതായിരുന്നു അവരുടെ അസഹിഷ്ണുതയ്ക്കു കാരണം. അങ്ങനെ അടുത്ത വര്‍ഷം അദ്ദേഹം ജയിക്കുന്നതു തടയണം എന്ന് അവര്‍ തീരുമാനിച്ചു. അക്ഷരം നറുക്കിട്ട്  എടുക്കുകയായിരുന്നു അതുവരെയുള്ള പതിവ്. ആ വര്‍ഷം അതു മാറ്റി. ജഡ്ജിമാര്‍ അക്ഷരം നിര്‍ദ്ദേശിക്കുകയായിരുന്നു. ക എന്ന അക്ഷരമാണു നിര്‍ദ്ദേശിച്ചത്. പതിവു സമയം കഴിഞ്ഞിട്ടും മത്സരം തീര്‍ന്നില്ല. സംഘാടകര്‍ സമയദൌര്‍ലഭ്യം പറഞ്ഞു മത്സരം അവസാനിപ്പിക്കുകയും മദിരാശിക്കാരനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഏറ്റവും അധികം ശ്ലോകങ്ങള്‍ ഉള്ള ക എന്ന അക്ഷരം തന്നെ   നിര്‍ദ്ദേശിച്ചതിന്റെ രഹസ്യം അപ്പോഴാണു മലപ്പുറത്തുകാരനു പിടി കിട്ടിയത്. മത്സരം നിശ്ചിതസമയത്തു തീരരുത് എന്നു സംഘാടകര്‍ക്കു നിര്‍ബ്ബന്ധം ഉണ്ടായിരുന്നു.

പരാജിതന്റെ പരാതികള്‍ എല്ലാം .അവഗണിക്കപ്പെട്ടു. ഇഷ്ടമില്ലാത്തവന്‍ പരാതി പറഞ്ഞാല്‍ ആരു പരിഗണിക്കാന്‍!

18. കയ്യൂക്കുണ്ടെങ്കില്‍ നീതി ലഭിക്കും.

മുന്‍പറഞ്ഞ കഥയിലെ സംഭവത്തിനു സമാനമായ ഒന്നു പിന്നീടു തൃശ്ശൂരില്‍ അരങ്ങേറി. പക്ഷേ മത്സരം സ്വാഭാവിക അന്ത്യത്തില്‍ എത്തുന്നതു തടയാന്‍ സംഘാടകര്‍ എന്തുകൊണ്ടോ ശ്രമിച്ചില്ല. ഏകാക്ഷരമത്സരം ആയിരുന്നു. അക്ഷരം വ . രാവിലെ തുടങ്ങിയ മത്സരം ഉച്ചയ്ക്കുശേഷം ഏകദേശം രണ്ടര മണിയോടെ തീര്‍ന്നു. പ്രധാന എതിരാളികള്‍ രണ്ടു പേര്‍ ആയിരുന്നു. സൌകര്യാര്‍ത്ഥം നമുക്ക് അവരെ കറുത്തയാള്‍ എന്നും വെളുത്തയാള്‍ എന്നും വിളിക്കാം. കറുത്തയാള്‍ 71 ശ്ലോകം ചൊല്ലി. വെളുത്തയാള്‍ 70 ശ്ലോകമേ ചൊല്ലിയുള്ളൂ. എങ്കിലും വെളുത്തയാളിനെ ജയിപ്പിക്കാന്‍ ആയിരുന്നു സംഘാടകര്‍ക്കു താല്‍പര്യം. ഇവിടെയും സാഹിത്യമൂല്യം ആയിരുന്നു വില്ലന്‍. വിധി പ്രസ്താവിക്കുന്നതിനു മുമ്പു തന്നെ സംഘാടകരുടെ ഉദ്ദേശ്യവും അണിയറനീക്കങ്ങളും പരസ്യമായി. കറുത്തയാള്‍ ആജാനുബാഹുവും ശക്തനും ആയിരുന്നു. അയാള്‍ നേരേ ജഡ്ജിമാരുടെ മുമ്പില്‍ ചെന്ന് ഇങ്ങനെ പറഞ്ഞു. “71 ശ്ലോകം ചൊല്ലിയ എന്നെ അവഗണിച്ചുകൊണ്ടു  70 ശ്ലോകം ചൊല്ലിയ അയാളെ ജയിപ്പിച്ചാല്‍ നിങ്ങള്‍ വിവരം അറിയും”. അയാളുടെ മുന്നറിയിപ്പ് അവഗണിക്കാന്‍ സംഘാടകരോ ജഡ്ജിമാരോ ധൈര്യപ്പെട്ടില്ല. അവര്‍ തങ്ങളുടെ മനസ്സിലെ ആഗ്രഹം ഉപേക്ഷിക്കുകയും കറുത്തയാളിനു തന്നെ അര്‍ഹമായ വിജയം നല്‍കുകയും ചെയ്തു.

17 ആം നമ്പര്‍ കഥയിലെ മലപ്പുറത്തുകാരനു കിട്ടാത്ത നീതി ഇദ്ദേഹത്തിനു കിട്ടിയതിന്റെ ഏക കാരണം ഇദ്ദേഹത്തിന്റെ കയ്യൂക്കു തന്നെ ആയിരുന്നു.

ഗുണപാഠം : കയ്യൂക്കില്ലാത്തവര്‍ക്കു നീതി നിഷേധിക്കപ്പെടും. ഹിന്ദുസ്ഥാന്‍ മേം സിര്‍ഫ്‌ ഫോഴ്സ് ഹി ചല്‍ത്താ ഹെ എന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞത് എത്ര ശരി! “കയ്യൂക്കുള്ളവര്‍ ഭാഗ്യവാന്‍മാര്‍. അവര്‍ക്കു നീതി ലഭിക്കും”. എന്നു യേശു ക്രിസ്തു പറഞ്ഞിട്ടുണ്ടോ? തീര്‍ച്ചയായും പറഞ്ഞിട്ടുണ്ടയിരിക്കും. സുവിശേഷത്തില്‍ കാണുന്നില്ലെങ്കില്‍ അതു മത്തായി എഴുതി വയ്ക്കാന്‍ മറന്നുപോയതു കൊണ്ടായിരിക്കും.

19. ചരിത്രത്തിലെ ആദ്യത്തെ എലിമിനേഷന്‍

കുറേപ്പേരെ എലിമിനേറ്റു ചെയ്താല്‍ മറ്റു ചിലര്‍ക്ക് ഔന്നത്യത്തിലേക്കുള്ള വഴി എളുപ്പമാകും. ഈ കണ്ടുപിടിത്തം അടുത്ത കാലത്തെങ്ങും ആരും നടത്തിയതല്ല. മഹാഭാരതകാലഘട്ടത്തില്‍ തന്നെ അമ്പെയ്ത്തുമത്സരത്തിന്റെ സംഘാടകരുടെ ഇടയിലെ ചില അതിബുദ്ധിമാന്‍മാര്‍ ഈ മഹത്തായ വിദ്യ കണ്ടുപിടിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വില്ലാളിവീരന്‍ അര്‍ജ്ജുനന്‍ ആയിരിക്കണം എന്നു ചില ഉന്നതന്‍മാര്‍ മുന്‍കൂട്ടി തീരുമാനിച്ചു. പക്ഷേ അതത്ര എളുപ്പം ആയിരുന്നില്ല. അര്‍ജ്ജുനന്റെ വഴിയില്‍ വന്‍പിച്ച തടസ്സം സൃഷ്ടിക്കാന്‍ കഴിവുള്ള രണ്ടു മഹാ വില്ലാളികള്‍ ഉണ്ടായിരുന്നു. കര്‍ണ്ണനും ഏകലവ്യനും. ഇവര്‍ സൃഷ്ടിക്കാന്‍ ഇടയുള്ള തടസ്സം സമര്‍ത്ഥമായി ഒഴിവാക്കി അര്‍ജ്ജുനന്റെ ശ്രേഷ്ഠത്വത്തിലേക്കുള്ള പ്രയാണം സുഗമം ആക്കാന്‍ ചില ഉന്നതന്‍മാര്‍ കണ്ടുപിടിച്ച സൂത്രവിദ്യയാണ് എലിമിനേഷന്‍.

കര്‍ണ്ണനെ സൂതപുത്രന്‍ എന്നു വിളിച്ച് ആക്ഷേപിച്ചു മത്സരവേദികളില്‍ നിന്നെല്ലാം പുറംതള്ളി. ഏകലവ്യന്റെ ഗുരുഭക്തിയെ ചൂഷണം ചെയ്തു പെരുവിരല്‍ മുറിച്ചു വാങ്ങി അമ്പെയ്യാനേ പറ്റാത്ത പരുവത്തില്‍ ആക്കി. അങ്ങനെ അവരെ രണ്ടു പേരെയും മത്സരരംഗത്തു നിന്ന് എലിമിനേറ്റു ചെയ്തു. സംഘാടകവരേണ്യന്‍മാര്‍ അന്നു ബുദ്ധിപൂര്‍വ്വം അങ്ങനെ ചെയ്തതു കൊണ്ടല്ലേ ലോകത്തിലെ ഏറ്റവും വലിയ വില്ലാളിവീരന്‍ അര്‍ജ്ജുനന്‍ ആണെന്ന കാര്യത്തില്‍ ഇന്ന് ആര്‍ക്കും സംശയം ഇല്ലാത്തത്?

ഈടുള്ള രാജമകുടം മുറിമൂക്കനെത്താന്‍
ചൂടിച്ചിടേണമിതി വാശി മുഴുത്തുവെന്നാല്‍
മൂക്കുള്ളവര്‍ക്കെലിമിനേഷനണയ്ക്കയല്ലാ-
തോര്‍ക്കുമ്പൊഴില്ലതിനു പറ്റിയ മാര്‍ഗ്ഗമൊന്നും

20. ജഡ്ജിമാരുടെ ഔദാര്യം തിരസ്കരിച്ച വിദഗ്ദ്ധന്‍

കഴിഞ്ഞ തലമുറയിലെ ഒരു യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആയിരുന്നു ചന്ദ്രമന ശ്രീധരന്‍ നമ്പൂതിരി. അദ്ദേഹം തൃശ്ശൂരിലെ സര്‍വ്വജ്ഞന്മാരുടെ പരിഷ്കൃത അക്ഷരശ്ലോകമത്സരങ്ങളില്‍ പലതിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ എണ്‍പതോളം വയസ്സുണ്ടായിരുന്ന അദ്ദേഹത്തിനു സര്‍വ്വജ്ഞന്മാരുടെ അജ്ഞത കാരണം പലപ്പോഴും പതിനെട്ടും പത്തൊന്‍പതും വയസ്സുള്ള കുട്ടികളോടു തോറ്റു മടങ്ങേണ്ടി വന്നിട്ടുണ്ട്. എങ്കിലും അദ്ദേഹം യാതൊരു പരാതിയും പറഞ്ഞിരുന്നില്ല.

ഒരിക്കല്‍ അദ്ദേഹത്തിന്‍റെ വലത്തുവശത്തിരുന്ന ആള്‍ അദ്ദേഹത്തിനു തുടരെത്തുടരെ ഒരേ അക്ഷരം കൊടുത്തുകൊണ്ടിരുന്നു. അവിടെയും അദ്ദേഹം യാതൊരു പരാതിയും പറയാതെ, കിട്ടിയ എല്ലാ അക്ഷരങ്ങളിലും ഉടനുടന്‍ ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ടിരുന്നു. സര്‍വ്വജ്ഞന്മാരായ ജഡ്ജിമാര്‍ ഉടന്‍ തന്നെ അവരുടെ ആശ്രിതസംരക്ഷണനിയമം(മൂന്നു പ്രാവശ്യം ഒരേ അക്ഷരം കൊടുത്തു പ്രതിഭാശാലികളെ ബുദ്ധിമുട്ടിക്കരുത് എന്ന പുതിയ നിയമം) പുറത്തെടുത്തു. ഏകാക്ഷരപ്രയോഗം നടത്തിയ ആളിനെ കഠിനമായി ശാസിച്ചു. അപ്പോള്‍ ചന്ദ്രമന ഇടപെട്ട് ഏകാക്ഷരപ്രയോഗക്കാരനെ രക്ഷിക്കുകയാണു ചെയ്തത്. അദ്ദേഹം ഇങ്ങനെ പറഞ്ഞു “എനിക്ക് ഇക്കാര്യത്തില്‍ യാതൊരു പരാതിയും ഇല്ല. അയാള്‍ ഏതു ശ്ലോകം ചൊല്ലിയാലും അതിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരം കൊണ്ടു തുടങ്ങുന്ന ശ്ലോകം ചൊല്ലാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് അതിനു യാതൊരു പ്രയാസവും ഇല്ല. പിന്നെ നിങ്ങള്‍ എന്തിനു വെറുതേ അയാളെ ശകാരിക്കണം?” ജഡ്ജിമാര്‍ ബ്ലീച്ച് ആയിപ്പോയി. ഒരു യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധനെ അവര്‍ ആദ്യമായി കാണുകയായിരുന്നു.

ഗുണപാഠം :  യഥാര്‍ത്ഥ അക്ഷരശ്ലോകവിദഗ്ദ്ധന്‍മാര്‍ക്ക് അശ്രിതസംരക്ഷണനിയമം ആവശ്യമില്ല. അവര്‍ ആരുടെയും ആശ്രിതന്‍മാരും അല്ല. കാര്യം പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്തവരോട് അവര്‍ പരാതി പറയാറും ഇല്ല.

21. നിസ്വാര്‍ത്ഥത അഭിനയിച്ചു നേട്ടങ്ങള്‍ കൊയ്ത വിരുതന്‍

കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരിടത്ത് ഒരു ശ്ലോകപണ്ഡിതന്‍ ഉണ്ടായിരുന്നു. പതിനായിരക്കണക്കിന് ഒന്നാം തരം ശ്ലോകങ്ങള്‍ ഹൃദിസ്ഥം. സംസ്കൃതപാണ്ഡിത്യം അപാരം. അക്ഷരശ്ലോകമത്സരങ്ങളില്‍ വിജയിക്കാന്‍ വേണ്ടിയാണോ അദ്ദേഹം ഭൂമിയില്‍ അവതരിച്ചത് എന്നു തോന്നുമായിരുന്നു. പക്ഷേ 1955 ല്‍ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാരായി സ്വയം അവരോധിച്ച പ്രതാപശാലികളും സര്‍വ്വാധികാര്യക്കാരും ആയ ചില ഉന്നതന്‍മാര്‍ “അവതരണഭംഗി” എന്ന ഏടാകൂടത്തില്‍ അധിഷ്ഠിതമായ ഒരു പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തിയതോടുകൂടി അദ്ദേഹത്തിന്‍റെ എല്ലാ സാദ്ധ്യതകളും പൊടുന്നനെ അസ്തമിച്ചു. എന്തുകൊണ്ടെന്നാല്‍ അദ്ദേഹത്തിനു ഭംഗിയായി അവതരിപ്പിക്കാന്‍ വേണ്ട ശബ്ദഗുണങ്ങള്‍ ഒട്ടും ഇല്ലായിരുന്നു. അറിവിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്‍റെ ഏഴയലത്തു പോലും വരാന്‍ യോഗ്യത ഇല്ലാത്ത പലരും അക്ഷരശ്ലോക”പ്രതിഭകള്‍”, “തിലകങ്ങള്‍”, “ഗോള്‍ഡ്‌ മെഡലിസ്റ്റുകള്‍” ഒക്കെ ആകാന്‍ തുടങ്ങി. പുതിയ പരിഷ്കൃതസിദ്ധാന്തങ്ങള്‍ അനുസരിച്ച് അദ്ദേഹത്തിന് ഈ നേട്ടങ്ങള്‍ ഒന്നും സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. അത് അദ്ദേഹത്തിനു നല്ല ബോദ്ധ്യവും ഉണ്ടായിരുന്നു.

അദ്ദേഹത്തിന്‍റെ സ്ഥാനത്തു വേറെ ആരായിരുന്നെങ്കിലും ഈ സാഹചര്യത്തില്‍ മുന്‍പറഞ്ഞ പരിഷ്കാരികള്‍ക്കെതിരെ ശക്തമായി പടവെട്ടുമായിരുന്നു. പക്ഷേ അദ്ദേഹം വളരെ വിചിത്രമായ മറ്റൊരു വഴിയാണു തെരഞ്ഞെടുത്തത്. അദ്ദേഹം നിസ്വാര്‍ത്ഥത അഭിനയിച്ചു മാറി നില്‍ക്കുകയും പരിഷ്കാരികള്‍ക്ക് ഓശാന പാടുകയും ആണു ചെയ്തത്. താന്‍ നിസ്വാര്‍ത്ഥനാണെന്നും സമ്മാനങ്ങളില്‍ യാതൊരു മോഹവും ഇല്ലെന്നും അതുകൊണ്ടു മത്സരങ്ങളില്‍ ഒന്നിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല ശക്തന്‍മാരായ പരിഷ്കാരികളുടെ നൂതനസിദ്ധാന്തങ്ങളെ ന്യായീകരിക്കുന്ന വിധത്തില്‍ വീറോടെ പ്രസംഗിക്കുക, പ്രബന്ധങ്ങള്‍ നിര്‍മ്മിച്ചു പ്രചരിപ്പിക്കുക, എതിര്‍ക്കുന്നവരെയും പരാതി പറയുന്നവരെയും ഒക്കെ പുച്ഛിച്ചും പരിഹസിച്ചും തറപറ്റിക്കുക മുതലായവയൊക്കെ അദ്ദേഹം അനന്യസാധാരണമായ വിധേയത്വത്തോടെ ചെയ്തുപോന്നു. അങ്ങനെ അദ്ദേഹം പരിഷ്കാരികളുടെ കണ്ണിലുണ്ണിയായി മാറി. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അദ്ദേഹം കൊയ്തു കൂടിയ നേട്ടങ്ങള്‍ക്കു കണക്കും കയ്യും ഇല്ല. ജീവിതത്തില്‍ ഒരിക്കലും ഒരു അക്ഷരശ്ലോകമത്സരത്തിലും പങ്കെടുക്കാതെ ഇരുന്നിട്ടും അദ്ദേഹത്തെ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആയി ഉന്നതന്മാര്‍ അംഗീകരിച്ചു. അനുഗ്രഹങ്ങള്‍ കോരിച്ചൊരിഞ്ഞു. സ്ഥിരം ജഡ്ജി, പ്രധാന ജഡ്ജി, നിയമനിര്‍മ്മാതാവ്, മുഖ്യശാസകന്‍ മുതലായ ലാവണങ്ങള്‍ എല്ലാം അദ്ദേഹത്തിനു കരമൊഴിവായി പതിച്ചുകൊടുത്തു. റേഡിയോയിലും ടെലിവിഷനിലും ഒക്കെ അക്ഷരശ്ലോകം അവതരിപ്പിക്കുന്നവരുടെ നടുനായകത്വവും അദ്ദേഹത്തിനു തന്നെ നല്‍കി. അക്ഷരശ്ലോകരംഗത്ത്‌ അദ്ദേഹത്തെക്കാള്‍ വലിയ ഒരു വി.ഐ.പി. ഇല്ലെന്ന നിലയായി.

മഹാകാവ്യം എഴുതാതെ മഹാകവി ആയതാര് എന്ന ചോദ്യത്തിനു കുമാരനാശാന്‍ എന്നു മറുപടി പറയുന്നതു പോലെ അക്ഷരശ്ലോകമത്സരങ്ങളില്‍ പങ്കെടുക്കാതെ അക്ഷരശ്ലോകവിദഗ്ദ്ധന്‍ ആയതാര് എന്ന ചോദ്യത്തിന് ഉത്തരമായി ഈ വിരുതന്റെ പേരാണത്രേ പറഞ്ഞു കേള്‍ക്കാറുള്ളത്. പട വെട്ടിയിരുന്നെങ്കില്‍ കിട്ടുമായിരുന്ന നേട്ടങ്ങളുടെ പത്തിരട്ടിയെങ്കിലും സ്വന്തമായി വെട്ടിത്തെളിച്ച പാതയിലൂടെ സഞ്ചരിച്ച് ഈ വിനീതവിധേയന്‍ നേടിയെടുത്തു.

അദ്ദേഹം ഇത്രയധികം നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹത്തെപ്പോലെ തന്നെ മോശപ്പെട്ട ശബ്ദമുള്ള മറ്റ് അക്ഷരശ്ലോകക്കാര്‍ എല്ലാവരും വെട്ടിലായി. അവര്‍ക്ക് ഇഹഗതിയും പരഗതിയും ഇല്ലാത്ത അനാഥപ്രേതങ്ങളെപ്പോലെ അലഞ്ഞു തിരിയേണ്ടി വന്നു. മത്സരങ്ങളില്‍ പങ്കെടുത്താല്‍ ഒരിക്കലും ജയിക്കാന്‍ പറ്റുകയില്ല. പലപ്പോഴും എലിമിനേഷന്‍ എന്ന ചാട്ടയടി ഏല്‍ക്കേണ്ടതായും വരും. അദ്ദേഹം ഈ ദുരിതങ്ങളില്‍ നിന്നെല്ലാം അതിസമര്‍ത്ഥമായി ഒഴിഞ്ഞുമാറി നേടേണ്ടതെല്ലാം നേടി സുഖിച്ചു വാണു. “തന്നാല്‍ കരേറേണ്ടവ”രും “തുല്യദുര്‍ഭഗ”രും ആയ സഹജീവികളെയെല്ലാം ആപ്പിലാക്കിക്കൊണ്ട് അദ്ദേഹം ഔന്നത്യത്തിന്റെ കൊടുമുടികളില്‍ അതീവ ചാരിതാര്‍ത്ഥ്യത്തോടെ വിരാജിച്ചു. ധന്യജീവിതം എന്നു പറഞ്ഞ് ഉന്നതന്മാരും പ്രതിഭകളും ഒക്കെ അദ്ദേഹത്തെ വാനോളം പുകഴ്ത്തി.

ശക്തന്മാരുടെ കണ്ണിലുണ്ണികളായിത്തീരാനുള്ള വ്യഗ്രത ചിലര്‍ക്കു ജന്മസിദ്ധമാണ്. ശക്തന്മാര്‍ നല്ലവരോ കെട്ടവരോ ആയിക്കൊള്ളട്ടെ. അവര്‍ക്കു വിനീതവിധേയന്മാര്‍ എപ്പോഴും എവിടെയും ഉണ്ടായിരിക്കും. ഭൈമിക്കു കാമുകന്മാര്‍ എന്ന പോലെ ശക്തന്മാര്‍ക്കു വിധേയന്മാര്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ദൈവം ഒരു ഭാസ്കര പട്ടേലരെ  സൃഷ്ടിക്കുമ്പോള്‍ ഒപ്പം ഒരു തൊമ്മിയെയും കൂടി സൃഷ്ടിക്കുമത്രേ.

സ്വാതന്ത്ര്യസമരകാലത്തു തങ്ങള്‍ക്കു സ്വാതന്ത്ര്യം വേണ്ട എന്നു ഉറക്കെ പ്രഖ്യാപിക്കാന്‍ തയ്യാറുള്ള വിനീതവിധേയന്‍മാര്‍ ബ്രിട്ടീഷുകാര്‍ക്ക് ഇന്‍ഡ്യയില്‍ ധാരാളം ഉണ്ടായിരുന്നു. കുപ്പിണിപ്പട്ടാളത്തിലും സര്‍ക്കാരാഫീസുകളിലും ജോലി നേടി സുഖിച്ചു വാണ അവര്‍ തങ്ങള്‍ നിസ്വാര്‍ത്ഥരായ രാജ്യസ്നേഹികളും സമരക്കാര്‍ സ്വാര്‍ത്ഥന്‍മാരായ രാജ്യദ്രോഹികളും ആണെന്നു വാദിച്ചുപോന്നു. ഒളിപ്പോരാളികളെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ ബ്രിട്ടീഷ് യജമാനന്മാര്‍ക്കു ചോര്‍ത്തിക്കൊടുക്കുക വഴി അവര്‍ ബ്രിട്ടീഷുകാരുടെ കണ്ണിലുണ്ണികളായി മാറുകയും വമ്പിച്ച നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സമരക്കാര്‍ ദുരിതപൂര്‍ണ്ണവും അപകടകരവും ആയ ജീവിതം നയിച്ചപ്പോള്‍ ഇക്കൂട്ടര്‍ യാതൊരുവിധ അല്ലലും അലട്ടും ഇല്ലാത്ത സുഖജീവിതം നയിച്ചുപോന്നു. ഇവരുടെ ജീവിതശൈലിയും നമ്മുടെ കഥാനായകന്‍റെ ജീവിതശൈലിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

22. “നല്ല” ശ്ലോകങ്ങളും “ചീത്ത” ശ്ലോകങ്ങളും

ഒരിക്കല്‍ ഒരു പ്രശസ്ത അക്ഷരശ്ലോക സമിതി ഒരു ഏകാക്ഷരമത്സരം നടത്തി.ഉദാരമതികളായ മൂന്നു കലാപ്രേമികള്‍ ഓരോ ട്രോഫി സംഭാവന ചെയ്തിട്ടു ചില നിര്‍ദ്ദേശങ്ങളും കൊടുത്തു. മത്സരത്തില്‍ എട്ടു പേര്‍ പങ്കെടുത്തു. നറുക്കുവീണ അക്ഷരം ഹ ആയിരുന്നു. ഒരു മഹിള 10 ശ്ലോകം ചൊല്ലി ഒന്നാം സ്ഥാനത്ത് എത്തി. രണ്ടാം സ്ഥാനക്കാരന്‍ 9 ശ്ലോകം ചൊല്ലി. മൂന്നാം സ്ഥാനക്കാരന്‍ 6 ശ്ലോകവും നാലാം സ്ഥാനക്കാരന്‍ 5 ശ്ലോകവും ചൊല്ലി. മറ്റുള്ളവര്‍ ഒന്നും രണ്ടും ശ്ലോകങ്ങളൊക്കെയേ ചൊല്ലിയുള്ളൂ.

ട്രോഫികള്‍ പങ്കു വച്ചപ്പോള്‍ ഒന്നാം സ്ഥാനക്കാരനോ രണ്ടാം സ്ഥാനക്കാരനോ ട്രോഫിക്ക് അര്‍ഹതയില്ല. മൂന്നാം സ്ഥാനക്കാരനു രണ്ടു ട്രോഫിക്കും നാലാം സ്ഥാനക്കാരനു ഒരു ട്രോഫിക്കും അര്‍ഹതയുണ്ടത്രേ! എന്താണ് ഇതിന്‍റെ പിന്നിലെ മറിമായം? ട്രോഫി സംഭാവന ചെയ്ത രണ്ട് ഉദാരമതികള്‍ നല്‍കിയ നിര്‍ദ്ദേശം ഈ ട്രോഫി “നല്ല ശ്ലോകങ്ങള്‍” ചൊല്ലുന്നവര്‍ക്കു കൊടുക്കണം എന്നായിരുന്നു. മൂന്നാമന്‍ നിര്‍ദ്ദേശിച്ചതു കൂടുതല്‍ സംസ്കൃതശ്ലോകങ്ങള്‍ ചൊല്ലുന്ന ആള്‍ക്കു കൊടുക്കണം എന്നായിരുന്നു. നല്ല ശ്ലോകങ്ങള്‍ ചൊല്ലിയതു മൂന്നാം സ്ഥാനക്കാരന്‍ ആണത്രേ. അതുകൊണ്ട് ഒന്നാം സ്ഥാനക്കാരിയെയും രണ്ടാം സ്ഥാനക്കാരനെയും അവഗണിച്ചുകൊണ്ട് അയാള്‍ക്കു ട്രോഫി കൊടുക്കാന്‍ സംഘാടകര്‍ക്കു യാതൊരു മടിയും ഉണ്ടായിരുന്നില്ല.

ഞാനും ആ മത്സരത്തില്‍ ഒരു ജഡ്ജി ആയിരുന്നു. എങ്കിലും ഞാന്‍ മാര്‍ക്ക് ഇട്ടിരുന്നില്ല. മറ്റൊരു ജഡ്ജി മാര്‍ക്കിടുകയും മൂന്നാം സ്ഥാനക്കാരനാണു “നല്ല ശ്ലോകങ്ങള്‍” ചൊല്ലിയത് എന്നു വിധിക്കുകയും ചെയ്തു.

അക്ഷരം ഹ ആയതുകൊണ്ടു ഹാ, ഹരന്‍, ഹരി, ഹിതം ഹിരണ്യന്‍ എന്നൊക്കെ തുടങ്ങുന്ന അറിയാവുന്ന ശ്ലോകങ്ങള്‍ എല്ലാം മത്സരാര്‍ഥികള്‍ ചോല്ലുകയുണ്ടായി. അവയില്‍ നല്ലതും ചീത്തയും വേര്‍തിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു തോന്നിയതു കൊണ്ടാണു ഞാന്‍ മാര്‍ക്കിടാന്‍ വിസമ്മതിച്ചത്. പക്ഷേ ഉദാരമതികള്‍ക്കു നല്ലതും ചീത്തയും വേര്‍തിരിച്ചു തന്നെ സമ്മാനം കൊടുക്കണം.

അവസാനം ഞാന്‍ ഒരു ഒത്തുതീര്‍പ്പു ഫോര്‍മുല മുന്നോട്ടു വച്ചു. മൂന്നാം സ്ഥാനക്കാരന് അര്‍ഹതപ്പെട്ടതെന്നു പറയപ്പെടുന്ന രണ്ടു ട്രോഫികളില്‍ ഒന്ന് ഒന്നാം സ്ഥാനക്കാരിക്കു കൊടുക്കുക. സംഘാടകര്‍ അത് അംഗീകരിക്കുകയും 1,3,4 എന്നീ സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കു ട്രോഫി കൊടുക്കുകയും ചെയ്തു. അപ്പോഴും രണ്ടാം സ്ഥാനക്കാരന്‍ ഔട്ട്‌! എന്തുകൊണ്ട്? അദ്ദേഹം ചൊല്ലിയതു “നല്ല ശ്ലോകങ്ങള്‍” ആണെന്നു മാര്‍ക്കിട്ട ജഡ്ജിക്കു തോന്നിയില്ല.

അക്ഷരശ്ലോകക്കാര്‍ ചൊല്ലുന്ന ശ്ലോകങ്ങളെ നല്ല ശ്ലോകങ്ങള്‍ എന്നും ചീത്ത ശ്ലോകങ്ങള്‍ എന്നും വേര്‍തിരിക്കുന്നതു ബുദ്ധിയാണോ? അല്ല എന്നു തറപ്പിച്ചു തന്നെ പറയാം. ധ എന്ന അക്ഷരം കിട്ടിയാല്‍ ധര്‍മ്മം, ധനം, ധരണി,ധീരം ധിക്കാരം മുതലായി ധ യില്‍ തുടങ്ങുന്ന ഏതു ശ്ലോകവും ചൊല്ലാം. അവ മാത്രമേ ചൊല്ലാവൂ താനും. അക്ഷരമൊപ്പിച്ചു പാടു പെട്ടു ചൊല്ലിയ ശ്ലോകങ്ങള്‍ നല്ലതല്ല എന്നു പറഞ്ഞു സമ്മാനം നിഷേധിക്കുന്നത് അനീതിയാണ്. അത് അക്ഷരശ്ലോകത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്കു തന്നെ എതിരാണ്. മാര്‍ക്കിടല്‍ എന്ന പൊങ്ങച്ചം ഉപേക്ഷിച്ചാല്‍ മാത്രമേ ഈ അനീതിക്ക് അറുതി വരികയുള്ളൂ.

23. ജഡ്ജിവര്യന്റെ അപാരവിജ്ഞാനം

കൊട്ടി ഘോഷിച്ചു നടത്തിയ വലിയ ഒരു അക്ഷരശ്ലോകമത്സരം. ഒരു മത്സരാര്‍ഥി
താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം നീരില്‍ത്താര്‍ബാണ!
എന്ന സുപ്രസിദ്ധ ശ്ലോകം യാതൊരു തെറ്റും ഇല്ലാതെ ചൊല്ലി. പക്ഷേ പ്രധാനജഡ്ജി അതില്‍ തെറ്റു കണ്ടുപിടിച്ചു. ഉടന്‍ തന്നെ ശരിയായി ചൊല്ലേണ്ടത് എങ്ങനെ എന്നു വിവരിച്ചുകൊടുക്കുകയും ചെയ്തു. “രാമരാമാ എന്നു ചേര്‍ത്തു ചൊല്ലണം. എന്നിട്ട് അല്പം നിര്‍ത്തണം. അതിനുശേഷം ജനാനാം നീരില്‍ത്താര്‍ബാണ! എന്നു ചൊല്ലണം. എങ്കില്‍ മാത്രമേ മാര്‍ക്കു കിട്ടുകയുള്ളൂ.” ഇതായിരുന്നു അദ്ദേഹത്തിന്‍റെ വിദഗ്ദ്ധോപദേശം. ഇത്തരം ജഡ്ജിമാരെ എല്ലായിടത്തും കാണാം. അവരിടുന്ന മാര്‍ക്കാണു മത്സരാര്‍ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നത്. രാമരാമാ എന്നല്ലാതെ എന്തു പറയാന്‍? ഈ ജഡ്ജിപുംഗവനെപ്പറ്റി ഒരു ദൃക്സാക്ഷി എഴുതിയ ഒരു ശ്ലോകം ഉണ്ട്. അത് ഈ സൈറ്റിലെ “ശ്ലോകങ്ങള്‍” എന്ന പേജില്‍ കാണാം. നമ്പര്‍ 132 (വലിയ ശ്ലോകങ്ങള്‍)

24. അസ്ഥാനത്തുള്ള ഔദാര്യം

ഒരു അക്ഷരശ്ലോക അവതരണമത്സരം. യാതൊരു വൃത്തനിബന്ധനയും ഇല്ല. അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ നടക്കേണ്ടതായിരുന്നു. പക്ഷേ അവിടെയും ഗുരുതരമായ ഒരു പ്രശ്നം ഉണ്ടായി. ഒരു മാന്യന് ഒരു റൌണ്ടില്‍ എളുപ്പമുള്ള ഒരക്ഷരമാണ് കിട്ടിയതെങ്കിലും ആരംഭിച്ച ശ്ലോകം പൂര്‍ത്തിയാക്കാന്‍ ആകാതെ തപ്പിത്തടഞ്ഞുപോയി. തപ്പിത്തടഞ്ഞുപോയ ശ്ലോകം പൂര്‍ത്തിയാക്കാനോ വേറെ ശ്ലോകം ചൊല്ലാനോ ശ്രമിക്കാതെ അയാള്‍ പെട്ടെന്നു മൈക്ക് അടുത്തയാളിനു കൈമാറി. എന്നിട്ടു മഹത്തായ ഒരു ത്യാഗം ചെയ്ത മട്ടില്‍ ഇരുന്നു. “സാരമില്ല. ഈ റൌണ്ട് പൊയ്ക്കോട്ടെ” എന്ന് അയാള്‍ പറയുകയും ചെയ്തു. അയാള്‍ക്കെതിരെ യാതൊരു നടപടിയും വേണമെന്നു ജഡ്ജിമാര്‍ക്കു തോന്നിയില്ല.  അയാള്‍ സമയനഷ്ടവും വിരസതയും ഒഴിവാക്കുന്ന വിധത്തില്‍ ഒരു നല്ല മാതൃകയല്ലേ കാണിച്ചത്‌? പിന്നെ എന്തിന് അയാള്‍ക്കെതിരെ നടപടി എടുക്കണം? ഇതായിരുന്നിരിക്കാം ജഡ്ജിമാരുടെ അലംഭാവത്തിനു കാരണം.

അവസാനം എന്തു സംഭവിച്ചു? 19 റൌണ്ടില്‍ മാത്രം ശ്ലോകം ചൊല്ലിയ അയാള്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഒരു സമ്മാനം കിട്ടി. 20 റൌണ്ടിലും ശ്ലോകം ചൊല്ലിയ പലര്‍ക്കും ഒരു സമ്മാനവും കിട്ടിയില്ല.

ഇവിടെ ജഡ്ജിമാര്‍ എന്താണു ചെയ്യേണ്ടിയിരുന്നത്? അയാളുടെ താളത്തിനൊത്തു തുള്ളാതെ അല്പം തന്റേടം കാണിക്കണമായിരുന്നു. “ഒന്നുകില്‍ ആരംഭിച്ച ശ്ലോകം പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ മറ്റൊരു ശ്ലോകം ചൊല്ലുക. അതുമല്ലെങ്കില്‍ പുറത്തുപോകുക” എന്നു പറയണമായിരുന്നു. അതു പറയാതെ ഔദാര്യം കാണിച്ചു. ഇതാണ് അസ്ഥാനത്തുള്ള ഔദാര്യം. അസ്ഥാനത്ത് ഔദാര്യം കാണിച്ചാല്‍ മറ്റുള്ളവര്‍ക്കു നീതി നിഷേധിക്കല്‍ ആയിരിക്കും ഫലം.

സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍കര്‍ തന്നെ ആണെങ്കിലും വിക്കറ്റു തെറിച്ചാല്‍ പുറത്തു പോകുന്നു എന്ന് ഉറപ്പുവരുത്തേണ്ടതു അമ്പയര്‍മാരുടെ കടമയാണ്. അല്ലാതെ “സാരമില്ല; അടുത്ത പന്തു വരുമ്പോള്‍ സൂക്ഷിച്ചു ബാറ്റു ചെയ്താല്‍ മതി” എന്നു പറഞ്ഞ് ഔദാര്യം കാണിക്കരുത്.

25. നിയമത്തിന് അതീതനായ കണ്ണിലുണ്ണി

കഠിനമായ വൃത്തനിബന്ധനയുള്ള ഒരു അവതരണമത്സരം. മൂന്നു ചാന്‍സ് വിട്ടാല്‍ പുറത്താകും എന്നു ജഡ്ജിമാര്‍ തുടക്കത്തില്‍ തന്നെ വ്യക്തമായ പ്രഖ്യാപനം നടത്തിയിരുന്നു. അതനുസരിച്ചു പലരെയും പുറത്താക്കുകയും ചെയ്തു. പിന്നീടാണ്‌ മൂന്നു റൌണ്ട് ശിഖരിണി ചൊല്ലണം എന്നു ജഡ്ജിമാര്‍ ആവശ്യപ്പെട്ടത്. ജഡ്ജിമാരുടെയും സംഘാടകരുടെയും കണ്ണിലുണ്ണിയായ ഒരു മത്സരാര്‍ഥിക്ക് ഒരു റൌണ്ടില്‍ പോലും ശിഖരിണി ചൊല്ലാന്‍ കഴിഞ്ഞില്ല. പക്ഷേ കണ്ണിലുണ്ണിക്കു നിയമം ബാധകമായില്ല. ശ്രോതാക്കള്‍ ആവശ്യപ്പെട്ടിട്ടും അയാളെ പുറത്താക്കിയില്ല.

പിന്നീടാണ്‌ ഇതിന്‍റെ പിന്നിലെ രഹസ്യം പുറത്തായത്. അയാള്‍ക്കു സ്വര്‍ണ്ണമെഡല്‍ കൊടുക്കാന്‍ മുന്‍‌കൂര്‍ ധാരണ ഉണ്ടായിരുന്നു. ഏതായാലും ആ മത്സരത്തില്‍ അയാള്‍ക്കു സ്വര്‍ണ്ണമെഡല്‍ കൊടുക്കാനുള്ള ധാര്‍ഷ്ട്യം ബന്ധപ്പെട്ടവര്‍ കാണിച്ചില്ല. പിന്നീടു ശിഖരിണി ഒഴിവാക്കിക്കൊണ്ടു മറ്റൊരു മത്സരം നടത്തി അയാള്‍ക്കു വല്ല വിധേനയും ഒരു സ്വര്‍ണ്ണമെഡല്‍ കൊടുത്തു തല്‍പരകക്ഷികള്‍ കൃതകൃത്യരായി.

ഗുണപാഠം : നിങ്ങളുടെ കണ്ണിലുണ്ണിയെ വിജയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കില്‍ അയാള്‍ക്ക് അറിഞ്ഞുകൂടാത്ത വൃത്തങ്ങള്‍ ചോദിക്കാതിരിക്കുക. ചോദിച്ചിട്ട് അയാളെ നിയമത്തിന് അതീതാനാക്കി സദസ്യരുടെ മുമ്പില്‍ സ്വയം പരിഹാസ്യര്‍ ആകാതിരിക്കുക.

26 കാസറ്റിലൂടെ ധനസമ്പാദനം

പണ്ടൊരിക്കല്‍ തൃശ്ശൂരിലെ വിദഗ്ദ്ധന്മാരും പ്രഗല്ഭന്മാരും പ്രതിഭാശാലികളും ആയ അക്ഷരശ്ലോകസര്‍വ്വജ്ഞന്മാര്‍ക്കു പെട്ടെന്ന് ഒരു ഭൂതോദയം ഉണ്ടായി. ഇത്രയും ഭംഗിയായും ആസ്വാദ്യമായും അക്ഷരശ്ലോകം ചൊല്ലുന്ന മഹാകേമന്മാരായ നമ്മുടെ ഈ അനന്യസാധാരണമായ കഴിവു നാലുപേരെ അറിയിക്കണം. അതോടൊപ്പം കുറച്ചു പണവും സമ്പാദിക്കണം. യേശുദാസ് പാട്ടു പാടി ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ പിന്നെ ഉത്തമകലാകാരന്മാരായ നമുക്ക് എന്തുകൊണ്ട് അത് ആയിക്കൂടാ?

അവര്‍ കൂടിയാലോചിച്ച് ഒരു പദ്ധതി തയ്യാറാക്കി. തൃശ്ശൂരിലെ ഏറ്റവും മികച്ച ഏതാനും അക്ഷരശ്ലോകവിദഗ്ദ്ധന്മാര്‍ ചേര്‍ന്ന് ഒരു ഗംഭീര അക്ഷരശ്ലോകസദസ്സു സംഘടിപ്പിക്കുക. അതു റിക്കാര്‍ഡ്‌ ചെയ്തു  കാസറ്റിലാക്കുക. കാസറ്റിന്റെ ആയിരക്കണക്കിനു കോപ്പികള്‍ മാര്‍ക്കറ്റു ചെയ്യുക. അങ്ങനെ പതിനായിരങ്ങളും ലക്ഷങ്ങളും കൊയ്യാം. പ്രസ്ഥാനത്തിന് അതൊരു വമ്പിച്ച മുതല്‍ക്കൂട്ട് ആയിരിക്കുകയും ചെയ്യും. എല്ലാം കൊണ്ടും നല്ല ഐഡിയ.

അങ്ങനെ അവര്‍ ഒരു കാസറ്റ് നിര്‍മ്മാതാവിനെ സമീപിച്ചു പദ്ധതി വിശദീകരിച്ചു കൊടുത്തു. നിര്‍മ്മാതാവ് അതെല്ലാം വിശ്വസിച്ചു സമ്മതം മൂളുകയും ചെയ്തു.  അങ്ങനെ മംഗളകരമായി പദ്ധതിയുടെ ആരംഭം കുറിച്ചു.

പക്ഷേ നിര്‍മ്മാതാവു വെറും മണ്ടനായിരുന്നില്ല. അയാള്‍ക്കു ബിസിനസ്സ് നല്ലപോലെ അറിയാമായിരുന്നു. അയാള്‍ ഒരു മാര്‍ക്കറ്റ് സര്‍വ്വേ നടത്തി. അപ്പോഴാണ് അക്ഷരശ്ലോക കാസറ്റ് വാങ്ങാന്‍ ആരെയും കിട്ടുകയില്ല എന്ന സത്യം കരതലാമലകം പോലെ വ്യക്തമായത്. ഉടന്‍ തന്നെ അയാള്‍ പിന്മാറി.

അങ്ങനെ സര്‍വ്വജ്ഞന്മാരുടെ പദ്ധതി മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ പൊലിഞ്ഞുപോയി.

27. സമ്മാനം കിട്ടാത്തത് അടുത്തിരുന്ന ആളിന്‍റെ കുറ്റം

ഒരിക്കല്‍ ഞാന്‍ ഒരു അവതരണമത്സരത്തില്‍ പങ്കെടുത്തു. സീറ്റ് നമ്പര്‍ നറുക്കെടുത്തു തീരുമാനിച്ചപ്പോള്‍ എന്‍റെ ഇടതു വശത്തെ സീറ്റു കിട്ടിയതു ദൂരെ ഒരു സ്ഥലത്തു നിന്നു വന്ന ഒരു സ്ത്രീക്ക് ആയിരുന്നു. അവര്‍ ഒന്നാം സമ്മാനം പ്രതീക്ഷിച്ച്‌ ആയിരുന്നു വന്നത്. രണ്ടുമൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ എന്നോട് ഒരു ആവശ്യം ഉന്നയിക്കാന്‍ തുടങ്ങി. കുറേക്കൂടി നല്ല അക്ഷരങ്ങള്‍ തരണം. ഞാന്‍ എന്തു ചെയ്യാന്‍? എനിക്കു കിട്ടുന്ന അക്ഷരങ്ങളില്‍ അറിയാവുന്നതില്‍ നല്ല ശ്ലോകങ്ങള്‍ ചൊല്ലാനാണു ഞാന്‍ ശ്രമിക്കുന്നത്. മൂന്നാം വരിയില്‍ നല്ല അക്ഷരമാണോ ചീത്ത അക്ഷരമാണോ വരുന്നതെന്നു ഞാന്‍ ചിന്തിക്കുന്നില്ല. മന:പൂര്‍വ്വം ബുദ്ധിമുട്ടിക്കാനായി ഒന്നും ചെയ്യുന്നും ഇല്ല. എങ്കിലും അവര്‍ക്കു നിരന്തരമായ പരാതി തന്നെ.

ഫലം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അഞ്ചാം സ്ഥാനമേ ഉള്ളൂ. പോരേ പൂരം? എല്ലാ കുറ്റവും എനിക്ക്. ഞാന്‍ നല്ല അക്ഷരം കൊടുക്കാത്തതു കൊണ്ട് അവര്‍ക്ക് ഒന്നാം സമ്മാനം കിട്ടാതെ പോയി. എന്തൊരക്രമം?

മാര്‍ക്കിടല്‍ പ്രസ്ഥാനത്തിന് എണ്ണമറ്റ ദോഷങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് ഇത്.

28. ചരിത്രത്തിലെ ആദ്യത്തെ സ്വാശ്രയ അക്ഷരശ്ലോകമത്സരം.

തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന കൃഷിക്കാരനായ ഒരു അക്ഷരശ്ലോകവിദഗ്ദ്ധന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് എതക്ഷരം കിട്ടിയാലും നൂറു ശ്ലോകങ്ങള്‍ എങ്കിലും ചൊല്ലാന്‍ കഴിയുമായിരുന്നു. അദ്ദേഹം എല്ലാ വര്‍ഷവും തൃശൂര്‍ പൂരത്തിന്‍റെ അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുക്കുമായിരുന്നു. പക്ഷെ നാലു ശ്ലോകം ചൊല്ലി കഴിയുംപോഴേക്കും അധികാരികള്‍ അദ്ദേഹത്തെ എലിമിനേറ്റു ചെയ്യും. എങ്കിലും വീണ്ടും വീണ്ടും അദ്ദേഹം മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞ അദ്ദേഹം തന്‍റെ അനുഭവത്തെപ്പറ്റി കൂടുതലൊന്നും ചിന്തിച്ചില്ല.

അങ്ങനെയിരിക്കെ തൃശ്ശൂര്‍ ജില്ലക്കാരനായ ഒരു പുതുമുഖം മത്സരത്തില്‍ പങ്കെടുക്കാന്‍ വന്നു. അദ്ദേഹം വിദ്യാസമ്പന്നനും അതിവിദഗ്ദ്ധനും ആയിരുന്നു. അദ്ദേഹത്തെയും അധികാരികള്‍ എലിമിനേറ്റു ചെയ്തു. ഈ രണ്ടു വ്യക്തികളും തമ്മില്‍ പരിചയപ്പെട്ടു. കാര്യങ്ങള്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്ത് അവര്‍ ഒരു തീരുമാനത്തില്‍ എത്തി. ഈ മത്സരം നീതിപൂര്‍വ്വകമല്ല. ഇതുകൊണ്ടു നമുക്കു യാതൊരു പ്രയോജനവും ഇല്ല. നമുക്കു നീതി കിട്ടണമെങ്കില്‍ മറ്റൊരു മത്സരം കൂടിയേ തീരൂ. അത് നമുക്കു തന്നെ നടത്താം.

അങ്ങനെ അവര്‍ ഒരു സ്ഥലവും സമയവും നിശ്ചയിച്ച് ഒരു മത്സരം നടത്തി. കൃഷിക്കാരന്‍റെ വീട്ടില്‍ വച്ച് ഒരു രാത്രിയില്‍ ആയിരുന്നു മത്സരം. അവര്‍ രണ്ടു പേര്‍ മാത്രമായിരുന്നു മത്സരാര്‍ത്ഥികള്‍. മാര്‍ക്കിടല്‍, എലിമിനേഷന്‍ മുതലായ “വമ്പിച്ച പരിഷ്കാരങ്ങള്‍” യാതൊന്നും ഇല്ലാതെ നടത്തിയ മത്സരത്തില്‍ നിര്‍ബ്ബാധം ശ്ലോകം ചൊല്ലാന്‍ രണ്ടു പേര്‍ക്കും കഴിഞ്ഞു. അതിഥി ജയിച്ചു. ആതിഥേയന്‍ തോറ്റു. അതിഥിയുടെ താമസവും ഭക്ഷണവും ആതിഥേയന്‍റെ സൗജന്യം ആയിരുന്നു. അവര്‍ക്കു പരസ്പരവിശ്വാസം ഉണ്ടായിരുന്നതിനാല്‍ ജഡ്ജിയായി ഒരു മൂന്നാമനെ വിളിക്കേണ്ട ആവശ്യം ഉണ്ടായില്ല. സമ്മാനം ഒന്നും വേണ്ടെന്നു തീരുമാനിച്ചിരുന്നതിനാല്‍ ആ ഇനത്തിലും ചെലവൊന്നും ഉണ്ടായില്ല. വിജയിക്കുമ്പോള്‍ വിജയിക്ക് ഉണ്ടാകുന്ന സന്തോഷം തന്നെയാണു സമ്മാനം. തോറ്റ ആളിനും സന്തോഷം തന്നെ. അന്തസ്സോടെയും അഭിമാനത്തോടെയും മാന്യമായ ഒരു മത്സരത്തില്‍ പങ്കെടുത്തു എന്ന സംതൃപ്തി കിട്ടിയല്ലോ.

അങ്ങനെ അവര്‍ നമുക്ക് അനുകരണീയമായ ഒരു മാതൃക കാണിച്ചുതന്നു.

29. അതിനും ഞങ്ങള്‍ മാര്‍ക്കു കുറയ്ക്കുന്നുണ്ട്.

കേരളാ യൂണിവേര്‍‌സിറ്റിയുടെ യുവജനോത്സവത്തിന്‍റെ ഭാഗമായി ഒരു അക്ഷരശ്ലോകമത്സരം നടക്കുന്നു. മത്സരാര്‍ത്ഥികള്‍ പലരും അക്ഷരനിബന്ധന പാലിക്കാതെയാണു ശ്ലോകം ചൊല്ലുന്നത്. അ കിട്ടുമ്പോള്‍ ക ചൊല്ലും. ക കിട്ടുമ്പോള്‍ പ ചൊല്ലും. ഇതൊക്കെ കണ്ടിട്ടും ജഡ്ജിമാര്‍ക്കു യാതൊരു കുലുക്കവും ഇല്ല. അക്ഷരശ്ലോകം എന്താണെന്ന് അറിയാവുന്ന ചിലര്‍ ശ്രോതാക്കളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ പ്രശ്നം ചൂണ്ടിക്കാണിച്ചു. പക്ഷേ “ശബ്ദമുണ്ടാക്കരുത്” എന്ന് പറഞ്ഞ് സംഘാടകര്‍ അവരെ നിശ്ശബ്ദരാക്കുകയാണ് ചെയ്തത്. മത്സരത്തിനു ശേഷം സംഘടകരോടു പരാതി പറഞ്ഞ ശ്രോതാക്കള്‍ക്കു കിട്ടിയ മറുപടി ഇങ്ങനെ ആയിരുന്നു:- “അതെല്ലാം നോക്കിയാണു ജഡ്ജിമാര്‍ മാര്‍ക്കിടുന്നത്. അക്ഷരനിബന്ധന തെറ്റിക്കുന്നവര്‍ക്കു മാര്‍ക്കു കുറയ്ക്കും”.

അക്ഷരശ്ലോകത്തെ നിരക്ഷരശ്ലോകം ആക്കിയാലും ആരും ഒരക്ഷരം മിണ്ടാന്‍ പാടില്ലത്രേ. എങ്ങനെയുണ്ട് യൂണിവേര്‍‌സിറ്റിയുടെ പുരോഗമനപരമായ നയം?

30. വസന്തകുമാരിയുടെ ഭാഗ്യം

ഏകദേശം 60 വര്‍ഷം മുമ്പു തിരുവനന്തപുരത്തു വസന്തകുമാരി എന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ദിവസവും മുടങ്ങാതെ ഹൈ ജമ്പ് പരിശീലിച്ചിരുന്നു. കഠിനാദ്ധ്വാനം കൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 5 അടി 1 ഇഞ്ചു ചാടി ഇന്ത്യന്‍ റിക്കാര്‍ഡ് സ്ഥാപിക്കാന്‍ കഴിഞ്ഞു.

ഇതില്‍ എന്താണു ഭാഗ്യം? അദ്ധ്വാനത്തിനു ഫലം കിട്ടി. അത്രയല്ലേ ഉള്ളൂ? എന്നു നിങ്ങള്‍ ചോദിച്ചേക്കാം. ഇവിടെയും അദൃശ്യമായ ഒരു ഭാഗ്യം ഉണ്ട്. ഹൈ  ജമ്പിന്‍റെ ലക്ഷ്യം കാണികളെ ആഹ്ലാദിപ്പിക്കല്‍ ആണെന്നും ഓരോ ചാട്ടവും കാണികള്‍ക്ക് എത്രത്തോളം ആസ്വാദ്യമായിരുന്നു എന്നു തങ്ങള്‍ അളന്നു മാര്‍ക്കിടുമെന്നും മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും വിധി നിര്‍ണ്ണയിക്കുക എന്നും ശഠിച്ചുകൊണ്ടു ഹൈ ജമ്പ് പണ്ഡിതന്മാര്‍ ആരും ഇടിച്ചുകയറി ചെന്നില്ല. അതാണു വസന്തകുമാരിയുടെ ഭാഗ്യം.

മറിച്ചായിരുന്നുവെങ്കില്‍  വസന്തകുമാരി പുറന്തള്ളപ്പെടുകയും ഭംഗിയുള്ള ചാട്ടം അവതരിപ്പിച്ചതിന്‍റെ പേരില്‍ മറ്റാരെങ്കിലും റിക്കാര്‍ഡ് അടിച്ചുകൊണ്ടു പോകുകയും ചെയ്യുമായിരുന്നില്ല എന്ന്‍ ആരു കണ്ടു?

31. എനിക്ക് ഒരു ആജന്മശത്രുവിനെ കിട്ടിയ കഥ.

ഞാന്‍ ഒരിക്കല്‍ ഒരു അക്ഷരശ്ലോക അവതരണമത്സരത്തില്‍ പങ്കെടുത്തു. യാതൊരു വൃത്തനിബന്ധനയും ഇല്ലാതെ വളരെ ലളിതമായ 20 റൗണ്ടുകള്‍ ഉള്ള മത്സരം. മാര്‍ക്കിട്ടാണു വിജയികളെ കണ്ടെത്തുന്നത്.

തുടക്കത്തില്‍ത്തന്നെ ഒരു വ്യക്തിക്കു ത എന്ന അക്ഷരം കിട്ടിയപ്പോള്‍ അതില്‍ ശ്ലോകം ചൊല്ലാന്‍ കഴിഞ്ഞില്ല. ആ വ്യക്തി സ്വമേധയാ എഴുന്നേറ്റു പോകുകയും ചെയ്തു. പക്ഷേ ജഡ്ജിമാര്‍ ആ വ്യക്തിയോടു ദാക്ഷിണ്യം കാണിച്ചു. തിരിച്ചു വന്നു മത്സരത്തില്‍ തുടര്‍ന്നു കൊള്ളാന്‍ അനുവദിച്ചു. അപ്പോള്‍ ഞാന്‍ എതിര്‍ത്തു. മാര്‍ക്കിടല്‍ ഉള്ള മത്സരം ആയതുകൊണ്ട് അങ്ങനെ ദാക്ഷിണ്യം കാണിക്കുന്നതു നീതിയുക്തമല്ല എന്നു ഞാന്‍ വാദിച്ചു. ഇങ്ങനെ സൗജന്യം ലഭിക്കുന്നതു നല്ല സ്വരമാധുര്യമുള്ള ഒരാള്‍ക്ക്‌ ആണെങ്കില്‍ അയാള്‍ ബാക്കി റൌണ്ടുകളില്‍ നിന്നു മാര്‍ക്കു വാരിക്കൂട്ടി മറ്റുള്ളവരെ പിന്‍തള്ളും. മാര്‍ക്കു മാത്രം നോക്കി വിധി കല്‍പ്പിച്ചാല്‍ മതി എന്ന് ഏതെങ്കിലും ഉന്നതന്മാര്‍ വാദിച്ചാല്‍ ഇരുപതു റൌണ്ടിലും ശ്ലോകം ചൊല്ലിയവര്‍ മണ്ടന്മാരാകും. ഇതായിരുന്നു എന്‍റെ എതിര്‍പ്പിനു കാരണം.

പക്ഷേ ആ വ്യക്തി ഇതൊന്നും മനസ്സിലാക്കിയില്ല. ഞാന്‍ ആ വ്യക്തിയെ അവഹേളിച്ചു എന്നു വിശ്വസിക്കുകയും എന്നെ ആജന്മശത്രുവായി കണക്കാക്കാന്‍ തുടങ്ങുകയും ചെയ്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s