വിമര്ശനശ്ലോകങ്ങള്
അക്ഷരശ്ലോകരംഗത്തെ കൊള്ളരുതായ്മകളെ വിമര്‍ശിക്കുന്ന ശ്ലോകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ പേജ്. എത്ര കടുത്ത വിമര്‍ശനവും ആകാം. ഏത് ഉന്നതനെയും വിമര്‍ശിക്കാം.പക്ഷേ വ്യക്തിഹത്യ പാടില്ല. സഭ്യതയുടെ സീമ ലംഘിക്കരുത്. ഫെഡറേഷന്റെ നയങ്ങളെയും വിമര്‍ശിക്കാം.
വലിയ ശ്ലോകങ്ങള്‍
1
അപ്രസക്തഗുണങ്ങളൊക്കെയളപ്പതിന്നു തുടങ്ങിയാൽ
ക്ഷിപ്രമേതൊരു കേളിയും ചവറായി മാറുമസംശയം
ശബ്ദമാധുരി ഗാനചാതുരിയൊക്കെ യക്ഷരബദ്ധമാം
പദ്യകേളിയിലപ്രസക്തമതോർക്ക പണ്ഡിതപുംഗവാ
2
മാർക്കാണിങ്ങു ജയാജയങ്ങളുടെയേകാധാരമെന്നാവുകിൽ
നോക്കീട്ടക്ഷരമെന്തിനിങ്ങനെ വൃഥാ കഷ്ണിക്കണം ചൊല്ലുകാർ?
കേൾപ്പോർക്കുള്ള രസാനുഭൂതിയെയളന്നേവം വിധിപ്പോർകളേ!
ഗോൾപോസ്റ്റെന്തിനു,മാർക്കിടാൻ റഫറിമാർ ചെമ്മേ തുടങ്ങീടുകില്?
3.
ഗോളോന്നെങ്കിലുമേറെ നേടിയവര്‍ താന്‍ ചെമ്മേ ജയിച്ചീടണം
കേളിയ്ക്കുള്ളൊരു ബാലപാഠമിതൊരാള് പോലും മറന്നീടൊലാ
ഗോള്‍ നേടാതെ ജയിക്കുവാന്‍ വഴി തിരക്കുന്നോര്ക്കു ചുമ്മാതെയീ
ഗോള്പോസ്റ്റെന്തിനു? നിങ്ങളക്ഷരമതും നോക്കുന്നതെന്തിന്നെടോ?
4.
ഗോളും ഗോള്പോസ്റ്റുമെന്തിന്നിവിടെ? രസികരാം കാണികള്ക്കാസ്വദിക്കാന്
ചേലേറും പന്തുതട്ടിക്കളികളവതരിപ്പിക്കുവിന് വീതശങ്കം
കേളീഭംഗിക്കു ഞാന്‍ മാര്ക്കിടു,മതു വിജയത്തിന്റെയാധാരമാകും
ചൂളാതേവം കഥിക്കും റഫറിയുടെ തൊലിക്കട്ടി നല്കട്ടെയിഷ്ടം
5.
ഗോളടിച്ചു വിജയിപ്പതാണു ശരിയായ രീതി; ബഹുഭംഗിയായ്
കേളിയാടിയിതി സാക്ഷ്യമാ റഫറിപുംഗവത്രിതയമേകിയാല്
ആളു ചാമ്പ്യനിതി കേളി തന്റെ നിയമം തിരുത്തി വിജയിച്ചു ഫുട്
ബാളിലെപ്പരമവീരനാകുവതു മാന്യമല്ല പടുപണ്ഡിതാ!
6.
വര്ണ്ണശ്ലോകജഗത്തിലുണ്ടൊരു തരം പുത്തന്‍ വിദഗ്ദ്ധവ്രജം
വര്‍ണ്ണം കിട്ടുവതേറെ വിട്ടുകളയും ശ്ലോകങ്ങള്‍ തോന്നയ്കയാല്
എന്നാലും നിലവാരമേറിയവരാണത്യന്തഭംഗ്യാ കഥി-
ക്കുന്നോരാണിതി പിട്ടു ചൊല്ലി,യവര്‍ താനൊപ്പിച്ചെടുക്കും ജയം
7.
വര്ണ്ണശ്ലോകമതിങ്കലുണ്ടു നിയമം, മുന്‍ഗാമി നല്കുന്നതാം
വര്‍ണ്ണത്തില്‍ ബദല്‍ ചൊല്ലിടായ്കിലെവനും തോല്‍ക്കും വികല്‍പ്പം വിനാ
സ്വര്‍ണ്ണം കണ്ടു മദിപ്പവര്ക്കു നിയമം പുല്ലാണു, വര്‍ണ്ണങ്ങള്‍ ര-
ണ്ടെണ്ണം വിട്ടു മിഴിച്ചിരുന്നവനുമങ്ങൊന്നാമനെന്നായ് വരും
8.
വര്ണ്ണശ്ലോകമതിന്റെ വേദിയിലൊരാള് തോറ്റെന്നു കല്പ്പിക്കുവാ-
നൊന്നേ കാരണമുള്ളു, വന്ന ലിപിയില്‍ ശ്ലോകം കഥിക്കായ്ക താന്‍
ഒന്നും തന്നെ വിടാതെ സര്വ്വമുരചെയ്താലും ഫലം തോല്‍വി താ-
നെന്നാലക്ഷരപദ്യമല്ലതു, വെറും തോന്ന്യാസമെന്നേ വരൂ
9.
വാണിക്കുള്ളൊരു കൊങ്ക സാഹിതി, പരം സംഗീതമാ,ണാകയാല്‍
വേണം സാഹിതി തന്റെ മൂല്യമതുപോല് സംഗീതമാധുര്യവും
കാണിക്കും കുറയാതെയക്ഷരപരശ്ലോകത്തിലെന്നീവിധം
നാണിക്കാതിഹ ചപ്പടാച്ചി പറയും പുത്തന്‍ വിദഗ്ദ്ധന് തുണ
10.
വാനത്തെന്തിതു ഹാ കപോതഖഗമേ! കേഴും നിനക്കിന്നു നീ
താനത്രേ തുണയീപ്പരുന്തിനുടെ വായ് പൂകാതെ രക്ഷപ്പെടാന്‍
നൂനം ഭാരതഭൂവിതില്‍ ശിബിയൊരാളുണ്ടിപ്പോഴും പക്ഷെയാ
ദീനസ്നേഹി തപസ്സു ചെയ്തരുള്‍കയാണേതോ നിഗൂഢാശ്രമേ
(രചന: തൃക്കഴിപ്പുറം വാസുദേവന്‍ നമ്പൂതിരി)
(ഈ കപോതത്തിന്റെ അവസ്ഥയാണ് ഇന്ന് കേരളത്തിലെ അക്ഷരശ്ലോകക്കാര്‍ക്കും. അവര്‍ക്കു തുണയായി അവര്‍ മാത്രമേയുള്ളൂ. അവരെ സഹായിക്കാന്‍ ആരുമില്ല. സഹായിക്കാന്‍ കഴിവുള്ളവര്‍ ഉറങ്ങുകയോ തപസ്സു ചെയ്യുകയോ ആണ്. പ്രതികൂലസാഹചര്യങ്ങളില്‍ നിന്ന് അവര്‍ക്കു സ്വന്തം പരിശ്രമം മാത്രം അവലംബിച്ചു രക്ഷപ്പെടേണ്ടിയിരിക്കുന്നു.)
11
വിഡ്ഢിത്തത്തിനെറാന് പറഞ്ഞു ചുളുവില്‍ ജഡ്ജായ ചിന്താജഡന്
തിട്ടം താനൊരു ചക്രവര്ത്തിയിതി വന്‍ ചിത്തഭ്രമം വായ്ക്കയാല്
കഷ്ടപ്പെട്ടു പഠിച്ചു വന്നു പിഴയാതോതുന്ന സാധുക്കളില്‍
കാട്ടും സിംഹപരാക്രമം പറവതിന്നാകില്ല നഗേന്ദ്രനും
12
ശ്ലോകം തോന്നാതെ രണ്ടാം തവണയുമൊരു നാള് വിട്ട നിസ്സാരനേകന്‍
ശ്ലോകക്കാരേറെയുള്ളാ സഭയിലധികമായ് മാര്‍ക്കു വാങ്ങിച്ചുവെന്നായ്
ആ കക്ഷിക്കേകിയൊന്നാം പദവിയുമതിനുള്ളോരു സമ്മാനവും ഹാ
പാകത്തില്ത്തന്നെയല്ലോ നിയമവുമിതിനായിന്നു കെട്ടിച്ചമച്ചൂ
(രചന : സ്വാമി കേശവാനന്ദ സരസ്വതി)
13
വെല്ലും വല്ലഭനെത്തിരിച്ചറിയുവാന് ചട്ടങ്ങള്‍ തീര്‍ത്തോര്‍ പുരാ
ചൊല്ലീ:തോല്ക്കണമച്ചു മൂളിയവ,നില്ലപ്പീലതില്ത്തെല്ലുമേ
പുല്ലാണിന്നു ചിലര്ക്കതൊക്കെ; ഗതി കെട്ടച്ചെത്ര മൂലീടിലും
വെല്ലാം; മൂല്യമപാരമെന്നു പെരിയോര്‍ സാക്ഷ്യം പറഞ്ഞാല്‍ മതി
14
ചേരില്ലാ ജീവിതാന്ത്യം വരെയൊരു ചെറുതാം മത്സരത്തിന്നുമീ ഞാന്‍
ഏവം ശാഠ്യം പിടിക്കും ചില പെരിയവരാലുള്ള പൊല്ലാപ്പസഹ്യം
ശ്ലോകാചാര്യാഗ്രിമന്മാര്, മഹിതജഡിജിമാ,രുഗ്രസംഘാടകന്മാര്
സാഹിത്യാസ്വാദാകാഗ്രേസരരിവര് കുളമാക്കുന്നു മാത്സര്യരംഗം
15
ശ്ലോകത്തിന്നുടമസ്ഥര് ഞങ്ങളിതി പണ്ടേതോ തൃശൂര്പ്പണ്ഡിതര്-
ക്കുണ്ടായീയൊരു തോന്നല്‍; തോന്നിയതുപോല് ചട്ടങ്ങളും മറ്റിനാര്
ശ്ലോകം ചേലൊടു ചൊല്ലിയെന്നുമതില് വന്‍ സാഹിത്യമുണ്ടെന്നുമീ-
ക്കേമന്മാരുടെ സാക്ഷിപത്രമതു കിട്ടാത്തോന് ജയിക്കില്ല പോല്‍!
16
വിക്കറ്റങ്ങു തെറിച്ചു പോവുകിലവന് ടെണ്ടുല്ക്കറാണെങ്കിലും
ക്രിക്കറ്റിന് കളിയില്‍ തുടര്‍ന്നു പൊരുതാനാകാ പുറത്താണവന്‍
ദിക്കറ്റോരുടെ വര്ണ്ണപദ്യമതിലോ കാ കിട്ടിയാല്‍ ചൊല്ലുവാ-
നൊക്കാത്തോനുമഹോ തുടര്ന്നൊടുവിലാ സമ്മാനവും കൊണ്ടു പോം
17
തെറിച്ചൂ വിക്കറ്റെങ്കിലുടനവനൌട്ടാകുവതുപോല്
പുറത്താകും കിട്ടും ലിപിയതിലുരയ്ക്കാതെ വിടുവോന്‍
മറിച്ചാ വിദ്വാന് താന്‍ വിജയിയിതി ഘോഷിപ്പതിനഹോ
കുറച്ചൊന്നും പോരാ തൊലിയതിനെഴും കട്ടി ദയിതേ!
18
കുറ്റമറ്റ നിയമങ്ങള്‍ പണ്ടു ബുധര്‍ തീര്ത്തതൊക്കെയതി ഹുങ്കൊടേ
തട്ടിമാറ്റി മധുരസ്വരാദികള ളന്നു നല്കുമൊരു മാര്‍ക്കിനാല്‍
തോറ്റിടേണ്ടവര് ജയിക്കുമാറു ചില മൂര്ഖപദ്ധതികള് തീര്‍ക്കുമീ
പൊട്ടയാം പുതു പരിഷ്കൃതിക്കു ജയ പാടുവോര്‍ പലരുമുണ്ടു പോല്‍!
19
ചൊല്ലുന്നൂ ചിലര്‍ വര്ണ്ണപദ്യമുരചെയ്വോരോടു കേള്‍ക്കുന്നവര്‍
ക്കെല്ലാം മോദമിയറ്റണം, മധുരമായ് സംഗീതഗന്ധത്തോടേ
ചൊല്ലിക്കയ്യടിയൊത്തു മാര്ക്കുമധികം നേടിജ്ജയിച്ചീടണം.
ചൊല്ലാനെത്രയെളുപ്പ,മീ വിധമഹോ ചെയ്തീടുവാന്‍ ദുഷ്കരം.
20
ചട്ടപ്രകാരമറിവൊട്ടേറെയുള്ളവനു കിട്ടേണ്ടതായ വിജയം
പിട്ടോതിയൂറ്റമൊടു തട്ടിപ്പറിച്ചറിവു നോക്കാതെ ശബ്ദഗുണവും
പാട്ടും പകിട്ടുമുടയോര്ക്കങ്ങു നല്കുമൊരു പുത്തന്‍ പരിഷ്കൃതി വശാല്‍
നേട്ടങ്ങളുണ്ടിവിടെയാര്ക്കാണതെന്നു ബുധരോര്ക്കാത്തതാണപകടം
21
ചായ തന് രുചിയളന്നു തക്ക വില നിശ്ചയിപ്പതിനു വേണ്ടി ടീ
ടേസ്റ്റര്‍മാരെ നിയമിച്ചിടുന്നവിധമിങ്ങു ചൊല്ലലിലെഴും രസം
ആസ്വദിച്ചു വില ചൊല്ലുവാന്‍ ചിലരെ വയ്ക്കിലായവര് മനോജ്ഞമായ്
പാടുവോര്ക്കു ജയമേകുമെന്ന കഥ വിസ്തരിച്ചു പറയേണമോ?
22
വമ്പേറും തമ്പുരാന്മാര് ചിലര്‍ കഥയറിയാതാട്ടമങ്ങോട്ടു കണ്ടി-
ട്ടമ്പമ്പോ തട്ടി മൂളിപ്പിതു കലയെയുയര്ത്തീടുവാനുള്ള മാര്‍ഗ്ഗം
“ഇമ്പം കേള്‍പ്പോര്‍ക്കു നല്കാന് സ്വരമധുരിമയും രാഗമാം പാലുമെല്ലാ-
മെമ്പാടും വേണ,മാസ്വാദകരുടെ കലയാണക്ഷരശ്ലോക”മിത്ഥം
23
വര്ണ്ണപദ്യമതിനുള്ള വേദിയിലൊരാള് സ്വയം കവിത തീര്‍ത്തുടന്‍
ചൊല്ലിയാലതിനു കാളിദാസകൃതികള്ക്കെഴുന്ന പടി ഹൃദ്യമാം
സാഹിതീഗുണഗണങ്ങളില്ലിതി കഥിച്ചു മാര്‍ക്കുകള്‍ കുറച്ചുടന്
ഹുങ്കു പൂണ്ടെലിമിനേറ്റു ചെയ്യുമൊരു പണ്ഡിതോത്തമ! നമോസ്തുതേ.
24
ആശാനേ കേരളത്തിന് മൊഴിയറിയുമൊരാള്ക്കക്ഷരശ്ലോകമോതാ-
നോശാരം വേണ്ട; മൂല്യം വളരെയധികമുണ്ടെന്നു തമ്പ്രാക്കള്‍ നല്‍കും
സര്ട്ടിപ്പിക്കറ്റു വേണ്ടാ; സ്വരമധുരിമയും പാട്ടുമുണ്ടായിടേണ്ടാ;
കിട്ടും വര്ണ്ണത്തിനൊപ്പിച്ചൊരു പിഴയുമെഴാതോതലേ വേണ്ടതുള്ളൂ.
25
കൈലാസം സ്വര്ണ്ണമാക്കാനതികഠിനതപം ചെയ്ത നിസ്വാര്ത്ഥനെപ്പോ-
ലന്യര്ക്കാമോദമേകാന് സഭയിലവതരിപ്പിപ്പു ഞാന്‍ പദ്യജാലം
ഭാഷാവൃത്തം തൊടാ ഞാനൊരുപൊഴുതു,മനുഷ്ടുപ്പനിഷ്ടം നികൃഷ്ടം
സാഹിത്യാസ്വാദകാ നീ വരിക വരികയീ ഹൃദ്യമാം സദ്യയുണ്ണാന്‍
26
കള്ളന് രാജ്യം ഭരിക്കാം; ഗണിക ഗൃഹിണികള്ക്കൊക്കെ നേതൃത്വമാളാം;
കുള്ളന്നാജാനുബാഹുപ്പദവി വശഗമാം; കണ്ടിതെല്ലാം സഹിക്കാം.
നാലഞ്ചാറച്ചു മൂളീട്ടൊരു തരുണി ജയിച്ചക്ഷരശ്ലോകറാണി-
ക്കോലം കെട്ടുന്ന കണ്ടാല്‍ ശിവ ശിവ സഹനം കഷ്ടമാണഷ്ടമൂര്ത്തേ!
27
ചിന്തിച്ചാലക്ഷരശ്ലോകികളുടെ പതനത്തിന്നൊരേ കാരണം താന്‍
പൊങ്ങച്ചം, കേള്‍ക്കുവാനായ് പലര് വരണ,മൊടുക്കം വരെക്കേട്ടിടേണം
ആമോദം പൂണ്ടു ഭേഷ് ഭേഷിതി പറയണ,മീ വ്യര്ത്ഥമോഹങ്ങളാലേ
നാമോരോ ഗോഷ്ഠി കാട്ടി സ്വയമഥ വില കെട്ടിങ്ങു കുണ്ടില്പ്പതിപ്പൂ
28
കേട്ടാലേറ്റം രസിക്കാനമിതമനുപദം തോന്നുമേടത്തിലെല്ലാം
നീട്ടിച്ചൊല്ലേണമെന്നായ് കരുതുകിലഖിലം തെറ്റി, പാട്ടല്ല പദ്യം.
ഒട്ടും നോക്കാതെ പാകം പദമതു വെറുതേ നീട്ടിടായ്കല്ലയെന്നാല്
കൂട്ടിന്നായ് പക്കമേളം വരികിലതു വെറും പാട്ടുകച്ചേരിയാകും
(രചന: എ.സി. ചിത്രഭാനു ഭട്ടതിരി)
29
ചോദിക്കാന്‍ പറയാനുമില്ലൊരുവനും ഹാ നാഥനില്ലാത്തൊരീ
ശ്ലോകത്തിന് കളരിക്കകത്തു കയറീട്ടാര്ക്കും തകര്ത്താടിടാം
സാഹിത്യച്ചുമടേന്തുവോന്, ഘനരവന്, പാട്ടുള്ളവന്, പണ്ഡിത-
മ്മന്യന് സര്വ്വരുമൂറ്റമോടധിപരായ് നമ്മെബ്ഭരിക്കുന്നിതേ
30
ചൊല്ലാന്‍ റൌണ്ടുകള്‍ മൊത്തമുണ്ടിരുപ,താപ്പെണ്കുട്ടി പാട്ടെന്നപോല്‍
ചൊല്ലീ ഹാ പതിനെട്ടു വല്ല വിധവും, ശേഷിച്ച രണ്ടെണ്ണവും
വിട്ടിട്ടങ്ങു മിഴിച്ചിരുന്നു വെറുതേ,യെന്നാകിലും ജഡ്ജിമാര്‍
പട്ടം നല്കിയവള്ക്കു തന്നെ,യിതുതാന്‍ മുന്നേറ്റമിന്നേറ്റവും
31
തമ്പ്രാന് ഞാനിതി ചൊല്ലുവോരെയഖിലം കുമ്പിട്ടുകൊള്ളേണ്ടുകില്
ചെമ്പൈ വൈത്തിയതായ ഭാഗവതരും വന്നിങ്ങൊരാചാര്യനായ്
ലോകര്ക്കേറെ രസിക്കുവാനഖിലരും ശാസ്ത്രീയസംഗീതമായ്
ശ്ലോകം പാടണമെന്നു ചൊല്കിലതിനും മൂളേണ്ടയോ നാമെറാന്?
32
തോട്ടത്തില്ക്കള കാണുകില് പിഴുതുടന് ദൂരെക്കളഞ്ഞീടണം
വാട്ടം വിട്ടു തഴയ്ക്കുവാന്‍ വിടുകിലോ കോട്ടം വിളയ്ക്കേറെയാം
നേട്ടം ചില്ലറ കിട്ടുമെന്നു കരുതീട്ടീയക്ഷരശ്ലോകവും
പാട്ടാക്കുന്ന നവീനരീതി കള താന്‍; നാശത്തെ നീക്കീടുവിന്‍
33
നോക്കൂ പണ്ഡിത! നിന് പരിഷ്കൃതികളാലീയക്ഷരശ്ലോകവും
നാള്‍തോറും പിളരുന്ന പാര്‍ട്ടികള്‍ കണക്കിന്നെത്ര തുണ്ടങ്ങളായ്?
സാദാ മത്സരമൊന്നു, പിന്നവതരിപ്പിക്കുന്ന മറ്റൊ,ന്നതും
പോരാഞ്ഞിട്ടൊരു കാവ്യകേളി,യിനിയൊന്നാകാമനുഷ്ടുപ്പിലും
34
നന്നായ് ഫുട്ബാള്‍ കളിക്കുന്നവര്‍ വിജയികളാമെന്നുറപ്പാക്കുവാനായ്
ചെമ്മേ മാര്ക്കിട്ടിടേണം റഫറികളതിലെന്നേതവന് ചൊല്ലിയാലും
ഹാ ഹാ മുന്നേറ്റമത്യുജ്ജ്വലമരിയ പരിഷ്കാരമേവം പുകഴ്ത്തി-
പ്പാടാന് പോകാതെ ചിന്തിച്ചറിയണമതിലെത്തിന്മയും നന്മയും നാം
35
നിസ്വാര്ത്ഥത്വം നിമിത്തം കടുകിടയുമെനിക്കില്ല സമ്മാനമോഹം;
മാത്സര്യത്തിന്നു ഞാനില്ലൊരു പൊഴുതു,മെനിക്കൊത്തതാ ജഡ്ജിപീഠം
നിസ്സാരന്മാരെ നീക്കി പ്രതിഭകളെയഹം കാട്ടിടാമെന്നു ചൊല്ലി
തൃശ്ശൂര്‍ വിദ്വാനടിപ്പോരടി ബഹുകഠിനം പങ്കി പങ്കേരുഹാക്ഷി
36
നല്ലോണം പാട്ടു പാടുന്നൊരു കിളിമൊഴിയാം പെണ്ണു തൊണ്ണൂറു പദ്യം
ചൊല്ലാറാകുമ്പൊഴേക്കും ബുധസഭയില്‍ മഹാ ജ്ഞാനവൃദ്ധാഗ്ര്യരേയും
പുല്ലാക്കിക്കൊമ്പുകുത്തിച്ചസുലഭവിജയം കൊയ്തു കൂട്ടുന്നുവെന്നാല്
കില്ലില്ലാ വന്‍ പരിഷ്കാരികളുടെ വിവരക്കേടു തന്നേ നിദാനം
37
പണ്ടുള്ളോര് തീര്ത്തതാകും നിയമതതിയതിന് സൂക്ഷ്മതത്ത്വം ശരിക്കും
ചിന്തിച്ചാല്‍ വ്യക്തമത്രേ; പരനുടെ ഹിതമല്ലക്ഷരശ്ലോകലക്ഷ്യം.
അല്ലെന്നാലക്ഷരം നോക്കണമിതി നിയമം നിഷ്ഫലം തന്നെയല്ലേ?
ഭാഷാവൃത്തങ്ങളാനുഷ്ടുഭമിവയൊഴിവാക്കുന്നതും വ്യര്‍ത്ഥമല്ലേ?
38
പാട്ടാം പഞ്ചാര പിന്നെ സ്വരഗുണഘൃതവും രാഗമാം പാലുമെല്ലാം
ചേര്‍ത്താല്‍ മാറ്റേറുമത്രേ ശിവ! ശിവ! ലിപിപദ്യാഖ്യമാം പായസത്തില്‍
പൊങ്ങച്ചഭ്രാന്തു വന്നാല്‍ ജളതകളുരചെയ്തക്ഷരശ്ലോകമയ്യോ
ശ്ലോകപ്പാട്ടാക്കി മാറ്റുന്നതിനുമിഹ മടിക്കില്ലപോല് നിസ്ത്രപന്മാര്
39
പണ്ടാരോ തട്ടി വിട്ടൂ വലിയൊരു നുണ”യീയക്ഷരശ്ലോകമീ മ-
ട്ടുണ്ടാക്കാന്‍ ഹേതു കേള്പ്പോര്ക്കതു തരുമതിയായ് മോദമെന്നുള്ളതത്രേ.
ഞങ്ങള്‍ക്കേ സാദ്ധ്യമാകൂ അവതരണമതിന് ഭംഗിയാല്‍ മോദമേകാന്‍
നിങ്ങള്ക്കൊക്കില്ല.”കള്ളപ്രചരണമിതഹോ നമ്പി നാം കുമ്പിടുന്നൂ.
40
മേല്പ്പത്തൂരു പുനര്ജ്ജനിച്ചഴകെഴും നാരായണീയാക്ഷര-
ശ്ലോകപ്രൈസിനു മത്സരിക്കുകില്, അതില്‍ പി. ലീലയും ചേരുകില്‍;
നിസ്തര്‍ക്കം പറയാം; അതിങ്കല്‍ വിജയം പി. ലീല താന്‍ നേടിടും;
പട്ടേരിക്കൊരു മൂന്നു മാര്‍ക്കിലധികം കിട്ടില്ല പിട്ടല്ലിത്.
41
മോദം ഞങ്ങള്‍ക്കു നല്കാന് കവിതകളെയനുഷ്ടുപ്പു വിട്ടിട്ടുരയ്ക്കൂ
പാദം മൂന്നിന്റെയാദ്യാക്ഷരമതു ശരിയായ് നോക്കി ഗീര്വാണവൃത്തേ
ഇത്ഥം നിന്നോടപേക്ഷിച്ചൊരുവനുമൊരുനാളെങ്കിലും വന്നതുണ്ടോ?
വ്യര്‍ത്ഥം നീ പിന്നെയെന്തിന്നിവിടെയിതുവിധം ഗോഷ്ഠിയെക്കാട്ടിടുന്നൂ?
42
മാര്‍ക്കിട്ടാല്‍ കിട്ടിയേക്കാം പല പല ഗുണവും പദ്യകേളിക്കു പക്ഷേ
യൂക്കേറും ദോഷമൊന്നുണ്ടതു സകല ഗുണങ്ങള്ക്കുമിങ്ങന്തകന് താന്‍
ചൊല്ലിന് ഭംഗിക്കു മാര്ക്കെന്നൊരു പുതുമയതിന് ദുഷ്പ്രഭാവം നിമിത്തം
ശ്ലോകപ്പാട്ടായി മാറും ത്വരിതഗതിയിലീയക്ഷരശ്ലോകകേളി
43
വൃത്തം മാലിനിയെത്തവേ വിവശനായ് തപ്പിത്തടഞ്ഞാശ്രിതന്
കഷ്ടപ്പെട്ടൊരു നേരമന്പു വഴിയും ജഡ്ജീശരോതീ ജവാല്‍
പോരും മാലിനി, മേല്‍ വസന്തതിലകം ചൊല്ലേണമെല്ലാവരും
പാര്ത്താലാശ്രിതവത്സലത്വമിതുപോലാര്ക്കുണ്ടു പാരില്‍ സഖേ?
44
വൃത്തം ചിന്തിച്ചു പുണ്ണാക്കരുതു തല, നമുക്കക്ഷരം താന്‍ പ്രധാനം
സംഗീതം വേണ്ട, സാഹിത്യവുമൊരു വലുതാം പ്രശ്നമായ്ക്കണ്ടിടേണ്ട
താന്‍ താന്‍ നിര്മ്മിച്ചുമോതാം നിമിഷകവിതയെന്നോര്ക്കണം, പണ്ഡിതന്മാര്-
ക്കട്ടിപ്പേറില്ല, ചൊല്ലാന്‍ ദൃഢമിവിടെ നമുക്കുണ്ടു ജന്മാവകാശം
45
വ്യാമോഹം തന്നെ നൂനം സഭകളിലഴകായക്ഷരശ്ലോകമോതീ-
ട്ടാമോദം നല്കല്, കഷ്ടം, പരിമിതികള്‍ പെരുത്തുള്ളതാണീ വിനോദം
ചട്ടത്തിന് ചങ്ങലക്കെട്ടുകള്‍ കഠിന,മവയ്ക്കുള്ളില് നിന്നെന്തു കാട്ടി-
ക്കൂട്ടീട്ടും കാര്യമില്ലെന്നറിക, തല മറന്നെണ്ണ തേയ്ക്കൊല്ല വിദ്വന്!
46
വന്നുള്ളോരക്ഷരത്തില് പലതിലുമുരചെയ്യാതെ വിട്ടോനുമേകാ-
മൊന്നാം സമ്മാനമെന്നായ് ചിലര്‍ പുതിയ പരിഷ്കാരമുണ്ടാക്കി പോലും
തോന്നും മട്ടിപ്രകാരം നിയമതതി വളച്ചങ്ങൊടിച്ചിട്ടു ചുമ്മാ
തോന്ന്യാസം കാട്ടിയെന്നാലതൊരുപൊഴുതുമേയക്ഷരശ്ലോകമാകാ
47
സംഗീതം പോലെ പാടിച്ചില സഭയില്‍ ജയിച്ചക്ഷരശ്ലോകവിദ്വാ-
നിങ്ങാകാമെങ്കിലും നീയതിനു തുനിയൊലാ ഹേ കലാകാരമൌലേ!
പാടാനത്രയ്ക്കു മെച്ചം പെടുമൊരു കഴിവുണ്ടെങ്കില്‍ നീ ശങ്കയെന്യേ
കോടംപാക്കത്തു ചെല്ലൂ, പ്രതിദിനമുയരൂ, യേശുദാസെന്ന പോലെ
48
സാഹിത്യം സദ്യയാക്കീട്ടഴകൊടു രസികര്ക്കായ് വിളമ്പുന്ന നേരം
ഭാഷാവൃത്തങ്ങള്‍ തള്ളിക്കളയണമതുപോലീയനുഷ്ടുപ്പുമെന്നായ്
നിന്നോടാരാണു കല്പ്പിച്ചതു ശിവപുരിയില്‍ ഗോഷ്ഠി കാട്ടും വിദഗ്ദ്ധാ
ലോകത്തെങ്ങാനൊരാസ്വാദകനുമതുവിധം ഭ്രാന്തനിര്ബ്ബന്ധമുണ്ടോ?
49
സാഹിത്യത്തിന്റെ മൂല്യത്തിനുമവതരണത്തിന്റെ ഭംഗിക്കുമീണം
സംഗീതത്തിന്റെ ഗന്ധം മുതല്‍ പലതിനുമാ വൃത്തഭാവാദികള്ക്കും
സര്വ്വപ്രാധാന്യമേവം ത്വരയൊടരുളിടും തൃശ്വപേരൂരുകാരേ
മൂന്നാം പാദത്തൊടെന്തിന്നിവിടെ വെറുതെയീയക്ഷരത്തിന്റെ ബന്ധം?
50
സാഹിത്യത്തിന്റെ മൂല്യം ബുധസഭയില്‍ വിളമ്പും കലാവല്ലഭന്മാര്‍
ചൊല്ലാന്‍ പാടില്ലനുഷ്ടുപ്പിതി പറയുവതിന്നെന്തു ബന്ധം മഹാത്മന്!
ആ വൃത്തത്തില്‍ തിരഞ്ഞാലൊരു കടുകിടയും സാഹിതീമൂല്യമെങ്ങും
കാണാനേ കിട്ടുകില്ലെന്നെവനരുളി ഭവാനോടു ഹേ പണ്ഡിതാഗ്ര്യാ?
51
ഇല്ലാത്താസ്വാദകന്മാര് പുളകമണിയുവാനക്ഷരശ്ലോകശീലര്-
ക്കില്ലാതൊക്കില്ല പോലും സ്വരമധുരിമയും പാട്ടുമീ നാട്ടിലിപ്പോള്‍
വല്ലാത്താവേശമോടേ വിലയതിനു പറഞ്ഞിങ്ങു മാര്‍ക്കിട്ടു മൌഢ്യാ-
ലില്ലാതാക്കുന്നു പണ്ടുള്ളൊരു ഗുണമഖിലം പണ്ഡിതക്കോമരങ്ങള്
52
ഉള്ളൂരെസ് പരമേശ്വരയ്യര്‍ നിതരാം മോശം സ്വരം പൂണ്ടവന്
വന്നീയക്ഷരപദ്യമത്സരമതില് ചേര്‍ന്നാല്‍ ജയിക്കില്ല താന്‍
മന്ദാക്രാന്ത വസന്തനല്ത്തിലകവും തോന്നാത്ത പെണ്ണിന് സ്വരം
കൊണ്ടുള്ളാഞ്ഞടിയേറ്റു തോറ്റൊഴികയേ ഉള്ളൂരിനുള്ളൂ ഗതി
53
ഏകനോതുവതു ജഡ്ജിമാര്ക്കധികമിഷ്ടമാകിലവനക്ഷര-
ശ്ലോകവീര,നവനാണു മത്സരമതില്ജ്ജയിച്ചു മെഡല്‍ നേടുവോന്
അസ്തലജ്ജമിതുപോലെ പിട്ടുകള്‍ പറഞ്ഞു സര്‍വ്വനിയമങ്ങളും
ധ്വസ്തമാക്കി ബുധചക്രവര്ത്തി ചമയുന്ന പണ്ഡിത! നമോസ്തു തേ
54
ഒട്ടും യുക്തിക്കു ചേരാത്തൊരു തരികിടവാദങ്ങളാല് പിട്ടു കാട്ടി
ച്ചട്ടം സര്‍വ്വം തിരുത്തി സ്വയമൊരു കിടിലന്‍ ശ്ലോകവീരന് ചമഞ്ഞ്
തട്ടിപ്പാല് ചക്രവര്ത്തിപ്പദവിയതിലണഞ്ഞക്ഷരശ്ലോകരംഗം
കുട്ടിച്ചോറാക്കി വാഴും വിബുധപരിവൃഢം പണ്ഡിതം കുമ്പിടേഥാഃ
55
ജ്ഞാനം താന്‍ പരമപ്രധാനമിവിടെച്ചെമ്മേ ജയിച്ചീടുവാന്‍
ഊനം തെല്ലുമതിങ്കലുള്ളൊരുവനും നേടില്ല നേരാം ജയം
ഗാനം പോലെ മനോജ്ഞമായവതരിപ്പിച്ചിട്ടു കേള്‍പ്പോര്‍ക്കു കര്-
ണ്ണാനന്ദത്തെയണച്ചു നേടിയ ജയം തൃശ്ശൂര്‍ ജയം കേവലം
56
പണ്ഡിതര്‍ക്കു രുചിച്ചിടാത്ത വിധത്തിലായ് പല പദ്യവും
മണ്ടനെങ്കിലുമൊത്തിവന്നു പലപ്പൊഴായ് വിരചിക്കുവാന്‍
ശണ്ഠ കൂടുവതിന്നൊരുങ്ങി വരുന്നതാം കവിപുംഗവര്‍
ക്കിണ്ടല് വേണ്ട, തരേണ്ടതില്ലൊരു മാര്ക്കുമിങ്ങവരാരുമേ.
(രചന : വി.കെ.വി. മേനോന്, തൊട്ടിപ്പാള്‍)
57
ശാരീരം ഗുണമില്ല, പാട്ടിനതുതാന് വേണ്ടുന്നതും; ഭാഷ തന്
ശാസ്ത്രം വ്യാകരണം പഠിച്ചു വിവിധാലങ്കാരവും വൃത്തവും
ശബ്ദാര്‍ത്ഥങ്ങളില്‍ നിഷ്ഠയാര്ന്നു കവിതക്കമ്പം നിമിത്തം മന
ശ്ശക്തിക്കൂനമണഞ്ഞു ഞാന്‍ പുതുമുറക്കാര്ക്കോ പഴഞ്ചാക്കുമായ്
(രചന : പി. ചന്ദ്രശേഖര വാരിയര്‍, അഷ്ടമിച്ചിറ)
58
വൃത്തം വൃത്തത്തിലാകാ ബഹുചതുരമതായ്ത്തീര്ന്നിടും ശ്ലോകമെല്ലാം
അത്യന്താസ്വാദ്യതയ്ക്കായതികുതുകമൊടേ രാഗവിസ്താരമായാല്
പേര്‍ത്തും സംഗീതമല്ലാ ശ്രവണസുഖകരം ശ്ലോകമോതുന്ന പോതില്‍
തീര്‍ത്തും മാനിച്ചിടേണം യതികളുമതുപോല് വൃത്തവും ദോഷമെന്യേ
(രചന : മംഗലം പ്രഭാകരന് നായര്‍)
59
പാകം നോക്കിന പദ്യപാഠപടുവും വന്നിന്ദയോടക്ഷര-
ശ്ലോകം കേള്പൊരു ജഡ്ജിയും പെരുമദം കുമ്മിച്ച കമ്മിറ്റിയും
സാകം ശിങ്കിടിഭിശ്ച കേന്ദ്രനുമടുത്താലുണ്ടബദ്ധം മഹാ
ശോകം ചൊല്ലുമവന്നു കേള്പ്പവനുമേ ലഭ്യം പുലഭ്യം തുലോം
(രചന : കെ.വി. ശങ്കുണ്ണിവാരിയര്)
60
ഒട്ടും തപ്പാതെ ചൊല്ലും ചിലരൊരുകുറി കേള്‍ക്കുന്ന പദ്യങ്ങള്‍, വാക്യം
ചിട്ടയ്ക്കങ്ങേറ്റുരയ്ക്കും പലരു, മിവര്‍ വരേണ്ടെന്റെ പിന്ഗാമിമാരായ്
ആട്ടിന്‍ പറ്റം കണക്കേ തലയുമഥ കുനിച്ചങ്ങനെത്തന്നെയിത്ഥം
കഷ്ടിച്ചോതീടുവോരാണിതിനുചിതമിതോര്ക്കാത്ത നേതാക്കളുണ്ടോ?
(രചന : തൃക്കഴിപ്പുറം രാമന് നമ്പൂതിരി)
61
വൃത്താധിഷ്ഠിതമാണു മുക്തകമതിന് വ്യത്യസ്ത രൂപങ്ങളെ
പ്രത്യേകം നില നിര്‍ത്തിടും യതി ഗണം മാത്രാദി ഭേദങ്ങളും
പദ്യം ചൊല്ലുകയാണു വേണ്ടതതു നാമാലാപനം ചെയ്യുകില്‍
വൃത്തം സ്രഗ്ദ്ധര ശങ്കരാഭരണമായ് മാറും വിനാ സംശയം
(രചന : എന്‍.കെ. കൃഷ്ണന് നായര്‍, കരിയം)
62
ദൈവം മര്‍ത്ത്യര്‍ക്കു നല്‍കും സ്വരമതു പല മട്ടുള്ളതാം; യേശുദാസി-
ന്നൊപ്പം ശാരീരമന്യര്ക്കതികഠിനതപം കൊണ്ടുമുണ്ടാകയില്ല.
ഇക്കാര്യം തെല്ലുമോര്ക്കാതഴകിനൊടെവനോ ചൊല്ലിടും ശൈലി കണ്ടി-
ട്ടിമ്മട്ടില്ച്ചൊല്ലിയാല്ത്താന് വിജയമിതി ശഠിക്കുന്ന വിദ്വാന് സഹായം.
63
ധിക്കാരം കാട്ടിയെല്ലാ നിയമവുമവതാളത്തിലാക്കിക്കനക്കും
മുഷ്ക്കോടേ ചക്രവര്ത്തിപ്രവരനുടെ കിരീടം സ്വയം താനണിഞ്ഞ്
ഇക്കാലം ശ്ലോകമോതുന്നവരുടെയവകാശങ്ങളെല്ലാം നിഷേധി-
ച്ചുള്ക്കൊള്ളും ധാര്ഷ്ട്യമൊടേ സഭകളില്‍ ഞെളിയും പണ്ഡിതം കുമ്പിടേഥാഃ
64
ബ്രഹ്മാവന്പോടു നല്കുന്നിതു മധുരതരം ശബ്ദമേകന്നു, കര്‍ണ്ണം
ഭേദിക്കും മട്ടു കോംക്രസ്വനമപരനു,മിക്കാര്യമോര്ക്കാതെ ശാഠ്യാല്
ആലക്കാട്ടൂരു കുണ്ടൂര്ക്കിളിമൊഴിയിവര്തന് ശൈലിയില്ച്ചൊല്ലിയാലേ
നല്‍കൂ മാര്‍ക്കെന്നു ചൊല്ലും വിബുധരറിയുമോ അക്ഷരശ്ലോകതത്ത്വം?
65
ഭക്ത്യാ സേവിക്ക ജഡ്ജീശ്വരരെ,യഴകെഴും ചൊല്ലല്‍ കേട്ടാസ്വദിക്കാ-
നെത്തുന്നോര്ക്കപ്രിയം ചേര്‍ക്കരുതു, മധുരമായ് പാടണം രാഗമോടേ
അത്യന്തം മൂല്യവത്താം കൃതികളവതരിപ്പിക്കണം മാര്‍ക്കു കിട്ടാ-
നിത്ഥം ചൊല്ലീട്ടു യോഷിത്തുകള് വിജയികളാ,മന്യഥാ തോറ്റിടേഥാഃ
66
നമ്പൂരിപ്രിയരാണു പാര്ക്കിലിവിടെ ശ്ലോകങ്ങള്‍ ചൊല്ലുന്നതാം
വമ്പന്‍ മറ്റൊരു മാന്യനെങ്കിലവനിന്നേകില്ല മാര്ക്കത്രയും
മുമ്പേയുള്ളൊരു ശീലമാണിതിനെ നാം മാറ്റാന്‍ തുനിഞ്ഞീടിലി-
ന്നമ്പേ വാരിധി വറ്റിടും മലയുലഞ്ഞീടും വനം വാടിടും
(രചന : കെ.എസ്. നായര്‍ വെളപ്പായ)
67
യോജിക്കില്ല ശരിക്കു മത്സരമിതിന്നീയക്ഷരശ്ലോകമെ-
ന്നുള്ളാപ്പേരു, പൊരുത്തമുള്ള ശരിയാം പേര് വേണമെന്നാകിലോ
ശ്ലോകപ്പാട്ടിതി ചൊല്കില് നന്നു, നിരനുഷ്ടുപ്പായി വര്ണ്ണക്രമാല്
ശ്ലോകം പാടി ജയിച്ചിടുന്നൊരു മഹാ മാത്സര്യമല്ലേയിത്?
68
രത്നം നക്കി മണത്തു നോക്കി ഗുണമില്ലെന്നോര്ത്തു മൊച്ചക്കുര-
ങ്ങൊട്ടും ശങ്കയെഴാതെ ദൂരെയെറിയും മട്ടിന്നു തൃശ്ശൂര്പ്പുരേ
മാര്ക്കേകും കുപരീക്ഷകപ്പരിഷയാല് തള്ളപ്പെടും മാന്യരേ!
നാണക്കേടിതില് നിങ്ങളെത്തഴയുമീ ജഡ്ജീശ്വരന്മാര്ക്കു താന്‍
69
ലംഘിക്കാന്‍ കഴിയാത്തതാണു ശരിയായുള്ളക്ഷരശ്ലോകമാ-
മങ്കത്തില്ജ്ജയമച്ചു മൂളിയവനില്ലെന്നുള്ള ചട്ടം ദൃഢം
ലംഘിപ്പൂ ചിലരായതും ശിവപുരേ, രണ്ടച്ചു മൂളീടിലും
ശങ്കിക്കാതെ ജയം കൊടുക്കുമഴകായ് ശ്ലോകങ്ങള്‍ പാടീടുകില്‍
70
ശ്രോതാക്കള്‍ക്കു രസിക്കുമാറു സഭയില്‍ ശ്ലോകങ്ങളാസ്വാദ്യമാ-
യോതിക്കയ്യടി നേടിയാണിഹ ജയിച്ചീടേണ്ടതെന്നാവുകില്
ഏതും സംശയമില്ല, നിങ്ങള്‍ പറയും മട്ടക്ഷരശ്ലോകമി-
ങ്ങോതും വിദ്യയിലേറ്റവും വിരുതനാ ശ്രീയേശുദാസായ് വരും
71
ശ്രോതാക്കള്ക്കതിമോദമേകണ,മതിന്നീക്കേമരാം ഞങ്ങള്‍ തന്
ചേതോരഞ്ജകശൈലി വേണ,മതു താന്‍ വൈദഗ്ദ്ധ്യ,മെന്നീവിധം
വാ തോരാതെ പുലമ്പി നമ്മെ വഴി തെറ്റിക്കുന്ന തട്ടിപ്പുകാര്‍
ശ്രീ താവും ലിപിപദ്യകേളിയെ വെടക്കാക്കിത്തനിക്കാക്കിനാര്
72
ശ്ലോകം പാടും സദസ്സാണിതു, മുഷിയരുതേ! ഗാനവിജ്ഞാനികള്ക്കാ-
ണീ രംഗം, സുസ്വരത്തിന് പ്രതിഫലമിവിടെത്തന്നെ റൊക്കം കിടയ്ക്കും
മാനത്തിന് ദണ്ഡുമേന്തിസ്സഭയിലമരുമാപ്പണ്ഡിതന്മാര്ക്കു കേട്ടി-
ട്ടാനന്ദം തോന്നിടാഞ്ഞാലെവനുമൊരു വെറും ചണ്ടിയായ്ക്കുണ്ടില് വീഴും
73
ശാരീരത്തൊടെതിര്ത്തു തോറ്റൊരുവനേ മാര്‍ക്കിന്റെ പൊട്ടത്തരം
നേരായിട്ടു മനസ്സിലാക്കുവതിനായ് സാമര്ത്ഥ്യമുണ്ടായ് വരൂ
ചേരാതിങ്ങൊരു മത്സരത്തിനുമൊരാള് നേരിട്ടു ജഡ്ജാവുകില്
ക്രൂരത്വത്തൊടു ശബ്ദഭംഗി കുറവായോരെപ്പുറം തള്ളിടും
74
ഹുങ്കേറും പണ്ഡിതന്മാര്ക്കവതരണമതിന് ശൈലിയിഷ്ടപ്പെടാഞ്ഞാല്
ശങ്കിച്ചീടാതെ തള്ളിക്കളയുമെവനെയും മൂല്യമില്ലെന്നു ചൊല്ലി
കെങ്കേമന്മാര് തൃശൂര്ക്കാര് പുതിയ നിയമമീ മട്ടു നിര്മ്മിക്ക കൊണ്ടീ-
പ്പെണ്കുട്ട്യോള്ക്കുള്ള നേട്ടം ശിവ! ശിവ! പറയാന്‍ ശേഷനും ശേഷി പോരാ
75
ഞങ്ങള്ക്കിഷ്ടമെഴുന്ന മട്ടിലുര ചെയ്വോരെജ്ജയിപ്പിക്കുവാന്
ഞങ്ങള്ക്കുണ്ടധികാരമെന്നു വെറുതേ ജൃംഭിച്ചിടും പണ്ഡിതാ!
സംഗീതത്തിനു മാര്‍ക്കു നല്കി,യിതു താന്‍ മുന്നേറ്റമെന്നോതുമീ-
പ്പൊങ്ങച്ചത്തിനെ വാഴ്ത്തുവാന്‍ വിവരമുള്ളോരാരുമോരാ ദൃഢം
76
അച്ചൊന്നും തന്നെ മൂളാതറുതി വരെയിരുന്നക്ഷരശ്ലോകമോതാന്
കെല്പുള്ളോനാരുമാട്ടേ, വിജയമവനു താന്‍ കിട്ടണം ചട്ടമോര്ത്താല്
വിഡ്ഢിത്തം ചൊല്ലി വിദ്വല്‍സഭകളില്‍ ഞെളിയും പണ്ഡിതമ്മന്യരോതും
പൊട്ടന് സിദ്ധാന്തമെല്ലാം നിയമമതിനിണങ്ങാത്ത തട്ടിപ്പു മാത്രം
77
അന്തസ്സായ് നേടിടേണം വിജയമൊരുവനീയക്ഷരശ്ലോകമാകും
മാത്സര്യത്തിങ്കലെന്നാലതു പഠനമതിന് വായ്പ്പിനാല്ത്തന്നെ വേണം
ശാരീരം രാഗമീണം സ്വരമധുരിമയും കൊണ്ടു ചുമ്മാ ജയിക്കാന്‍
കേരം തിങ്ങുന്ന നാട്ടിന് തനതു കളി വെറും പാട്ടുകച്ചേരിയാണോ?
78
ആര്‍ക്കും താനേതു മാത്സര്യവുമെവിടെയുമങ്ങേതു മട്ടും നടത്താം
പക്ഷേ സാമാന്യമര്യാദകള്‍ ചിലതെവനും വിസ്മരിക്കാവതല്ല
ഫുട്ബാളില്‍ ഗോളടിച്ചോര്ക്കപജയമുളവാം മട്ടു ചട്ടം തിരുത്തി-
ദ്ധിക്കാരം കാട്ടിടൊല്ലാ വകതിരിവുടയോരാരുമേ പാരിലെങ്ങും
79
അത്യുഗ്രന്‍ ശൈലിയെങ്ങാണ്ടൊരുവനു വശമുണ്ടെന്നു കണ്ടിട്ടൊരാളും
ബദ്ധപ്പെട്ടന്ധമായിട്ടവനെയനുകരിക്കാന് പുറപ്പെട്ടിടൊല്ല
വെവ്വേറേ ശൈലിയോരോ മനുജനുമരുളും നാന്മുഖന് ജന്മകാലേ
സ്വന്തം നെല്ലിക്കയത്രേ ഗുണകരമപരന്നുള്ളൊരാ ദ്രാക്ഷയെക്കാള്
80
അസ്ഥാനത്തുള്ള മാറ്റേറിയ വകയുമഴുക്കാണു, വര്ണ്ണാദ്യപദ്യ-
പ്രസ്ഥാനത്തിങ്കല് മാര്ക്കിട്ടിടുമൊരു പണിയും നൂനമസ്ഥാനസംസ്ഥം
ഭാഷാവൃത്തങ്ങളാനുഷ്ടുഭവുമിഹ നിരോധിച്ചു, വര്‍ണ്ണത്തെ നോക്കിബ്-
ഭാഷിക്കും ശ്ലോകകേളീവിധിയിലെവിടെയും മാര്‍ക്കിനേ സ്ഥാനമില്ല
81
ആ കാ പാ എന്നിവയ്ക്കായ് കരുതുക രസികന്‍ മുക്തകം മൂന്നു വീതം
യാ രാ കള്‍ക്കൊന്നു വീതം മതി,യറുപതു പദ്യങ്ങള്‍ മൊത്തത്തില്‍ വേണം
ശാരീരം സുപ്രധാനം, മണി മണി മണി പോല്‍ പാടി നീട്ടിക്കൊടുത്താല്‍
ധാരാളം മാര്‍ക്കു കിട്ടും ശിവപുരിയില്‍; വളര്ന്നില്ലയോ വര്ണ്ണപദ്യം?
82
അക്ഷരത്തിനൊരു നൂറു പദ്യമതു തെറ്റെഴാതെയുര ചെയ്തിടും
മത്സരാര്ഥികളെയൊക്കെയങ്ങെലിമിനേറ്റു ചെയ്തു വിഗതത്രപം
കഷ്ടിയഞ്ചഥ പറിച്ചു സുസ്വരമുതിര്ത്തു പാടി വിലസുന്ന പെണ്
കുട്ടികള്‍ക്കു ജയമേകിടുന്ന പുതു പദ്ധതിക്കിഹ ബലേ ബലേ!
83
അയ്യായിരം മഹിതപദ്യം പഠിച്ചു പിഴയില്ലാതെ ചൊല്ലുമവനും
വയ്യാ ജയിപ്പതിനു മാര്ക്കിട്ടിടും പുതു പരിഷ്കാരമുള്ള സഭയില്‍
പൊയ്യല്ല, പെണ്ണൊരുവള്‍ കഷ്ടിച്ചൊരന്പതു പഠിച്ചിട്ടു വന്നു കിളി പോ-
ലൊയ്യാരമോടതിഹ പാടുന്നതാകില് ജയമയ്യാ ലഭിക്കുമുടനേ
84
ആരെമ്മട്ടോതിയാലും പല കുറവുകളും കുറ്റവും ചൊല്ലി മോശ-
ക്കാരായ് ചിത്രീകരിക്കും ബുധതിലക! ഭവാന് മത്സരത്തിങ്കലൊന്നില്
ചേരാമോ? മാതൃകയ്ക്കായ് സകലഗുണഗണം ചേര്‍ന്ന വാരുറ്റ ചൊല്ലാല്‍
പാരാതേ വെറ്റി നേടിത്തവ കഴിവു ശരിക്കൊന്നു കാട്ടിത്തരാമോ?
85
ആയിരത്തിലൊരുവന്നുപോലുമിഹ പദ്യതല്പരത നാസ്തിയാ-
മീയവസ്ഥയിലൊരുത്തനാസ്ഥയൊടു വര്ണ്ണപദ്യമതിനെത്തിയാല്
മൂല്യമി,ല്ലവതരിപ്പു മോശ,മിതി നൂറു കുറ്റമുര ചെയ്തുടന്‍
തല്ലി ഹുങ്കൊടു പുറത്തു തള്ളുമൊരു പണ്ഡിതോത്തമ! നമോസ്തു തേ
86
ആര്ക്കാനക്ഷരപദ്യമത്സരമതില് പണ്ടത്തെ നല്ലാര്ജ്ജവം
ചേര്‍ക്കാന്‍ വാഞ്ഛയെഴുന്ന പക്ഷമിതിലെച്ചട്ടങ്ങള് പാലിക്കണം
ഓര്‍ക്കൂ, കിട്ടിയ വര്ണ്ണമൊത്തു നിരനുഷ്ടുപ്പായ് ശരിക്കോതണം
മാര്‍ക്കേ വേണ്ടിഹ, ചൊല്ലുവോന്‍ വിജയിയാം, ചൊല്ലാത്തവന് തോറ്റിടും
87
ആഹ്ലാദിപ്പിക്കുമീ ഞാ,നവതരണമതിന് ഭംഗിയാല്‍ സര്‍വ്വരേയും
ഹാ ഹാ ഭേഷെന്നു ചൊല്ലിജ്ജഡിജിവരര് മുദാ മാര്ക്കുമിങ്ങേറെ നല്‍കും
ഏറും മൂല്യത്തിനാലക്കനകമെഡലുമെന് കൈവശം വന്നു ചേരും
ബോറായ് നാല്ക്കാലി ചൊല്ലുന്നവരുടെ പഴി തന് ഹേതുവെന്ത്?-അഭ്യസൂയ.
88
ആര്‍ക്കും ശ്ലോകം സ്വയം തീര്ത്തുടനുടനുര ചെയ്തീടുവാന്‍ ചട്ടമുണ്ടെ-
ന്നോര്‍ക്കുമ്പോള്‍ വ്യര്‍ത്ഥമല്ലേ ചികയുവതു കൃതിക്കുള്ള സാഹിത്യമൂല്യം?
മാര്ക്കില്ലാ കാളിദാസാദികളൊടു കിടയാം മൂല്യമില്ലെങ്കിലെന്നായ്
ചീര്‍ക്കും ഗര്‍വ്വോടു ചൊല്ലുന്നതിലുമധികമായ് നീതികേടെന്തു പാരില്‍?
89
ആര്ക്കാന് സന്തുഷ്ടി തോന്നാത്തതിനുടെ ഫലമായക്ഷരശ്ലോകിയേകന്
തോല്ക്കാന് സന്ദര്ഭമുണ്ടാകുകിലവിടെ നമുക്കൊന്നുറപ്പിച്ചു ചൊല്ലാം
ആക്കം പൂണ്ടങ്ങു സവ്വജ്ഞരിതി ഞെളിയുവോര്ക്കക്ഷരശ്ലോകമെന്നാം
വാക്കിന്നുള്ളര്ത്ഥമെന്തെന്നറിവതിനുമഹോ ശേഷി നിശ്ശേഷമില്ല
90
ആര്ക്കാനുമേകനുര ചെയ്യുന്ന ശൈലിയിലനിഷ്ടം ഭവിക്കുകിലവന്
തോല്ക്കേണമെന്നുമവനാ വേദി വിട്ടുടനിറങ്ങേണമെന്നുമിവര് ഹാ
ചീര്‍ക്കുന്ന ഗര്വ്വമൊടു ചട്ടം തിരുത്തിയിഹ നാശം വിതച്ചു ശിവനേ
മാര്‍ക്കെന്ന പേരിലിഹ കാട്ടുന്ന ഗോഷ്ഠികള് ഫണിശ്രേഷ്ഠനും പറവതോ?
91
കാല്‍പ്പന്തില്‍ ഗോളുമാച്ചെസ്സതിലടിയറവും റണ്‍സു ക്രിക്കറ്റിലും പോ-
ലച്ചത്രേയക്ഷരശ്ലോകികളുടെ കളിയില്‍ സാന്ദ്രമാം കേന്ദ്രബിന്ദു
ശ്ലോകം തോന്നായ്ക മൂലം ചിലര്‍ തുരുതുരെയിങ്ങച്ചു മൂളീട്ടൊടുക്കം
പാട്ടും പാടിജ്ജയിക്കും പ്രവണത മുളയില്‍ത്തന്നെ നുള്ളേണ്ടതത്രേ
92
കിട്ടും വര്ണ്ണത്തിനൊക്കും പടിയുടനുടനേ പദ്യമോര്മ്മിച്ചു ചെറ്റും
തെറ്റാതോതുമ്പൊളാസ്വാദ്യത,യവതരണം പോന്ന ഖഡ്ഗങ്ങളോങ്ങി
ആട്ടിപ്പായിച്ചു നിത്യം കലയിതിനെ വളര്‍ത്തുന്ന സര്വ്വജ്ഞനാകും
ജഡ്ജീശന് പണ്ഡിതാഗ്ര്യന്‍ മെഡലധിപതി താന്‍ നിങ്ങളെക്കാത്തിടട്ടെ
93
കേള്‍ക്കേണം ജഡ്ജിമാരേ! അവതരണമതിന് ഭംഗി നിര്‍ബ്ബന്ധമാക്കി
മാര്ക്കിട്ടേ നിര്‍ണ്ണയിക്കൂ ജയമപജയവും മത്സരത്തിങ്കലെന്നാല്
വിപ്രര്ക്കും പണ്ഡിതര്‍ക്കും സ്വരമധുരിമയാല് ധന്യരാം പാട്ടുകാര്‍ക്കും
സ്ത്രീകള്‍ക്കും ശ്ലോകകേളീവിധി കരമൊഴിവായിപ്പതിച്ചേകലാകും
94
ക്രിക്കറ്റിന് മത്സരത്തില്‍ ജയമധികതരം റണ്ണെടുക്കുന്നവര്ക്കാം
ഫുട്ബാളാണെങ്കിലോതാം വിജയമധികമായ് ഗോളടിക്കുന്നവര്ക്കും
ആമട്ടിങ്ങച്ചുമൂളാതധികമധികമായ് ശ്ലോകമോതുന്നവര്ക്കാ-
ണെന്നെന്നും തത്ത്വമോര്ത്താല് വിജയമകുടമീയക്ഷരശ്ലോകരംഗേ
95
കിട്ടുന്ന വര്ണ്ണമതിനൊത്തുള്ള പദ്യമുരചെയ്യാതിരിക്കിലവനി-
ല്ലൊട്ടും ജയിപ്പതിനു ചട്ടപ്പടിക്കൊരവകാശം തൃശൂരിലൊഴികെ
പാട്ടിന്നു തുല്യമിഹ രാഗത്തിലോതിടുകിലാസ്വാദ്യമെന്നരുളിയാ
ക്കൂട്ടര്ക്കുമങ്ങു ജയമേകുന്നു പോല്‍ പുതിയ ചട്ടങ്ങള്‍ തീര്‍ത്തു ശിവനേ!
96
കഷ്ടപ്പെട്ടിഹ പദ്യലക്ഷമൊരുവന് നന്നായ് പഠിച്ചെത്രയും
പുഷ്ടശ്രീയൊടു മല്സരത്തിലുരചെയ്യാനായിരിക്കും വിധൌ
ശ്ലോകം നാലു തികച്ചു ചൊല്ലുവതിനും ചാന്സേകിടാതപ്പൊഴേ
ഹുങ്കോടങ്ങൊഴിവാക്കിടും ശിവപുരക്കെങ്കേമരെക്കൈ തൊഴാം
97
കിട്ടേണ്ടതാണു ജയമച്ചൊന്നു പോലുമിഹ മൂളാതെ ചൊല്കിലെവനും
ചട്ടപ്രകാര,മവകാശം കണക്ക,തു നിഷേധിച്ചിടാ ബുധജനം
ചണ്ടിത്തരങ്ങള് വഴി ചുമ്മാ വിദഗ്ദ്ധപദമേറീട്ടിരുന്നു ഞെളിയും
പാണ്ഡിത്യമാനിയുടെയോശാരമൊന്നുമതിനാവശ്യമില്ല നിയതം
98
കൂടും നിശ്ചയദാര്‍ഢ്യം ഭൂമിയില്‍ മൂഢന്മാര്‍ക്കു, ബുധന്മാര്ക്കെ-
മ്പാടും സംശയമത്രേ, വേണ്ടതു ചെയ്യില്ലായവര് വേണ്ടപ്പോള്‍
പാടും പെണ്ണിനു വര്ണ്ണശ്ലോകകിരീടം മൂഢര്‍ കൊടുക്കുമ്പോള്‍
തേടും ഹാ ബുധര്‍ മൌനം; നമ്മുടെ ദുഃഖങ്ങള്ക്കിതു താന്‍ മൂലം
99
കേമത്തമേകനവകാശപ്പെടുന്നു നിജ സാഹിത്യവൈദുഷിവശാല്;
ഭാവം സ്ഫുടിക്കുമൊരു ചൊല്ലാണു മറ്റൊരുവനൂറ്റത്തെയേറ്റുവതഹോ;
ഗീര്വ്വാണപണ്ഡിതനു ഗര്വ്വായതില്; പരനു സംഗീതസുസ്വരമദം;
കെങ്കേമരാണിവിടെയെല്ലാരുമേ പറകിലിങ്ങാരു മോശമൊരുവന്!
100
കേള്‍വിപ്പെട്ട സമത്വസുന്ദരമതാം പണ്ടത്തെ നല്ലക്ഷര-
ശ്ലോകത്തിന്നു ഭവിച്ചൊരീയപചയം ശോകാസ്പദം നിര്‍ണ്ണയം
ഗര്ഭശ്രീയുതരാം ചിലര്‍ക്കൊഴികെ മറ്റാര്‍ക്കും തപം ചെയ്കിലും
കിട്ടില്ലാ ജയ,മീയവസ്ഥ ഗുണമോ ഹാ പണ്ഡിതശ്രേഷ്ഠരേ!
101
ശ്ലോകം ചൊല്ലുന്ന നേരത്തതിനുടെ ഗുണവും ദോഷവും ചിന്ത ചെയ്യാന്‍
പാകം ചെന്നുള്ള വിദ്വല്കുലവരതിലകം ജഡ്ജിയായാലുമിപ്പോള്
ശ്രീകാര്യക്കാര്‍ വരയ്ക്കും വരയുടെ പരിധിക്കുള്ളിലാപ്പെട്ടു കഷ്ടം
മൂകത്വം പൂണ്ടു വാഴും, വിധിയുടെ വിളയാട്ടങ്ങള്‍ നാനാവിധങ്ങള്‍
(രചന : പി.ആര്. പുരുഷോത്തമന് പിള്ള, വെളിയന്നൂര്‍)
102
പള്ളീലച്ചനുരച്ചിടുന്നതഖിലം നാല്ക്കാലിയാ,ണില്ലതി-
ന്നെള്ളോളം വില, മാര്‍ക്കു നല്കുവതിനായ് സാഹിത്യമെന്തുണ്ടതില്?
ഭള്ളോടിങ്ങനെ കുറ്റമോതി വെറുതേയീ ജ്ഞാനവാനെപ്പുറം
തള്ളുന്നോരുടെ മൂല്യനിര്ണ്ണയപടുത്വത്തിന്നു ബദ്ധാഞ്ജലി.
(നിമിഷകവിയായ ഫാദര്‍ പി.കെ. ജോര്‍ജ്ജിനെ അഭിനവസര്വ്വജ്ഞന്മാര്
പലപ്പോഴും എലിമിനേറ്റു ചെയ്തിട്ടുണ്ട്. അവരുടെ മൂല്യബോധം അപാരം
എന്നേ പറയേണ്ടൂ.)
103
അര്ത്ഥമിത്തിരിയൊരല്പനാം നരനു കിട്ടിയാലവനഹങ്കരി-
ച്ചര്ദ്ധരാത്രി കുടയും പിടിച്ചു പല ഗോഷ്ഠിയും സപദി കാട്ടിടും
ശുദ്ധമൂഢനെ വിദഗ്ദ്ധനെന്നു ചിലരൊട്ടു വാഴ്ത്തുകിലവന് തുലോ-
മുദ്ധതത്വമൊടു ചക്രവര്ത്തിസമമുഗ്രശാസന തുടങ്ങിടും
104
ആരാനും വന്നു കേറി സ്വയമധിപതിയായ് ചട്ടമെല്ലാം തിരുത്തി-
പ്പൂരിക്കും ഗര്വ്വമോടേ ബുധരെയെലിമിനേറ്റാക്കിയിട്ടസ്തശങ്കം
ശൂരത്വം കാട്ടി മാര്ക്കാല് തരുണികളെ ജയിപ്പിച്ചു സമ്മാനമെല്ലാം
വാരിക്കോരികൊടുക്കും പൊഴുതു ജയജയേത്യോതുവോന് ബോധഹീനന്‍
105
ആന പിണ്ഡമിടുമാഢ്യശൈലി പരജീവികള്ക്കനുകാര്യമാം
ഗാനമാധുരിയൊടോതുവോന്റെയഴകുറ്റ ശൈലിയുമതേ വിധം
ഊനമറ്റതു കണക്കു സര്വ്വരുമുരയ്ക്കുകെന്നിഹ ശഠിക്കുവോന്
ഹീനനാണവനു പദ്യകേളിയുടെ ബാലപാഠമതുമന്യമാം
106
വേറെയൊന്നു പറയാമിടയ്ക്കു മടിയോടെയെങ്കിലുമപൂര്വ്വമായ്
കൂറു കാട്ടിടുവതുണ്ടു മുന്വിധിയെടുത്ത പോലെ ചില ജഡ്ജിമാര്‍
നേരെയാക്കുവതിനേകിടുന്നതൊരു മൂന്നു ചാന്സൊരു മിനിട്ടുമേ
പോരുമെന്നതിലുറച്ചു തന്നെയവര്‍ നില്ക്കുമെങ്കിലഭികാമ്യമാം
(രചന ടി.സി. നാരായണന് നമ്പൂതിരിപ്പാട്)
107
തത്തമ്മേ പൂച്ച പൂച്ചപ്പഠനനിഗളിതം കാളിദാസന്റെ പദ്യം
നീട്ടിസ്സംഗീതഗന്ധത്തൊടു സഭയില്‍ വമിക്കുന്നവന്‍ കേമനെന്നും
സ്വന്തം പദ്യം സ്വയം ചൊല്‍വതിനു തുനിയുവോന് സപ്തമക്കൂലിയെന്നും
നിസ്സന്ദേഹം വിധിക്കും ജഡിജിവിബുധരാല് ശോഭിതം തൃശ്വപേരൂര്‍
108
തോഴന് ബാന്ധവനിഷ്ടനാശ്രിതനുമൊത്തേഴംഗസംഘം ചമ-
ച്ചോരോരുത്തരുമേതു പദ്യമുരചെയ്തീടേണമെന്നൊക്കെയും
മുമ്പേ തീര്‍ച്ച വരുത്തി,യൊത്തുകളിയാല് കേള്പ്പോരെ ഫൂളാക്കിടും
തട്ടിപ്പേ വിജയിക്ക നീ ടെലിവിഷന്‍ ബ്രാന്ഡക്ഷരശ്ലോകമേ!
109
തോല്വിക്കേകനിദാനമായി നിയമം ഘോഷിപ്പതിങ്ങക്ഷരം
കിട്ടുമ്പോളതിനൊത്ത പദ്യമുരചെയ്യാതങ്ങിരിക്കുന്നതാം
ആണിക്കല്ലിനു പോന്നൊരീ നിയമവും സൌകര്യപൂര്‍വ്വം മറ-
ന്നാണീ ഗോഷ്ടികള്‍ കാട്ടിടുന്നതു ഭവാന് ഹേ പണ്ഡിതാഗ്രേസരാ!
111
കിട്ടും വര്ണ്ണമതൊക്കെ വിട്ടു സഭയില്ക്കണ്ണും മിഴിച്ചങ്ങിരു-
ന്നിട്ടും ഞങ്ങള്‍ ജയിച്ചുവെന്നു വെറുതേ ജല്പിക്കുമല്പത്തരം
കാണിച്ചക്ഷരപദ്യകേളിയെ വെടക്കാക്കിത്തനിക്കാക്കുമീ
നാണം കെട്ടൊരു കുത്സിതപ്രവണതയ്ക്കാകട്ടെ ബദ്ധാഞ്ജലി!
112
തീരെത്തത്ത്വം ഗ്രഹിക്കാത്തവര് ചിലര്‍ ഗമയോടക്ഷരശ്ലോകമെന്നാം
പേരില്ക്കാട്ടുന്ന കോപ്രാട്ടികള്‍ പറകിലസംബന്ധമാണെന്തുകൊണ്ടും
നേരാകും വര്ണ്ണപദ്യം പരിചിനൊടു നടത്തേണമെന്നുള്ളപക്ഷം
സാരജ്ഞന്മാര് വിധിച്ചുള്ളൊരു നിയമവുമേ ലംഘനം ചെയ്തിടൊല്ല
113
തോറ്റാലും വിട്ടുമാറാതിവരുടെ പുതുതാം മത്സരത്തിന്നു വീണ്ടും
വീണ്ടും ചേരുന്നതെന്തേ പ്രിയസഖ! പറയൂ; ചിത്രമീയുത്സുകത്വം
എന്‍ ചൊല്ലിന് ശൈലിയിഷ്ടപ്പെടുമൊരു പെരിയോന്‍ ജഡ്ജിയായ് വല്ല നാളും
വന്നേക്കാ,മന്നെനിക്കും ചെറിയൊരു മെഡല്പോല് വല്ലതും കിട്ടിയേക്കാം
114
നേരേചൊവ്വേ ജയിക്കാനൊരുവനു കൊതിയുണ്ടക്ഷരശ്ലോകമാകും
പോരാട്ടത്തിങ്കലെന്നാലവനറുതിവരേയ്ക്കച്ചുമൂളാവതല്ല
അച്ചാദ്യം മൂളിയിട്ടും ചിലരൊടുവില് ജയിക്കുന്നൊരീക്കുത്സിതത്വം
തുച്ഛന്മാര്‍ തത്ത്വമോരാത്തവര് നിജ ദുരയാല്‍ കാട്ടിടും ഗോഷ്ടിയത്രേ
115
നാട്ടാരേ നിങ്ങള്‍ നല്‍കൂ കനിവൊടു ധനമീയക്ഷരശ്ലോകരംഗം
പൊന്നാക്കാനെന്നു ചൊല്ലിപ്പൊതുമുതല് വളരെക്കൈക്കലാക്കീട്ടതെല്ലാം
സ്വന്തക്കാ,രാശ്രിതന്മാര്, കഴലിണ പണിയും സേവകന്മാരിവര്ക്കായ്
തോന്നും മട്ടിഷ്ടദാനത്തിനു സമമരുളാന് വന്‍ തൊലിക്കട്ടി വേണം
110
തന് കേടറ്റുള്ള ചൊല്ലാല്‍ സഭയില്‍ നൃപശിരസ്സും കുനിപ്പിക്കുവോര-
ക്കെങ്കേമന് വെണ്മണിക്ഷ്മാസുരവരകവിതാന് ചൊല്ലുവാനെത്തിയാലും
ഹുങ്കോടേ കുറ്റമോതിജ്ഝടിതിയെലിമിനേറ്റാക്കി മൂല്യം വളര്‍ത്തും
തന് കുറ്റം കണ്ടിടാക്കണ്ണിയലുമൊരു മഹാന് നിങ്ങളെക്കാത്തിടട്ടെ
111
കിട്ടും വര്ണ്ണമതൊക്കെ വിട്ടു സഭയില്ക്കണ്ണും മിഴിച്ചങ്ങിരു-
ന്നിട്ടും ഞങ്ങള്‍ ജയിച്ചുവെന്നു വെറുതേ ജല്പിക്കുമല്പത്തരം
കാണിച്ചക്ഷരപദ്യകേളിയെ വെടക്കാക്കിത്തനിക്കാക്കുമീ
നാണം കെട്ടൊരു കുത്സിതപ്രവണതയ്ക്കാകട്ടെ ബദ്ധാഞ്ജലി!
112
തീരെത്തത്ത്വം ഗ്രഹിക്കാത്തവര് ചിലര്‍ ഗമയോടക്ഷരശ്ലോകമെന്നാം
പേരില്ക്കാട്ടുന്ന കോപ്രാട്ടികള്‍ പറകിലസംബന്ധമാണെന്തുകൊണ്ടും
നേരാകും വര്ണ്ണപദ്യം പരിചിനൊടു നടത്തേണമെന്നുള്ളപക്ഷം
സാരജ്ഞന്മാര് വിധിച്ചുള്ളൊരു നിയമവുമേ ലംഘനം ചെയ്തിടൊല്ല
113
തോറ്റാലും വിട്ടുമാറാതിവരുടെ പുതുതാം മത്സരത്തിന്നു വീണ്ടും
വീണ്ടും ചേരുന്നതെന്തേ പ്രിയസഖ! പറയൂ; ചിത്രമീയുത്സുകത്വം
എന്‍ ചൊല്ലിന് ശൈലിയിഷ്ടപ്പെടുമൊരു പെരിയോന്‍ ജഡ്ജിയായ് വല്ല നാളും
വന്നേക്കാ,മന്നെനിക്കും ചെറിയൊരു മെഡല്പോല് വല്ലതും കിട്ടിയേക്കാം
114
നേരേചൊവ്വേ ജയിക്കാനൊരുവനു കൊതിയുണ്ടക്ഷരശ്ലോകമാകും
പോരാട്ടത്തിങ്കലെന്നാലവനറുതിവരേയ്ക്കച്ചുമൂളാവതല്ല
അച്ചാദ്യം മൂളിയിട്ടും ചിലരൊടുവില് ജയിക്കുന്നൊരീക്കുത്സിതത്വം
തുച്ഛന്മാര്‍ തത്ത്വമോരാത്തവര് നിജ ദുരയാല്‍ കാട്ടിടും ഗോഷ്ടിയത്രേ
115
നാട്ടാരേ നിങ്ങള്‍ നല്‍കൂ കനിവൊടു ധനമീയക്ഷരശ്ലോകരംഗം
പൊന്നാക്കാനെന്നു ചൊല്ലിപ്പൊതുമുതല് വളരെക്കൈക്കലാക്കീട്ടതെല്ലാം
സ്വന്തക്കാ,രാശ്രിതന്മാര്, കഴലിണ പണിയും സേവകന്മാരിവര്ക്കായ്
തോന്നും മട്ടിഷ്ടദാനത്തിനു സമമരുളാന് വന്‍ തൊലിക്കട്ടി വേണം
116
നാല്ക്കാലിശ്ലോകമാണെങ്കിലുമതു തനിയേ തീര്‍ത്തു തെറ്റാതെ ചൊല്ലാ-
നാര്‍ക്കാനും ശേഷി കണ്ടാലുടനവതരണം സാഹിതീമൂല്യമെന്നായ്
ഭോഷ്കോതിക്കമ്മി മാര്ക്കിട്ടവനെയെലിമിനേറ്റാക്കുവാന് ജഡ്ജിവര്യ-
പ്പേക്കോലം കെട്ടുവോരെങ്ങറിവതു ശിവനേയക്ഷരശ്ലോകതത്ത്വം?
117
നൂറു പദ്യവുമറിഞ്ഞിടാത്തവനു പോലുമിന്നു മടിയെന്നിയേ
കേറി വന്നു പതിനായിരങ്ങളറിവോനൊടേറ്റു വിജയിച്ചിടാം
ഏറെ മോടിയൊടു പാടുവാന്‍ സ്വരഗുണങ്ങള് വേണമഥ രാഗവും
വേറെയൊന്നുമിഹ വേണ്ടതില്ല പുതുമത്സരപ്രഹസനങ്ങളില്
118
പെണ്‍കുട്ടിക്കുള്ള പാട്ടും സ്വരമധുരിമയും കൊണ്ടു പാരം മയങ്ങി
ശങ്കിച്ചീടാതെ മാര്ക്കങ്ങധികമരുളിടും ജഡ്ജിമാരുണ്ടനേകം
കെങ്കേമം തന്നെ പാട്ടിന് ശ്രുതിസുഖദമഹാ മേന്മയെന്നാകിലും കേള്
സംഗീതം ശ്ലോകകേളീവിധിയിലരുതു താന്‍; വര്ണ്ണപദ്യം ന ഗേയം
119
പാട്ടില്‍ പാണ്ഡിത്യമുണ്ടാകണ,മവതരണം ഭംഗിയായ് വന്നിടേണം
വാട്ടം കൂടാതെ വേണം സ്വരമധുരിമയും രാഗമാം പാലുമെല്ലാം
നല്ലോണം പാണിനീയം തിരിയണ,മിതുമട്ടൊക്കെയും ചേര്‍ന്നു വന്നേ
ചൊല്ലീടാവൂ ചിലോകം ശിവ ശിവ ശിവപേരൂരെഴും വേദി തന്നില്‍
120
പള്ളീലച്ചനൊരിക്കലാ ഗുരുപുരേ പോയ് മത്സരിച്ചു മുദാ
ഭള്ളേറുന്നൊരു ജഡ്ജിമാരെലിമിനേറ്റാക്കീ മടിക്കാതെ താന്‍
സാഹിത്യാഭിധമൂല്യമി,ല്ലവതരിപ്പിക്കുന്നതില് ഭംഗിയി-
ല്ലേവം കുറ്റമൊരെട്ടുപത്തു പറയാനുണ്ടാ മഹാന്മാര്ക്കഹോ
121
വെട്ടുപോത്തിനൊടു വേദമോതിടുകിലൊട്ടു ബോധമുളവായിടാം
പട്ടിവാല് വളവു പത്തു നാള് തിലജമിട്ടുഴിഞ്ഞിടുകില് വിട്ടിടാം
കിട്ടിടാം മരുവിലിറ്റു നീരു,മണലസ്സലായ്പ്പിഴികിലെണ്ണയും
പറ്റുകില്ലൊരു തരത്തിലും ഖലജനത്തെ നേര്‍വഴി നടത്തുവാന്‍
(രചന : എന്‍.കെ. ദേശം. എല്ലാത്തരം ഖലന്മാരെയും ഉദ്ദേശിച്ചാണു
കവി ഈ ശ്ലോകം എഴുതിയിട്ടുള്ളത്. ശബ്ദമേന്മ അളന്നു മാര്‍ക്കിട്ട്
അക്ഷരശ്ലോകക്കാരെ എലിമിനേറ്റു ചെയ്ത് അപമാനിക്കുന്ന
ഖലന്മാരെ ഉദ്ദേശിച്ചാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്)
122
സാഹിത്യപ്പിട്ടു കാട്ടിക്കലകലകലേത്യുച്ചമായൊച്ച വച്ച്
സര്‍ക്കാര്‍, സമ്പന്ന,രത്യുന്നതനിലയിലെഴും വമ്പരീ സര്‍വ്വരേയും
വാചാടോപങ്ങളാലേ പൊടി വിതറി മയക്കീടിലേ ലാഭമുള്ളൂ
ചുമ്മാ ശ്ലോകം പഠിച്ചോതുകിലൊരു വിലയും കിട്ടിടാ നാട്ടിലെങ്ങും
123
സാഹിത്യത്തിന്റെ മൂല്യം വളരെയധികമായുള്ള പദ്യങ്ങള്‍ മാത്രം
തേടിക്കണ്ടെത്തി വേണം സഭയിലെവനുമേയക്ഷരശ്ലോകമോതാന്
ഏവം കല്പ്പിപ്പതായിട്ടൊരു നിയമമതീ മര്‍ത്ത്യലോകത്തിലോ സ്വര്
ലോകം പാതാളമെന്നിങ്ങനെയെവിടെയുമോ കണ്ടിതോ പണ്ഡിതാഗ്ര്യാ?
124
ഇന്നയിന്ന വിഭവങ്ങള്‍ സദ്യയില്‍ വിളമ്പുകില്ലിതി ശഠിക്കുവാ-
നില്ല തെല്ലുമധികാരമേതൊരു വിളമ്പുകാരനുമസംശയം
പദ്യസദ്യയിതില് ഹൃദ്യമായ മലയാളവൃത്തമൊടു നല്ലനു-
ഷ്ടുപ്പുമിങ്ങിനി വിളമ്പെടോ; വിനയചന്ദ്രനോതുവതു കേള്‍ക്കെടോ
(ഹൃദ്യമായ സാഹിത്യവിഭവങ്ങള്‍ വിളമ്പിക്കൊടുത്തു ശ്രോതാക്കളെ
ആഹ്ലാദിപ്പിക്കുന്ന കലാകാരന്മാരാണു തങ്ങള്‍ എന്നു തൃശ്ശൂരിലെ
പുതുമോടിക്കാര്‍ വീമ്പിളക്കുകയുണ്ടായി. ഇതു കേട്ടു കവി ഡി.
വിനയചന്ദ്രന് അവരോട് അവരുടെ മഹത്തായ കലയില്‍
ഭാഷാവൃത്തങ്ങളും അനുഷ്ടുപ്പും കൂടി ഉള്‍പ്പെടുത്താന്‍
ആവശ്യപ്പെടുകയുണ്ടായി)
125
ഇന്നയിന്നവിധമോതിയാലതിവിദഗ്ദ്ധനുള്ള മെഡല്‍ കിട്ടുമെ-
ന്നന്യരോടു പല ഭോഷ്കു ചൊല്ലിയുപദേശമേകുവതു നിര്‍ത്തി നീ
മത്സരിച്ചു മെഡല്‍ നേടി മാതൃകയവര്ക്കു കാട്ടുക, വിദഗ്ദ്ധനെ-
ന്നുള്ള നാട്യമൊടു പിട്ടു കാട്ടി വെറുതേ മദിക്കുമൊരു പണ്ഡിതാ
126
ഇപ്പോള്‍ രണ്ടു തരത്തിലുണ്ടെവിടെയും ശ്ലോകങ്ങള്‍ ചൊല്ലീടുവോര്;
ഒന്നേറ്റം നിലവാരമുള്ളവര്‍, പരം താഴേക്കിടക്കാരുമാം
ആദ്യന്മാര്‍ സുഖമായ്ജ്ജയിക്കുമൊരുനാലഞ്ചച്ചു മൂളീടിലും
മറ്റുള്ളോര് പിഴയാതെ സര്വ്വമുരചെയ്താലും ഫലം തോല്‍വി താന്‍
127
ഉണ്ടാകാം പണ്ഡിതന്മാരെവിടെയു,മതുപോലല്ല തൃശ്ശൂരിലുള്ളോര്
അത്യുഗ്രന്‍ ബുദ്ധിയെല്ലാമവരുടെ തലയില്ത്തന്നെയേ വന്നുദിക്കൂ
അല്ലെന്നാലക്ഷരശ്ലോകികളുടെ വിലയും മാര്‍ക്കിനാല്‍ നിര്‍ണ്ണയിക്കാ-
നെന്തേ തോന്നീല മറ്റുള്ളൊരു പുരിയിലുമേ പണ്ഡിതന്മാരിലാര്ക്കും?
128
ഉണ്ടിടാന് വകയിരന്നവന്നു ധനി നല്‍കിയില്ല ജലപാനവും
പാണ്ടനാകുമൊരു നായെ വിട്ടു കടിയും കൊടുത്തു മദമാണ്ടവന്
പണ്ഡിതോഹമിതി ചൊല്ലി വന്നു ഞെളിയുന്നവന്റെ കരുണയ്ക്കു പോയ്
തെണ്ടി നിന്നിഹ വണങ്ങുവോന്റെ ഗതിയും തഥൈവ, നഹി സംശയം
129
എന്തേ നിങ്ങള്ക്കൊരഹിതമനുഷ്ടുപ്പിനോടെന്നു കേട്ടാല്‍
നീട്ടിച്ചൊല്ലും കലയി,തതിനാല്‍ യുക്തമല്ലെന്നു ചുമ്മാ
പച്ചക്കള്ളം ത്രപയൊരു ലവം പോലുമില്ലാതെ തട്ടും
തട്ടിപ്പേറും കുടിലമതിയാണക്ഷരശ്ലോകവേന്ദ്രന്
130
ഏതു മത്സരമതിങ്കല് മാര്ക്കിടണ,മേതില്‍ വേണ്ട,യിതറിഞ്ഞിടാന്
വീതശങ്കമിഹ മത്സരത്തിനുടെ ചട്ടവട്ടമതു നോക്കണം
കേക കാകളി യനുഷ്ടുഭാദികളെയൊക്കെ വിട്ടു ലിപിയൊത്തതാം
ശ്ലോകമോര്മ്മയതില് നിന്നു ചൊല്ലുമളവാര്ക്കു വേണ്ടിയിഹ മാര്ക്കെടോ?
131
ആര്‍ക്കും കൌതുകമല്ല തന്റെ വിഷയം, മറ്റുള്ളവര്ക്കെപ്പൊഴും
മാര്ക്കിട്ടീടണ,മാവതും സകലരേം തോല്‍പ്പിച്ചു വിട്ടീടണം
മാര്ക്കങ്ങോട്ടു കുറിച്ചു നോക്കിയൊടുവില് തന്നോടു തുല്യം വരാന്‍
ആര്‍ക്കും തന്നെയെളുപ്പമ,ല്ലതുവിധം തീര്മാനവും നിര്‍ണ്ണയം
(രചന : ഏവൂര്‍ പരമേശ്വരന്)
132
മനം കൊതിച്ച മട്ടിലന്നു ‘മേള’ കാവ്യമേളയില്‍
പുനം രചിച്ച പദ്യമൊന്നുയര്ന്നു കേട്ട വേളയില്‍
കനം പിടിച്ച ഭാവമാര്‍ന്ന മൂത്ത ജഡ്ജി മൂഢനെ
ദിനം പ്രതി സ്മരിച്ചുരയ്ക്ക രാമ രാമ പാഹിമാം
(രചന : കെ.എം. അപ്പുണ്ണി)
133
ഏകം താനക്ഷരശ്ലോകികളുടെ പരമം ധര്‍മ്മ,മാസ്വാദ്യമായി
ശ്ലോകം ചൊല്ലിസ്സദസ്യര്ക്കരുളണമകതാരിങ്കലാഹ്ലാദപൂരം
പാകത്തില്പ്പിട്ടിവണ്ണം പലതരമുരചെയ്തക്ഷരശ്ലോകരംഗം
ശ്ലോകപ്പാട്ടാക്കി മാറ്റിച്ചിലരിഹ ചുളുവില്ക്കേമരായ് വാണിടുന്നു
134
ഓരോ വര്ണ്ണമതിന്നുമഞ്ചു രസികന്‍ പദ്യങ്ങള്‍ പാണ്ഡിത്യമു-
ള്ളേതോ മാസ്റ്റര്‍ തെരഞ്ഞെടുത്തതു വെറും തത്തമ്മപൂച്ചോപമം
ചേതോരഞ്ജകമാം സ്വരത്തിലഴകായ് പാടാന്‍ മിടുക്കേറ്റമു-
ള്ളോരോ പെണ്കൊടിമാര്ക്കു തൃശ്ശിവപുരം സൌവര്ണ്ണകല്പദ്രുമം
135
ഒരാള്‍ ജയിച്ചുവെന്നു ഞാന്‍ വിധിക്കിലാള് ജയിച്ചിടും
തഥൈവ തോറ്റുവെന്നു ഞാന്‍ വിധിച്ചവന് പരാജിതന്
ഇതാണു ചട്ടമിപ്പുരത്തി,ലാരുമെന്റെ തീര്‍പ്പിനെ-
ക്കുറിച്ചു ചോദ്യമിങ്ങു ചെയ്തൊരക്ഷരം കഥിക്കൊലാ
ചെറിയ ശ്ലോകങ്ങള്‍
1
സ്വന്തമാളിനെയെടുത്തു ജഡ്ജിയായ്
ചന്തമോടെയൊരിടത്തിരുത്തുവോര്
എന്തിനീ വിധി നടത്തി? മത്സര-
ച്ചന്തയില്ക്കപടവാണിഭങ്ങളോ?
(രചന : ഏവൂര്‍ പരമേശ്വരന്)
2
രണ്ടച്ചു മൂളുകിലുമില്ല കുഴപ്പ,മീ ഞാന്‍
നല്കുന്ന മാര്‍ക്കു മതിയേതിനുമെന്നു ചൊല്ലി
ശങ്കിച്ചിടാതെ ജഡിജീശപദത്തിലേറ്റം
ഹുങ്കോടിരിക്കുമൊരു പണ്ഡിതനെത്തൊഴുന്നേന്
3
സംഘാടകന്മാരുടെ താളമൊപ്പി-
ച്ചന്പോടു തുള്ളുന്നൊരു ജഡ്ജിമാരെ
തെരഞ്ഞു കണ്ടെത്തി വിളിച്ചിരുത്തി-
ക്കാട്ടുന്ന തോന്ന്യാസമവര്ണ്ണനീയം
(രചന : സ്വാമി കേശവാനന്ദ സരസ്വതി)
4
അടിയറവു പറഞ്ഞവന് ജയിക്കു-
ന്നൊരു ചതുരംഗമതെങ്ങുമേ ന ജാനേ
ശിവ! ശിവ! മലനാട്ടിലച്ചു മൂളു-
ന്നവര്‍ വിജയിപ്പൊരു വര്ണ്ണപദ്യമുണ്ടോ?
5
ഫുട്ബാള്‍ മത്സരമാണെങ്കില്‍
ഗോളടിച്ചു ജയിക്കണം
അക്ഷരശ്ലോകമാണെങ്കില്‍
അച്ചുമൂളാതെ ചൊല്ലിയും
6
ചിലരിഹ കിളി പോലെ പാട്ടു പാടും
ചിലരുടെ ശബ്ദമഹോ കഠോരമേറ്റം
വിലയതിനു പറഞ്ഞു മാര്‍ക്കിടുമ്പോള്‍
തുലയുകയാണിഹ വര്ണ്ണപദ്യകേളി
7
ചേലു തെല്ലുമിയലാതെ ശുദ്ധനാല്-
ക്കാലി വല്ലതുമുരച്ചിടുന്ന ഞാന്‍
പേലവാംഗിയവള് മാര്‍ക്കു നേടിടും
ശൈലി കണ്ടഥ തരിച്ചു നിന്നുപോയ്
8
കിട്ടുമക്ഷരമതില്ക്കഥിക്കുവാ-
നൊട്ടുമേ കഴിവെഴാത്ത മര്‍ത്ത്യരും
പിട്ടു കൊണ്ടിഹ വിദഗ്ദ്ധപട്ടവും
കെട്ടി വാഴ്വു; കലികാലവൈഭവം!
9
കൊട്ടറിയാത്ത വിദഗ്ദ്ധനു
പട്ടും വളയും കൊടുത്തു വാഴ്ത്തുമ്പോള്‍
കൊട്ടറിവോനു തലയ്ക്കൊരു
കൊട്ടുണ്ടതിനെലിമിനേഷനെന്നാം പേര്
10
കുളിപ്പിക്കല്‍ നന്നെങ്കിലും സീമ വിട്ടാല്‍
കുളിപ്പിച്ച കൊച്ചില്ലയെന്നുള്ള മട്ടാം
ലിപിശ്ലോകമത്യന്തമാസ്വാദ്യമാക്കാ-
നതില്പ്പാട്ടു ചേര്‍ത്താല്‍ ഫലം നാശമത്രേ
11
കക്ഷി തങ്ങളുടെയെന്ന കാരണാല്‍
ജഡ്ജിമാര്‍ മെഡലവന്നു നല്കവേ
പക്ഷപാതമിതു പക്ഷപാതമെ-
ന്നക്ഷണം സകലരും പറഞ്ഞുപോല്‍
12
ചൊല്ലുവാന്‍ ചില മിടുക്കരെത്തിയാ-
ലില്ല ഭംഗിയിതി കുറ്റമോതലാല്
തല്ലി ഹുങ്കൊടു പുറത്തു തള്ളുവാ-
നില്ലവര്ക്കു മടി തെല്ലു പോലുമേ
13
തണ്ടോടു ചുമ്മാതെ മഹാവിദഗ്ദ്ധരായ്
പണ്ടീയരങ്ങൊക്കെ യടക്കി വാണവര്‍
കുണ്ടൂരിലെക്കുട്ടികളോടു തോറ്റുടന്
തിണ്ടാടി മണ്ടുന്നതു കണ്ടിടേണ്ടതാം
14
തെല്ലും ത്രപയില്ലാത്തവര് മല്ലാടുമിടത്തില്
പുല്ലാണിഹ ചട്ടം, നെറി നേരെന്നതുമില്ല
ചൊല്ലുന്നവര്‍ തോല്‍ക്കും, പല വര്ണ്ണത്തിലുമൊന്നും
ചൊല്ലാതെയിരിപ്പോര് തടവില്ലാതിഹ വെല്ലും
15
നിയമത്തെ മറന്നൊരുത്തനും
നിജ നേട്ടത്തിനു കോപ്പു കൂട്ടൊലാ
വഴി വിട്ടു നടന്നിടുന്നവന്
കുഴിയില്‍ച്ചെന്നു പതിക്കുമോര്ക്കണം
16
നിനക്കില്ല മൂല്യം, കടക്കൂ പുറത്തെ-
ന്നഹങ്കാരമുള്ക്കൊണ്ടു കല്പിച്ചിടുന്നോന്
തനിക്കുള്ള മൂല്യം വെറും പൂജ്യമാണെ-
ന്നകക്കാമ്പിലോര്ക്കാത്തതാശ്ചര്യമല്ലോ
17
നിജ സ്വരം ഗര്ദ്ദഭതുല്യമെന്നതും
മറന്നൊരുത്തന് സ്വരമേന്മ കമ്മിയാം
പരര്‍ക്കു മേല്‍ ഹുങ്കൊടു കാട്ടിടും മഹാ
പരാക്രമപ്രൌഢി കഠോരമത്ഭുതം
18
നന്ദിക്കണം കേള്പ്പവരെന്ന മോഹാല്‍
മന്ദത്വമിമ്മാതിരി കാട്ടിയെന്നാല്‍
നിന്ദിക്കയേയുള്ളു ശരിക്കു തത്ത്വം
ചിന്തിച്ചു നോക്കുന്ന മഹാരഥന്മാര്
19
പതിനെട്ടു റൌണ്ടു പതിനെട്ടുകാരിയാ-
മൊരു പെണ്ണു നല്ല കിളി പോലെ പാടവേ
പടുവൃദ്ധനങ്ങിരുപതും തികയ്ക്കിലും
ഫലമില്ല, പെണ്ണു വിജയിച്ചിടും ദൃഢം
20
പാരമറിവുള്ളവരെയങ്ങെലിമിനേഷന്
പാര വഴി തള്ളി ലിപിപദ്യപടുപട്ടം
ഏറെ മധുരസ്വരമെഴും തരുണികള്ക്കായ്
വീറൊടു കൊടുപ്പതു പുരോഗമനമല്ലോ
21
കുയിലിനു സമമായിപ്പാട്ടു പാടും, പറക്കാന്‍
കഴിവതു കലരാതേയുള്ള നല്ലാര്‍ സദസ്സില്‍
കരടസമനിനാദം വായ്ക്കുമീയുള്ളവന്നി-
ന്നൊരു മടി മമ വായൊന്നല്പമാത്രം തുറക്കാന്‍
(രചന : ഫാദര്‍ പി.കെ. ജോര്‍ജ്ജ്)
22
മൂന്നാം വരിയിലെ വര്‍ണ്ണം
നോക്കിച്ചൊല്വതു പരര്‍ക്കു വേണ്ടീട്ടോ?
പരവഞ്ചനയിതു നൂനം
വലുതായിട്ടുള്ളൊരാത്മവഞ്ചനയും
23
മാറിടാതെ വരുമക്ഷരത്തിനൊ-
ത്തേറെ ഞാന്‍ കവിത ചൊല്ലുമെങ്കിലും
ബോറു ചൊല്ലിതിനു മാര്‍ക്കു നാസ്തിയെ-
ന്നീറ പൂണ്ടു പറയുന്നു ജഡ്ജിമാര്‍
24
പല പല പടു പദ്യം സ്വന്തമായ് ഞാന്‍ രചിച്ചി-
ട്ടിവിടെയവതരിപ്പിച്ചീടവേ മാര്‍ക്കു സീറോ
തരികില്‍ മതി; സദസ്യര്ക്കുള്ളൊരാളെങ്കിലും തന്
തലയതു ലഘുവായൊന്നാട്ടിയാല് ഞാന്‍ ജയിച്ചു
(രചന : ഫാദര്‍ പി.കെ. ജോര്‍ജ്ജ്)
25
വാഗര്ത്ഥാവിതി മൂല-
ശ്ലോകേ കാണാത്ത സാഹിതീമൂല്യം
തര്‍ജ്ജമ തന്നില്ക്കാണും
ജഡ്ജി ഭവാന്മാര്ക്കു ഭാഗ്യമരുളട്ടെ
26
വിദഗ്ദ്ധന്റെ മേലങ്കി ചുമ്മാതെടുത്ത-
ങ്ങണിഞ്ഞിട്ടു കോപ്രാട്ടി കാട്ടുന്ന വിദ്വാന്
ശരിക്കുള്ള മാത്സര്യ രംഗത്തു ചെന്നാല്‍
വിയര്‍ക്കും വശം കെട്ടു വട്ടം കറങ്ങും
27
ചിന്തിപ്പതിന്നു സമയം നഹി, ജഡ്ജി കയ്യാല്‍
അന്തിച്ചു നേരമിതി കാട്ടുവതിന്നു മുന്‍പേ
സ്വന്തം ശിലോകമുരുവാക്കിടുവാന് കഴിഞ്ഞാല്‍
എന്താണു കുറ്റ,മതു താനൊരു സിദ്ധിയല്ലേ?
(രചന : ഫാദര്‍ പി.കെ. ജോര്‍ജ്ജ്)
28
തെല്ലും കവിത്വമിയലാതെ പദങ്ങളര്ത്ഥം
കിട്ടും പടിക്കു പിഴയെന്നിയെ വൃത്തരൂപം
ഒപ്പിച്ചു ചൊല്ലുവതിലും ചെറുതിമ്പമുണ്ടാ-
മെന്നാലതെങ്ങനെ പെരുത്തൊരു കുറ്റമാകും?
(രചന : ഫാദര്‍ പി.കെ. ജോര്‍ജ്ജ്)
29
സ്വരമധുരിമ കൊണ്ടനര്ഹനേട്ടം
തരുണികളോടതിര് വിട്ട പക്ഷപാതം
ചതിവഴി നിയമങ്ങള്‍ മാറ്റലെല്ലാ-
മതിശയപാപിജനങ്ങളാരഭന്തേ
30
സദസ്സിങ്കലച്ചേറെ മൂളുന്നവര്ക്കും
കൊടുക്കുന്നു പോലങ്ങു തങ്കപ്പതക്കം
വെറും ശ്ലോകമല്ലക്ഷരശ്ലോകമാണെ-
ന്നറിഞ്ഞോര്ക്കു ചേരാത്തതാണീ ജളത്വം
31
അഖിലരുമുരചെയ്വിന് മലിനീവൃത്തബദ്ധം
കവിതകളിതി ജഡ്ജിപ്രൌഢര് കല്പിച്ച നേരം
സഭയിലതിനു കെല്പില്ലാതെ കണ്ണും മിഴിച്ച-
ങ്ങമരുകിലുമൊടുക്കം സ്വര്ണ്ണമാപ്പെണ്ണു നേടി
32
അടിയറവു പറഞ്ഞവന്നു ചെസ്സില്‍
ക്കൊടിയ പരാജയമാണു, തര്‍ക്കമില്ല
അതുവിധമിതിലച്ചു മൂളിയോനും
ബുധസഭയില്ജ്ജയകാംക്ഷ വേണ്ട പിന്നെ
33
കിട്ടുന്ന വര്ണ്ണത്തിനൊത്തുള്ള പദ്യം
കിട്ടാതെ വിട്ടുള്ള പൊട്ടന്നു പോലും
മുട്ടാളര്‍ നല്കുന്ന മാര്‍ക്കിന് ബലത്താല്‍
മുട്ടാതെ പട്ടങ്ങളൊട്ടുക്കു കെട്ടാം
34
കാളിദാസന്റെ വാഗര്ത്ഥപദ്യത്തിനെ
ഭ്രഷ്ടു കല്പ്പിച്ചു തള്ളുന്നൊരീപ്പണ്ഡിതര്
സാഹിതീമൂല്യമാണേറ്റവും മുഖ്യമെ-
ന്നോതി നല്കീടുമീ മാര്ക്കിനെന്തര്ത്ഥമാം?
35
പാണ്ഡിത്യമുള്ള ഗുരുഭൂതര് തെരഞ്ഞെടുത്തു
നല്കുന്ന മുക്തകഗണങ്ങള് ഹൃദിസ്ഥമാക്കി
ഭേഷായ് വിളമ്പുമവതാരകഗായകന് ഞാന്‍;
ഞാനല്ലയോ ഭുവി വിദഗ്ദ്ധരിലഗ്രഗണ്യന്?
36
ചവറുചപ്പുകള് നാലു വരിക്കകം
കവിതയെന്നു നടിച്ചു കഥിപ്പവന്‍
അവധിയെന്യെ തുടര്ന്നിടുമെങ്കിലോ
അവനു പ്രൈസു ലഭിപ്പതു നിശ്ചയം
(രചന : ഫാദര്‍ പി.കെ. ജോര്‍ജ്ജ്. ഏതു നാല്ക്കാലി ശ്ലോകം
ചൊല്ലിയാലും ജയിക്കാവുന്ന ഏകാക്ഷരമത്സരങ്ങളാണ് ഇവിടെ
വിമര്‍ശിക്കപ്പെടുന്നത്)
37
നിയതമക്ഷരമാദിയിലൊക്കണം
നിയതമാണിഹ വൃത്തവുമോര്ക്കണം
ദ്രുതതരം കഥനം ശരിയാകണം
കഠിനമാണിഹ മത്സരമിത്തരം
(രചന : ഫാദര്‍ പി.കെ. ജോര്‍ജ്ജ്. അക്ഷരനിബന്ധനയ്ക്കു പുറമേ
വൃത്തനിബന്ധന കൂടി ആയാല്‍ മത്സരം സാധാരണക്കാര്‍ക്ക്
അപ്രാപ്യമാകും എന്നു വിവക്ഷ.)
38
ശാരികയെ വെല്ലുമൊരു ബാലിക വലത്തും
കോകിലമൊടൊക്കുമൊരു ഗായകനിടത്തും
കാകസമമായ രവമാര്ന്നിടുമെനിക്കി-
ന്നാകെയൊരു പേടി മമ വായതു തുറക്കാന്‍
(രചന : ഫാദര്‍ പി.കെ. ജോര്‍ജ്ജ്)
ഇങ്ങനെ ഒരു അക്ഷരശ്ലോകക്കാരനു പറയേണ്ടി വരുന്നു എങ്കില്‍ അയാള്‍
പരാമര്‍ശിക്കുന്ന അക്ഷരശ്ലോകത്തിന് എന്തോ തകരാറുണ്ട്. തീര്‍ച്ച.
39
സാഹിത്യസദ്യയ്ക്കു വിളമ്പിടട്ടെ
സ്വാദിഷ്ഠ ഭോജ്യങ്ങള്‍ കവിപ്രവീണര്
ചമ്മന്തിയിഷ്ടപ്പെടുവോര്ക്കൊരല്പ്പം
ചുമ്മാ തരാന്‍ ഞാനിഹ വന്നിരിപ്പൂ
(രചന : ഫാദര്‍ പി.കെ. ജോര്‍ജ്ജ്)
40
ലഘുത്വം ഗുരുത്വം ശരിക്കുച്ചരിച്ചാല്
ശ്രവിക്കുന്നതില്ത്തന്നെയുണ്ടൊട്ടു സൌഖ്യം
ഇഴച്ചും വലിച്ചും സ്വനം ഗാനമാക്കാന്‍
ശ്രമിപ്പോര് നശിപ്പിപ്പു പദ്യത്തിനിമ്പം
(രചന : ഫാദര്‍ പി.കെ. ജോര്‍ജ്ജ്)
കവിതകള്‍
വെറും ശ്ലോകമല്ല; അക്ഷരശ്ലോകമാണ്
അനന്തപുരിയില്ക്കാണാം അക്ഷരശ്ലോകമത്സരേ
“പ്രതിഭാധനര്‍” വെല്ലുന്ന കലക്കന്‍ പുതുരീതികള്‍
റൌണ്ടങ്ങിരുപതാണാകെ ച്ചൊല്ലേണ്ട,തതിലായവര്
പതിനാറില്ക്കവിഞ്ഞേറെ ച്ചൊല്ലില്ലാ; ബാക്കി വിട്ടിടും
എങ്കിലും ഭംഗി മൂല്യാദി തന്റെ പേരിലവര്ക്കു താന്‍
ജയമെന്നു വിധിച്ചീടും “പുരോഗമന”വാദികള്‍
മുഴുവന്‍ റൌണ്ടിലും ശ്ലോകം ശരിക്കോതിയ കൂട്ടരെ
എഴാം കൂലികളായ്ക്കണ്ടു തഴയും ശങ്കയെന്നിയേ
പരാതിയവര് ചൊല്ലീടില്‍ പുച്ഛവും പരിഹാസവും
ചേര്‍ത്തു “സര്‍വ്വജ്ഞ”രീ മട്ടില്‍ ധാര്ഷ്ട്യത്തോടേകുമുത്തരം
“എല്ലാ റൌണ്ടിലുമോതീട്ടീ നിങ്ങള്‍ നേടിയ മാര്‍ക്കിലും
ജാസ്തി, യിത്ര കുറച്ചോതീട്ടിവര് നേടിയതില്ലയോ?
അതിനാല്‍ നിങ്ങളെക്കാളും കേമരീ പ്രതിഭാധനര്‍;
സത്യമംഗീകരിച്ചീടാന് എന്തിനായ് മടിയീവിധം?
നിങ്ങള്ക്കര്ഹതയില്ലെന്നു മാര്‍ക്കിനാല്‍ വ്യക്തമായതാം
സമ്മാനത്തെ ലഭിച്ചീടാന്‍ മോഹം സ്വാര്ത്ഥതയല്ലയോ?”
ഇത്തരം വാക്ശരാഘാതം പേടിച്ചാരുമൊരക്ഷരം
പോലുമേയുരിയാടില്ലാ തിരുവായ്ക്കെതിരപ്പുരേ
അതിനാല്‍ മദമേറീട്ട ങ്ങല്പജ്ഞാനികളേവരും
“അക്ഷരശ്ലോക”വൈദഗ്ദ്ധ്യം ഭാവിച്ചേറെപ്പുളയ്ക്കയാം
“മുന്നേറ്റ”മിതു കണ്ടോതീ പണ്ടേ നാരായണാഖ്യനാം
പോറ്റിസാര്‍ “അക്ഷരശ്ലോകം വെറും ശ്ലോകമതാക്കൊലാ”
പക്ഷേച്ചിന്താജഡത്വത്താല് അതിന് പൊരുളൊരാള്ക്കുമേ
തിരിഞ്ഞില്ലെന്നുറച്ചീടാം ഇന്നീപ്പേക്കൂത്തു കാണവേ
പോറ്റിയേറെച്ചുരുക്കത്തില് ചൊന്നതിന്‍ സാരമൊക്കെയും
വിസ്തരിച്ചോതുവേനിപ്പോള് മന്ദര്തന് ബോധനാര്ത്ഥമായ്
ഫുട്ബാള്‍ മത്സരമാണെങ്കില്‍ ഗോളടിച്ചു ജയിക്കണം
അക്ഷരശ്ലോകമാണെങ്കില്‍ അച്ചുമൂളാതെ ചൊല്ലിയും
സ്വരമാധുര്യവും പാട്ടും കൊണ്ടു വെല്ലുന്ന മത്സരം
അക്ഷരശ്ലോകമെന്നുള്ള നാമമര്ഹിപ്പതില്ല താന്‍
അത്തരം മത്സരത്തിന്നു ശരിയാം പേരു വേണ്ടുകില്‍
ശ്ലോകപ്പാട്ടെന്നു ചൊല്ലീടാം; “വെറും ശ്ലോക”വുമായിടാം
അച്ചുമൂളീടിലും വെല്ലാന്‍ ആഗ്രഹിക്കുന്ന കൂട്ടരേ!
എന്തിനായ് നോക്കണം നിങ്ങള്‍ മൂന്നാം പാദാദ്യമക്ഷരം?
അക്ഷരം നോക്കലില്ലാതെ നല്ല പദ്യങ്ങള്‍ നല്ലപോല്‍
ചൊല്ലി മാര്ക്കേറെ നേടീട്ടു നിങ്ങള്‍ താന്‍ വെന്നുകൊള്ളുവിന്
അക്ഷരശ്ലോകമെന്നുള്ള പരിപാവനകേളിയെ
വെടക്കാക്കിത്തനിക്കാക്കും ഹീനമാര്‍ഗ്ഗം ത്യജിക്കുവിന്‍
ഈ ശ്ലോകമത്സരത്തിന് പേര് അക്ഷരശ്ലോകമെന്നു താന്‍
അതിനെബ്ബുദ്ധിമാന്ദ്യത്താല് “വെറും ശ്ലോക”മതാക്കൊലാ
അപൂര്വ്വശ്ലോകങ്ങളും നഷ്ടശ്ലോകങ്ങളും
നാം ഒരിക്കല്‍ കേട്ടതും പിന്നീട് അന്വേഷിച്ചാല്‍ എങ്ങും കിട്ടാത്തതും ആയ ചില ശ്ലോകങ്ങള്‍ ഉണ്ട്. അവയെ ആണ് നഷ്ടശ്ലോകങ്ങള് എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ഉദാഹരണം പറയാം. വടക്കന്‍ കേരളീയരുടെ സംഭാഷണശൈലിയെ കളിയാക്കിക്കൊണ്ട് ഒരു തെക്കന്‍ രചിച്ച “മോറങ്ങേറെ വിയര്‍ക്കിണോ” എന്ന സുപ്രസിദ്ധ ശ്ലോകത്തിനു ബദലായി ഒരു വടക്കന്‍ കവി രചിച്ച ഒരു ശ്ലോകം ഒരിക്കല്‍ ഞാന്‍ എവിടെയോ കേട്ടിട്ടുണ്ട്. പിന്നീടു പലരോടും ചോദിച്ചെങ്കിലും ആര്‍ക്കും അറിഞ്ഞുകൂട. “എന്തേരാണെന്റെ കുഞ്ചേ” എന്നാണു തുടക്കം എന്നു മാത്രമേ ഇപ്പോള്‍ ഓര്‍മ്മയുള്ളൂ. ഇത്തരം ശ്ലോകങ്ങള്‍ അറിയാവുന്നവര്‍ അയച്ചുതരികയോ ഇവിടെ പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ എല്ലാവര്ക്കും ഉപകാരപ്രദമായിരിക്കും.
ഝടിതിയിൽ വന്നു കംസനെ നിഗ്രഹിച്ചു
ഉടനടി മോക്ഷം കൊടുത്തു ധന്യനാക്കി
ഹേ കൃഷ്ണ ദാമോദര ഗോവിന്ദ ജഗദീശ
ഗുരുപവനപുരേശ പാഹിമാം പാഹിമാം
ദയവുചെയ്ത് അംഗീകൃതവൃത്തങ്ങളില് ഉള്ള രചനകള്‍ മാത്രം പോസ്റ്റ് ചെയ്യുക.
“ബാലേ കല്യാണശീലേ മഹിതഗുണമെഴും മംഗലാപൂരില് നിന്നി-
ക്കാലേ തീവണ്ടിപോകുന്നനുദിനമമലേ നേരെ മദ്രാസിലേക്കായ്.
നീലക്കാര്‍ വേണിലോകര്ക്കവിടവിടെയിറങ്ങാനുമങ്ങേറിടാനും
ചാലേ നിര്മ്മിച്ചൊരാപ്പീസുകളുടെ വിവരം സാദരം കേളെടോ താന്‍. ”
എന്റെ ചെറുപ്പത്തില്‍ കേട്ട ഒരു ശ്ലോകം ഓര്മ്മയില്നിന്നെഴുതിയതാണ്. ഇതിന്റെ തുടര്‍ച്ചയായി മംഗലാപുരത്തു നിന്നും മദ്രാസ് വരെയുള്ള (പഴയ) എല്ലാ സ്റ്റേഷനുകളുടെയും പേരുകള്‍ ക്രമത്തില്‍ വിവരിക്കുന്ന ശ്ലോകങ്ങളുണ്ട്. ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.
ഈ ശ്ലോകം പോസ്റ്റ് ചെയ്തതു Jayaseelan Cheviri ആണ്. അദ്ദേഹത്തിന് എവിടെയോ നോട്ടപ്പിശകു പറ്റിയതു കൊണ്ടു പോസ്റ്റ് anonymous ആയിപ്പോയി. Post ചെയ്യുന്ന എല്ലാവരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.
More information about Jayaseelan Cheviri
IP: 61.16.137.250, static-250.137.16.61-tataidc.co.in
E-mail: jayaseelan_c@yahoo.co.in
URL: http://www.facebook.com/1145890303
Whois: http://whois.arin.net/rest/ip/61.16.137.250
“ബാലേ കല്യാണശീലേ മഹിതഗുണമെഴും മംഗലാപൂരില് നിന്നി-
ക്കാലേ തീവണ്ടിപോകുന്നനുദിനമമലേ നേരെ മദ്രാസിലേക്കായ്.
നീലക്കാര്‍ വേണിലോകര്ക്കവിടവിടെയിറങ്ങാനുമങ്ങേറിടാനും
ചാലേ നിര്മ്മിച്ചൊരാപ്പീസുകളുടെ വിവരം സാദരം കേളെടോ താന്‍. ”
എന്റെ ചെറുപ്പത്തില്‍ കേട്ട ഒരു ശ്ലോകം ഓര്മ്മയില്നിന്നെഴുതിയതാണ്. ഇതിന്റെ തുടര്‍ച്ചയായി മംഗലാപുരത്തു നിന്നും മദ്രാസ് വരെയുള്ള (പഴയ) എല്ലാ സ്റ്റേഷനുകളുടെയും പേരുകള്‍ ക്രമത്തില്‍ വിവരിക്കുന്ന ശ്ലോകങ്ങളുണ്ട്. ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.
Please add more pdf shlokas(preferably muktakangals) of vrittas such as ” shikharini”, “prithvi”, “mandakranta”,”viyogini” etc because they are also becomining more popular in competitions
From
P Manoj; shri valsam”…..Ottappalam(9947490394)
ഈ പേജില്‍ വിമര്ശനശ്ലോകങ്ങള്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. വിമര്‍ശനം അര്‍ഹിക്കുന്നവരുടെ മുമ്പില്‍ ഇവ ചൊല്ലാന്‍ ധൈര്യമുള്ള മത്സരാര്‍ത്ഥികള്‍ ഉണ്ടായാലും മറ്റൊരു തടസ്സം ഉണ്ട്. സ്രഗ്ദ്ധരയും ശാര്ദ്ദൂലവിക്രീഡിതവും മാത്രമേ ചൊല്ലാന്‍ സാധാരണക്കാര്‍ക്ക് അവസരം കിട്ടുകയുള്ളൂ. ഉദ്ദണ്ഡന്മാര് അപ്പോഴേക്കും അവരെ എലിമിനേറ്റു ചെയ്തുകളയും. പിന്നെ ശിഖരിണിയും പൃഥ്വിയും ഒക്കെ പഠിച്ചിട്ട് എന്ത് കാര്യം?